mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇന്നലെ ഞാൻ മരിച്ചു. ആധുനിക സാഹിത്യത്തിലെ പോസ്റ്റ് വായിച്ചു അർത്ഥം കിട്ടാതെ, വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്. നല്ലോണം ശ്വാസം മുട്ടി. കാലിട്ടടിച്ചു, ഒച്ച കേട്ട് അടുക്കളയിൽ നിന്നു അമ്മ വിളിച്ചു പറഞ്ഞു.


"അടങ്ങി ഇരുന്നോ അവിടെ, ഒരു പണിക്കുംപോവാതെ, ഫോണിലും കുത്തി ഇരുന്നു, എന്റെ കട്ടില് മേ കുങ്ഫു കളിച്ച അന്റെ ചന്തിമ്മത്തെ തോൽ ഞാൻ ഊരും."

ഞാൻ പിന്നെ ഒന്നും മിണ്ടീല. തൊഴിൽ രഹിതനായ ചെറുപ്പക്കാനെ ആരും വിലകല്പിക്കുന്നില്ലല്ലോ എന്നാലോചിച്ചപ്പോഴേക്ക് മരണം കഴിഞ്ഞു. ആത്മാവ് ഒരു മേഖരൂപം പോലെ മുകളിലേക്കുയരും എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. പക്ഷെ ഞാൻ കിടന്ന അതുപോലെ തന്നെ ഉണ്ടായിരുന്നു. എണീക്കാൻ കുറച്ച ബുദ്ധിമുട്ടി. ഒരു പിടിത്തം പോലെ എന്തോ. ശക്തിയിൽ ഒന്നു കുടഞ്ഞെണീറ്റു. അപ്പൊ എന്റെ ശരീരം ദാ കട്ടിലിൽ. ആദ്യമായി എന്നോട് പുച്ഛം തോന്നി. കണ്ണാടിയിൽ കാണുന്ന പോലെ ഒന്നും അല്ല, ഭയങ്കര ബോറാണ്.

എന്നാലും ഒരു ചന്തമൊക്കെ ഉണ്ട്. ആത്മാവായ ആദ്യ അനുഭവം ആണല്ലോ. ഞാൻ ചുറ്റും നോക്കി. മുറി പഴയ പോലെ ഉണ്ട്. അപ്പോഴാണ്. ഞാൻ പതിവായി കട്ടനടിച് പുസ്‌തകം വായിക്കുന്ന കസേരയിൽ ഒരാൾ ഇരുന്നു കോട്ടുവാ വിടുന്ന കണ്ടത്. ഇതാരപ്പ .. എന്റെ മുറിയിൽ..
"കഴിഞ്ഞോ?"
"എന്ത്?"
"നിനക്കെന്നെ കാണമോ"
"ആ കാണാം"
അപ്പൊ നീ മരിച്ചു. ഗ്ലാഡ്‌ ടു മീറ്റ് യൂ. അയാം കാലൻ."
ഓ അപ്പൊ ഇതാണ് കാലൻ. ആൾ കൈയൊന്നും തരുന്നില്ല. ചിലപ്പോ കൊറോണ ആയിട്ടായിരിക്കും. ആദ്യമായിട്ട് കാലൻ കണ്ട ത്രില്ലടിച്ചു നിൽക്കുകയാണ് ഞാൻ. വായിച്ചറിഞ്ഞ പോലെ ഒന്നും അല്ല. നല്ല ഗ്ലാമർ ആണ്. അറബി ഷെയ്ഖിനെ പോലെ ഉണ്ട്. ആകെ ത്രില്ലടിച്ചു കുറച്ചു നേരം ഞാൻ മൂപ്പരെ നോക്കി. എന്നിട്ട് ചോദിച്ചു.

