mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(V. SURESAN)

ആട്, മാഞ്ചിയം, തേക്ക്... മൂങ്ങ, മാണിക്യം, മണി ചെയിൻ ... തുടങ്ങിയ തട്ടിപ്പുകൾക്ക് ശേഷം നാം - മല്ലൂസ് ദ ഗ്രേറ്റ് - അടുത്ത തട്ടിപ്പുവീരനെ കാത്തിരിക്കുകയായിരുന്നു. 

"പുതിയ തട്ടിപ്പ് വീരന്മാരേ, കടന്നുവരൂ. ആരെങ്കിലും നമ്മളെ ഒന്നു തട്ടിക്കൂ.പ്ലീസ്- " 

അപ്പോഴാണ് ഈ പുതിയ അവതാരത്തിൻറെ വരവ്. സിനിമയിലെ സൂപ്പർ സ്റ്റാറിനെ വെല്ലുന്ന എൻട്രി. വമ്പൻ കാറുകളുടെയും ബ്ലാക്ക് ക്യാറ്റ്സ് കമാൻ്റോസിൻ്റേയും അകമ്പടിയോടെ സ്ലോമോഷനിൽ.. ഹോ - നമ്മൾ കോരിത്തരിച്ചു പോയി. ആർക്കാണ് ഒരു ചെയ്ഞ്ച് ഇഷ്ടമാകാത്തത്? അത് ആൻറി ഹീറോ ആണെങ്കിലും തട്ടിപ്പ് വീരൻ ആണെങ്കിലും നമ്മൾ മല്ലൂസ് അറിയാതെ കൈയ്യടിച്ചു പോകും. ആ വരവിൽ കണ്ടത് എല്ലാം ഡിഫറെൻറും  ലിമിറ്റഡ് എഡിഷനും ആയിരുന്നു. ആ പേര് തന്നെ നോക്കൂ - മാംഗോസ് മാവിങ്കൽ .ഡിഫറെൻറും ലോജിക്കലി കറക്റ്റും ആയ പേരല്ലേ ?പണ്ടത്തെ പേര് കുട്ടാപ്പി എന്നോ ലുട്ടാപ്പി എന്നോ മറ്റോ ആണെന്ന് പറയുന്നു. അതെന്തോ ആകട്ടെ. പാസ്റ്റ് അല്ല, പ്രസൻ്റ് അല്ലേ നോക്കേണ്ടത് ?

തട്ടിക്കാൻ തെരഞ്ഞെടുത്ത സാധനങ്ങളും വെറൈറ്റി തന്നെ. ആക്രിസാധനങ്ങൾ പെയിൻറ് അടിച്ചും അടിക്കാതെയും പുരാവസ്തുവാക്കി കോടികൾ വിലയിട്ടു. വെറും പത്താം ക്ലാസ് വരെ പഠിച്ച ഇയാൾ സ്വയം ഡോക്ടറായി, ആക്രി പോലെയിരുന്ന പലരുടെയും മുഖം തേച്ചുമിനുക്കി സിനിമാ താരങ്ങളെപ്പോലെ ആക്കുകയും ചെയ്തു .

ഈ മാംഗോസ് മാവിങ്കലിന് മാവിങ്കൽ മാത്രമല്ല പ്ലാവിങ്കലും പുളിയിങ്കലും അതിനു മോളിലും ഒക്കെ നല്ല പിടിപാടാണ്.

100 വർഷം പഴക്കമുള്ള വസ്തുക്കളും 75 വർഷം പഴക്കമുള്ള രേഖകളും പുരാവസ്തു ആയി കണക്കാക്കാം എന്നാണ് നിയമം. 

അതായത് 75 വയസ്സ് കഴിഞ്ഞവർ മാംഗോസിൻറെ വീട്ടിൽ പോകുന്നത് സൂക്ഷിച്ചുവേണം എന്നർത്ഥം .ചിലപ്പോൾ അവിടെയുള്ള ടിപ്പുവിൻറെ സിംഹാസനത്തിൽ നമ്മളെ പിടിച്ചിരുത്തിട്ട് രണ്ട് പുരാവസ്തുവിനും ചേർത്ത് കോടികൾ വിലപറഞ്ഞു കൂടെന്നില്ല. നമ്മുടെ വില കേട്ട് നമുക്ക് തന്നെ ബോധക്ഷയം വന്നേക്കാം. 

