ഉന്മാദത്തിന്റെ വേലിയേറ്റങ്ങളില്‍,
വേലിയിറക്കങ്ങളില്‍പ്പെട്ട് അടിവേരുകള്‍ നഷ്ടമായൊരു തുരുത്താണ് ഞാന്‍!
ഇതേ ഉന്മാദത്തിന്റെ വിഷം
സിരകളിലേക്ക് പടര്‍ത്തുന്ന കരിനീല നിറത്തെ കടലാസ്സിലേക്ക് പടര്‍ത്താന്‍
ഞാനെടുക്കുന്ന സമയം, ആ സമയമത്രയും നീയെന്നെ സ്വതന്ത്രയാക്കുക!
എന്‍റെ തീയിനെ അണക്കുവാന്‍ മാത്രം ശക്തി
നിന്‍റെ കരങ്ങള്‍ക്കില്ല.
കൊടുങ്കാറ്റിനു ശേഷമുള്ള രാവുകളില്‍
നിന്‍റെ കയ്കള്‍ എനിക്ക് വേണം.
അത്കൊണ്ട്, ശ്രമിച്ചു തോറ്റു പോവാതെ
തീയിനെ തൊടാതെ നീയതിനെ സൂക്ഷിച്ചു വെക്കുക.
നമ്മുടെ അരോഹണത്തിന്‍റെ നിമിഷങ്ങളിലേക്ക്.
അത് കൊണ്ട് നീ കാത്തിരിക്കുക.
പേനത്തുമ്പില്‍ നിറയുന്ന അസ്വസ്ഥകളെ
ഞാന്‍ സ്വതന്ത്രമാക്കും വരെ.
ഉന്മാദമുറയുന്ന ആ നിമിഷങ്ങളില്‍
എന്‍റെ മഷിക്കുപ്പിയില്‍ സൂര്യോദയം കാണാനാഗ്രഹിക്കുന്ന
ഒരു പ്രപഞ്ചം തങ്ങിനില്‍ക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു!
എനിക്കതിന്റെ ജാലകങ്ങള്‍ തുറക്കണം.
അവിടുത്തെ വെളുത്ത നിറമുള്ള ആകാശത്തിലേക്ക്
കരിനീല പ്രാവുകളെ പറത്തി വിടണം.
അവയുടെ കുറുകലുകള്‍
എന്നില്‍ നിന്നകലുമ്പോള്‍
രക്തംവാര്‍ന്നു ഞാന്‍ ചുരുണ്ടു പോയിട്ടുണ്ടാവും.
അപ്പോള്‍ , അപ്പോള്‍ മാത്രം, നീ വരണം.
അവസാനതുള്ളി വിഷവും ഇറ്റിച്ചു കളഞ്ഞതിന് ശേഷം
നീയെന്‍റെ കഴുത്തില്‍ അമര്‍ത്തി ചുംബിക്കണം,
ആദ്യമായിട്ടെന്ന പോലെ.
എല്ലാ തവണത്തെയും പോലെ
അതിന്റെ പാടുകള്‍ മായാതെ കിടക്കുവോളം.
എന്നിട്ട് നമുക്കൊരുമിച്ചു പുതുമണ്ണിന്റെ ഗന്ധമറിയണം.
ആനന്ദത്തിന്‍റെ ഗിരിനിരകളെ കീഴടക്കണം.
അരോഹണങ്ങള്‍ അതിതീവ്രമാക്കണം.
ഇനിയൊരു കൊടുങ്കാറ്റ് വീശുന്നത് വരെ.
ഉന്മാദത്തിന്റെ വിഷം നെറുകയിലേക്ക് ഇറങ്ങും വരെ മാത്രം!