മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(V.Suresan)

"വാവുബലിക്ക് അവധിയൊന്നുമില്ലേ സാറേ?", ഗോപൻ്റെ ചോദ്യം കേട്ടപ്പോഴാണ് പ്രസാദ് പിള്ള കർക്കിടകവാവിനെ പറ്റി ഓർത്തത്. 

"എന്നാണ് വാവുബലി?"

"മറ്റന്നാൾ." 

"ബലി ഇടുന്നവർക്ക് വേണമെങ്കിൽ കുറച്ചു സമയം പെർമിഷൻ എടുക്കാം. അല്ലാതെ ഇതുപോലെയുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിൽ എന്ത് അവധി!", പ്രസാദ് പിള്ള പ്രൈവറ്റ് ബാങ്കിലെ മാനേജരും ഗോപൻ ഓഫീസ് അസിസ്ൻറൻറുമാണ്.

"സാറ് ബലിയിടുന്നില്ലേ?" മാനേജർ മുമ്പൊക്കെ ബലിയിടാൻ പോകുന്ന കാര്യം ഗോപന് അറിയാമായിരുന്നു.

"എവിടെ പോകാൻ! കോവിഡ് നിയന്ത്രണങ്ങൾ ആയതിനാൽ നദിക്കരയിൽ ഒന്നും പോകാൻ കഴിയില്ല." 

"വീട്ടിൽ ഇടാമല്ലോ."

"ഞാൻ ഫ്ലാറ്റിലല്ലേ താമസം? നാലാം നിലയിൽ. കഴിഞ്ഞ തവണ താഴെ കാർപോർച്ചിൽ ആണ് ബലിയിട്ടത്. അത് പിന്നെ പരാതിയായി. അവിടെയൊക്കെ കരി ആയെന്ന്." 

"സാറേ, ഇപ്പം വാവുബലി പാക്കേജൊണ്ട്. നമ്മൾ ഒന്നും അന്വേഷിക്കേണ്ട. അവർ തന്നെ എല്ലാ സാധനങ്ങളും കൊണ്ടുവരും. ബലി കഴിഞ്ഞ് വേസ്റ്റ് ഉൾപ്പെടെ എല്ലാം കൊണ്ടു പോവുകയും ചെയ്യും. അതിൻറെ പണം മാത്രം കൊടുത്താൽ മതി."

"ആണോ?... അതു കൊള്ളാമല്ലോ.ഗോപന് അവരുടെ കോണ്ടാക്ട് നമ്പർ അറിയാമോ?"

"അറിയാം. ഇന്ന് ഉച്ചകഴിഞ്ഞ് ഇവിടെ വരാൻ പറയാം. കാര്യങ്ങൾ സംസാരിച്ച് ഒരു ധാരണയിലെത്താം.എന്താ-" 

"ഓക്കേ.വിളിക്ക്" 

ഗോപൻ വിളിച്ചതനുസരിച്ച് 'പവിത്രൻ പ്രയാഗ' ബാങ്കിൽ എത്തി.

"സാർ, ഞാനാണ് പ്രയാഗ ഏജൻസീസിലെ പവിത്രൻ."

 ഗോപൻ, പവിത്രനേയും കൂട്ടി മാനേജരുടെ മുറിയിൽ കയറി. പവിത്രൻ വാവുബലി പാക്കേജിൻ്റെ വിശദവിവരം പ്രസാദ് പിള്ളയുടെ മുമ്പിൽ അവതരിപ്പിച്ചു.

"ബലിയിടുന്നതിനുള്ള മെറ്റീരിയൽസ് - അതായത് അടുപ്പ്, വിറക്, മണൽ, അടുപ്പ് വയ്ക്കാൻ തടസ്സം ഉള്ള സ്ഥലത്ത് ഇലക്ട്രിക് സ്റ്റൗ, കലം, ചാണകം, വാഴയില, വിളക്ക്, കിണ്ടി, അരി, പുഷ്പം ,കർപ്പൂരം, ചന്ദനത്തിരി, തീപ്പെട്ടി, വിളക്ക് തിരി,എണ്ണ , ദർഭപ്പുല്ല്, ഉടുക്കാനുള്ള താർ, പിന്നെ കർമ്മി, സഹായി, ഇത്രയുമാണ് ഓർഡിനറി വാവുബലി പായ്ക്ക് ."