ഒരു സാധനം പുരാവസ്തു ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് .പക്ഷേ മാംഗോസ് അതുക്കും മേലെയാണ്. വേണമെങ്കിൽ അദ്ദേഹം  ആർക്കിയോളജിക്കൽ സർവ്വേ ഓഫ് സൗദി അറേബ്യയോ ആർക്കിയോളജിക്കൽ സർവേ ഓഫ് തുർക്കിയോ ഒക്കെ നൽകിയ സർട്ടിഫിക്കറ്റ് കാണിക്കും. ഇവിടത്തെ സർട്ടിഫിക്കറ്റിൽ പുള്ളിക്ക് വലിയ വിശ്വാസം ഒന്നുമില്ല.

 പുരാവസ്തുക്കൾ പുരാവസ്തു വകുപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലേ? എന്ന് ചോദിച്ചാൽ - പുരാവസ്തുവകുപ്പ് എന്ന പേരിൽ തന്നെ ഒരു പുരാവസ്തു ഇല്ലേ? എവിടെ രജിസ്റ്റർ ചെയ്തിട്ടാണ് അവര് അതും കൊണ്ടുനടക്കുന്നത്? എന്നാണ് അദ്ദേഹത്തിൻറെ മറുചോദ്യം. മാത്രമല്ല തനിക്ക് സ്വന്തമായിത്തന്നെ ഒരു പുരാവസ്തുവകുപ്പ് ഉണ്ടെന്നാണ് അദ്ദേഹത്തിൻറെ അവകാശവാദം.

 പുരാവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചാൽ മൂന്നു വർഷം വരെ തടവും പിഴയും കിട്ടും എന്നും അറിയുന്നു. മാംഗോസിന് ഇടയ്ക്ക് തടവും പിഴയും കിട്ടാറുണ്ടായിരുന്നോ എന്ന് അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്. കാരണം ശരീര സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഡോക്ടറായ അദ്ദേഹത്തിന് തടവും പിഴിച്ചിലും കിഴിയും  പോലുള്ള ചികിത്സകളും വശം കാണുമല്ലോ.

ഇനി അദ്ദേഹത്തിൻറെ പുരാവസ്തു ശേഖരത്തിലേക്ക് കണ്ണോടിക്കാം. അത് ഒരു അത്ഭുത ലോകം തന്നെയാണ്. 

കൃഷ്ണൻ വെണ്ണ കട്ടു തിന്നിട്ടുണ്ട് എന്ന് നമുക്ക് പണ്ടേ അറിയാവുന്നതാണ്. എന്നാൽ വെണ്ണ വെച്ച കാലം തന്നെ അടിച്ചുമാറ്റുന്നവർ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. യശോദാമ്മ കലത്തിൽ പൂട്ട് ഒക്കെ ഇട്ട് വളരെ സുരക്ഷിതമായി വച്ചിരുന്നതാണ്. പക്ഷേ ഇപ്പോൾ അവിടെ താക്കോൽ മാത്രമേയുള്ളൂ. ആ വെണ്ണക്കലം മാംഗോസിൻ്റെ വീട്ടിലാണ് ഇരിക്കുന്നത്.

ഇനി ടിപ്പുവിൻ്റെ സിംഹാസനത്തിൻ്റെ കാര്യം ആണെങ്കിൽ അതിൽ ടിപ്പുവിനു മാത്രം ഇതുവരെ ഇരിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. 

മൈസൂരിൽ സുൽത്താനായിരുന്ന ടിപ്പുവിൻ്റെ കാര്യമാണെങ്കിൽ, അദ്ദേഹത്തിൻറെ സിംഹാസനം ഒരു കടുവയുടെ രൂപത്തിനു പുറത്തായി എട്ടു കോണുകൾ ഉള്ള, സ്വർണ്ണം പൊതിഞ്ഞ ഒരു പ്രത്യേകതരം സിംഹാസനം ആയിരുന്നു. ടിപ്പുസുൽത്താൻറെ മരണശേഷം ബ്രിട്ടീഷുകാർ ആ സിംഹാസനം പൊളിച്ച്  ബ്രിട്ടീഷ് പട്ടാളക്കാർ തന്നെ അതിനെ പങ്കിട്ടെടുത്തുകൊണ്ടുപോയി എന്നാണ് ചരിത്രം പറയുന്നത്. 

