"ജനകിയൻ ഗോപാലന് അഭിവാദ്യങ്ങൾ"
സുലൈമാൻറാവുത്തരുടെ വീടിന്റെ മതിലിൽ തലേന്ന് രാത്രി ഇരുളിലെപ്പോഴോ പതിഞ്ഞ കയ്യെഴുത്തു പോസ്റ്ററിലെ വാചകങ്ങൾ അങ്ങനെ ആയിരുന്നു,
"നിങ്ങൾ അതിലേക്ക് നോക്കി മിഴിച്ചു നിൽക്കാതെ, ആ കടലാസ്സ് അങ്ങ് കീറി കള മനുഷ്യാ."
മതിലിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ നോക്കി ചിന്തയിലാണ്ടു നിന്ന റാവുത്തരെ ഉണർത്തിയത്, വായിലെ മുറുക്കാൻ കൂട്ടിനെ തഴുകിതലോടി കടന്നുവന്ന ബീവി നബീസയുടെ വാക്കുകളാണ്,
"നീയാരാടി ഹമുക്കേ അഭിപ്രായം പറയുവാൻ, കേറി പോടീ അകത്ത് "
"എന്നാൽ നിങ്ങൾ ആ പോസ്റ്ററിനെ കെട്ടിപിടിച്ചു ഗോപാലൻ വരുന്നതും കാത്ത് അവിടെ നിന്നോളിൻ "
ദേഷ്യം മുഴുവൻ വായിലേക്കാവാഹിച്ചു മുറുക്കാൻ പുറത്തേക്ക് ആഞ്ഞു തുപ്പി നബീസബീബി അകത്തേക്ക് കയറിപ്പോയ നേരത്ത് തന്നെയാണ് പത്രക്കാരൻ വറീത് റാവുത്തർക്കുള്ള ചന്ദ്രികയും, മകൻ ഷാനവാസിനുള്ള ദേശാഭിമാനിയുമായി അവിടേക്ക് കടന്നുവന്നത്.
വറീതും സൈക്കിളും മുന്നോട്ടുള്ള യാത്രയിൽ ഓരോ വീടുകളിലും പത്രത്തിനൊപ്പം റാവുത്തറുടെ മതിലിൽ പ്രത്യക്ഷപ്പെട്ട ഉടയോനില്ലാത്ത പോസ്റ്ററിനെ കുറിച്ചുള്ള വാർത്തയും സൗജന്യമായി വിളമ്പി. വടക്കേപറമ്പിൽ വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ പതിവില്ലാതെ സൈക്കിൾ സ്റ്റാൻഡിൽ വെച്ച് താഴെ ഇറങ്ങിയ വറീത് അവിടേക്കുള്ള "മാതൃഭൂമിയും" കയ്യിലെടുത്തു ചാരി ഇട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു. മുറ്റമടിക്കുകയായിരുന്ന വേലക്കാരി യശോദയുടെ വിശാലമായ നിതംബതാളങ്ങളിലേക്ക് ഒരുവേള കണ്ണോടിച്ചു, ഉമ്മറത്തെ കസേരയിലിരിക്കുന്ന പപ്പിനി ടീച്ചറിനരികിലേക്ക് വറീത് നടന്നു,
"ഗോപാലേട്ടൻ എന്തിയെ ടീച്ചറെ"
"പറമ്പിൽ പോയേക്കുവാ "
"ഇന്നലെ ഏറു കൊണ്ട് പുറം കലങ്ങിയിട്ടും, ആശാൻ ഇന്നു വീണ്ടും പോയോ"
"ചുട്ടയിലെ ശീലം ചുടലവരെ, അതിനി ആകാശം ഇടിഞ്ഞു വീണെന്ന് പറഞ്ഞാലും അങ്ങേര് മാറ്റില്ല ,
അതിരിക്കട്ടെ നീ ഈ കൊച്ചുവർത്തമാനം പറഞ്ഞു സമയം കളയാതെ പത്രങ്ങൾ യഥാസ്ഥാനങ്ങളിൽ എത്തിക്കാൻ നോക്ക് വറീതേ. "
വറീതിന്റെ കണ്ണുകൾ വീണ്ടും യശോദയുടെ ശരീരവടിവിലേക്ക് യാത്രതിരിക്കുന്നത് കണ്ടതോടെ പപ്പിനി ടീച്ചർ പത്രം വാങ്ങി വറീതിനെ മടക്കിയയച്ചു.
