(രാമചന്ദ്രൻ, ഉദയനാപുരം )
ഉല്ലോലജാലം തിമിർക്കുന്ന കണ്ടൂ,
പതിവിലുമുപരി തിരകളുയരുമതു കണ്ടൂ.
നീഡോത്ഭവങ്ങൾ പറക്കുന്ന കണ്ടൂ,
കരയിലരയരുടെ കുടിലുകളുമതു കണ്ടൂ.
ഉല്ലാസയാത്രികർ നിൽക്കുന്ന കണ്ടൂ,
കടലലകളുടെയഴകു നുകരുമതു കണ്ടൂ.
പൈതങ്ങളോടിക്കളിക്കുന്ന കണ്ടൂ,
ചൊരിമണലിലവരുടെ കളികളുമതു കണ്ടൂ.
മുക്കുവർ വഞ്ചിയിൽ പോകുന്ന കണ്ടൂ,
തിരകളിലവരുടെയുരു ചരിയണതു കണ്ടൂ.
വീചികൾ തീരത്തടുക്കുന്ന കണ്ടൂ,
വലിയ വലിയ തരണികളുവരുമതു കണ്ടൂ.
സൂര്യനസ്തമിക്കാൻ പോകുന്ന കണ്ടൂ,
ഗഗനതലമവിടെ രുധിരനിറമതു കണ്ടൂ.
മാനത്തു മഴക്കാർ നീന്തുന്ന കണ്ടൂ,
ചെറിയൊരു പുതുമഴയവിടെ വരുമതു കണ്ടൂ.
തീരത്തു നിന്നവർ പോകുന്ന കണ്ടൂ,
പലരുമവിടവിടെ മഴനനയണതു കണ്ടൂ.
പാതയിൽ വല്ലാത്ത തിക്കുകൾ കണ്ടൂ,
പലവിധ ശകടമവിടെ മരുവണതു കണ്ടൂ.