"പോവല്ലേ"
"എങ്ങോട്ട്?"
"പരലോകത്തേക്ക്, ഞാൻ മരിച്ച എന്റെ ആത്മാവിനെ കൊണ്ട് പോണ്ടേ?"
"അടങ്ങിയിരി ചെക്കാ. ഞാൻ പണിയെടുത്ത കുഴങ്ങി. കൊറച്ചു റെസ്റ്റ് എടുക്കട്ടേ"

എന്തു കാലനാണ് ഇയാൾ? പണിയെടുക്കാതെ വിശ്രമിക്കുന്ന കണ്ടില്ലേ. ഞാൻ ചോദിച്ചു,
"എന്താ എന്നെ ഇപ്പൊ തന്നെ കൊണ്ടു പോയാൽ. നിങ്ങളിങ്ങനെ മടിപിടിച്ച ഇരിക്കരുത്. അത് മോശമാണ്."
"എന്റെ ചെങ്ങായീ എന്തോരം പണിയെടുക്കുന്നുണ്ടെന്ന നിന്റെ വിചാരം?
ആദ്യമൊക്കെ ബംഗാളികൾ ഉള്ളതൊണ്ട അവരെ വിട്ട മതിയായിരുന്നു. ഇപ്പോ ഞാൻ തന്നെ എല്ലായിടത്തും എത്തണം. അനക്കറിയില്ല. ബുദ്ധിമുട്ട്. ആരോട് പറയാൻ..ആര് കേൾക്കാൻ? നീ കുറച്ച നേരം അവിടെ ഇരി, ഞാൻ ഒന്ന് pubg കളിക്കട്ടെ."

ഹമ്പട കേമ കാലൻ കുട്ട. ഞാൻ മനസ്സിൽ പറഞ്ഞു. ഇയ്യാളെ ഇങ്ങനെ വിടാൻ പറ്റില്ല. എന്റെ അമ്മ എപ്പോഴെങ്കിലും വന്നു നോക്കും . അപ്പൊ എന്റെ മയ്യത് കണ്ട കരയുന്നതൊന്നും കാണാൻ എനിക്ക് പറ്റില്ല. അപ്പോഴേക്ക് ഇവിടുന്നു പോണം. ഞാൻ പറഞ്ഞു,
"കാലേട്ട.. ഇന്ത്യയിൽ pubg നിരോധിച്ചിരിക്കയാണ്, ഇവിടെ കളിക്കാൻ പറ്റില്ല."
ആൾ ആകെ ചമ്മിപ്പോയി. എനിക് തോന്നുന്നത് എനിക്ക് മുന്നേ ഏതോ ചൈനക്കാരന്റെ ആത്മാവായിരിക്കും പിടിച്ചിരിക്കുക. അയാൾ ആയിരിക്കും pubg ഒക്കെ പറഞ്ഞു കൊടുത്തു കാണുക. ഇവിടെ pubg നിരോധനം പിൻവലിച്ചതോന്നും ആൾ അറിഞ്ഞിട്ടില്ല.

എന്തായാലും കാലൻ എണീറ്റു.
"ബ പോവാം."
കാലൻ പോത്തുമായാണ് വരിക എന്നാണ് ഞാൻ വായിച്ചത്. കാലൻ പോത്തിനെ എവിടെയായിരിക്കും കെട്ടിയിരിക്കുക. എനിക്ക് സംശയമായി. ഉമ്മറത്തെ കവുങ്ങിൽ കെട്ടിയാൽ പോത് എന്റെ മല്ലികച്ചെടി മുഴുവൻ ചവിട്ടി നാശമാക്കും. അങ്ങനെ എങ്ങാനും സംഭവിച്ച ഞാൻ പോത്തിനെ ബീരാൻക്കാക്കക്ക് വെള്ളിയാഴ്ച അറക്കാൻ കൊടുക്കും. ഒരു ഉറപ്പിന് കാലനോട്തന്നെ ചോദിക്കാമെന്നു വെച്ചു.
"കാലേട്ട..ഈ പോത്ത്എവിടെ?"
"പോത്തോ ഏത് പോത്ത്?"
"അല്ല ഇങ്ങളെ വണ്ടി?"
"ആ അത് മിറ്റത് ഇണ്ട. ജ്ജ് ബാ."

