മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(V. SURESAN)

അക്കാലത്ത് ദൂരദർശൻ മാത്രമായിരുന്നു വീട്ടിലെ ദൃശ്യമാധ്യമം. അതിൽ വിളമ്പുന്ന വിഭവങ്ങൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചാണ്ടിക്കുഞ്ഞും മക്കളും ചെറുമക്കളും ആവോളം ആസ്വദിച്ചിരുന്നു. അക്കൂട്ടത്തിൽ ചാണ്ടിക്കുഞ്ഞിനു താല്പര്യം വാർത്തകൾ മാത്രമായിരുന്നു. 

"വാർത്തയ്ക്കു സമയമായി. ടി.വി. വയ്ക്കെടാ - "  ചാണ്ടിക്കുഞ്ഞ് പേരക്കുട്ടിയോട് പറഞ്ഞു.

"ഇപ്പോൾ മിനിയാണ് അപ്പാപ്പാ."

"അതാര്?"

"ക്രിക്കറ്റ്. മിനി ലോകകപ്പ് മത്സരം." പേരക്കുട്ടി ടിവി ഓൺ ചെയ്തു.  ചാണ്ടിക്കുഞ്ഞും അതിലെ കാഴ്ചകൾ കണ്ടിരുന്നു .

"ബാറ്റ് കൊണ്ട് അടിക്കുകയും പിടിക്കുകയും ഒക്കെ ചെയ്യുന്നത് കുപ്പിയെ ആണല്ലോടാ. ബാളു വേണ്ടേ ?"

"അത് പരസ്യമാണ് അപ്പാപ്പാ. ഒരു ഓവർ കഴിഞ്ഞു."

"വാർത്ത ഇനി എപ്പോഴാ?"

"കഴിഞ്ഞു കാണും. അഞ്ചുമണിക്ക് ആയിരുന്നു."

സർക്കസിലെ ബഫൂണിനെപോലെ മുഖത്ത് ചായം തേച്ച ഒരാൾ ബോൾ എടുത്ത പാൻറ്സിൽ തുടയ്ക്കുന്നു. ഓ - ഇതുകണ്ടു കൊണ്ടായിരിക്കും ഇവൻ ഇന്നലെ ചെളിയിൽ കിടന്ന ഒരു കൊച്ചങ്ങ എടുത്ത് നിക്കറിൽ തുടച്ച് സർവ്വേ കല്ലിൽ എറിഞ്ഞത്. ഓരോരോ ശീലങ്ങൾ നോക്കണേ!

 ടി.വി.വാർത്ത ഇല്ലാത്തതിനാൽ പത്രവാർത്തയെങ്കിലും നോക്കാം എന്നു കരുതി ചാണ്ടിക്കുഞ്ഞ് വരാന്തയിൽ വന്ന് പത്രം എടുത്തു.

മകൻ അലക്സ് പുറത്തുനിന്ന് കയറി വന്നു.  അലക്സ്, പത്രം നോക്കിയിരിക്കുന്ന അപ്പനോട് - "എത്രയായി?" 

"മരണസംഖ്യ 18 ആയി."

" അതല്ല. സ്കോർ എത്രയായെന്ന്?"

"അതൊന്നും എനിക്ക് അറിഞ്ഞൂടാ."

അലക്സും ടിവിയുടെ മുമ്പിലേക്ക് പോയി. അകത്ത്  ടി.വി.യുടെ ശബ്ദം കൂടുതലായതിനാൽ ചാണ്ടിക്കുഞ്ഞ് പത്രവും എടുത്തു പുറത്തിറങ്ങി. അടുത്ത വീട്ടിലെ സരോജം ഗേറ്റ് തുറന്നു വരുന്നു .

"ചേച്ചി ഇല്ലേ?" 

"ഉണ്ട് .നീ ഇന്ന് ഓഫീസിൽ പോയില്ലേ?"

"വിൽസെന്നു വച്ചാൽ കുട്ടൻറെ അച്ഛനു ജീവനാണ്." 

"സിഗർട്ടോ?"

"വിൽസ് കപ്പേ-ക്രിക്കറ്റ്. അതുകൊണ്ട് ഇന്ന് പോയില്ല. പിന്നെ ഞാനും ലീവ് എടുത്തു."

അടുത്ത ദിവസം അഞ്ചു മണിക്ക് തന്നെ ചാണ്ടിക്കുഞ്ഞ് ടി.വി.യുടെ മുമ്പിൽ വന്നു, വാർത്ത കേൾക്കാൻ. പക്ഷേ അഞ്ചര ആയിട്ടും വാർത്ത വരുന്നില്ല. കളിയും "പരസ്യ"മായി കുടിയും കുളിയും ഒക്കെ തന്നെ. 

