പാതിരാകാറ്റിന്റെ താളത്തിലലിയുന്ന
ചെമ്പകപ്പൂവിൻ സുഗന്ധമായി
ഞാനെന്റെ കനവിന്റെ മുറ്റത്തൊരേകയായ്
രാപ്പാടിയായി പറന്നകാലം
പ്രണയം തുളുമ്പുന്ന നയനങ്ങളാലെന്റെ
ഹൃദയം കവർന്നൊരാ പാട്ടുകാരാ
ഏറെ യാമങ്ങളിൽ ഇരവിന്റെ തോഴനായ്
ഒപ്പം നടന്നു നീ കൂട്ടുകാരാ
കാലം കിതപ്പിൽ കടന്നുപോയി
നമ്മളൊരുപാട് സ്വപ്‌നങ്ങൾ നെയ്തടുക്കി
താപതാളങ്ങളിൽ പിടയുന്ന ജീവിത-
പൊയ്കയിൽ നീയെന്റെ കൂട്ടുമായി.
ആദ്യമേ ചിത്രം വരച്ചുവെച്ചു
ഞാനതറിയാതെ ഏറെ നിറം പകർന്നു
മണമുള്ള പൂക്കളിൽ രക്തം നിറച്ചു നീ
പാതിയിൽ ചിത്തം പകുത്തുവെച്ചൂ.
ഭീമമാം ചിറകുള്ള പ്രണയപക്ഷി
പുതിയ തീരങ്ങളിൽ മോഹം കൊതിച്ചു നീ
പഴയ പാത്രം തിരിഞ്ഞാഞ്ഞു കൊത്തി.
കാലം പഴുപ്പിച്ച കാരിരുൾ കമ്പിനിൻ
മാറത്തു കുത്തിത്തറച്ചിടുമ്പോൾ
ആകില്ല പ്രാണനെ മാപ്പിരക്കാൻ അന്ന്
പട്ടിൽ പൊതിഞ്ഞെൻ മൃതത്തിനോടും
ഇനിയില്ല നിഴലായി ഈ ജന്മമത്രയും
ഒറ്റയ്ക്ക് നീ തുഴഞ്ഞെത്തിടേണ്ടു.