നാനാജാതി മതസ്ത നിബദ്ധം
സധർമാധിഷ്ഠിത കർമ പഥം
സകലാത്മ സഹോദര സത്യമതം
സംസ്കാര സനാതന സങ്കലിതം.
സുവിധിത ശോഭിത സദ്ഭരണം
സമചിത്തിത സംയമനാത്മപരം.
നിന്ദിതമർദ്ദിതനശരണനാം -
മനുജന് ശാശ്വത ശരണപഥം.
നവോത്ഥാനത്തിൻ ശംഖൊലിയേകും -
പ്രതിധ്വനികൾ നവതേജസ്വികളാ -
യാത്മ ബലംകൊണ്ടാസുഖ ത്യാഗികൾ
നേടിയെടുത്താത്മാഭിമാനം-
സ്വാതന്ത്ര്യം
ആത്മജ്യോതിദ്ദീപക മംഗളമന്ത്രം-
സ്വാതന്ത്ര്യം
പണ്ഡിതനല്ലാ, പാമരനും
അന്തരമില്ലീ സ്വാതന്ത്ര്യം
കുന്നിക്കുരുവു കുചേലന്മാർക്കും
കുന്നിൻ മുകളു കുബേരന്മാർക്കും
അതിജീവന മന്ത്രം സ്വാതന്ത്ര്യം
അമൃതിന് സമമാം സ്വാതന്ത്ര്യം.
ജീവവാഹിനി പൃഥ്വിതൻ
തിരുഹൃദയ ഭൂമിക ഭാരതം.
വർഗവർണം ജാതിമതവും
അതിർത്തിയാകിയ ഭൂമിയിൽ
വിശ്വമൈത്രിയ്ക്കാധാര ശിലയായ്
സുധർമ്മ ശാലിനി ഭാരതം.
വിണ്ടുകീറിയ ഭൗമഭവനം
വീണ്ടെടുക്കാൻ ഭാരതം.
സർവ്വലോകമേക ഗൃഹവും
സർവ്വജീവജാല സൗഖ്യവും
സത്യബോധ നീതിയുക്തം
ധർമ്മപാലന കർമ്മഭാരം
തോളിലേന്തിയ പുണ്യഭൂമിക -
ഭാരതം
വിശ്വമിന്നും വാഴ്ത്തിടുന്ന
ചേരിചേരാ നയഹിതം
കാലമെത്ര കഴിഞ്ഞുപോയ്
നയതന്ത്രമിന്നുമചഞ്ചലം.
സത്യമോ മിഥ്യയോ സുഖ-
സ്വപ്നമോയീ കാഴ്ചകൾ.
സ്വപ്നമായതിത് സ്വപ്നമാകുമിത്
പ്രത്യാശ നൽകിയ ചിന്തകൾ.
സത്യമെത്ര വിചിത്രമാണ-
പവർത്തനം ഈ വീക്ഷണം.
ധർമബോധം നിർജീവമായൊരു
നിർഭാഗ്യവതിയാം ഭാരതം.
ആഴമേറുന്ന ച്യുതിയിൻ ചുഴിയിൽ
വാഴ്വിനാശയറ്റ കിനാവുമായ്
ആഴ്ന്നു താഴുന്നു ഭാരതം.