മണ്ണില്ലാത്ത ഞാൻ കണ്ടിടത്തെല്ലാം വിത്തുകൾ ഒളിച്ചു പാകുന്നു,
മരങ്ങളാവുമ്പോൾ ചില്ലകൾ കിളികൾ പങ്കിട്ടെടുക്കട്ടെയെന്നോർക്കുന്നു.
മടങ്ങിയെത്താനൊരു വീടില്ലാത്തതിനാൽ രാത്രിയെത്തുന്നിടത്ത്
മരങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുന്നു,
വേരുകളെന്റ പനിയിൽ വിരൽതൊട്ടറിയുന്നു,
രാത്രിതീരാനിത്തിരി ബാക്കിയാവുമ്പോൾ
ഉറക്കത്തിൽ
നടന്നൊരക്ഞാതയുടെ കല്ലറയ്ക്കരുകിലവരുടെ പേരു വായിച്ചുനിൽക്കുന്നു.
പേരിലൂടെ വേരിലൂടെ,
ഞാനവരുടെ കുഞ്ഞു കാലത്തിനൊപ്പം നടക്കുന്നു.
കാടുമൂടിയിടത്ത് ഞാനൊരു പൂവുവച്ചുമടങ്ങുമ്പോൾ
അടക്കം കഴിഞ്ഞു പോയവർ പോലും മറന്നിട്ടും
ഓർക്കുന്നൊരക്ഞാതനെത്തന്ന ഭൂമിക്കതവർ വച്ചു നീട്ടുന്നു.
പുല്ലറുക്കുന്നിടങ്ങളിൽ,
ഒരുവളുടെ ചിതനിന്നു കത്തുമ്പോൾ,
മുറിഞ്ഞനാവിനൊപ്പമൊരു മൂളിപ്പാട്ടിഴഞ്ഞുനീങ്ങുന്നു.
ഒരു കഴുകനും കാണാതാപ്പാട്ട് വയലൊളിച്ചു വക്കുന്നു.
കത്തുന്ന ചിതയോട് ഞാനവളുടെ പേരു ചോദിച്ചു നിൽക്കെ,
പേരുമൂരുമില്ലാത്തയവളെ
മഴയും മണ്ണുമെടുത്തേ പോകുന്നു.