mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വിജനവീഥിയിൽ തണുവണിപ്പന്തൽ
തണൽ വിരിച്ചൊരീതരുമടിത്തട്ടിൽ

തനിച്ചു നിൽക്കയാണിവിടെ ഞാനെന്റെ
അമിതഭാരത്തിൻ വിഴുപ്പുഭാണ്ഡത്തെ

മുതുകിൽനിന്നിനിയിറക്കി വയ്ക്കട്ടെ
നടുനിവർത്തട്ടെയിടയ്ക്കൊരിത്തിരി ..

വ്രണിതമാം മനം, കരതലങ്ങളും
വിടർന്നടർന്നൊരീ തൊലിപ്പുറങ്ങളും

കരൾ നുറുങ്ങുന്ന കദനഭാരവും
കലങ്ങിയുള്ളൊരീ മിഴിയിണകളും

അരുതു മറ്റൊരാളറിയരുതിന്നീ
പിടയും നെഞ്ചിലായ് നിറയുംവേദന

ഇതെന്റെ മാത്രമാം വിധിവിപര്യയം
ഇവിടെയൂഴിയിലനാഥയല്ലോ ഞാൻ...!

വിരിയുന്ന സുമകലികപോലല്ലോ
പലതരം മധുമൃദുലമാധുരീ -

സുരഭിലമായ നനുത്തൊരോർമ്മകൾ
കരളിൽ സ്വപ്നമായ് വിലസിടുന്നവ...

കുതുക ബാല്യത്തിൻ കുസൃതിയോർമകൾ
സമൃദ്ധമാം സ്നേഹം നുകർന്നനാളുകൾ

വളർന്ന യൗവ്വനസുഭഗമേനിയിൽ
നനുത്ത ഗന്ധത്തിൻ മൃദുലശോഭകൾ

അധിക സൗഭാഗ്യമിയന്ന നാളിലന്ന-
മിത വേഗത്തിൽ ദിനങ്ങൾ മാഞ്ഞു പോയ് ...

വിരിയും പൂവിനെയൊരു ഭ്രമരം പോൽ
കരൾ കവർന്നവൻ പ്രണയമാനസൻ

തരുണനന്നെന്റെ കരം ഗ്രഹിച്ചതും
സരസഭാഷണം മനം കവർന്നതും

അവനുമാത്രമായ് ജനിച്ചതാണെന്നു
കരുതിയെന്മനം തരളിതമാർന്നു

അകലെപ്പോയ് നിദ്രയറിഞ്ഞ നാളുകൾ
അരികളായ് മാറീയരുമബന്ധങ്ങൾ ...

പലരുമെന്തെല്ലാം പറഞ്ഞതു പിന്നീ -
ടറിഞ്ഞൊരമ്മയന്നരികിലായ് നിന്നു

കരിമിഴികളിൽ കിനിയുമശ്രുവാൽ
കരം പിടിച്ചു കേണിരന്നിടുന്നതും

കരളലിയാത്ത ശില പോലെയെല്ലാം
മറു ചെവിയിലൂടൊഴുക്കിവിട്ടതും

പ്രണയനിർഭരം മനസ്സുകൊണ്ടുതാൻ
പ്രിയന്റെ കൈപിടിച്ചിറങ്ങിപ്പോയതും

പലതുണ്ടോർമ്മകൾ ജ്വലിച്ച തീക്കനൽ
തിളങ്ങി നിൽക്കുമ്പോൽ കഠിന താപമായ്

കൊഴിയും നാളുകളധികമായില്ല
പ്രണയ പുഷ്പത്തിന്നിതളടർന്നു പോയ്...

പൊലിഞ്ഞു സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം
പൊഴിഞ്ഞു വീണതാംപൊയ്മുഖം കാൺകെ ...

തനിനിറമെല്ലാം പുറത്തു കാണായീ
തറയിലൊന്നു താണിരുന്നെങ്കിലെന്നായ്...