"ഞാൻ ഫ്ളാറ്റിലെ നാലാം നിലയിൽ ആണ് താമസം. " - പിള്ള തൻറെ പരിമിതി അറിയിച്ചു. 

"അത് സാരമില്ല. നമുക്ക് ചെറിയൊരു ബാൽക്കണി മതി.അതില്ലെങ്കിലും കുഴപ്പമില്ല. മുറിക്കകത്തും ചെയ്യാം. തെക്ക് ദിശയിൽ ചെയ്യണം എന്നേയുള്ളൂ." 

"ബാൽക്കണിയൊണ്ട് ."

"എന്നാൽ സൗകര്യമായി. "

"എമൗണ്ട് എത്രയാകും?"

"ഞാനീ പറഞ്ഞ ഓർഡിനറി പായ്ക്ക് 5000 രൂപയാണ്."

അത് കൂടുതലല്ലേ എന്ന ഗോപൻ സംശയം പ്രകടിപ്പിച്ചു.

"അല്ല സാർ ,തന്ത്രി ഉൾപ്പെടെ മൂന്നുപേർ ഡ്യൂട്ടിയിൽ ഉണ്ടാകും. പിന്നെ ക്ലീൻ ചെയ്തു വേസ്റ്റ് എല്ലാം ഞങ്ങൾ തന്നെ കൊണ്ടുപോകും. കർമ്മങ്ങൾ ചെയ്യുന്ന ജോലി മാത്രമേ സാറിനുള്ളൂ. ഇത് എല്ലാം ചേർന്ന് 5000 രൂപ കുറവാണ് സാർ, "

പ്രസാദ് തുക സമ്മതിച്ചു.

"സാർ കാക്ക വേണമെങ്കിൽ എക്സ്ട്രാ ആണ്. "

"കാക്കയോ?"

"ങാ -ചില സ്ഥലങ്ങളിൽ പിണ്ഡം കഴിക്കാൻ കാക്ക വരാറില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഞങ്ങൾ കാക്കയെ കൂടി കൊണ്ടുപോകും."

"വേണ്ട. അവിടെ കാക്കയൊക്കെ വരും ."

"എന്നാൽ 1000 അഡ്വാൻസ് പേ- ചെയ്ത് അഡ്രസ്സും തന്നാൽ മതി. മറ്റന്നാൾ രാവിലെ ആറു മണിക്ക് ഞങ്ങൾ അവിടെ എത്തും.സാറ് റെഡിയായി നിന്നാൽ മതി." 

അഡ്വാൻസ് വാങ്ങി രസീത് നൽകുന്നതിനിടയിൽ പവിത്രൻ ചോദിച്ചു :

"തലേന്നാൾ ഒരിക്കലൂണിൻ്റെ പാഴ്സൽ വേണോ സർ? 200രൂപയേ യുള്ളൂ. പാരമ്പര്യ വിധിപ്രകാരം തയ്യാറാക്കിയതാണ് ."

"അതൊന്നും വേണ്ട." 

"ബന്ധുക്കളാരെങ്കിലും വിദേശത്ത് ഉണ്ടെങ്കിൽ അവർക്ക് ഓൺലൈൻ തന്ത്രിയെ ഏർപ്പാടാക്കാം, 1000 രൂപയേ ഉള്ളൂ ."

ആവശ്യമെങ്കിൽ അറിയിക്കാമെന്നു പറഞ്ഞ്ഗോപൻ ഒഴിഞ്ഞു .

 

(Suresan V)

കർക്കിടക വാവ് ദിവസം രാവിലെ 6 മണിക്ക് തന്നെ പവിത്രൻ പ്രയാഗ യും സംഘവും ഫ്ലാറ്റിലെത്തി. ബലിപരിചയമുള്ള സഹായി വളരെവേഗം ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രസാദ് പിള്ള ഈറനോടെ താറുടുത്ത് തയ്യാറായി. 

പിള്ളയുടെ ഭാര്യ പ്രീത, കാഴ്ചക്കാരിയായി നിന്നു. പിള്ളയുടെ പിള്ള, കിച്ചു ഉറക്കമുണർന്ന് കണ്ണും തിരുമ്മി വന്നു. 

"മമ്മീ, എന്താ ഇത്?" 

"വാവുബലി. " 

"അത് - ഇന്നലെ കണ്ട സിനിമയല്ലേ?" 

