mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പോലീസ് മേധാവിയുടെ സർക്കുലർ വന്നിരിക്കുന്നു. ഇൻസ്പെക്ടർ ദിനേശൻ സർക്കുലർ ഒന്നുകൂടി വായിച്ചശേഷം സ്റ്റാഫിനെ വിളിച്ചു. 

സി.പി.ഒ. "സംശയം സദാനന്ദൻ " മാത്രമാണ് മുറിയിലേക്ക് വന്നത്. 

"ബാക്കിയുള്ളവർ എവിടെ?" 

"മൂന്നുപേർ അദർ ഡ്യൂട്ടിയിലാണ് സാർ. ഒരാൾ ജംഗ്ഷനിൽ. രണ്ടുപേർ ലീവ് ആണ്. എന്താണ് സർ കാര്യം?" 

"ഇതാ പുതിയ സർക്കുലർ വന്നിട്ടുണ്ട്. സ്റ്റേഷനിൽ വരുന്നവരെ ഇനി എടാ -എടീ -എന്നൊന്നും കേറി വിളിച്ചു കളയരുത്. " 

അതുകേട്ട് സദാനന്ദൻ ആദ്യ സംശയം ചോദിച്ചു: 

"എടാ -എടീ -ഇത് രണ്ടും പോയിട്ട് ബാക്കി സാധാരണ നമ്മള് വിളിക്കണത് ഒക്കെ വിളിക്കാമോ സാർ?" 

"എന്നല്ല. മാന്യമായ സംബോധനയേ പാടുള്ളൂ എന്നാണ്."

"മാന്യമായ സംബോധന എന്നുപറയുമ്പോ മാന്യദേഹം എന്നു വിളിക്കാമല്ലോ സാർ? " 

"വിളിക്കാം. പക്ഷേ സ്റ്റേഷനിൽ വന്നതുകൊണ്ട് ആ ദേഹത്തിന് ഉപദ്രവമൊന്നും ഏൽക്കരുത് എന്നേയുള്ളൂ."

" സാറു പേടിക്കണ്ട. കടന്ന കൈയൊന്നും ഞങ്ങളു കാണിക്കുലാ….. വേറെ നിർദ്ദേശം വല്ലതും പറയുന്നുണ്ടോ സാറേ?"

" വരുന്നവരോട് മാന്യമായി പെരുമാറുകയും വേണം."

" ഓ- അപ്പൊ - പെരുമാറാം, അല്ലേ സാർ? " 

"എന്നുവച്ചാ- ?"

"സംശയമുള്ളവരെ ഒന്ന് പെരുമാറി വിടുന്നതിൽ കുഴപ്പമില്ലല്ലോ. മാന്യമായ സ്ഥലങ്ങൾ നോക്കി പെരുമാറിക്കൊള്ളാം സാർ."

"താൻ എന്താ ഈ പറയുന്നേ! മൂന്നാം മുറയൊന്നും പാടില്ല എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ?" 

"മൂന്നാം മുറയൊന്നുമില്ല സാർ. കഷ്ടിച്ച് രണ്ട്, രണ്ടര; അത്രേയുള്ളൂ. ….. പിന്നെ ഒരു സംശയം സാർ. മാന്യമായ സംബോധന എന്ന് പറയുന്നതിനെക്കാൾ ആ സംബോധന ഏതൊക്കെയാണെന്ന് പറഞ്ഞിരുന്നെങ്കിൽഎളുപ്പമായിരുന്നു." 

"അതറിയില്ലേ? ഇംഗ്ലീഷിൽ സാർ, മാഡം, എന്നൊക്കെ വിളിക്കാം." 

"അത് - സാറേ, നമ്മുടെ കെ. ഡി ലിസ്റ്റിലെ പ്രധാന പുള്ളി ആ തൊരപ്പൻ സോമൻ ആണ്.അവനെയൊക്കെ സാർ എന്ന് വിളിക്കണോ?"

"ങാ -വിളിക്കേണ്ടി വന്നാ വിളിക്കണം. അല്ലാതെന്തു ചെയ്യാൻ!" 

"ഇപ്പം ആപ്പീസറമ്മാരെ ആണ് നമ്മളു സാർ എന്ന് വിളിക്കണത് .എസ്. ഐ.സാറ്, സി.ഐ.സാറ് ,അങ്ങനെ. ഇനിയിപ്പോ അതിൻറെ കൂടെ കെ.ഡി.സാറ്. കഷ്ടം തന്നെ...സാറേ, ഈ മാഡം എന്ന് പറയുന്നതുപോലെ മാഡൻ എന്നു വിളിച്ചാലോ?"