ഗേറ്റിന്റെ പുറത്തെത്തി സൈക്കിളിലേക്ക് കയറുമ്പോഴാണ് റോഡിന്റെ എതിർവശത്തുള്ള പറമ്പിൽ നിന്നും നടന്നുവരുന്ന ഗോപാലനെ വറീത് കണ്ടത്. റാവുത്തറുടെ മതിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെ സംബന്ധിച്ച് ഗോപാലനെ അറിയിച്ചു തന്റെ ലക്ഷ്യം നിറവേറ്റിയ സംതൃപ്തിയോടെ വറീത് മുന്നോട്ടു നീങ്ങി.
ആലിൻചുവട്ടിലെ പരമേശ്വരന്റെ ചായക്കടയിലേക്കും ആ വാർത്തയുടെ കെട്ടുപൊട്ടിച്ചത് വറീത് തന്നെയായിരുന്നു.
"ആരാണാവോ ഇങ്ങനെ ഒരു പോസ്റ്ററിന് പിന്നിൽ "
പുറത്തേക്ക് ഒഴുകുന്ന ബീഡിപുകക്കും, ചുമക്കും ഒപ്പം ശങ്കരൻമൂപ്പർ തന്റെ ആശങ്ക പങ്കുവെച്ചു.
"ഇത് ഗോപാലനോടുള്ള ഇഷ്ട്ടം കാരണം ആരേലും പതിച്ചതാണെന്ന് തോന്നുന്നില്ല, ഗോപാലനെ ഇഷ്ട്ടമുള്ളവർ ആരുണ്ട് ഈ നാട്ടിൽ, കയ്യിലിരിപ്പ് അത്തരമല്ലേ, പറമ്പിൽ തൂറാൻഇരുന്നപ്പോൾ ആരോ കല്ലെറിഞ്ഞെന്നു പറഞ്ഞു, കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ പോയിട്ട് എന്തായോ എന്തോ?"
വറീതിനും, അയിലക്കാട്ടെ ആനന്ദനും ചായ നല്കുന്നതിനിടയിലാണ് പരമേശ്വരൻ, തലേന്ന് ഗോപാലൻ കേസ് കൊടുക്കാൻ പോയതിന്റെ തുടർനടപടികൾ ഒന്നുമറിയാത്തതിലെ ആകുലത ചായകുടി സംഘത്തിന് മുമ്പാകെ പങ്കുവെച്ചത്.
"അതെന്താകാനാണ്, പറമ്പിൽ തൂറാൻ പോയപ്പോൾ ഏതേലും പിള്ളേര് കല്ലെറിഞ്ഞു എന്നും പറഞ്ഞു പരാതിയുമായി ചെന്നാൽ,പറമ്പിൽതൂറി പരിസരമലിനീകരണമുണ്ടാക്കിയതിന് കേസെടുത്തു പോലീസ് ഗോപാലനെ അകത്താക്കുമെന്ന് മെമ്പർ സൂചിപ്പിച്ചതോടെ, സ്റ്റേഷന്റെ വാതിൽക്കല് വരെ പോയ ഗോപാലൻ എഴുതിയ പരാതി ചുരുട്ടി കളഞ്ഞിട്ട് മടങ്ങി അല്ലാതെന്ത്."
ആനന്ദൻ തലേന്ന് നടന്ന സംഭവത്തിന്റെ പരിസമാപ്‌തി വിശദീകരിച്ചു,
"ഏറു കൊണ്ടാലെന്താ ഗോപാലേട്ടൻ ഇന്നും രാവിലേ പറമ്പിൽ പോയിട്ട് വരുന്നത് ഞാൻ കണ്ടതാണ് ", വറീത് അല്പ്പം മുമ്പ് താൻ നേരിട്ട്കണ്ട കാഴ്ച്ച വിശദമാക്കി.
