ലിനിയെന്ന മാലാഖയെ ഓർമ്മയില്ലേ?
നിപ്പയെന്ന ഭീകരൻ കവർന്നെടുത്ത
ചിറകറ്റു വീണൊരു വെള്ളരിപ്രാവ്,
ത്യാഗിനിയായൊരു പെൺപൂവ്.
ആതുര സേവന മാതൃകയായ്
നാടിനു നീചെയ്ത സേവനങ്ങൾ
നിന്നുടെ ആത്മബലിയ്ക്കു മുന്നിൽ
ലോകമെന്നെന്നും നമിച്ചിച്ചിടുന്നു.
മുന്നിലണഞ്ഞൊരു മരണത്തെ
ഭയന്നില്ല തെല്ലുമവൾ പതറിയില്ല!
പിടയുന്ന ജീവനെ ചേർത്തണച്ച്,
ആശ്വാസമേകിയാ വെൺപ്രാവ്.
ആത്മ ബലിയായ് തീരും മുൻപേ,
മേഘങ്ങൾക്കപ്പുറം മറയും മുൻപേ,
ചുടുനിണത്താൽ കോറിയ വരികളിന്നും,
നെഞ്ചിൽ കനലുകളായെരിഞ്ഞിടുന്നു.
''പ്രിയനേ നമുക്കിനിയെന്നെങ്കിലും,
കാണുവാനാകുമോ അറിയില്ല
പൊന്നേ ..
എങ്കിലുമൊന്നു ഞാൻ ചൊല്ലീടട്ടെ,
മക്കളെ പൊന്നുപോൽ കാത്തീടണം.
ഗൾഫുനാടൊന്നു കാണുവാനായ്
കുഞ്ഞിനു വല്ലാത്ത മോഹമാണ്.
അവരുടെയിഷ്ടങ്ങളെന്നുമെന്നും
എന്നെപ്പോലേട്ടനും ചെയ്തീടണം.
ദൈവത്തെക്കാണുവാനായി ഞാനും
അമ്മയോടൊപ്പം പോയിടട്ടെ,
നമ്മുടെ അച്ഛനെപ്പോലെയങ്ങും,
ഏകാകിയായി കഴിഞ്ഞീടല്ലേ!"
ലിനിയുടെ ആഗ്രഹം പോലെയിന്ന്
സജീഷിനിണക്കിളി വന്നണഞ്ഞു.
കുഞ്ഞുമക്കൾക്കമ്മയെ മാത്രമല്ല,
നല്ലൊരു ചേച്ചിയേം കൂട്ടുകിട്ടി.
ജീവിതവാടിയിലെന്നുമെന്നും,
വസന്തത്തിൻ മൊട്ടുകൾ വിരിഞ്ഞിടട്ടെ.
ജന്മാന്തരങ്ങളിലീ ബന്ധമെന്നും
കുളിർക്കാറ്റിൻ തെന്നലായ് വീശിടട്ടെ.