വാനരനിൽ നിന്നാണ് ഇന്നത്തെ മനുഷ്യൻ രൂപാന്തരപ്പെട്ടത് എന്നറിയാമല്ലോ. ആ കാലഘട്ടത്തിൽ മനുഷ്യർക്കെല്ലാം വാലുണ്ടായിരുന്നു. വാലിന്റെ നീളം നോക്കിയാണ് പലരും സൗന്ദര്യം കണക്കാക്കിയിരുന്നത്.
കൃഷ്മദ എന്ന ഗോത്രവർഗത്തിലെ മൂപ്പനായിരുന്നു ആണ്ടി വേലു. അദ്ദേഹത്തിന്റെ വാല് കണ്ട് കാട്ടിലെ സ്ത്രീകളെല്ലാം അയാളെ മൗനമായി പ്രണയിച്ചിരുന്നു. ആണ്ടി വേലുവിനല്ലാതെ ഇത്രയും വലിയ വാൽ വേറെ ആർക്കുമില്ല. ആയിടക്ക് അയൽവനാന്തരത്തിൽ നിന്ന് മറ്റൊരു മനുഷ്യനെത്തി അയാൾക്ക് വാല് തീരെയില്ലായിരുന്നു. അയാളെ കണ്ട് കൃഷ്മദക്കാർ അറപ്പോടെ നോക്കി പരിഹസിച്ചു. എന്നാൽ അയാൾ പറഞ്ഞത് കേട്ട് അവർ സ്തoഭിച്ചു നിന്നു പോയി.
"ഞങ്ങളുടെ നാട്ടിൽ എല്ലാവർക്കും ഇതിലും വലിയ വാലുണ്ട്. പക്ഷെ അത് ചില സമയത്ത് മാത്രമെ കാണുകയുള്ളൂ. എനിയ്ക്കും അങ്ങനെ തന്നെ. "
"കാണണമെങ്കിൽ ഒരു ഗുസ്തി നടത്തി ജയിക്കണം"
"എന്താ സമ്മതമാണോ"?
ജയിച്ചാൽ സമ്മാനംതരണം!
കാര്യം കേട്ട കൃഷ്മദക്കാർ ആണ്ടി മൂപ്പനെ വിവരമറിച്ചു. മൂപ്പന്റെ നിർദ്ദേശത്താൽ വാലുള്ളവനും ഇല്ലാത്തവനുമായി ഗുസ്തി നടത്താൻ തീരുമാനമായി. പിറ്റേന്ന് രാവിലെ കാട്ടിലെ ചെഞ്ചോലൈ താനത്ത് കൃഷ്മദക്കാർ നിറഞ്ഞു .
ഗുസ്തി ആരംഭിച്ചു. പാഞ്ഞും,പറന്നും, ചരിഞ്ഞും, മലർന്നും വാലില്ലാത്തവൻ ഗുസ്തി നടത്തുമ്പോൾ വാലുള്ളവന്റെ വാൽ പലയിടത്തും കുടുങ്ങി വലിഞ്ഞു മുറിയാൻ തുടങ്ങി. ഇതിനിടയിൽ തന്റെ കൈയിലുള്ള ക്രിത്രിമ വാലിന്റെ സ്പ്രിങ്ങിൽ വാലില്ലാത്തവൻ വിരലമർത്തി. പെട്ടെന്ന് അയാളുടെ വാൽ വലുതാകാൻ തുടങ്ങി. വാലിന്റ നീളം കണ്ട് അത്ഭുതപ്പെട്ട് എല്ലാവരും നോക്കുന്ന സമയത്ത്. വാലുള്ളവന്റെ വാൽ മുള്ളിൽ കുരുങ്ങി മുറിഞ്ഞു വീണു. വേദന വന്നെങ്കിലും അതറിയിക്കാതെ അവൻ നിന്നു. ഗുസ്തി കഴിഞ്ഞതും വാലില്ലാത്തവൻ സ്പ്രിങ്ങിൽ വിരൽ അമർത്തി വാൽമടക്കി. വിജയിയെ പ്രഖ്യാപിച്ച നേരത്ത് താഴെ വീണു കിടന്ന വാലിനരികിൽ വാലില്ലാത്തവൻ നിന്നു . വാലുള്ളവൻ നാണക്കേട് ഓർത്ത് തിരിഞ്ഞ് നോക്കാതെ നിന്നു.
വിജയിയെ പ്രഖ്യാപിക്കുന്ന നേരം ആണ്ടി മൂപ്പൻ ചോദിച്ചു.
"ഈ വാൽ ആരുടേതാണ് ?"
വാലില്ലാത്തവനാണ് സമ്മാനമെന്ന് കരുതി വാലുള്ളവൻ മിണ്ടാതെ നിന്നു.
എന്നാൽ യഥാർത്ഥ വാൽ ഇല്ലാത്തവൻ പറഞ്ഞു.
"ആ ....വാൽ .....ന്റെ ...യ്നി "
അതോടെ വിജയം അയാൾക്കായി. അങ്ങനെയാണ് ഇന്നത്തെ വാലന്റെയ്ൻ ഉണ്ടായത്.