വടക്കേപറമ്പിൽ കൊച്ചുകുഞ്ഞു മകൻ ഗോപാലൻ എന്ന വി. കെ. ഗോപാലൻ ആ നാട്ടിലെ അറിയപ്പെടുന്ന കരപ്രമാണിയാണ്, അൽപ്പം മുമ്പ് ചായക്കടയിൽ പരമേശ്വരൻ സൂചിപ്പിച്ചത് പോലെ കയ്യിലിരിപ്പ് അത്ര പന്തിയല്ലാത്തത് കൊണ്ട്, റാവുത്തരെയും, വറീതിനെയും പോലെ ചിലർക്കൊഴികെ നാട്ടിൽ മഹാഭൂരിപക്ഷത്തിനും ഗോപാലനെ അത്ര പഥ്യമല്ല, എന്തിനേറെ ഭാര്യ പപ്പിനിടീച്ചർക്കും, മക്കൾക്കും പോലും ഗോപാലന്റെ പലപ്രവർത്തികളോടും ഐക്യപ്പെടുവാൻ കഴിയുമായിരുന്നില്ല,
"കുടുംബശ്രീയിലെ പെണ്ണുങ്ങൾ കൂട്ടമായി വന്നു ചന്ദ്രഹാസം ഇളക്കിയിട്ട് ഗോപാലൻ പറമ്പിലെ വെളിക്കിറങ്ങാൻ പോക്ക് നിർത്തിയില്ല, പിന്നാണ് ഒരു ഏറു കൊണ്ടതിന്റെ പേരിൽ അത് അവസാനിപ്പിക്കാൻ പോകുന്നത്."
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ടൗണിൽ നിന്ന് ആദ്യബസ്സിന് മടങ്ങിയെത്തിയ സെക്യൂരിറ്റി പവിത്രൻ കടയിലെ ചർച്ചയെ, കുടുംബശ്രീ പെണ്ണുങ്ങൾ V/S ഗോപാലൻ തർക്കത്തിലേക്ക് വഴിതിരിച്ചു,
വടക്കേപറമ്പിലെന്ന ഗോപാലന്റെ ഇരുനില വീട്ടിൽ അകത്തും പുറത്തുമായി കാൽഡസനിലേറെ ബാത്റൂമുകൾ ഉണ്ടെങ്കിലും ഗോപാലൻ രാവിലേ വെളിക്കിറങ്ങാൻ പോകുന്നത് റോഡിനപ്പുറത്തെ തന്റെ തന്നെ പറമ്പിലാണ്.
കാലങ്ങളായി ഗോപാലൻ തുടർന്നുപോരുന്ന ദിനചര്യ അവസാനിപ്പിക്കണമെന്ന പരാതി വാർഡ് മെമ്പർ അമ്മിണി സമക്ഷം അവതരിപ്പിച്ചത് പപ്പിനി ടീച്ചർ കൂടി അംഗമായ കുടുംബശ്രീയിലെ അംഗങ്ങളാണ്. മെമ്പർ അമ്മിണിക്കൊപ്പം, കുടുംബശ്രീ പ്രധിനിധികളായി സെക്രട്ടറിയും, പ്രസിഡന്റും, പിന്നെ പപ്പിനി ടീച്ചറും അടങ്ങുന്ന സ്ത്രീജനങ്ങൾ ഈ വിഷയം ഗോപാലൻ സമക്ഷത്തിൽ അവതരിപ്പിച്ചപ്പോൾ, ഗോപാലൻ ഉറഞ്ഞു തുള്ളുകയായിരുന്നു.
"ഞാൻ കരം കൊടുക്കുന്ന എന്റെ പറമ്പിൽ ഞാൻ തൂറും, പെടുക്കും, ചിലപ്പോൾ തുണി ഉരിഞ്ഞു ആടിയെന്നിരിക്കും,ആർക്കാണ് ചേതം? "
"എന്നാൽ താൻ തല്ലുംകൊള്ളും", കുടുംബശ്രീ പ്രസിഡന്റ് നടക്കാമുറ്റത്തെ വത്സല വെല്ലുവിളിച്ചാണ് മടങ്ങിയതെങ്കിലും ഈ കാര്യത്തിൽ തുടർചലനങ്ങൾ ഒന്നുമുണ്ടാക്കാൻ കുടുംബസ്ത്രീക്കാർക്ക് ആയതുമില്ല. ഗോപാലൻ പുലർകാലത്ത് പറമ്പിൽപോക്ക് തുടർന്നുകൊണ്ടേയിരുന്നു.
