(V. SURESAN)
ആത്മാവ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു. ആത്മാക്കൾക്ക് വർഷത്തിലൊരിക്കൽ ഭൂമിയിൽ ഒരു ഹ്രസ്വകാല സന്ദർശനം നടത്തി തിരികെ എത്താനുള്ള അനുമതി വേണമെന്ന ആവശ്യം സ്വർഗ്ഗത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ആ ആവശ്യം ഇപ്പോഴും പൂർണമായും അംഗീകരിച്ചിട്ടില്ല.
പകരം ആവശ്യക്കാരായ ആത്മാക്കൾ അപേക്ഷ സമർപ്പിക്കുകയും അവയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആത്മാക്കൾക്ക് താൽക്കാലികമായി ഭൂമിയിൽ പോയിവരാനുള്ള അനുമതി ലഭിക്കുകയുമാണ് ചെയ്യുന്നത്. അതിൻ പ്രകാരമാണ് വയലാർ കൃഷ്ണപിള്ളയുടെ ആത്മാവും അപേക്ഷ സമർപ്പിച്ചിരുന്നത്. പരലോകത്ത് എത്തിയിട്ട് 20 വർഷത്തോളം ആയെന്നും ഇതുവരെ തിരികെ ഭൂമി സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു .
കൃഷ്ണപിള്ളയുടെ അപേക്ഷ സ്വർഗ്ഗാധിപൻ അനുഭാവപൂർവ്വം പരിഗണിക്കുകയും അദ്ദേഹത്തിൻറെ അടുത്ത ചരമവാർഷികദിനത്തിൽ ഭൂമിയിൽ സന്ദർശനം നടത്താനുള്ള അനുമതി നൽകുകയും ചെയ്തു.
ആത്മാവ് തൻറെ നാടും വീടും വീണ്ടും ദർശിച്ച് ആഹ്ലാദത്തോടെ തൻറെ സംസ്ഥാനമാകെ പറന്നുനടന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയിട്ടുള്ള വയലാർ കൃഷ്ണപിള്ളയെ ഈ ചരമവാർഷികദിനത്തിൽ ജനങ്ങൾ സ്മരിക്കുന്നുണ്ടോ എന്നാണ് ആത്മാവ് പ്രത്യേകം ശ്രദ്ധിച്ചത്.അദ്ദേഹത്തെ നിരാശനാക്കാതെ - അനുസ്മരണത്തിൻ്റെ രണ്ടു ബോർഡുകൾ ശ്രദ്ധയിൽ പെടുകയും ചെയ്തു .എന്നിരുന്നാലും ആത്മാവിനെ പ്രത്യേകം ആകർഷിച്ചത് തൻറെ ഫോട്ടോ വലുതായി പതിപ്പിച്ച ഒരു ഫ്ലക്സ് ബോർഡാണ്.
"വയലാർ കൃഷ്ണപിള്ള പുരസ്കാര സമർപ്പണം."
അതു വായിച്ച് തൻറെ പേരിൽ എഴുത്തുകാർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിൽ ആത്മാവ് അഭിമാനംകൊണ്ടു. അപ്പോഴാണ് ആ ബോർഡ് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടത്. തുടർന്നുള്ള നിരീക്ഷണത്തിൽനിന്ന് അത് ഒരു പ്രസാധന സ്ഥാപനമാണെന്നും അതിനു പിന്നിൽ തന്നെയാണ് സ്ഥാപന ഉടമയുടെ താമസം എന്നും മനസ്സിലായി .
ഭാര്യാ ഭർത്താക്കന്മാർ തമ്മിലാണ് സംസാരം.
" ജോണീ ,ഇപ്പോൾ അവാർഡ് എന്ന് പറഞ്ഞ് പതിനായിരം രൂപ കളയേണ്ട കാര്യമുണ്ടായിരുന്നോ?കൊറോണ വന്ന് കടം കേറി നിൽക്കണ സമയമല്ലേ?"
" മേഴ്സീ, നീ കാര്യമറിയാതെ സംസാരിക്കരുത്." പിന്നെ അയാൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു: " ഈ അവാർഡ്, ചെലവല്ല .വരവാണ്. "
"അതെങ്ങനെ?"
