ചിത്രശലഭത്തിന്റെ വഴികളിൽ
കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന്
ചിലന്തിയോട് ഞാൻ.
ആകാശത്തിന്റെ ചരിവുകളിൽ
അപകടം പതിയിരിക്കുന്നുവെന്ന
ഓർമ്മപ്പെടുത്തലാണിതെന്ന് മറുമൊഴി.
അസ്തമയ സൂര്യനെക്കണ്ട് രജസ്വലയായവളെ
സുര്യകാന്തിപ്പാടം കാട്ടി മടങ്ങുംവഴി
പറയാതെ പെയ്ത മഴയവളുടെയുടലിലൊരു
ശത്രുരാജ്യത്തിന്റെ ഭൂപടം വരച്ചു.
യുദ്ധ ഭീതിയിലും ഇരുട്ടിനൊപ്പമൊരാളതിന്റെ അതിർത്തി പങ്കിടുന്നു!
ഇതെന്റെയാകാശം
ഇതെന്റെയും ഭൂമിയെന്നുറക്കെപ്പറഞ്ഞൊരു കാശിത്തുമ്പ ഇന്നു പുലർച്ചെ മരിച്ചിരിക്കുന്നു.
വിട്ടൊഴിയുവാനാവതില്ലെങ്കിലും
ഒരു മഴയിലും നനയാത്ത
വിസ്മൃതിയുടെ ചില ഉപ്പളങ്ങളിൽ
ഞാനുയിർക്കുമെന്നവളുടെ
മരണക്കുറിപ്പാരോ കണ്ടെടുത്തിരിക്കുന്നു.