"ഇന്നലെ ഗോപാലൻചേട്ടനെ കല്ലു വലിച്ചെറിഞ്ഞത് ആ ശാന്തയുടെ ആറാം ക്ലാസ്സിൽ പഠിക്കുന്ന ചെക്കൻ ആണെന്ന് ഉറപ്പാണ്."അയിലക്കാട്ടെ ആനന്ദൻ തലേന്നത്തെ കല്ലേറ് വിഷയത്തിൽ പ്രതി ആരെന്ന് ഉറപ്പിച്ച രീതിയിലാണ് ചായകുടിച്ച് കഴിഞ്ഞു ഒരു സീസർഫിൽറ്ററിന് തീ കൊളുത്തിയത്.
"ആ ചെക്കൻ അത്രയല്ലേ ചെയ്തുള്ളു, ആ വീട്ടിൽ കയ്യൂക്കുള്ള ആണുങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഗോപാലന്റെ അന്റാർട്ടിക്ക ചവുട്ടി കലക്കില്ലായിരുന്നോ?, അമ്മാതിരി തോന്ന്യവാസം അല്ലേ ശാന്തയോട് ഗോപാലൻ കാണിച്ചത്." കയ്യിലിരിക്കുന്ന ഗ്ലാസ്സിലെ ചായപോലെ ചൂടായിരുന്നു സെക്യൂരിറ്റി പവിത്രന്റെ വാക്കുകൾ.
ഏകദേശം ഒരാഴ്ച്ച മുമ്പാണ് പ്രതിപാദ്യവിഷയത്തിന് ആധാരമായ സംഭവം ഉണ്ടാകുന്നത്, ഗോപാലന്റെ പറമ്പിനോട് ചേർന്നുള്ള മുന്ന് സെന്റിൽ താമസിക്കുന്നത്, വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടുപോയ കള്ളിക്കാടൻ ജോഷിയുടെ ഭാര്യ ശാന്തയും മകനുമാണ്, ജോഷി നാടുവിട്ടു പോയ ശേഷം തൊഴിലുറപ്പിനും മറ്റു കൂലിപണിക്കും പോയി കുടുംബം നോക്കുന്ന ശാന്തയുടെ മറ്റൊരു ചെറിയ വരുമാനമാർഗ്ഗമാണ് കോഴിവളർത്തൽ, തന്റെ പറമ്പിൽ നിരന്തരം കയറി മണ്ണ് ചികഞ്ഞു മറിക്കുന്നു എന്ന കാരണം പറഞ്ഞു ഗോപാലൻ പറമ്പിൽ വിഷം വെച്ചപ്പോൾ ഒരു ദിവസം തന്നെ ചത്തുവീണത് ശാന്തയുടെ ആറോളം കോഴികളാണ്.
"എടാ പാടുകാലാ നീ അനുഭവിച്ചേ ചാകു.", എന്ന തലയിൽ കൈവെച്ചുള്ള പ്രാക്കിൽ ശാന്തയുടെ പ്രതിഷേധം അവസാനിച്ചുവെങ്കിലും, ആറാം ക്ലാസുകാരൻ മകന്റെ ഉന്നംതെറ്റാത്ത പ്രതിഷേധമാണ് ഇന്നലത്തെ കല്ലേറ് എന്നാണ് ആനന്ദന്റെ കണ്ടെത്തൽ.
"എന്നാലും ഇപ്പോൾ ഇങ്ങനെ ഒരു പരിഹാസ പോസ്റ്ററിന് പിന്നിൽ ആരായിരിക്കും?", ശങ്കരൻമൂപ്പര് വീണ്ടും വിഷയം പോസ്റ്ററിലേക്ക് കൊണ്ടെത്തിച്ചു.
"എന്തായാലും ശാന്തയോ, ചെക്കനോ പാതിരാത്രിയിൽ അതും റാവുത്തരുടെ വീടിന്റെ മതിലിൽ കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റർ ഒട്ടിക്കാൻ മുതിരില്ല, പിന്നെ കുടുംബശ്രീ പെണ്ണുങ്ങൾ ഒട്ടും ചെയ്യാൻ സാധ്യതയില്ല." ചായ ഗ്ലാസ്സ് കഴുകുന്നതിനിടയിലും പരമേശ്വരന്റെ ചിന്തകൾ പലവഴിയിൽ സഞ്ചരിച്ചു.