"വയലാർ കൃഷ്ണപിള്ള പുരസ്കാരത്തിനായി കഥകൾ ക്ഷണിക്കുന്നതായി പരസ്യം കൊടുക്കും. മലയാളത്തിൽ കഥകൾ ക്കാണോ പഞ്ഞം! അഞ്ഞൂറിൽ കുറയാതെ കഥകൾ കിട്ടും. ആ കഥാകൃത്തുക്കളെ ഫോണിൽ വിളിച്ച് പുരസ്കാരത്തിൻ്റെ വിശദവിവരം പറയുന്നു."
" എന്തോന്ന് വിശദവിവരം?"
അതറിയാൻ ആത്മാവിനും താല്പര്യമായി .
"പുരസ്കാരം, പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ശില്പവുമാണ്. കൂടാതെ നാലുപേർക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിക്കും. അവർക്ക് ക്യാഷ് ഒഴികെയുള്ളവയാണ് നൽകുന്നത്. പിന്നെ തെരഞ്ഞെടുക്കപ്പെടുന്ന 50 കഥകൾ ചേർത്ത് 'വയലാർ പുരസ്കാര മുത്തുകൾ ' എന്ന പേരിൽ ഒരു സമാഹാരം പ്രസിദ്ധീകരിക്കും. അത് കഥാകൃത്തുക്കളുടെ പങ്കാളിത്തത്തോടെയാണ് ചെയ്യുന്നത്. ഓരോരുത്തർ പുസ്തകത്തിൻറെ 25 കോപ്പി വാങ്ങി സഹകരിക്കണം എന്ന് അവരോട് അഭ്യർത്ഥിക്കും."
"കോപ്പി വാങ്ങാൻ അവർ സന്നദ്ധരല്ല എന്ന് അറിയിച്ചാലോ?"
"അങ്ങനെയുള്ളവരെ നമ്മൾ അവരറിയാതെതന്നെ മത്സരത്തിൽ നിന്നും കഥാസമാഹാരത്തിൽ നിന്നും ഒഴിവാക്കും. .അഞ്ഞൂറുപേരിൽ നിന്നു നമ്മളുമായി സാമ്പത്തികമായി സഹകരിക്കുന്ന 50 പേരെ കണ്ടെത്താൻ വലിയ പ്രയാസമൊന്നുമില്ല."
" എന്നാലും ഒടുവിൽ ചെലവ് നീക്കി എന്ത് കിട്ടുമെന്നാ?"
"ഒരു പുസ്തകത്തിന് 200 രൂപ വിലയിൽ 50 പേർ 25 കോപ്പി വീതം എടുത്താൽ രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപയായി. .ചെലവ് അമ്പതിനായിരത്തിൽ നിർത്താൻ പറ്റിയാൽ രണ്ടു ലക്ഷം കയ്യിൽ ഇരിക്കും."
" അങ്ങനെയാണെങ്കിൽ ഈ ഏർപ്പാട് കൊള്ളാം. നടക്കട്ടെ.. പിന്നെ, കൃഷ്ണപിള്ളയുടെ ചരമദിനം ഇന്നല്ലേ? പുരസ്കാര സമർപ്പണം നാളെയാക്കിയതെന്ത്?"
"പുരസ്കാരം കൊടുക്കുന്ന മന്ത്രിക്ക് നാളെയേ സൗകര്യമുള്ളൂ. ഇക്കാര്യത്തിലൊക്കെ വയലാറിനെ ക്കാൾ പ്രാധാന്യം മന്ത്രിക്കുതന്നെയാണ്."
ആത്മാവിന് നേരത്തെ തോന്നിയ സംശയം ഇപ്പോഴാണ് മാറിയത്...ഈ വരവിൻ്റെ ഉദ്ദേശം നാടിനെയും നാട്ടുകാരെയും കാണുക എന്നതുമാത്രമായിരുന്നുവെങ്കിലും നാളെ തിരിച്ചു പോകുന്നതിനു മുമ്പ് മറ്റു ചില കാര്യങ്ങൾ കൂടി തനിക്ക് ചെയ്യാനുണ്ടെന്ന് ആത്മാവ് ഉറപ്പിച്ചു.
അടുത്ത ദിവസത്തെ സായാഹ്നം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും ലംഘിച്ചുമൊക്കെ പുരസ്കാര സമർപ്പണ ചടങ്ങ് നടക്കുകയാണ്. ആത്മാവ് നേരത്തെ തന്നെ ഹാളിൽ കടന്നിരുന്നു. മന്ത്രിയുടെ പുരസ്കാര സമർപ്പണവും 'വയലാർ പുരസ്കാര മുത്തുകൾ ' എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനവും പ്രൗഢഗംഭീരമായി ത്തന്നെ നടന്നു.