ശ്രീ മാംഗോസ് മാവിങ്കൽ ആ ബ്രിട്ടീഷ് പട്ടാളക്കാരെ ഒക്കെ കണ്ടുപിടിച്ച് സിംഹാസനത്തിൻ്റെ ഭാഗങ്ങൾ തിരികെ വാങ്ങിയതാവും. എന്തായാലും കിട്ടിയ ഭാഗങ്ങൾ വച്ച് വീണ്ടും പണിതപ്പോൾ എട്ടു കോണിനു പകരം നാലു കോണേ കിട്ടിയുള്ളൂ. പോട്ടെ - സാരമില്ല. ആശാൻ കൊല്ലത്തെ ഒരു ആശാരിയെക്കൊണ്ട് ഇത്രയൊക്കെ ഒപ്പിച്ചെടുത്തില്ലേ! 

മാത്രമല്ല അതോടൊപ്പം ടിപ്പുവിൻ്റെ വാളും ടിപ്പു വാളു വച്ച സ്ഥലത്തെ മണ്ണും അദ്ദേഹം ഇവിടേക്ക് കൊണ്ടുവന്നു. വാള് വെക്കുന്ന സ്ഥലത്തെ മണ്ണിനൊക്കെ ഇപ്പോൾ നല്ല വിലയാണ് എന്നാണ് പറയുന്നത്. 

ഇനി ഇതിനൊക്കെ രേഖ കാണിക്കാൻ പറഞ്ഞാൽ അതിനും മറുപടിയുണ്ട്. ടിപ്പു എന്ന പേര് സുൽത്താനു മാത്രമല്ലല്ലോ, മറ്റുപലർക്കും ഇല്ലേ? ചിലർ പട്ടിക്കു വരെ ടിപ്പു എന്ന പേര് ഇടാറുണ്ടല്ലോ. അതിൽ ഏതോ ഒരു ടിപ്പുവിൻറെ കാര്യമാണ് എന്നു പറഞ്ഞ് തടി തപ്പുകയും ചെയ്യാം.

    അവിടെ ഒരു പ്രത്യേകതരം വിളക്കുണ്ട്. റസൂൽ ചവിട്ടിയ മണ്ണ് കുഴച്ചുണ്ടാക്കിയ വിളക്കാണ് എന്നാണ് അവകാശവാദം. അതിൻറെ പ്രത്യേകത അതിൽ എത്ര എണ്ണ ഒഴിച്ചാലും എണ്ണ തിരികെ എടുക്കാൻ കഴിയില്ല.തലകീഴായി പിടിച്ച് കുലുക്കിയാലും ഒരു തുള്ളി പോലും പുറത്തേക്ക് വരില്ല .അത് നമ്മുടെ മാംഗോസിൻ്റെ കാര്യവും അതുപോലെതന്നെ. എത്ര പണം അങ്ങോട്ട് കൊടുത്താലും ഒന്നും തിരിച്ചെടുക്കാൻ കഴിയില്ല എന്നാണ് കടം കൊടുത്തവർ പറയുന്നത്. തല കീഴായി പിടിച്ചാലും രക്ഷയില്ല എന്ന അവസ്ഥയാണ്.  

      അദ്ദേഹത്തിൻറെ പക്കൽ ആനക്കൊമ്പുകൾ പലയിനം ഉണ്ട്. കൊമ്പനാനയുടെ മുതൽ കുഴിയാനയുടെ വരെ. തടിയിൽ ഉള്ളത്, മണ്ണിൽ ഉള്ളത്, എല്ലിൽ ഉള്ളത്, ഇരുമ്പിൽ ഉള്ളത്. പക്ഷേ ഇതിൽ ഏതായാലും പുള്ളിയുടെ കയ്യിൽ എത്തിയാൽ അത് ഒറിജിനൽ ആവുകയും കോടികൾ വിലമതിക്കുകയും ചെയ്യും. ആന നേരിട്ട് അവിടെ കൊണ്ട് കൊടുത്തതാണ് എന്നു വരെ പറഞ്ഞു കളയും. 