ഞാൻ പുറത്തിറങ്ങി നോക്കുമ്പോ മുറ്റത്ത് ദേ ഒരു splender കിടക്കുന്നു.
അയ്യേ..ലോകം മുഴുവൻ പേടിക്കുന്ന കാലൻ ഈ തൊക്കടച്ചി ബൈക്കിലാണോ വന്നത്?ഞാൻ മനസ്സിൽ പറഞ്ഞു.
കാലൻ ഊഹിച്ചു കാണണം.
എടാ ഇതിന്റെ മൈലേജിന്നും വേറെ ബൈക്കിന് ഇല്ല.
ഇതെന്തൊന്നു കാലൻ. പക്കാ പിശുക്കൻ. ഇയ്യാൾക്ക് വല്ല ഹാർലി ഡേവിഡ്സൻ എടുക്കരുതോ. കേന്ദ്ര സർക്കാർ ജോലി ആണല്ലോ. ആ എന്തായാലും വേണ്ടില്ല എന്നു കരുതി ഞാൻ മൂപ്പരെ കൂടെ പരലോകത്തേക്ക് യാത്ര തിരിച്ചു.

ഞാൻ ചെല്ലുമ്പോൾ പരലോകത്തിന്റെ വാതിൽക്കൽ കുറച്ചു പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാലൻ പരലോകത്തിന്റെ ഗേറ്റ് തുറന്നു. എല്ലാവരേയും അകത്തേക്ക് കയറ്റി. ആദ്യം നീണ്ട ഒരു റോഡ് ആണ് കണ്ടത്. അതിലൂടെ കുറച്ച നടന്നപ്പോൾ കണ്ണൂർ സെൻട്രൽ ജയിൽ പോലെ അടച്ചുറപ്പുള്ള ഒരു വാതിൽ കണ്ടു.
"ആസാനെ ഇതെന്താ?" ഞാൻ കാലനോട് ജിജ്ഞാസയോടെ ചോദിച്ചു.
"ഇതാണ് മോനെ നരകം." അമ്പോ ഗേറ്റിന്റെ വലിപ്പം കാരണം ഉള്ളിലേക്ക് ഒന്നും കാണുന്നില്ല. അബു സലീമിനെ പോലെ രണ്ടു മസിലന്മാർ അവിടെ കാവലുണ്ട്. ഇനി ഇവന്മാർക്കും അബുസലിമിനെ പോലെ ഷുഗറും കൊളസ്ട്രോളും ഒക്കെ ഉണ്ടാവുമോ? ഏയ്.. ഞാൻ സ്വയം സമധാനിച്ചു കാലന്റെ കൂടെ നടന്നു.

എന്നെ നരകത്തിൽ കയറ്റിയില്ലല്ലോ എന്നോർത്തപ്പോൾ സമധാനമായി. ഞാൻ സ്വർഗവകാശി ആയല്ലോ. സന്തോഷം തോന്നി. സ്വർഗത്തിലെ പതിവ്രതകളായ സുന്ദരിമാരെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി. അവരുമായി ലുഡോ ബോർഡ് കളിച്ചു. വിശന്നപ്പോൾ ആപ്പിൾ തോട്ടത്തിലെ പഴങ്ങൾ പറിച്ചു തിന്നു. ഒരു ഈച്ച വന്ന് കയ്യിൽ ഇരുന്നപ്പോൾ അതിനെ ഒറ്റ തട്ട്, കാലൻ എന്നെ മിഴിച്ചു നോക്കി . എന്റെ കൈ മൂപ്പരുടെ തോളത്തായിരുന്നു. "സോറി.."

