പൂത്തുലഞ്ഞീടുന്ന മഞ്ഞമന്ദാരങ്ങൾ
ധരണിയിൽ പൊൻപ്രഭ പൂകിനിൽപ്പൂ!
പാഥേയമെന്നപോലൂർജ്ജംനിറയ്ക്കുന്ന
സുകുമാരനേകിടുംപൊൻവെളിച്ചം!
മഞ്ഞക്കണിക്കൊന്നചില്ലയിലാടുന്ന,
കിങ്ങിണിപ്പൊൻമലർച്ചെണ്ടുകളും
പീലിക്കുട പിടിച്ചൂഴിയിലാനന്ദ-
ത്തൂവെളിച്ചം വീശുമമ്പിളിയും
മഞ്ഞപ്പൂത്താലങ്ങളേന്തും ജമന്തിയും
തേനലക്കുമ്പിളിൽ വാസന്തമായ്!
അരളിക്കുടന്നയിലതിശോഭ തൂവുന്ന
മഞ്ഞപ്പകിട്ടാർന്ന സുമലതകൾ!
സൂര്യകാന്തിപ്പെണ്ണിന്നിമകൾ പൊഴിക്കുന്ന
പൂമണമില്ലാത്ത മരന്ദരേണുക്കളും
അന്തിവെയിലിന്റെകനകത്തിളക്കങ്ങൾ
വഴിയൊരുക്കീടുന്നു താരോദയത്തിനായ്!