വെറും തെങ്ങോലയും പനയോലയും മാത്രം കണ്ടിട്ടുള്ള നമ്മുടെ മുമ്പിൽ അയാൾ ചെമ്പോലയും വെള്ളിയോലയും ഒക്കെ പ്രദർശിപ്പിക്കുന്നു. വെറും ഓലയല്ല, അതിലൊക്കെ പലതും എഴുതിയിട്ടുമുണ്ട്. അത് വായിക്കാൻ നമുക്കും അയാൾക്കും അറിയാത്തതുകൊണ്ട് ഇതുവരെ വലിയ തർക്കം ഒന്നും ഉണ്ടായില്ല. 

പഴയ തറവാടുകളിൽ പൊടിയടിച്ചിരിക്കുന്ന  പനയോലയിലെ ജാതകങ്ങൾ ചെറിയ വിലയ്ക്കു വാങ്ങി അതിനെ ചരിത്ര പുരുഷന്മാരുടെ തിരുവെഴുത്ത് ആക്കുന്ന അത്ഭുത വിദ്യയും അദ്ദേഹത്തിന് അറിയാമത്രേ. 

വ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതി എഴുതിയ മഹാഭാരതത്തിൻ്റെ കയ്യെഴുത്തുപ്രതി അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ട്. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ  വ്യാസൻ്റെ കൈയൊപ്പും ഗണപതിയുടെ തുമ്പിക്കൈ തട്ടിയ അടയാളവും വരെ കാണിച്ചുകൊടുക്കും. വിശ്വസിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം! ഇന്ന് പുറത്തിറങ്ങുന്ന മഹാഭാരതത്തിന് ഒറിജിനലുമായി എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നറിയാൻ ഇത് പരിശോധിച്ചാൽ മതി. എന്തിനേറെ, പണ്ടത്തെ താളിയോലകൾ മാത്രമല്ല അവർ കുളിക്കാൻ ഉപയോഗിച്ച താളിയും അദ്ദേഹം നമുക്ക് കാട്ടിത്തരും. 

നാരായങ്ങൾ പലതുണ്ട് കയ്യിൽ. ഗണപതിയുടെയും എഴുത്തച്ഛൻ്റേയും നാരായങ്ങളാണ് അവയിൽ പ്രധാനം. ചെറുശ്ശേരിയുടെയും പൂന്താനത്തിൻ്റെയും ഒക്കെ രണ്ടുദിവസത്തിനകം എത്തും. പണി നടക്കുന്നതേയുള്ളൂ. 

ക്രിസ്തീയ മത മേലധ്യക്ഷന്മാരുടെ അധികാര ചിഹ്നമാണ് അംശവടി. എന്നാൽ മത മേലധ്യക്ഷൻ അല്ലാത്ത ഒരേ ഒരാളുടെ കയ്യിൽ മാത്രമേ അംശവടിയുള്ളൂ .അത് മാംഗോസിൻറെ കയ്യിലാണ്. അത് ലോക്കൽ അംശവടിയല്ലതാനും. പഴയനിയമത്തിലെ മോശയുടെ അംശവടി കൈവശമുള്ള ലോകത്തിലെതന്നെ ഒരേയൊരാൾ മാംഗോസാണ്.

" മോശയുടെ അംശവടി ഈ ഷേപ്പ് അല്ലല്ലോ." എന്ന് ഒരാൾ സംശയം പ്രകടിപ്പിച്ചു. " പിന്നെ ഏതു ഷേപ്പ് ആണെന്ന് പറഞ്ഞാൽ മതി. ഒരാഴ്ചക്കകത്ത്  നമുക്ക് ശരിയാക്കാം." എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

  ക്രിസ്തുവിൻറെ ശിഷ്യനായിരുന്നു കൊണ്ട് അദ്ദേഹത്തെ 30 വെള്ളിക്കാശിനു വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെ ലോകം കണ്ട വലിയ ചതിയന്മാരിൽ ഒരാളായാണ് നാം കണക്കാക്കുന്നത്. പക്ഷേ ആ വെള്ളിക്കാശിനെതന്നെ അടിച്ചുമാറ്റുന്ന വേന്ദ്രന്മാരും ഉണ്ടെന്നറിഞ്ഞ് യൂദാസ് തന്നെ അന്തം വിട്ടു കാണും .ആ 30 നാണയത്തിൽ രണ്ടെണ്ണം ഇപ്പോൾ മാംഗോസിൻ്റെ പക്കൽ ആണ് ഇരിക്കുന്നത്. ക്രിസ്തുവിനെ ചതിച്ച യൂദാസിനെ വിറ്റാലും പണം കിട്ടുമെന്ന് ഇദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. 