തികച്ചും ദേഷ്യമില്ലാതെ കാലൻ ഒന്നമർത്തി മൂളുക മാത്രം ചെയ്തു. ഞങ്ങൾ പിന്നെയും മുന്നോട്ട് നടന്നു. അപ്പോഴാണ് ദൂരെ ഒരു വെളിച്ചം കണ്ടത്. ഒരുപാട് ആളുകൾ കൂടി നിൽക്കുന്നത് ദൂരെയെന്ന പോലെ കാണാൻ പറ്റുന്നുണ്ട്.
"കാലേട്ട അതെന്താ പരിപാടി..?"
"മോനെ അവിടെയാണ് സ്വർഗം. നീ വന്ന ദിവസം കൊള്ളാം. നിനക്ക് സർപ്രൈസ് ഉണ്ട്."
ആഹാ, അടിപൊളി. പൂത്തുമ്പി കുള്ളമണി തോലമലസോമ... മനസ്സിൽ പൂത്തിരി കത്തി. എന്തോ പാർട്ടി ഉണ്ട്. ഞങ്ങളുടെ കൂട്ടം മെല്ലെ സ്വർഗം ലക്ഷ്യമാക്കി നടന്നു.

വഴിയൊക്കെ നല്ല രീതിയിൽ അലങ്കരിച്ചിരുന്നു. മേലെ ആകാശവും താഴെ കല്ലും വഴിവക്കിൽ പൂച്ചെടികളും ഉണ്ടായിരുന്നു. ആളുകൾ വഴിവക്കിൽ ഇരുന്നു വർത്താനം പറയുന്നത് കാണാം. മുസ്സോളിനിയും, ഹിറ്റ് ലറും മതിലിൽ ചാരി ബീഡി വലിക്കുന്നുണ്ടായിരുന്നു. ഗോഡ്‌സെ പഴം പൊരിയിൽ എണ്ണ കൂടിയെന്നു പറഞ്ഞു ഒരു മാലാഖയുടെ നേരെ തോക്കു ചൂണ്ടുന്നുണ്ടായിരുന്നു.

ഇതെന്താ സ്വർഗം ഇങ്ങനെയാണോ..? അവരൊക്കെ സ്വർഗത്തിൽ എങ്ങനെ എത്തി.? എന്റെ മനസ്സിൽ ഉദ്വേഗജനകവും ഉത്സിതകുത്സവുമായ ചോദ്യങ്ങൾ ഉയർന്നു. ഞാൻ കാലനെ സംശയത്തോടെ നോക്കി.

കാലൻ എന്നെ പതുക്കെ ഒരു ചായക്കടയുടെ അടുത്തേക്ക് കൊണ്ടു ചെന്നു. എന്നിട്ട് പറഞ്ഞു.
"ഒന്നും വാങ്ങിത്തരില്ല. കടയിലോട്ട് നോക്കണ്ട."
അരിയുണ്ടയും നെയ്യപ്പവും നോക്കി നിന്ന ഞാൻ മെല്ലെ കണ്ണുകൾ പിൻവലിച്ചു. കാലൻ തുടങ്ങി,
"മോനെ.... പണ്ട് സ്വർഗ്ഗത്തിലാണ് എല്ലാം കിട്ടുക എന്നാണ് പറഞ്ഞു പരത്തിയത്. നീയും അത് കേട്ടാണ് വളർന്നിരിക്കുക എന്നും എനിക്കറിയാം. എല്ലാം കിട്ടുന്ന സ്വർഗം ഇതാണ്."
ശരിയാണ്. ഞാൻ ചെല്ലുമ്പോൾ skrillex, ഉം dj blend ഉം സംയുക്തമായി നടത്തുന്ന ഗാനമേള ആണ് നടക്കുന്നത്. ഒറ്റക്കയ്യുമായി ഗോവിന്ദച്ചാമി ഡാൻസുകളിക്കുന്നുണ്ട്.
അപ്പൊ ഞാൻ കാലനോട് ചോദിച്ചു
"അപ്പൊ നരകത്തിൽ എന്താണ് ഉള്ളത്.?"
കാലൻ ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് നരകം എന്നു പറഞ്ഞു അതിന്റെ ഗന്ധം ആസ്വദിക്കുന്ന പോലെ ഒന്നു കണ്ണടച്ചു ശ്വാസം ഉള്ളിലേക്ക് എടുത്തു. എന്നിട്ട് എന്നോട് ചോദിച്ചു
"നിനക്ക് നരകം കാണണോ?"
"കണ്ടാൽ കൊള്ളാം എന്നുണ്ട്."

