മുറിവുകൾ തന്നൊരു ജീവിതമാകിലും
മുള്ളിനാൽ കോർത്തൊരു ജീവിതമാകിലും
അടിപതറാതെ നടക്കുന്ന നിന്നെയും -
അടിയോടെ വാരുവാൻ കാത്തിരിക്കുന്നിവർ.
ശരമൂർച്ചയുള്ളൊരു വാളുപോൽ വാക്കുകൾ -
ശരമായി വന്നുനിൻ നെഞ്ചിൽ പതിക്കുന്നു.
കുറ്റപ്പെടുത്തുന്ന പലവിധകണ്ണിലും -
കുറ്റങ്ങളില്ലെന്നു കരുതണ്ട നമ്മളും.
കണ്ടില്ലയെന്നു നടിച്ചു നാം നീങ്ങണം.
കണ്ടാൽ കരിങ്കല്ലുപോലങ്ങു നിൽക്കണം.
കാലിടറാതെ നടക്കുന്ന നിന്നെയും -
കാലിട്ടു വീഴ്ത്തുവാൻ നിൽക്കുന്നു നീചരും.
കലിയുഗമാണിത് ഓർക്കണം ഇന്നു നാം -
കാട്ടാളജന്മങ്ങൾ പലതുണ്ട് മുന്നിലായ്.