ഇദ്ദേഹത്തിൻറെ കയ്യിൽ പ്രത്യേകതരം വാച്ചുകൾ ഉണ്ട്. ചെറിയ മതഗ്രന്ഥങ്ങൾ അടക്കം ചെയ്ത വാച്ചുകളാണ് അവ. ആ വാച്ച് ധരിച്ചാൽ വാച്ചിലെ സമയം മാത്രമല്ല നമ്മുടെ സമയവും തെളിയും. മാംഗോസിൻ്റെ സമയം തെളിഞ്ഞു വരുന്നത് നാം കണ്ടതല്ലേ!വാച്ചിൽ മാത്രമല്ല മോതിരത്തിലും ലോക്കറ്റിലും കമ്മലിലും മൂക്കുത്തിയിലും ഒക്കെ ചെറിയ മതഗ്രന്ഥങ്ങൾ അടക്കം ചെയ്തിട്ടുണ്ട്. നമ്മൾ ആ ആഭരണങ്ങൾ അണിഞ്ഞാൽ മാത്രം മതി, സർവ്വമത സമ്മേളനത്തിന് തുല്യമായി. 

കാനായിലെ കല്യാണത്തിന് ക്രിസ്തു വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഇദ്ദേഹം തൻറെ വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്. അത് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ - നോക്കിയിട്ടില്ല എന്നാവും മറുപടി.മറ്റൊന്നും വർക്ക് ചെയ്തില്ലെങ്കിലും സാരമില്ല ഇതുമാത്രം ഒന്ന് വർക്കിംഗ് കണ്ടീഷൻ ആക്കി വയ്ക്ക് - എന്നായിരുന്നു ചില സന്ദർശകരുടെ അഭ്യർത്ഥന.

 ചരിത്രാന്വേഷകരെ സഹായിക്കുന്ന ചില തെളിവുകളും ഇദ്ദേഹത്തിൻറെ പക്കലുണ്ട്. അവ ശാസ്ത്രീയമായി പരിശോധിക്കാവുന്നതാണ്. യേശുവിൻറെ രക്തം പുരണ്ട വസ്ത്രം, അന്തോണീസ് പുണ്യാളൻ്റ നഖം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ്, മദർതെരേസയുടെ മുടി, ആദിമനുഷ്യൻ മുതൽ ഇതുവരെയുള്ള തലമുറകളുടെ പട്ടിക, ( ഇത് ഡാർവിൻറെ പരിണാമ സിദ്ധാന്തത്തിന് വെല്ലുവിളി ഉയർത്തിയേക്കാം.) പിക്കാസോ , ഡാവിഞ്ചി തുടങ്ങിയവരുടെ ചിത്രങ്ങൾ, ( ഏത് പിക്കാസോ ? ഏത് ഡാവിഞ്ചി ? എന്ന് ചോദിക്കരുത്.) അങ്ങനെ പലതും. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സീലും ഇവിടെയുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ രേഖകളിൽ സീൽ വയ്ക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇനിയും സീൽ വയ്ക്കാവുന്നതാണ്.

ഇനി പഴയ സാധനങ്ങൾ അല്ലാതെ പുതിയ സാധനങ്ങൾ ഒന്നും അദ്ദേഹത്തിൻറെ പക്കൽ ഇല്ലേ? എന്ന് ചോദിച്ചാൽ അതിനും ഒരു പട്ടിക തന്നെയുണ്ട്. ഇദ്ദേഹത്തിന് ഇപ്പോൾ എട്ട് ഡോക്ടറേറ്റ് ഉണ്ട്. ഇനിയും രണ്ടെണ്ണം വരാനുണ്ട്. പാതിവഴിയിലാണ്.

