മുമ്പത്തെ കുളങ്ങളിൽ
കൂട്ടരോടൊത്തുകൂടി,
വെള്ളത്തിന്നാഴങ്ങളിൽ
കുത്തിമറിഞ്ഞ കാലം.
ആനകൾ കുളിക്കാത്ത
ആനക്കടവിലന്ന്,
താഴോട്ടു ചാടിയിട്ട്
നീന്തിമറിയലാണേ.
അന്നത്തെ കുളങ്ങളിൽ
നീന്തറിയാത്തോരില്ല,
ചാടലും മറിയലും
ചേട്ടന്മാരൊരു കൂട്ടം.
നീന്തുന്നു കമഴ്ന്നിട്ട്
മോന്തുന്നു വെള്ളം മെല്ലെ,
ചിറ്റുന്നു മോളിലോട്ട്
പൊങ്ങുന്നു മലർന്നിട്ട്.
നീളേന നീന്തിയന്ന്
വാനിതായരികിലായ്!
മേഘങ്ങൾ മെല്ലെ മെല്ലെ
തൊട്ടന്നു സഞ്ചരിച്ചു.
ഭംഗിയാം വരികളായ്
പട്ടാളം വരും പോലെ,
കൗതുക നിരകളായ്
പറക്കും കിളികളും!
മുങ്ങി ഞാൻ കടൽപ്പശു
പൊങ്ങി ഞാൻ വെള്ളം ചീറ്റി,
കണ്ണുകൾ ചുവക്കുമ്പോൾ
തുമ്മലായ് പലവട്ടം.
വെക്കേഷൻ നല്ലതാണ്
നട്ടുച്ചയിലും കുളി,
ഒച്ചേന കയർത്തിട്ട്
വെള്ളത്തിൽ ചിലർ ഗുസ്തി.
പാറമേൽ കാലുവച്ച്
വാനതിലുയർന്നിട്ട്,
മേലാപ്പിൽ കറങ്ങീട്ട്
താഴോട്ടു ചാടാൻ രസം.
ഊളയിട്ടലയുമ്പോൾ
വെള്ളത്തിന്നടിത്തട്ട്!
പാടില്ലാ ഭയമന്ന്
കാണുമ്പോൾ ഭയം താനും.
നീളത്തിൽ മുങ്ങാംകുഴി-
യെണ്ണുവാൻ കൂട്ടുകാരും,
നൂറോളം എണ്ണിയിട്ടും
കാണാതെയമ്പരപ്പിൽ!
കാടിൻ്റെയരികത്ത്
പൊങ്ങുമ്പോൾ കിതപ്പാണ്,
കൂട്ടരെ പറ്റിക്കേണം
പാമ്പുകൾ കണ്ടെന്നാലും.
അന്നത്തെ കുളങ്ങളിൽ
സ്നേഹത്തിന്നാഴമുണ്ട്,
ഇന്നത്തെ കുളങ്ങളോ
തൂരുന്നു വല്ലാതങ്ങ്.