മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പണ്ടുപണ്ട്‌... ന്വെച്ചാ, നമ്മളെ ബടക്കേമലബാർ മഹാരാജ്യം അന്നത്തെ പേരെടുത്ത ഒരു ഹിന്ദുരാജവംശം ഭരിച്ചിര്ന്ന കാലഘട്ടം. 
ഓറെ പള്ളിക്കൊളത്തിലെ പള്ളിനീരാട്ടുകളിൽ മടുപ്പുതോന്നിയ അന്നത്തെ രണ്ടു രാജകുമാരിമാർ ഒരിക്കൽ, ആരോരുമറിയാണ്ട്‌

കൊട്ടാരത്തിന്റെ മതില്‌ തുള്ളി അടുത്തുള്ള ഒരു പൊതു കൊളത്തിൽ പോയി സാദാ ‌കുളി അങ്ങ്‌ തൊടങ്ങി. ഐന്റെ എടേലെപ്പൊഴോ, മൊഞ്ചത്തിമാരായ ആ പെൺകുട്ട്യോൾക്കിടയിൽ ഉണ്ടായ എന്തോ ഒരു ചെറിയ മൊഞ്ചിന്റെ പേരിൽ 'ഇങ്ങനേങ്കി, ഇക്കുളിക്ക്‌ നമ്മീല്ലാപ്പാ'-ന്നും പറഞ്ഞ്‌ ഒരുത്തി കൊളത്തീന്നു ചാടിക്കേറി.
ഓള്‌ ഓളെ പള്ളിച്ചോലകൾ‌ വാരിച്ചുറ്റി പോകാൻ ഒരുങ്ങിയപ്പോന്ന്, മൂപ്പത്തിയാരെ മനസ്സിൽ സാക്ഷാൽ ശ്രീകൃഷ്ണ ബഗവാൻ ബൾബും കത്തിച്ചു വന്നുനിന്നത്‌. പിന്ന ഒന്നും നോക്കീല്ല. 
കൊളത്തീക്കെടന്ന് പഴേ സിൽമാ നടൻ രവീന്ദ്രൻ ബ്രേക്ഡാൻസ്‌ കളിക്കും കണക്കെ, തന്നെനോക്കി കോക്രി കാട്ടുന്ന മറ്റേ മൊഞ്ചത്തിന്റെ അടിപ്പാവാട വരെ വാരിക്കോണ്ട് ഓള്‌‌‌ ഒരൊറ്റ ഓട്ടം.
'ഹരേ ഫഗവാൻ.. ചതിച്ചല്ലോ നിയ്യ്‌' എന്നു പറഞ്ഞു നമ്മളെ ബാലാമണിയെപ്പോലെ കൊളത്തിൽ കെടന്ന് പാവം മറ്റവൾ‌ നെഞ്ഞത്തു ടമാർ പഡാർ എന്ന് ഇടിച്ച്‌ നെലോളിക്കാൻ തുടങ്ങി.
പെട്ടെന്നാണു ഓള്‌ "കൂൂൂയ്‌... കൂൂൂയ്‌.. " എന്ന ഒരു ഒച്ച‌‌ കേക്കുന്നത്‌.
ഞെട്ടിത്തരിച്ചു ബെമ്പി ബെസർത്തുപോയി ആ പാവം.
എന്നാൽ, പേടിച്ചപോലെ ആരും തന്റെ സങ്കതികൾകണ്ട്‌ കൂവിയതല്ലാന്ന് ഓൾക്ക്‌ പുടികിട്ടി. ആ വയിമ്മലേ നമ്മളെ മീങ്കാരൻ മമ്മാലിക്ക മീനും കൂവിക്കൊണ്ട്‌ വരുന്നതാരുന്നു അത്‌. അങ്ങേർ അടുത്ത്‌ എത്തിക്കയിഞ്ഞതും രണ്ടുംകൽപ്പിച്ച്‌ ഓൾ ഒരു വിളി;
"ദേ... ഇങ്ങോട്ടോക്യേ...
ക്ലാ ക്ലാ ക്ലീ.. ക്ലൂ ക്ലൂ.. ക്ലൂൂ.."
മമ്മാലിക്ക തിരിഞ്ഞു നോക്കി.
കൊളത്തിലൊരു മൊഞ്ചത്തി.
നീരുടുത്തു നിക്കുന്നു..
മൂപ്പന്റെ ഖൽബിൽ ദേ കേറിവന്നേക്കണു നമ്മളെ തിലകൻ ചേട്ടൻ. എന്നിട്ട്‌ തൃശൂർപ്പൂരത്തിന്‌ അമുട്ട്‌ പൊട്ടുന്ന മായിരി, ട്ടര്ർര്ർ.....ന്നു കുറേ ലഡ്ഡുകളും പൊട്ടിച്ചു.
