ഇരുൾമൂടി,യിന്ത്യതന്നുടലിൽ
ചെഞ്ചോരമുറിവുകൾ, ചിതറി -
ത്തെറിച്ചുന്മാദ ,ചെന്നിണക്കടലുകൾ.
വർണ്ണമേഘച്ചിറകുകൾ വീശിയോ -
രാകാശ,മെന്നുമാക്രോശരോധകം
ഇരുമാടുകൾക്കിടയി,ലൊരുകുറുനരി
പതിയെ പലതും പറഞ്ഞിരിക്കെ
ഇരുൾമൂടിയാകാശമിരുളുന്നു
ഇലയിൽവന്നൊരു മുള്ളു വീഴുന്നു
ഇണയായിരുന്നവൾ പിടയുന്നു
ചുടുനിണനിറത്തെ നുണയുവാനെത്തുന്നു
കരിമ്പടം നിവർത്തിയിരവിന്റെ നരിയവൻ
പുതിയ പുലരിക്കുവേണ്ടിയീബലിയെന്ന്
ദേശപ്പെരുമ്പറത്തുരുമ്പേറ്റമെന്നും !
ഹേ.ഭാരതാംബേ നിന്റെ പോർമുഖങ്ങ -
ളിന്നു,വാപിളർന്നെത്തും രുധിരകാണ്ഡങ്ങൾ
പേടിതൻവിത്തിട്ടു,പോർവിളിച്ചും
നീണ്ട മൗനപ്പുതപ്പിനാൽ മൂടിയിട്ടും
രാജനീതിക്കുഗാംഭീര്യപ്പൂട്ടിട്ടും
കപട സന്യാസ വേഷമിട്ടു,മിടയിൽ -
രാജപുടവയിട്ടും, ചെങ്കോൽപടുത്തു -
ഞെളിഞ്ഞിരുന്നും,കിങ്കരന്മാർ,ക്കഹം- ദാനമേകും , പ്രഭോ !
വങ്കത്തരത്തിൻ പടുകുഴിയിൽ
ഉന്തിയെത്തിക്കയോ ഭാരതത്തെ ?