പകലുണർത്തും ചായക്കടയിൽ,
നാടിൻ മിടിപ്പുകളെല്ലാമറിയാം.
കളിവാക്കുകൾതൻ തോളിലേറി,
ഉലകം മൊത്തം ചുറ്റിക്കറങ്ങാം.
വെയിൽ വീണ വഴിയിലൂടെ നടന്നാൽ,
കുളിരു നിറയ്ക്കും പാടങ്ങൾ കാണാം.
കൊറ്റികൾ കൂട്ടമായ് പാറും വയലിൽ,
നെൽമണി തേടും മയൂരങ്ങൾ കാണ്മാം.
എങ്ങോ പിണങ്ങിപ്പോയൊരു പൈങ്കിളി,
പിന്നെയും വഴിതെറ്റിവരുവതു കാണ്മാം.
കൊയ്ത്തു മറന്നൊ,രായുധങ്ങൾ,
മിനുക്കുവാനായ്ക്കഴിയുന്നു ആലയും.
ഹൃദയം പിളർന്നൊരു പാറമടയും
ശിലതിന്നു ക്ഷീണിച്ച യന്ത്രങ്ങളും;
വഴിനീളെ വെട്ടം ചൊരിഞ്ഞിടാനായ്,
ഒരു കോണിൽ നിൽപ്പൂ കലാലയവും.