"അതു മിക്കവാറും ആ പന്ത് കളിക്കാര് പിള്ളേര് ആയിരിക്കും, അവരുടെ കളി നിർത്തിച്ചതും ഗോപാലൻ അല്ലേ " പവിത്രൻ ഒരു നിഗമനത്തിൽ എത്തിചേർന്നു.
വായനശാലക്ക് വടക്ക് വശത്തായുള്ള ഗോപാലന്റെ സ്ഥലത്താണ് സാരഥി ക്ലബ്ബിന്റെ വോളിബോൾ കോർട്ട് സ്ഥിതിചെയുന്നത്, ഗോപാലനും പഴയ വോളിബോൾ കളിക്കാരൻ ആയിരുന്നതിനാലാകാം ഗോപാലൻ കോർട്ടിടാൻ അനുവാദം നല്കിയത്. വർഷാവർഷം അവിടെ വോളിബോൾ ടൂർണമെന്റും നടക്കാറുണ്ട്. ഇത്തവണയും ടൂർണമെന്റ് തിയതി തീരുമാനിക്കുകയും, നോട്ടസടിച്ചു പിരിവ് തുടങ്ങുകയും ചെയ്ത സമയത്താണ് ഒരു ദിവസം നേരം വെളുക്കുമ്പോൾ സാരഥി ക്ലബ്ബിന്റെ കോർട്ട് നിന്ന സ്ഥലം ജെസിബി കൊണ്ട് ഉഴുതുമറിച്ചിട്ടിരിക്കുന്നു.
"ഇനി ഒരുത്തനും എന്റെ സ്ഥലത്ത് ഒരു കോപ്പും കളിക്കേണ്ട, ഞാൻ അവിടെ കപ്പ നടാൻ പോകുകയാണ്."
സംഭവമറിഞ്ഞു ഗോപാലനെ സമീപിച്ച ക്ലബ്ബ് സെക്രട്ടറി ഉദയൻ, പ്രസിഡന്റായ റാവുത്തർ മകൻ ഷാനവാസ്, മെമ്പർ അമ്മിണി എന്നിവരോട് ഗോപാലൻ തറപ്പിച്ചു പറഞ്ഞതോടെ സാരഥി ക്ലബ്ബിന്റെ ഈ വർഷത്തെ ടൂർണമെന്റും അകാലത്തിൽ ഇല്ലാതായി.
"ഗോപാലന്റെ മോളും ക്ലബ്ബിലെ ഉദയനുമായുള്ള അടുപ്പം ഗോപാലൻ അറിഞ്ഞതാണ് സംഭവങ്ങൾക്ക് കാരണമെന്ന് കേൾക്കുന്നുണ്ട്.", വറീത് ഒരു റിപ്പോർട്ടറുടെ ചാരുതയോടെ ആ വിഷയത്തിലെ ഏറ്റവും പുതിയ വാർത്ത അവിടെ അവതരിപ്പിച്ചു.
പരമേശ്വരന്റെ ചായക്കടയിൽ ഗോപാലചരിതം പലഘട്ടങ്ങളിലൂടെ കടന്നുപോകവേ, പറമ്പിൽ നിന്ന് മടങ്ങിയെത്തിയ ഗോപാലന് മുന്നിൽ മകൾ പരിഭവത്തിന്റെ കെട്ടഴിച്ചു.
"കല്ലേറ് കൊണ്ടിട്ടും അച്ഛൻ പഠിച്ചില്ലേ, ഇനിയെങ്കിലും ഇവിടുത്തെ ബാത്‌റൂമിൽ പൊക്കുടേ, നാട്ടുകാരുടെ പറമ്പിൽതൂറിയുടെ മോളേ എന്നുള്ള വിളി ഇനി കേൾക്കാൻ വയ്യ."
"മിണ്ടിപ്പോകരുത് രണ്ടും.", മകൾക്കും, അടുത്തു നിന്ന പപ്പിനിടീച്ചർക്കും നേരേ ഇളകിമറിഞ്ഞ ശേഷം ഗോപാലൻ റാവുത്തരുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
പോസ്റ്ററിലെ വാചകങ്ങളിലേക്കും, റാവുത്തരുടെ മുഖത്തേക്കും മാറി മാറി നോക്കിനിന്ന നേരത്താണ് ഗോപാലന്റെ ടെലിഫോൺ ശബ്ദിച്ചത്. ഫോണിൽ ദേഷ്യത്തോടെ സംസാരിച്ചു തുടങ്ങിയ ഗോപാലന്റെ സംസാരരീതിയും, മുഖഭാവവും മാറുന്നത് ശ്രദ്ധിച്ചുകൊണ്ട് റാവുത്തർ മതിലിൽ ചാരിതന്നെ നിന്നു.
