അമ്മയില്ലാത്ത വീട് ശൂന്യമാണ്
നിറച്ചുണ്ടിരുന്നവന്റെ
ഒഴിഞ്ഞ വയറു പോലെ ശൂന്യം..
നിറഞ്ഞ കാലത്തെ ഓർമകളുടെ
പുളിച്ചുതികട്ടലുകൾ
ഇടയ്ക്കിടെ ഉണ്ടാകാം. .
ഘടികാരസൂചിയേക്കാൾ വേഗത്തിൽ ഓടിയിരുന്ന
ജീവിതചക്രം
ഇടയ്ക്കിടെ സഡൻബ്രേക്കിട്ടും
റിവേഴ്‌സ് ഗിയറിട്ടും
ട്രാഫിക് ജാം സൃഷ്ടിച്ചേക്കാം
അമ്മകൈപുണ്യമേൽക്കാത്ത
രസക്കൂട്ടുകളോട് പിണങ്ങി
നാവു വിശപ്പിനോട് പരിഭവം പറഞ്ഞേക്കാം
തോർത്ത്
ചീപ്പ്
ഷർട്ട്
മുണ്ട്
ചായ തുടങ്ങി ഒരായിരം വിളികൾ
അടുക്കളയുടെ ചുമരിൽ തട്ടി പ്രതിധ്വനിച്ചേക്കാം..
കൂടെയുണ്ടായിട്ടും
കൊടുക്കാൻ മറന്നെന്ന
ചില കുറ്റപ്പെടുത്തലുകൾ
ഉള്ളിൽ നിന്നും ഇഴഞ്ഞു വന്നു
തൊണ്ട കുഴിയിൽ കുരുങ്ങി
ശ്വാസം മുട്ടിച്ചേക്കാം...
അതെ
അമ്മയില്ലാത്ത വീട്
ശൂന്യമാണ്
നേർത്ത ആശ്വാസക്കാറ്റുപോലുമില്ലാത്ത
മരുഭൂമിപോലെ പൊള്ളുന്നതും.. .