മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പോയരാവുകൾ രണ്ടും ഉറങ്ങിയതില്ലമ്മ,
പായയിൽ, വരാന്തയിൽ ഇരുന്നു മയങ്ങട്ടെ.
ജലപാനമില്ലാതെ ധ്യാനിച്ചു വശംകെട്ട്,
ആ ദേഹമെനിക്കിനി ദു:ഖമായ് മാറീടുമോ?

അകത്തേ നില അല്പം വഷളെന്നറിയുന്നു.
പരത്തി പറയുവാനാവതില്ലെനിക്കത്.
അരികിലിരിക്കുന്ന അമ്മയത റിഞ്ഞീടിൽ
അകത്തേ നെരിപ്പോട് കാട്ടുതീ പോലെയാകും.

രാവൊന്നുവെളുക്കട്ടെ അമ്മയൊന്നുറങ്ങട്ടെ.
ആ നേരമത്രയും ഞാനമ്മയ്ക്കു കാവലായിരുന്നീടാം.
എൻ മനക്കാമ്പിൽ പെയ്തൊഴിയാമേഘക്കാറിൽ
കണ്ണുകൾ നനഞ്ഞീടിൽ അമ്മ കാണുകയില്ലേ?

"പുലരുംമുമ്പേ വന്നാലച്ഛനേക്കാണാം , ദേഹ
ശുദ്ധിവരുത്തി വേഗമേ ഇറങ്ങേണം"
പരിചാരിക വന്നുണർത്തി, മറുവാക്കു
കേട്ടീടാതവർ ഝടിതി അകംപൂകി.

ആ നേരമടുക്കുന്നു,അച്ഛനേക്കാണും
മുന്നെ സ്നാനകർമ്മങ്ങൾ നടത്തേണം.
പുതപ്പിനുളളിൽ ഉഷസ്സുണരാൻ മടിച്ചു -
ണർന്നുകിടക്കവേ,എന്നൂഴമണയുന്നു.

മടിച്ചു മടിച്ചകത്തു കടക്കുന്നു,വീണു
ടഞ്ഞീടാതെന്റ മനസ്സുംപിടിച്ചുഞാൻ.
ഗൗരിയെ ചേർത്തോരാ രുദ്രഹൃദയ
സ്പന്ദനത്തെ ആർദ്രമായ് തലോടി ഞാൻ .

ജീവരക്ഷായന്ത്ര മണികൾ മുഴങ്ങുന്ന
ദുരിതക്കയത്തിൽ വേറെയും ചിലരുണ്ട്.
എൻ പിതൃഗാത്രം തുടച്ചു ശുദ്ധമാക്കി,
പരിചാരികതന്ന ലേപനം കൊണ്ടു ഞാൻ.

തിരികേപ്പോരേണ്ടുന്ന നേരമായ്, നിസ്സാഹായ
നിഴൽ വീണ മിഴികളിൽ നീർത്തളം തുളുമ്പിയോ?
ഒട്ടുമേ വിചാരിച്ചതില്ല താൻ പെട്ടുപോകുമെന്നീ-
യവസ്ഥയിൽ ,ഭൂതകലത്തിലൊരിക്കലും.

വാതിൽ തുറന്നു പുറത്തുകടക്കവേ, പ്രത്യാശതൻ ചെറു-
ചിറകനക്കം കണ്ടു ഞാൻ അമ്മതൻ മിഴികളിൽ .
ഭയക്കുവാൻ കാരണമൊന്നുമേ ഇല്ലെന്ന പൊളി പറഞ്ഞ-
കലെ ആളൊഴിഞ്ഞിടം തിരഞ്ഞു ഞാൻ നടന്നുപോയ്.

വീണതൻ തന്ത്രിയിൽ നാദംതിരയുന്ന വിരൽ വിരുത്,
വൈദ്യുതകമ്പിയിൽ അഭ്യസിക്കുന്നു പുലർകാലേ കുരുവികൾ .
ഒരു ചെറുതരുവിൽ പുറംചാരി ഈഷിച്ചിരുന്നു
വഴിയരികിൽ മിഴിയിണ തുടച്ചു തെല്ലു നേരമാ ദൃശ്യം.

എങ്ങനേ അടരും ഞാൻ ആ വിരൽ തുമ്പിൽനിന്നും?
ഈ ദൂരമത്രയും നടത്തിയതാ വിരൽ തുമ്പാലല്ലേ!
എങ്ങനെ അകലും നിൻകരുതലിൻ ചൂടിൽനിന്നും?
നിൻ പത്രക്കീഴിലല്ലേ എൻ ഏകാശ്രയ സ്ഥാനം!