"സിനിമ -ബാഹുബലി. ഇത് വാവുബലി. മരിച്ചുപോയവർക്ക് ബലിചോറ് കൊടുക്കുന്നതാണ്."

അവൻ പിന്നെയും സംശയം ചോദിക്കാൻ വാ തുറന്നെങ്കിലും മമ്മിയുടെ ആക്ഷൻ കണ്ട് വാ താനെ അടഞ്ഞു .

 
കർമ്മിയുടെ കാർമികത്വത്തിൽ ബലികർമ്മങ്ങൾ പുരോഗമിക്കുകയാണ്. അരി വെന്തുകഴിഞ്ഞപ്പോൾ, ഇലയിൽ തട്ടി ചോറും എള്ളും ചേർത്ത് ഉരുളകളാക്കി. ഓരോന്നിനും അതിൻ്റേതായ മന്ത്രം ചൊല്ലിയ ശേഷം നമസ്കരിച്ചു .

ബലിതർപ്പണം അവസാനഘട്ടത്തിലേക്ക് കടന്നു. ബാൽക്കണിയുടെ തെക്കേ മൂല , കിണ്ടിയിലെ വെള്ളം തളിച്ച് ശുദ്ധമാക്കി. പിണ്ഡവും പൂവുമെല്ലാം ഇലയോടെ എടുത്ത് ആ മൂലയിൽ തെക്കോട്ടു തിരിച്ചു വച്ചു. പിണ്ഡത്തെ ഒന്നു കൂടി നമസ്കരിച്ച ശേഷം എഴുന്നേറ്റ് പുറത്തേയ്ക്കു നോക്കി കൈകൊട്ടി കാക്കയെ വിളിച്ചു.  

എല്ലാവരും ആകാംക്ഷയോടെ പുറത്തേക്കു നോക്കി.  അതാ - കാറ്റാടി മരത്തിൻറെ മുകളിൽ ഒരു കാക്ക ഇരിക്കുന്നു. 

"നമ്മൾ അകത്തു കയറുമ്പോൾ  അത് വന്നോളും." കാക്കയിൽ മുൻപരിചയമുള്ള പവിത്രൻ പറഞ്ഞു. 

സഹായി, തറ വൃത്തിയാക്കി വേസ്റ്റ് എല്ലാം കവറിലാക്കി. 

പവിത്രൻ പറഞ്ഞതുപോലെ ആ കാക്ക പറന്ന്ബാൽക്കണിയുടെ കൈവരിയിൽ വന്നിരുന്നു.  കിച്ചു ആണ് അത് ആദ്യം കണ്ടത്. 

"മമ്മീ ,അതാ - ഒരു ക്രോ വന്നിരുന്നു ചോറ് തിന്നണ്."

"അത് ക്രോയല്ല. ഡാഡിയുടെ ഡാഡിയാണ്."- പ്രീത, അവൻ മാത്രം കേൾക്കാനായി പറഞ്ഞുകൊടുത്തു.

"ഡാഡീടെ ഡാഡിയാ?"

"ങാ -ആത്മാവ്."

അത്  എന്താണെന്ന് അവനു മനസ്സിലായില്ല .

അപ്പോൾ രണ്ടാമതൊരു കാക്ക കൂടി ബാൽക്കണിയിൽ എത്തി. അതുകണ്ട് കിച്ചു സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: "അതാ - ഡാഡീടെ വേറൊരു ഡാഡി" 

അതുകേട്ട് സഹായി പൊട്ടിച്ചിരിച്ചുപോയി. ആ ചിരി പ്രസാദ് പിള്ളയ്ക്ക് ഇഷ്ടമായില്ല എന്ന് കണ്ട് പവിത്രൻ, പ്രസാദിനെ ഒന്ന് സന്തോഷിപ്പിക്കാനായി പറഞ്ഞു :

''ബലി അർപ്പിക്കുമ്പോൾ പിതൃക്കൾ എല്ലാവരും വന്ന് ഭക്ഷിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്. സാറിന് ആ അനുഗ്രഹം ലഭിച്ചിരിക്കുന്നു .അതാണ് ഈ കാണുന്നത് ."

ആ പുകഴ്ത്തലിൽ വീണുപോയ പ്രസാദ് പിള്ള അടുത്ത വർഷത്തേക്കുള്ള  വാവുബലി പാക്കേജ് ഇപ്പോഴേ ബുക്ക് ചെയ്ത ശേഷമാണ് അവരെ യാത്രയാക്കിയത്.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