പറയുവാനിനി പലതൊന്നുമില്ല
പഴിവാക്കു നിത്യം പരസ്പരം ചാർത്തീ

പടിയടച്ചൊരാ സ്വഭവനത്തിൽ ഞാൻ
വലിഞ്ഞു കേറുന്നതബദ്ധമാവില്ലേ ...:

സഹനമാം വിധി പലതുമോർമകൾ
തെളിയുമെന്നാലും സഹിച്ചു ശീലങ്ങൾ

പറയാറില്ലൊന്നും പലായനങ്ങളും
വിരുന്നുവന്ന പോൽ പലദിനങ്ങളും

പറയുവാനില്ല പരാതിയാരോടും
വിന വിതച്ചവളതു തന്നെ കൊയ്യും. ..!

അതിനിടയ്ക്കൊരു നിധിയെന്ന പോലെ
അരുമയാം മകൻ വളർന്നു വന്നതും

പല പല വീട്ടിൽ പലതാം വേലകൾ
തളർച്ചയെന്തെന്നതറിയാനാളുകൾ...

തുണയായുണ്ടല്ലോ തനിക്കൊരുണ്ണിയും
അവനു വേണ്ടിയന്നരതലനന്നായ്

മുറുക്കിയങ്ങെത്തീയരങ്ങിൽ ധീരയായ്
അമൃതായീ കുഞ്ഞിൻ മധുര വാണികൾ

അതു തനിക്കേകീ പുതിയ ജീവിതം
മിഴിയിൽ സ്വപ്നങ്ങൾ വിരിഞ്ഞ പൂക്കാലം

അവൻ മിടുക്കനെന്നുതിരും വാക്കുകൾ
അവനിലർപ്പിച്ചു വളരുമാശകൾ !

കളിചിരികളും സരസഭാഷണം
അവനൊടൊപ്പമായ് വളർന്നിതാവീട്ടിൽ

അഭിമാനിയാകുമവനൊരുന്നത
പദവിയിലെത്തീ പ്രതീക്ഷ പൂവിട്ടു...

സുലളിതയാകുമൊരു തരുണിയെ
സഖിയാക്കീ മകൻ തനിക്കുമിഷ്ടമായ്

നിലവിളക്കുമായെതിരേറ്റു നന്മ
വരുവാൻ പ്രാർത്ഥിച്ചൂ വരിച്ചതിമോദാൽ...

ദിനങ്ങളൊന്നായി കൊഴിഞ്ഞു വീണതു -
മധികമായില്ല ,അതിൻ മുമ്പുതന്നെ

പരുഷ വാക്കുകൾ മകന്റെ നേർക്കെന്തോ
മനംതകർന്നുപോയ് അരുതരുതിനി..

ഇവിടെ നിൽക്കുകിൽ പിടഞ്ഞിടും മനം
അരുമയാം കുഞ്ഞിൻ വിവശതയേറും...

അരുതെന്നെയിനി ത്തിരയരുതു ഞാ-
നകലെയുള്ളൊരു ഭവനത്തിലേക്കായ്

അകന്നതായാലുമടുത്തതാകിലും
ചിരകാല ബന്ധം മറക്കവയ്യല്ലോ...!

സസുഖം വാഴുക മന:സമാധാനം
ഭവനദീപമാണതു മറക്കാതെ...

ലിഖിതമൊന്നവൻ ഗ്രഹിച്ചിടും നേരം
നിറയുമോമിഴി പിടയുന്നെന്മനം..

അരുമയാണെന്നുമെനിക്കുനീയെന്റെ
സകലയാശിസ്സും നിനക്കായ് നേരുന്നു...!

അഖില ലോകത്തിൽ വെളിച്ചമേകുന്ന
സവിതാവേ നിത്യം സുരക്ഷയേകണേ ...

അനന്തകോടിയാം ഉഡുഗണങ്ങളേ
ചൊരിയണേ രശ്മിയവന്റെ കാൽക്കീഴിൽ...

ലഘുതരമായി ദിനംപ്രതി വളർ-
ന്നനഘ ശോഭയാൽ സ്മിതമാർന്നു നിൽക്കും

സുമുഖനാം പൂർണമതേ ഞാനേല്പിപ്പൂ
തെളിനിലാവിനാൽ കുളിരേകീടാനായ്

ഇതു മാത്രമെന്റെ മകനായ് പ്രാർത്ഥന
ഇതമ്മയേകിടും അമൂല്യസമ്മാനം....!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