ഉയരങ്ങളുടെ ഉയരത്തിലെ
കാലമസ്തകത്തിൽ നിന്ന് അടുത്ത ഉയരംതേടി എന്റെ കാലടികളുയർന്നു..
ശൂന്യതയുടെ ഗർത്തത്തിലെക്കുള്ള
പതനം ഒരു വിറയലായി എന്നിൽ പടർന്നു!
എന്റെ കൊടുമുടികൾ
തലകീഴാണ്,
താഴ്ചയിലേക്കാണ്!
കണ്ണിനു കാണാൻ കഴിയാത്ത
ആത്മസത്തയുടെ ഗിരിശൃംഗങ്ങളിലേക്കുള്ള
പടവുകൾ ആരംഭിക്കുന്നത്
ഈ ഗർത്തത്തിലെ ഇരുട്ടിൽ നിന്നാണ്!
ഇന്നലെകൾ എന്നോടു
കയറുവാൻ പറഞ്ഞു.
കയറ്റത്തിന്റെ അന്ത്യം പതനമാണെന്ന
അറിവ് മനപ്പൂർവ്വം പാഠപുസ്തകങ്ങളിൽ നിന്ന്
മറച്ചുവെച്ചു.
കയറികീഴടക്കിയ സുഖദുഖങ്ങളുടെ
പടവുകളിനി വേണ്ട,
ഇനിയെന്റെ യാത്ര
നിസ്സംഗതയുടെ പടവുകളിലൂടെയാണ്!
ഉയരവും ആഴവും
ഇണചേരുന്ന ശൂന്യതയുടെ വിശാലതയിലേക്ക്,
പടവുകളില്ലാത്ത യാത്ര തുടരങ്ങുന്നു.