(V. SURESAN)
പട്ടാളം ബാലേണ്ണൻ്റെ കയ്യിൽനിന്നും ഒരു ഹാഫ് ബോട്ടിൽ ബ്രാൻഡി കടം വാങ്ങിയാണ് അന്ന് കുമാരനും പപ്പനും ജലസേചനം ആരംഭിച്ചത്. അത്രയും കൊണ്ട് തന്നെ നാവിനു കുഴച്ചിലും കാലിന് കടച്ചിലും ആരംഭിച്ചുവെങ്കിലും ഓടയിൽ കിടക്കാനുള്ളയത്രയും ലഹരി കിട്ടണമെങ്കിൽ ഒരു ഹാഫ് കൂടിയെങ്കിലും വാങ്ങിയേ തീരൂ. പക്ഷേ ഇനി കടം തരാൻ ആരുമില്ലെന്ന് ഓർത്തപ്പോൾ പപ്പൻറെ കണ്ണുനിറഞ്ഞു.
അതുകണ്ട് കുമാരൻ സമാധാനിപ്പിച്ചു, "നീ വിഷമിക്കാതെ പപ്പാ. ഞാൻ വീട് വരെ പോയി, അവളുടെ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ വാങ്ങീട്ട് വരാം."
"അതുവേണോ?."
"വേണം. നീ വാ..."
പപ്പൻ കൂടെ പോയെങ്കിലും കുമാരൻ്റെ വീട്ടിൽ കയറാനുള്ള ധൈര്യം പോരാ. തന്നെ കണ്ടാൽ ഉടനെ ചേച്ചി മദ്യത്തിൻറെ ദോഷങ്ങളെപ്പറ്റിയുള്ള പ്രസംഗം തുടങ്ങും.
"അണ്ണൻ കയറിയിട്ടു വാ. ഞാൻ ഇവിടെ നിൽക്കാം." പപ്പൻ റോഡിൽ നിന്നതേയുള്ളൂ.
കുമാരൻ്റെ ആടിയാടിയുള്ള വരവ് കണ്ടപ്പോഴേ ഭാര്യ സുനന്ദയ്ക്ക് അരിശം അരിച്ചുകയറി. വീടിനകത്തു കയറിയപാടെ കുമാരൻ പറഞ്ഞു, "എടീ എനിക്ക് ഒരു 1000 രൂപ വേണം."
"ആ റോഡിലിരുന്ന് തെണ്ട്. അപ്പോൾ ആയിരം രൂപ കിട്ടും."
"അത് നീ എന്നെ, തെണ്ടീന്ന് വിളിച്ചതിന് സമം അല്ലേടീ."
"അതെ. തെണ്ടിയെ പിന്നെ തെണ്ടീ ന്നല്ലാതെ എന്തു വിളിക്കണം."
"നിനക്കെന്നെ ഒരു വിലയുമില്ല അല്ലേടീ. ഒരു ഭർത്താവിൻറെ വില ഞാൻ കാണിച്ചു തരാം. ഞാൻ കെട്ടിയ താലിമാല ഇങ്ങ്എടുക്കെടീ. അതെനിക്ക് അവകാശപ്പെട്ടതാണ്."
കുമാരൻ സുനന്ദയുടെ താലി മാലയിൽ കയറിപ്പിടിക്കാനായി മുന്നോട്ടു വന്നു. അവൾ കൈകൊണ്ട് അയാളെ തടഞ്ഞു. കുമാരൻ ബലം പ്രയോഗിച്ചപ്പോൾ സുനന്ദ കൈ നിവർത്തി ഒന്നു കൊടുത്തു. കഴുത്തിൽ അടികൊണ്ട കുമാരൻ അടിതെറ്റി തറയിൽ വീണു. ഭാര്യയോട് ഏറ്റുമുട്ടാൻ ഉള്ള ആരോഗ്യം തനിക്കില്ലെന്ന് അറിയാവുന്ന കുമാരൻ നിലത്തിരുന്നു മോങ്ങാൻ തുടങ്ങി.
റോഡിൽ കാത്തുനിന്നു മടുത്ത പപ്പൻ വിവരമറിയാനായി കുമാരൻ്റെ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ അടിച്ചു. കുമാരൻ്റെ സമീപത്തായി തറയിൽ വീണു കിടന്ന ഫോൺ ശബ്ദിക്കുന്നത് കേട്ട് സുനന്ദ ആ ഫോണെടുത്തു നോക്കി. പപ്പൻ എന്ന പേര് ഫോണിൽ തെളിഞ്ഞു കണ്ടു.
"ഞാൻ വിചാരിച്ചത് പോലെ തന്നെ. ആ തെണ്ടിയും കൂടെയുണ്ട് ."
സുനന്ദ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .
"എടാ പപ്പാ, നിനക്കെന്തു വേണം?"
"ങേ -ചേച്ചിയോ - "
"എടാ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് - "
"എനിക്ക് ഓർമ്മയുണ്ട്ചേച്ചീ. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നല്ലേ?"
"എന്നിട്ട് നീ വെള്ളമടിക്കാൻ ഇങ്ങേരേയും കൊണ്ട് നടക്കണത് എന്തിന്?"
"അത് - ഞാനിപ്പോ കുമാരേട്ടൻ്റെ കൂടെ പോവാറില്ല ചേച്ചീ."
"എങ്കിപ്പിന്നെ നീയിപ്പോ ഇങ്ങോട്ട് വിളിച്ചതെന്തിന്?"
"അത് വിളിച്ചതല്ല. അറിയാതെ എൻറെ കൈതട്ടി വിളി വന്നതാ ."
"ഓ - ഓ- മനസിലായി."
നിലത്ത് ഇരിക്കുന്ന കുമാരൻ്റെ വായിൽ നിന്ന് "അയ്യോ -എൻറെ കഴുത്തേ - " എന്ന വിലാപം ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട് .
ആ വിലാപം ഫോണിലൂടെ ശ്രവിച്ച പപ്പൻ ചോദിച്ചു:
"ചേച്ചീ,എന്താ അവിടെ ഒരു വിളി കേൾക്കുന്നത് ?"
"അത് -നിൻറെ കാര്യം പറഞ്ഞതുപോലെ തന്നെ. അറിയാതെ നിൻറെ കൈതട്ടി വിളി വന്നില്ലേ? ഇത് അറിഞ്ഞു കൊണ്ട് എൻറെ കൈ തട്ടി വിളി വരുന്നതാ- "
അങ്ങേത്തലയ്ക്കൽ രംഗം പന്തിയല്ലെന്ന് പപ്പന് മനസ്സിലായി. മദ്യം ആരോഗ്യത്തിന് ഹാനികരം - എന്നതിൻറെ തിയറി കഴിഞ്ഞ് ചേച്ചി പ്രാക്ടിക്കലിലേക്ക് കടന്നിരിക്കുന്നു. ഇനി ഇവിടെ നിൽക്കുന്നത് തൻറെ ആരോഗ്യത്തിനും അത്ര നന്നല്ല. പപ്പൻ ഫോണിൽ നിന്നും ആ വീടിനു മുമ്പിൽ നിന്നും വേഗം തലയൂരി.