പക്കേങ്കി, കരഞ്ഞുപിഴിഞ്ഞ്‌ കാര്യങ്ങൾ വിവരിച്ച പെണ്ണ്‌ 'ഓൾക്ക്‌ ഈട്ന്ന് കരകയറാൻ ഒരു ബയി കാട്ടിക്കൊടുക്കണോന്ന്' ‌‌അപേക്ഷിച്ചു.
സാധാരണഗതിയിൽ 'ഇഞ്ഞി‌ അങ്ങന ആടത്തന്നെ നിന്നോ പെണ്ണെ, നമ്മ വേണോങ്കി ഇൻക്ക്‌ ഈട ഒരു കൂട്ട്‌ നിന്നോളാം' എന്നാണു പറയേണ്ടതെങ്കിലും, അമ്മളെ മമ്മാലിക്ക ആൾ അക്കൂട്ടക്കാരനല്ലാത്തോണ്ട്‌ മൂപ്പർ എന്താക്കി?, ഓറെ തലേൽ കെട്ടിയ തോർത്ത്‌ അയിച്ചെട്ത്ത്‌ ആ പെണ്ണിന്‌‌ ചാടിക്കൊട്ത്ത്‌.
ഓൾ ആ തോർത്തും വാരിച്ചുറ്റി പയേ അഡൽസ്‌ ഓൺലീ നായികമാരെപ്പോലെ 'ഉൻ മീനുടമ്പു വാസം..' എന്ന പാട്ടും പാടി കൊട്ടാരത്തിലേക്ക്‌ പോയി.
എന്നാ, നിമിഷങ്ങൾക്കകം സങ്കതി റേഡിയോ മാങ്കോ ആയി. കോമരൻമാർ ഒറഞ്ഞുതുള്ളി..
'ഒരു അന്യ പുരസന്റെ കൈയീന്ന് മുണ്ട്‌ മേടിക്കുക എന്നാൽ പൊടവ മേടിക്കുന്നത്‌ പോലാന്നും, ഒരു മാപ്പളച്ചെക്കന്റെ പൊടവ മേടിച്ച പെണ്ണിനെ കൊട്ടാരത്തീന്നു തന്നെ പറഞ്ഞുവിടണം എന്നും' പറഞ്ഞ്‌ രാജ കാർന്നോമ്മാർ ബാളു ബീശി.
രാജൻ ആകെ അങ്കോഷത്തിലായി.

ഒടുവിൽ, നിവൃത്തികെട്ട അങ്ങേർ ദശരഥമഹാരാജനെ മനസ്സിൽ ധ്യാനിച്ച്‌ പുന്നാരമോള നമ്മളെ മമ്മാലിക്കാന്റെ കൂടെ വിടാൻ തീരുമാനിച്ചു.
എന്നാ ഓള അങ്ങന ചുമ്മാ ഓസിനു പറഞ്ഞയക്കാനൊന്നും രാജൻ കൂട്ടാക്കീല്ല.
രാജ്യത്തിന്റെ അരക്കാൽ ബാഗം സ്ത്രീധനമായി പുയ്യാപ്ലക്ക്‌ കൊടുത്ത്‌ , ശിഷ്ടകാലം ആട്ത്തെ സുൽത്താനായി കഴിച്ചുകൂട്ടിക്കോന്നും പറഞ്ഞു കളഞ്ഞു മൂപ്പര്‌‌.
അങ്ങന, ആ അരക്കാൽ ബാഗത്ത്‌ സന്തോഷായിറ്റ്,‌ കൊറേ പ്രജകളേയുംകൊണ്ടു ഭരിച്ച മഹാരാജൻ മമ്മാലിക്ക വൈകാണ്ട്‌ നല്ല ജനപ്രീതി പിടിച്ചുപറ്റി.
പ്രജാക്ഷേമതൽപ്പരനായ മൂപ്പരെ ഭരണത്തിൽ ജനങ്ങളെല്ലാം 'ഒന്നു'പോലെ മെലിഞ്ഞുണങ്ങി.. ശ്ശെയ്‌‌.. ഒരുമയിൽ അങ്ങ്‌ കഴിച്ചുകൂട്ടി.
‌മൂപ്പരെ കാലശേഷവും അന്നാട്ടിലെ ജനങ്ങൾ നമ്മളെ മമ്മാലി രാജാവിനെ നന്ദിയോടെ സ്മരിക്കാൻ തുടങ്ങി.
അങ്ങനങ്ങന സ്മരിച്ച്‌ സ്മരിച്ച് സ്മരിച്ച് കൊറേ കഴിഞ്ഞപ്പോ, നമ്മളെ മമ്മാലി മഹാരാജന്റെ പേര്‌ മമ്മാലി.. മമ്മാലി... മമ്മേലി .. മാമ്മേലി ന്നൊക്കെ പറഞ്ഞു പറഞ്ഞ്‌ പരിണമിച്ച് ഒടുവിൽ എപ്പൊഴോ അതങ്ങ്‌‌ മാവേലി ആയി മാറി.
അപ്പൊ, അദ്ദാണു ശെരിക്ക്‌ നമ്മളെ മാവേലിന്റെ കഥ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