"ഞാൻ മണിക്കൂർ ഒന്നായി ഇവിടെ ഇങ്ങനെ മരം പോലെ നിൽക്കുവാണ്, എന്താണ് വേണ്ടത് എന്ന് വെച്ചാൽ പറ, ഈ പോസ്റ്ററിന്റെ സ്വഭാവം വെച്ച് ഒരു വധഭീഷണി മണക്കുന്നുണ്ട്, നമുക്ക് പോലീസിൽ പരാതി നല്കിയാലോ? "
റാവുത്തരുടെ ചോദ്യത്തിന് , കേസും വേണ്ടൊരു മൈ....വേണ്ട എന്ന് പറഞ്ഞു ആ പോസ്റ്റർ വലിച്ചെടുത്ത്, നാലായി കീറി ഓടയിലേക്ക് വലിച്ചെറിഞ്ഞു ഗോപാലൻ തിരിഞ്ഞു നടന്നു.
"കള്ള് കുടിച്ച കുരങ്ങനെ പോലെ ആൾ അങ്ങോട്ട് വരുന്നുണ്ട് കേട്ടോ, അപ്പോൾ എല്ലാം പറഞ്ഞത് പോലെ."
ഗോപാലന്റെ മടങ്ങിപോക്ക് വീട്ടിൽ നിന്ന് വീക്ഷിച്ച റാവുത്തർ മകൻ ഷാനവാസിന്റെ വാട്ട്സാപ്പ് സന്ദേശം ഉദയനെ തേടിയെത്തിയിരുന്നു,
"കേറി വാ ഗോപാലേട്ടാ, ഇവിടെ വേറെ ആരുമില്ല ഞാൻ മാത്രമേ ഉള്ളു" വായനശാലയുടെ മുറ്റത്ത് എത്തിയ ഗോപാലനെ ഉദയൻ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു.
"നീയെന്നഭീഷണിപ്പെടുത്തുവാണോ, നിന്റെയൊക്കെ വിളച്ചിൽ എന്റെയടുത്തു വേണ്ട." ഒരു പ്ലാസ്റ്റിക്ക് കസേരയിലേക്ക് ഇരിപ്പുറപ്പിക്കുന്നതിനിടയിൽ ഗോപാലന്റെ വിളറിയ ശബ്ദം കേട്ടപ്പോൾ ഉദയനിൽ നിന്ന് ആദ്യം ഉയർന്നത് ഒരു ചിരിയായിരുന്നു.
"രാവിലെ പറമ്പിൽ കാര്യം സാധിക്കാൻ പോയ ഗോപാലേട്ടൻ, വീടിന്റെ പുറകിലെ മറപ്പുരയിൽ കുളിക്കുകയായിരുന്ന ശാന്തയെ കേറി പിടിച്ചെന്നും, പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമുള്ള പരാതി ശാന്ത എഴുതി തന്നിട്ടുണ്ട്, ഇനി ഗോപാലേട്ടൻ പറ ഞങ്ങൾ എന്ത് ചെയ്യണം."
ഉദയൻ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഗോപാലൻ വായനശാലയിലെ ഫാനിന്റെ കാറ്റിലും വിയർക്കുകയായിരുന്നു.
"സംഭവം പീഡന ശ്രമം ആണ്, നാറ്റക്കേസാണ്, ഒപ്പം ജാമ്യമില്ലാ വകുപ്പുമാണ്." എരിതീയിൽ എണ്ണയൊഴിച്ച പ്രതീതിയാണ് ഉദയന്റെ ഓരോ വാക്കുകളും ഗോപാലനിൽ ഉളവാക്കിയത്.
"പച്ചകള്ളമാണ് ഇത്, ചതി, കൊടും ചതി, ഞാൻ ഇന്നേവരെ ശാന്തയുടെ മുഖത്തേക്ക് നോക്കുകയൊ , അവളുടെ വീടിന്റെ മുറ്റത്ത് കാലുകുത്തുകയോ ചെയ്തിട്ടില്ല."