പ്രസാധകൻ ജോണിയുടെ പ്രസംഗം ആത്മാവ് പ്രത്യേകം ശ്രദ്ധിച്ചു: ''പുരസ്കാരജേതാക്കളെ അഭിനന്ദിക്കുന്നതോടൊപ്പം ഈ ചടങ്ങ് ഗംഭീര വിജയമാക്കിത്തീർത്ത നിങ്ങളോരോരുത്തരോടും നന്ദി പറയാനും ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. ഒപ്പം എൻ്റെ ഒരു തീരുമാനം നിങ്ങളെ അറിയിക്കുകയാണ്."
ആ തീരുമാനം എന്താണെന്ന് അറിയാൻ എല്ലാവരും കാതുകൂർപ്പിച്ചു. അപ്പോൾ ജോണിയുടെ ഉള്ളിൽ തലേന്ന് പാതിരാത്രിയിൽ കേട്ട വാചകങ്ങളുടെ മുഴക്കമായിരുന്നു.
"ഞാൻ വയലാർ കൃഷ്ണപിള്ളയുടെ ആത്മാവാണ്. എൻറെ പേരിൽ പാവം എഴുത്തുകാരെ പറ്റിച്ച് പണമുണ്ടാക്കുന്ന ഏർപ്പാട് ഇതോടെ അവസാനിപ്പിച്ചേക്കണം."
കേട്ടത് സ്വപ്നമാണോ സത്യമാണോ എന്ന് ജോണിക്ക് തിരിച്ചറിയാനായില്ല. പക്ഷേ അവസാന വാചകം ജോണിയെ ഭയപ്പെടുത്തിക്കളഞ്ഞു .
"അല്ലെങ്കിൽ ഒരു സാഹിത്യകാരൻ്റെ ആത്മാവ് പ്രതികാരം ചെയ്യുന്നത് എങ്ങനെയെന്ന് നീ അനുഭവിച്ചറിയും."
ആ ഭീഷണിയാണ് ജോണിയെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. അയാൾ ആ തീരുമാനം സദസ്സിനെ അറിയിച്ചു:
"കഴിഞ്ഞ രണ്ടു വർഷമായി ശ്രീമാൻ വയലാർ കൃഷ്ണപിള്ളയുടെ പേരിൽ പുരസ്കാരം നൽകി വരികയാണ്. എന്നാൽ അടുത്ത വർഷം ഈ ഒരു പുരസ്കാരം ഉണ്ടാവുകയില്ല എന്നു ഞാൻ അറിയിക്കുകയാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കാനുണ്ടായ സാഹചര്യവും ഞാൻ നിങ്ങളിൽ നിന്നു മറച്ചു വയ്ക്കുന്നില്ല."
തലേ രാത്രിയിൽ അയാൾക്കുണ്ടായ അനുഭവം അവിടെ പറയുമെന്ന് കരുതിയ ആത്മാവിന് തെറ്റി.
"മൺമറഞ്ഞ സാഹിത്യകാരന്മാരിൽ ഒരാളിനെമാത്രം എല്ലാവർഷവും ആദരിക്കുന്നത് പൊതു നീതിക്ക് നിരക്കുന്നതല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. അതിനാൽ അടുത്ത വർഷം ശ്രീ പാറപ്പുറം വർക്കിയുടെ പേരിലാവും പുരസ്കാരം നൽകുക എന്ന പുരോഗമനപരമായ തീരുമാനം ഞാൻ നിങ്ങളെ അറിയിക്കുകയാണ്."
ഇയാൾ നന്നാവുന്ന ലക്ഷണം ഇല്ലല്ലോ എന്നാണ് ആത്മാവിനു തോന്നിയത്. തിരിച്ചുപോകാനുള്ള സമയമാകുന്നു... ബാക്കി അടുത്ത വരവിൽ നോക്കാം. തൻറെ ആദ്യ വരവ് വെറുതെയായില്ല എന്ന ചാരിതാർത്ഥ്യത്തോടെ ആത്മാവ് സ്വർഗ്ഗത്തിലേക്കു മടങ്ങി.