 അദ്ദേഹം ജനങ്ങൾക്ക് സൗന്ദര്യം വർദ്ധിപ്പിച്ചു കൊടുക്കുന്ന ഒരു ഡോക്ടറാണ്. പല പ്രമുഖരും അവിടെ പോയി മുഖം മിനുക്കുകയും മുഖഛായ മാറ്റുകയും ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്. പിന്നെ, ശ്രദ്ധിക്കേണ്ട കാര്യം - ആവശ്യത്തിന് സൗന്ദര്യമായിക്കഴിയുമ്പോൾ നമ്മൾ തന്നെ മതി -എന്നു പറഞ്ഞില്ലെങ്കിൽ സൗന്ദര്യം വളരെ കൂടിപ്പോകാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ട്രംപിൻറെ അനിയൻ ഇവിടെ വന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ട്രംപ് വരാൻ ഇരുന്നതാണ്. അപ്പോഴാണ് ഇദ്ദേഹത്തിന് അത്യാവശ്യമായി ജയിലിൽ പോകേണ്ടി വന്നത്. അതിനാൽ ട്രംപേ-പിന്നീട് കാണാം എന്നു പറഞ്ഞിരിക്കുകയാണ്. 

 അദ്ദേഹം ധരിക്കുന്ന വസ്ത്രം ഒരു കോടി രൂപയുടേതാണ് .കെട്ടുന്ന വാച്ച് രണ്ടു കോടിയുടേത്.( ഇതാണ് വിലപ്പെട്ട സമയം എന്നൊക്കെ പറയുന്നത്.) പട്ടിയുടെ വില ഒന്നരക്കോടി. പൂച്ചകളുടെ വില എത്രയെന്ന് അറിയില്ല. ബ്ലാക്ക് ക്യാറ്റ്സ് എന്ന് ഓമനപ്പേരിട്ടിരിക്കുന്ന പൂച്ചകൾക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്നും അറിയില്ല .പോലീസിൻറെ ബീറ്റ് ബോക്സ് വീട്ടിൽ ഉള്ള ഒരേ ഒരു മഹാൻ ഇദ്ദേഹമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 

പാസ്പോർട്ട് ഇല്ലാതെ തന്നെ പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ആ പ്രത്യേക കഴിവു മനസ്സിലാക്കിയ ചില പ്രവാസി സംഘടനകൾ ഇദ്ദേഹത്തിന് പാട്രൻ   സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. 

ഭക്ഷണകാര്യത്തിലും അദ്ദേഹത്തിന് പ്രത്യേകം ശ്രദ്ധയാണ്. അരിയാഹാരം കഴിക്കുകയേയില്ല. അതുകൊണ്ടുതന്നെ - അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും -എന്നൊക്കെയുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ ഇദ്ദേഹത്തെ ബാധിക്കുകയില്ല. 

   ഒടുവിൽ മുൻ തട്ടിപ്പു കഥകളുടെ അന്ത്യം തന്നെ ഇതിലും സംഭവിച്ചു. തട്ടിപ്പിനിരയായവർ പരാതി നൽകുകയും പോലീസ്മാംഗോസിനെ ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് മാങ്ങയുടെ പുളിപ്പ് എത്രത്തോളമുണ്ടെന്നും മാങ്ങാണ്ടിക്ക് കൂട്ടുപോയവർ ആരൊക്കെയാണെന്നും തിരിച്ചറിയുയുന്നത്. പിന്നെ, നമ്മൾ - മല്ലൂസ്‌ - മാംഗോസ് തട്ടിപ്പിൻ്റെ വീരകഥകൾ സോഷ്യൽ മീഡിയയിൽ പാടി നടക്കുകയും തട്ടിപ്പിനിരയായവർ  വെറും മണ്ടന്മാരാണെന്ന് വിധിയെഴുതുകയും ചെയ്തു. 

    ഇനി ചെറിയൊരു ഇടവേളയാണ്. അതിനു ശേഷം അടുത്ത തട്ടിപ്പു വേന്ദ്രന് കടന്നുവരാം .ഡിഫറെൻറ് ആയ എന്തെങ്കിലും കൊണ്ടേ വരാവൂ എന്നത് നിർബന്ധമാണ് .നമ്മൾ -മല്ലൂസ് വെറും ഉണ്ണാക്കൻമാർ അല്ലെന്നും ഡിഫറെൻറ് ആയത് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ നമ്മൾക്കുണ്ടെന്നും ഓർത്താൽ വരുന്നവർക്ക് കൊള്ളാം.. ബ്ലഡി തട്ടിപ്പോ- വെട്ടിപ്പോ ഫൂൾസ്.. 

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