(രാമചന്ദ്രൻ, ഉദയനാപുരം)
വീണ്ടും നമുക്കൊന്നൊത്തുകൂടാം ആ മരത്തണലിൽ,
മുമ്പെത്രയോ ദിനങ്ങൾ ചെലവഴിച്ചിരുന്നു നമ്മളവിടെ.
കാലങ്ങളെത്ര കടന്നു പോയിയെങ്കിലും
മാറ്റങ്ങളെത്ര വന്നു ദേശത്തെങ്കിലും;
മാറ്റമൊന്നുമില്ലാതെയിന്നും തണലേകി
നിൽക്കുന്നു; ആ മരം ജീവജാലങ്ങൾക്ക്.
പ്രായമിന്നേറെയായി ആ മരത്തിനും
വാർദ്ധക്യത്തിൻ ലക്ഷണങ്ങൾ കാണാം;
ഈ വയസ്സുകാലത്തും മറ്റുള്ളവർക്ക്,
തണലേകി ആശ്വാസമായി നിൽക്കുന്നു!
കാണണം നമ്മൾ, ചലനശേഷിയില്ലാത്ത
ജീവജാലങ്ങൾവരെ ഉപകാരം ചെയ്യുന്നു,
പ്രായാധിക്യത്താൽ ആരോഗ്യത്തിനു
ക്ഷയം വന്നെങ്കിലും; കഴിയുന്നപോലെ.
കണ്ടു പഠിക്കണം വിവേകബുദ്ധിയുള്ള നമ്മൾ
ഈ ജീവജാലങ്ങളെ, അവർ ചെയ്യും പുണ്യപ്രവൃത്തികളെ.