സൂര്യാംഗുലീ സ്പർശ ഹർഷത്താലിള പുളകിതയാകുന്നു,
രണ്ടു നാൾ കോരിയൊഴിച്ച മഴ വിശ്രമിക്കവേ.
സംഭ്രമകലുഷകല്ലോലങ്ങൾ കുടിച്ചു മരിക്കുവാൻ,
ഞാനാത്തെരുവിൽനിന്നും തിരിച്ചു നടക്കുന്നു.

അന്നത്തെ ചൂടൊഴിഞ്ഞപരാഹ്നം പോൽ
എൻ നിസ്സംഗതമേൽ, പരിഭവിച്ചും,സഹതപിച്ചും,
ബന്ധുക്കൾ ചിലരുണ്ടമ്മതൻ അരികിലിപ്പോൾ.
ആ നേരം തീവ്രാതുരപ്പുരയെന്നേ ക്ഷണിക്കുന്നു.

"പൊരുതി നേടുവാനുള്ള യജ്ഞങ്ങൾ
പാഴ് പതിരുപോലായി ക്ഷമിക്കുക.
വിധി തടുക്കുക എന്നത് കേവല വൈദ്യ
ശാസ്ത്രത്തിനു പ്രാപ്യമല്ലെന്നറിയുക .

തുടരക്ക്രമങ്ങളേ നേരിടാൻ ദുർബല
ഹൃദയ പേശികൾക്കായതില്ലാകയാൽ
നിൻ അച്ഛനിപ്പോൾ മരിച്ചു, വൈകിടേണ്ട
കൊണ്ടുപോയി ദേഹമിനി ദഹിപ്പിക്കുക."

സങ്കടക്കനൽ തീണ്ടി എന്റെപ്രാണാന്തരം തപിക്കവേ,
തോളിൽ തലോടുന്നു സമാശ്വസമേകുവാൻ ഭിഷഗ്വരൻ.
എങ്ങനെ സഹിച്ചിടും, എമ്മട്ടറയിച്ചിടും ആ പ്രാണ -
ദിവാകരബിംബം പൊലിഞ്ഞു പോയെന്നമ്മയേ?

ചികിത്സകഴിഞ്ഞു ഗൃഹാന്തരീക്ഷത്തിൽ പരിചരണം
മതി,അച്ഛനേ കൊണ്ടു പോയീടാമെന്നമ്മയേധരിപ്പിച്ചു .
"ബന്ധുവിനൊപ്പം മടങ്ങുക മുന്നേ വസതിയിലേക്കു നീ.
മറ്റുളളവരുമായ് അച്ഛനൊപ്പം ഞാൻ പിന്നാലെ വന്നിടാം."..


കുന്നിൽ തടഞ്ഞുനിന്ന പുഴ ഒഴുകിത്തുടങ്ങുന്നപോൽ
അമ്മ ഗമിക്കുന്നു സാമോദമച്ഛന്റ കിടപ്പറ ഒരുക്കുവാൻ.
പീന്നേ സഹിച്ചില്ലെനിക്കു ,സേതുബന്ധനം തകർന്ന-
പോൽ,പ്രാണനൊമ്പരംകണ്ണീർ പ്രവാഹമായ് .

പാടലീപുത്രത്തിൽ ഫാഹിയാൻ കാമിച്ച ആതുരാലയ -
സമാനമാമിടം പിന്നിൽ ഒരു ദേവമകുടമായ് മാറവേ,
സന്ധ്യാമ്പരം നാലഞ്ചു ചെമ്പനീർപ്പൂവുകൾ തൂകി
യ്ത്രയാക്കുന്നു ശവമഞ്ചലിൽ എന്നൊപ്പമച്ഛനെ.

അന്ത്യദർശനത്തിനും അന്ത്യചുംബനത്തിനും
വേദി ഒരുക്കിക്കഴിഞ്ഞു ഹൃഹാങ്കണം.
ആരൊക്കെയോ ചേർന്നൊരുക്കിയ പട്ടടകണ്ടു
നടുങ്ങി, വിതുമ്പി ഞാൻ നീന്നുപോയ് .

അർദ്ധനാരീശ്വര താണ്ഡവമാടുന്ന അഗ്നി നാളങ്ങളിൽ ,
അച്ഛന്റെ ഉയിരും,തനുവും ലയിച്ചുചേർന്നീടവേ ,
അന്തകരിപുവിൻ ചരണാന്തികേ കാണുന്നു ഞാൻ
അന്തരംഗത്തിൽ എന്നച്ഛന്റെ പ്രാണനെ !

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