മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അമ്മയെ കാണാതെയച്ഛനെ കാണാതെ
ആരോമല്‍ പൈതലുറക്കമായി
താരാട്ടു പാട്ടിന്‍റെയീണങ്ങള്‍ കേള്‍ക്കാതെ
താരിളം പൈതലുറക്കമായി
രാവിലെ നേരത്ത് അച്ഛനുമമ്മയും
അക്കരെക്കായലില്‍ പോയതാണ്


കായലിന്നാഴത്തിലാണ്ടു കിടക്കുന്ന
കക്ക പെറുക്കുവാന്‍ പോയതാണ്
മാനത്തു മൂടിയ കാര്‍മേഘത്തുണ്ടുകള്‍
കാലത്തുയെത്രയും പെയ്തിരുന്നു
കക്കപെറുക്കുവാന്‍ മുങ്ങിയ നേരത്തു
കാണാക്കയത്തിലേക്കാഴ്ന്നുപോയി
അഞ്ചില്‍ പഠിക്കുന്നപെണ്ണിനെയേല്‍പ്പിച്ച്
ആരോമല്‍ കുഞ്ഞിനെയോമനിച്ച്
കക്കപെറുക്കുവാന്‍ പോയൊരുകുഞ്ഞിന്‍റെ
അച്ഛനുമമ്മയും വന്നതില്ല
അന്തികഴിഞ്ഞിട്ടും അമ്മയെ കാണാഞ്ഞു
അന്തിച്ചു നിന്നവളാകുടിലില്‍
കുഞ്ഞുണര്‍ന്നുക്കരഞ്ഞിടും നേരമായ്‌
അമ്മിഞ്ഞപ്പാലു നുകര്‍ന്നിടുവാന്‍
തോരാതെ പെയ്യുംമഴയത്തുയന്നേരം
നാലഞ്ചുപേരങ്ങു ഓടിയെത്തി
നാലയല്‍പക്കത്തടക്കം പറഞ്ഞതും
നാടു മുഴുവനുമെത്തി വീട്ടില്‍
രാവിലെപോയൊരു അച്ഛനുമമ്മയും
രാവേറെ ചെന്നപ്പോള്‍ വീട്ടിലെത്തി
നിശ്ചലം! മൂടിപ്പൊതിഞ്ഞത്തുണിക്കെട്ടില്‍
കണ്ണുമടച്ചു കിടന്നിടുന്നു
പൊട്ടിക്കരച്ചിലിന്നലയടിയൊച്ചയില്‍
ആ കുടിലാകെയും ശോകമായി
ചൂടിക്കയറിനാലിഴനെയ്തോരേണിയില്‍
ആകായത്തെത്തുവാന്‍ പോകയായി
കല്ലുവെട്ടാംക്കുഴിയ്ക്കപ്പുറത്തുള്ളോരു
കല്ലറപൂകുവാന്‍ നേരമായി
കുഞ്ഞിനെയഞ്ചിലെപെണ്ണിനെയേല്‍പ്പിച്ച്
ഒന്നുംപറയാതവര്‍ യാത്രയായി
കണ്ണീരുത്തൂവിവിളിച്ചുകൊണ്ടെപ്പോഴൊ
കുഞ്ഞുണര്‍ന്നങ്ങു കരച്ചിലായി
കുഞ്ഞിനെത്തോളില്‍ കിടത്തിയാപെണ്‍കൊടി
ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്നു
അമ്മയുമച്ഛനും വന്നില്ലിതുവരെ
അക്കരെ കായലില്‍ പോയതാണ്
കക്കയും വാരിക്കഴിഞ്ഞില്ലേയിപ്പോഴും
എന്തെയിങ്ങെത്തുവാനിത്രനേരം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