"സംഗതി ഗോപാലേട്ടൻ അങ്ങനെ ചെയ്യില്ല എന്ന് എനിക്കുറപ്പുണ്ട്, പക്ഷേ ശാന്ത പറഞ്ഞാൽ നാട്ടുകാർ വിശ്വസിക്കും, എന്തിന് പപ്പിനി ടീച്ചറും, മോളും പോലും വിശ്വസിക്കും, കാരണം കാര്യങ്ങളുടെ കിടപ്പ് അങ്ങനെ അല്ലേ, ദിവസവും രാവിലെ മാത്രമുള്ള പറമ്പിലെ തൂറാൻപോക്ക് ഒരു പ്രധാന തെളിവായി മാറും."
"ഞാൻ ശാന്തയെ നേരിൽ പോയി കണ്ടു ചോദിക്കട്ടെ എപ്പോഴാണ് അവളെ ഞാൻ കേറി പിടിച്ചത് എന്നറിയണമല്ലോ." കസേരയിൽ നിന്നെഴുന്നേറ്റ ഗോപാലനെ ഉദയൻ വീണ്ടും പിടിച്ചിരുത്തി,
"അതൊക്കെ കൂടുതൽ വിഷയങ്ങൾക്ക് കാരണമാകുകയേയുള്ളു. ഇതിപ്പോൾ ഞാനും ഷാനവാസും മാത്രമേ അറിഞ്ഞിട്ടുള്ളൂ, ഞങ്ങൾ മറ്റാരും അറിയാതെ, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാത്ത രീതിയിൽ ശാന്തയെ ഈ വിഷയത്തിൽ നിന്ന് പിന്തിരിപ്പിക്കാം, പക്ഷേ ഗോപാലേട്ടൻ ഇന്ന് മുതൽ അടിമുടി മാറണം, ചില കാര്യങ്ങൾ കാര്യക്ഷമമായി നടത്തണം അതിന്റെ ഭാഗമായിട്ടാണ് രാത്രിയിൽ ഞങ്ങൾ പോസ്റ്റർ ഒട്ടിച്ചത്."
തൊട്ടടുത്ത പ്രഭാതത്തിൽ ഗോപാലൻ പതിവ്പോലെ പറമ്പിൽ പോയില്ല, ഗോപാലന്റെ മാറ്റം പപ്പിനിടീച്ചറിൽ അത്ഭുതവും, മകളുടെ ചുണ്ടിൽ ചിരിയും വിടർത്തി, പത്തുമണിയോടെ ടൗണിൽ പോയ ഗോപാലൻ മടങ്ങിവന്നത് പന്ത്രണ്ടോളം കോഴികുഞ്ഞുങ്ങളുമായിട്ടാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഗോപാലന്റെ മാറ്റം നാട്ടിലാകെയും, പരമേശ്വരന്റെ ചായക്കടയിൽ വിശേഷിച്ചും ചർച്ചാവിഷയമായി,
"ആ ശാന്തയുടെ ചെക്കന്റെ ഏറ് കുറിക്ക് കൊണ്ട്, ആറു കോഴി ചത്തപ്പോൾ പന്ത്രണ്ട് കോഴികുഞ്ഞിനെ അല്ലേ നഷ്ട്ടപരിഹാരമായി ഗോപാലൻ നല്കിയത്."
"അത് മാത്രമോ രാവിലെ പറമ്പിലേക്കുള്ള തൂറാൻ പോക്കും ഗോപാലൻ നിർത്തി."
പരമേശ്വരൻ തുടക്കമിട്ട ചർച്ചക്ക് തുടർച്ചയായത് ആനന്ദനായിരുന്നു.
