താഴെ തറയും മേൽചുവരും
മാറാലകെട്ടിയ മേൽക്കൂരയും
എൻ്റെ യൗവ്വനം കവർന്നെടുത്തപ്പോൾ
പുറത്താക്കപ്പെട്ടതാണ് ഞാൻ.
എന്നിട്ടും,
മുറ്റത്തെ മുക്കും മൂലയും
ചിക്കിയും ചികഞ്ഞും
ചിതയൊരുക്കി ഞാൻ
പരിഭവങ്ങൾ പിറക്കാത്ത എന്നിലേക്ക്
ഓരോ പ്രഭാതവും പിടഞ്ഞുണർന്നു..
പകലുകൾ തിന്നു തീർത്ത
പാതിമെയ്യിലെ പാഴ്കിനാവുകളിൽ
മരണത്തിന്റെ ഗന്ധം പരന്നു തുടങ്ങി..
ശോഷിച്ച മെയ്യിലെ
ശേഷിച്ച എല്ലുകളും
പൊട്ടാൻ തുടങ്ങിയപ്പോൾ,
അരയിൽ ആരോ മുറുക്കിയ
അരഞ്ഞാണവും അഴിഞ്ഞു വീണു..
ഇനി ഒരു മോഹം മാത്രം..
എരിയുന്ന ചിതയിലേക്ക്
എറിയപ്പെടും മുമ്പേ
ഒരു മഴ നനയണം...
മണ്ണിന്റെ മടിയിയിൽ
ചിതലായ് ചേരുംവരെ
മഴനനയണം..