കാലൻ എന്നെയും കൊണ്ട് തിരിച്ചു നടന്നു. നരക വാതിലിൽ എത്തി. തടിമടന്മാർ എന്നെ നോക്കി പുഞ്ചിരിച്ചു. അത് തന്നെ ഒരു കുളിർമയായിരുന്നു. ഞാൻ നരകത്തിലേക്ക് കടന്നു. അവിടെ ഒരു പൂന്തോട്ടത്തിലാണ് ഞാൻ ആദ്യമേ എത്തിയത്. ഗാന്ധിജി ഒരു കുടിലിൽ ഇരുന്ന് നൂൽ നൂൽക്കുന്നുണ്ടായിരുന്നു. ആൻഫ്രാങ്ക് ചെടികൾക്ക് വെള്ളം നനക്കുന്നുണ്ട്. പ്രവാചകനും കൂട്ടരും ഒരു വീട് കെട്ടുന്ന തിരക്കിലായിരുന്നു. യേശു ഒരു ആടിനെ കറന്നു പാൽ എടുക്കുന്നുണ്ട്. അടുത്തു തന്നെ ശ്രീകൃഷ്ണൻ ഓടക്കുഴൽ ഊതുന്നു. ആകെ ഒരു (അനിർഗളസുർഗളമായ) അന്തരീക്ഷം.
കാലൻ എന്റെ അടുത്തു വന്നു പറഞ്ഞു

"നമ്മൾ കാണുന്നതല്ല യാഥാർഥ്യം. ദൈവത്തിന്റെ നിശ്ചയമാണ് എല്ലാം. നീ കാണുന്നത് സത്യമാണ്. ഭൂമിയിലെ അനുഭവങ്ങൾ ആണ് കണ്ടത്. സ്വർഗം എന്നു തോന്നുന്നത് യഥാർത്ഥത്തിൽ നരകവും നരകം എന്നു കരുതുന്നത് യഥാർത്ഥത്തിൽ സ്വർഗ്ഗവും ആവാം. ഇവരാരും ഭൂമിയിൽ പരിപൂർണ്ണ വിജയം കൊയ്തവരല്ല. അവർ പിന്തുടർന്നത് ആത്മാവിനെയാണ്. അതു തന്നെയാണ് മോനെ നിനക്കും വേണ്ടത്. നീ നിന്റെ ആത്മാവിനെ പിന്തുടരുക. ആത്മഹിതമല്ലാത്തത് ചെയ്യരുത്."

എനിക്ക് കാലനോട് അതിയായ സ്നേഹം തോന്നി. എനിക്ക് പിറക്കാതെ പോയ ചേട്ടനെ പോലെ തോന്നി. അപ്പൊ ഒരു സംശയം വന്നു.
"അല്ല കാലേട്ടാ... ഞാൻ അപ്പൊ സ്വർഗത്തിൽ ആണോ അതോ നരകത്തിലോ?"

ഇതു കേട്ട് കാലൻ ഒന്നു എന്നെ നോക്കി. എന്നിട്ട് ചിരിക്കാൻ തുടങ്ങി. പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി. കാലന്റെ വായ വളരാൻ തുടങ്ങിയപ്പോൾ ഞാൻ ഓടി. വായ വളർന്ന വളർന്ന ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ എന്റെ പിരടിയിൽ കടിച്ചു കുടഞ്ഞു.

ഞാൻ തെറിച്ചു കട്ടിലിൽ നിന്നു താഴെ വീണു. ഉച്ചയുറക്കത്തിലെ വീഴ്ച കണ്ട അനിയൻ ചിരിയടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ നേരെ എണീറ്റ് പോയി. അന്ന് മുതലാണ് എന്റെ ജീവിതം നരകതുല്യമായത്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