"ഇത് അതൊന്നുമല്ല, എനിക്ക് തോന്നുന്നു ഇതൊക്കെ ഗോപാലന്റെ ഇമേജ് ബിൽഡിങ്ങിന്റെ ഭാഗമാണെന്നാണ്, പഞ്ചായത്ത് വോട്ട് വരുവല്ലേ, സ്ഥാനാർഥി ആകാനുള്ള ശ്രമം ആയിരിക്കും, ഗോപാലൻ തന്നെ ഒട്ടിച്ച പോസ്റ്റർ ആയിരിക്കും അത് , തന്നെയുമല്ല ആഴ്ച്ചകൾക്ക് മുമ്പ് കിളച്ചുമറിച്ച സാരഥിയുടെ വോളിബോൾ കോർട്ട് വീണ്ടും കാശ് മുടക്കി പൂർവ്വസ്ഥിതിയിലാക്കുന്നു, വോളിബോൾ ടൂർണമെന്റിന്റെ രക്ഷാധികാരിയാകുന്നു, ജനകിയൻ ആകാനുള്ള ശ്രമം അല്ലാതെന്ത്, എത്ര കുളിച്ചാലും കാക്ക കൊക്കാകില്ലലോ." വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെ സ്ഥാനാർഥിയാകുമെന്ന് ഏകദേശം ഉറപ്പുള്ള മന്ദിരത്തിൽ വിശ്വൻ തന്റെ നിഗമനം അറിയിച്ചു,
ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് ചായക്കടക്ക് മുന്നിലൂടെ ഉദയന്റെ ബൈക്കിന് പിന്നിലിരുന്നു വോളിബോൾ കോർട്ട് ലക്ഷ്യമാക്കി ഗോപാലൻ പോകുന്നത്.
"ക്ലബ്ബ് സെക്രട്ടറി ഉദയനു മകളെ കെട്ടിച്ചു കൊടുക്കാമെന്നു ഗോപാലൻ വാക്ക് കൊടുത്തതാണ് ഒട്ടും വിശ്വസിക്കാൻ കഴിയാത്തത്." ഒരു ദീർഘനിശ്വാസത്തോടെ പരമേശ്വരൻ അടുത്ത ചായക്കുള്ള ഒരുക്കങ്ങൾ തുടങ്ങി,.
ഉദയനും ഗോപാലൻമകളും തമ്മിലുള്ള രാത്രികാല ഫോൺസംഭാഷണം ഒരു ഇടവേളക്ക് ശേഷം പുനഃരാരംഭിച്ച രാത്രി.
ഉദയൻ : സ്വന്തം തന്തയെ സദാചാരവലയിൽ കുടുക്കാനുള്ള ബുദ്ധിപറഞ്ഞു കൊടുത്ത ലോകത്തെ ആദ്യത്തെ മകളായിരിക്കും നീ.
ഗോപാലൻ മകൾ : അതൊരു കുറ്റമല്ല, ലക്ഷ്യം മാർഗ്ഗത്തെ സാധുകരിക്കുമെന്നല്ലേ പ്രമാണം,
മദമിളകിയ ആനയെ മയക്കുവെടിവെച്ച് തളക്കുന്നത്പോലെ കരുതിയാൽ മതി, അത്കൊണ്ട് അച്ഛന്റെ സ്വഭാവംമാറി, രാവിലത്തെ പറമ്പിൽപോക്ക് അവസാനിച്ചു, സാരഥിയുടെ വോളിബോൾ കോർട്ടിന് ശാപമോക്ഷവും, ശാന്തക്ക് കോഴികുഞ്ഞുങ്ങളെയും കിട്ടി, നമ്മുടെ പ്രണയം സഫലമായി.
ഉദയൻ : എന്തായാലും നിന്റെ അച്ഛൻ ജനകിയൻ ഗോപാലൻ ആകാനുള്ള ശ്രമമായിരിക്കും ഇനിമുതൽ
ഗോപാലൻ മകൾ : അച്ഛനെ ബ്ലാക്ക്മെയിൽ ചെയ്യാൻ തന്നെയാണ് ഉപയോഗിച്ചതെന്ന് ശാന്തക്ക് അറിയുമോ?
ഉദയൻ : എവിടുന്ന്, പാവം ഒന്നുമറിഞ്ഞിട്ടില്ല,
ഗോപാലന്റെ സ്വഭാവമാറ്റത്തിന് ഉൾപ്രേരകമായി ഉപയോഗിച്ചത് തന്നെയാണെന്ന് അറിയാതെ, കിട്ടിയ പന്ത്രണ്ട് കോഴികുഞ്ഞുങ്ങളുമായി ശാന്തയുടെ ജീവിതം ശാന്തമായി ഒഴുകികൊണ്ടിരുന്നു.