"ഇന്ന് മഴ കാരണം കളി വൈകി. ഒരു ടീം ബാറ്റ് ചെയ്ത് കഴിഞ്ഞാലേ വാർത്ത കാണൂ." - പേരക്കുട്ടി അറിയിച്ചു.

ചാണ്ടിക്കുഞ്ഞ് വാശിയോടെ കാത്തിരുന്നു. ഒടുവിൽ വാർത്ത വരിക തന്നെ ചെയ്തു. ആ സമയം, ടിവിയുടെ മുമ്പിലിരുന്ന മറ്റുള്ളവർ വിശ്രമിക്കാൻ പോയി. വാർത്തയ്ക്ക് ഇടയിൽ മുഖ്യമന്ത്രി പ്രളയദുരിതാശ്വാസത്തെപ്പറ്റി സംസാരിക്കുന്നു. അദ്ദേഹവും തിരക്കിലാണ് ."ഡാക്ക"യിൽ അടുത്ത ടീം ബാറ്റ് ഏടുത്താൽ സ്ക്രീനിൽ നിന്ന് താൻ ഔട്ടാകും എന്ന കാര്യം മുഖ്യനും ബോധ്യമുണ്ട്. കാര്യം പറച്ചിൽ കളികളുടെ ഇടവേളകളിലായി ചുരുങ്ങി പോയാൽ  എന്താ ചെയ്ക? 

ഇന്ന് കാലം മാറിയിരിക്കുന്നു. വാർത്തകൾക്ക് മാത്രമായി തന്നെ ചാനലുകളുണ്ട്. ഓരോ പാർട്ടിക്കും ഓരോ ചാനൽ. സിറ്റി ചാനൽ, ലോക്കൽ ചാനൽ അങ്ങനെ പലതും. രാവിലെ എണീറ്റ് ചാനൽ നോക്കിയിരുന്നാൽ മതി, അമേരിക്കയിൽ നടക്കുന്ന കാര്യം മുതൽ വീടിൻറെ തൊട്ടപ്പുറത്ത് നടക്കുന്ന കാര്യം വരെ അറിയാം. ചാണ്ടിക്കുഞ്ഞിന് ഇതിൽപരം സന്തോഷമുണ്ടോ ! രാവിലെയുള്ള നടത്തവും കൃഷി കാര്യങ്ങൾ നോക്കലും കവലയിൽ പോക്കും എല്ലാം നിന്നു. മക്കളും ചെറുമക്കളും ടിവിയിൽ നിന്ന് മൊബൈലിലേക്ക് മാറിയപ്പോൾ ചാണ്ടിക്കുഞ്ഞ് കൂടുതൽ നേരവും ചാനലുകളിൽ തന്നെ .

അങ്ങനെയിരിക്കെ ചാണ്ടിക്കുഞ്ഞിൻ്റെ ഉള്ളിൽ ഒരാഗ്രഹം മുളപൊട്ടി .വാർഡ് മെമ്പർ തോമാച്ചൻ്റെ മോളുടെ കല്യാണത്തിന് മന്ത്രി വരികയും അത് ചാനലിൽ ലൈവ് ആയി കാണിക്കുകയും ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ആഗ്രഹം. തൻറെ കുടുംബം എന്തുകൊണ്ടും തോമാച്ചൻ്റെ കുടുംബത്തേക്കാൾ ഒരു പടി മുകളിലാണ്. തൻറെ വീട്ടിലെ ഒരു ചടങ്ങും ചാനലിൽ കാണണം. അത് മകനോട് പറഞ്ഞപ്പോൾ അവൻ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. 

എന്നാൽ അത് സംഭവിക്കുകതന്നെ ചെയ്തു. ആ വീട്ടിലെ ഒരു ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുകയും അത് ചാനലിൽ വരികയും ചെയ്തു. ആ ചടങ്ങിലെ പ്രധാനി ചാണ്ടിക്കുഞ്ഞ് തന്നെ ആയിരുന്നെങ്കിലും അത് ലൈവായി കാണാനുള്ള ഭാഗ്യം പാവം ചാണ്ടിക്കുഞ്ഞിന് ഉണ്ടായില്ല. തന്നെ  ലൈവ് ആയി കാണിച്ചാലും ഡെഡ് ആയി കാണിച്ചാലും, അത് കാണാൻ ഡെഡ് ആയ മനുഷ്യന് കഴിയില്ലല്ലോ. 

"അപ്പൻ്റെ ആത്മാവ് ഈ ടെലികാസ്റ്റിംഗ് കണ്ട് സന്തോഷിക്കുന്നുണ്ടാവും.... "

അപ്പൻ്റെ ആഗ്രഹം നിറവേറ്റിയ മകൻ്റെ സമാധാനം അതായിരുന്നു.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