 "അങ്ങനെയൊന്നും ഒരു വാക്കില്ല"

"സാറേ, തൊരപ്പൻ സോമനെയൊക്കെ ചോദ്യം ചെയ്യുമ്പോ നമ്മളെ വായീന്ന് വരണ വാക്കുകൾക്ക് ഒരു ശക്തിയും പഞ്ചും ഒക്കെ വേണം. അല്ലെങ്കിൽ അവമ്മാര് ചിരിച്ചുകൊണ്ട് നിൽക്കുകേയുള്ളൂ .ഒന്നും പറയൂല്ല."

"എന്നാ ഒരു കാര്യം ചെയ്യ്. മിസ്റ്റർ എന്ന് ചേർത്ത് വിളിക്ക്."

"മിസ്റ്റർ - നോക്കട്ടെ."

 സദാനന്ദൻ, സോമനെ ചോദ്യം ചെയ്യുന്ന ഡയലോഗ് ഒന്ന് റിഹേഴ്സൽ ചെയ്തു നോക്കി. 

"സോമാ-മിസ്റ്റർ സോമാ- സത്യം പറഞ്ഞില്ലെങ്കി നിൻറെ മിസ്റ്റർ ബീൻ അടിച്ച് എളക്കും, പറഞ്ഞേക്കാം….. "

സദാനന്ദനു തൃപ്തിയായില്ല.

"ഇത് ശരിയാവില്ല സാറേ ."

"എന്നാൽ ജെൻറിൽമാൻ എന്ന് വിളിക്ക്."

 അതുകേട്ട് സദാനന്ദന് ചിരിവന്നു. 

"അതുവേണ്ട സാറേ. വല്ല ഡോബർമാൻ എന്നോ മറ്റോ ആയിരുന്നെങ്കിൽ ഒന്നു നോക്കാമായിരുന്നു." 

 


 സി.പി.ഒ.ആൻ്റോ ആൻറണി ജംഗ്ഷൻ ഡ്യൂട്ടി കഴിഞ്ഞ് വന്നു .ഇൻസ്പെക്ടർ അയാളോടും സർക്കുലറിൻ്റെ കാര്യം പറഞ്ഞു. 

" ആൻ്റോ  മലയാളം മാഷായിരുന്ന ആളല്ലേ. ഈ ജെൻറിൽമാൻ എന്നതിൻറെ  മലയാളവാക്ക് ഒന്ന് പറഞ്ഞുകൊടുക്ക്. സദാനന്ദന് ഇംഗ്ലീഷ് ഒന്നും പിടിക്കുന്നില്ല." 

"ജെൻറിൽമാൻ്റെ മലയാളം - കുലീനൻ എന്നാണ്. "ആൻ്റോ പറഞ്ഞുകൊടുത്തു.

 ഉടൻ തന്നെ സദാനന്ദൻ റിഹേഴ്സൽ ചെയ്തു നോക്കി. "സോമാ-സോമൻകുലീനാ -സോമാങ്കുലീ - ഏഴാംകൂലി - "

സദാനന്ദൻ പിൻവാങ്ങി .

"ഇതു പോലീസിന് പറ്റിയ വാക്ക് അല്ല." 

"എന്നാൽ ജൻറിൽമാൻ്റെ മറ്റൊരു അർത്ഥം പറയാം. തറവാടി എന്നാണ്. " 

സദാനന്ദൻ അതു പറഞ്ഞു നോക്കി.

"സോമാ- തറസോമാ- തറവാടിസോമാ -വാ-ഇങ്ങോട്ടു വാ - നിന്നെക്കൊണ്ട് തറയും പറയും ഞാൻ പറയിക്കും."

അതു വലിയ കുഴപ്പമില്ലെന്നാണ്  സദാനന്ദന് തോന്നിയത്. "ഇതുപോലെ കായും പൂവും ഒക്കെയുള്ള മലയാളം പറ.

അതാണ് നല്ലത്. " 

അതുകേട്ട് ആൻ്റോ "പൂജനീയൻ " എന്ന പദം പറഞ്ഞുകൊടുത്തു. 

"അതിൻറെ ഷോർട് ഫോം മതി.പുല്ലിംഗത്തിന് പു-എന്നു പറയൂല്ലേ? അതുപോലെ പൂജനീയന് പൂ-എന്ന് മാത്രം മതി." എന്നായിരുന്നു സദാനന്ദൻ്റെ അഭിപ്രായം.

സഭാനന്ദൻ ആ ഷോട് ഫോം വച്ച് ചോദ്യം ചെയ്തു നോക്കി.

"പൂ -സോമൻറെ മോനെ - ഇങ്ങോട്ടു നീങ്ങി നിൽക്കെടാ - പൂ-മോനേ-" 

ആ വിരട്ടലിന് ഒരു പോലീസ് ടച്ച് ഉള്ളതായി എല്ലാവർക്കും തോന്നി.

"ങാ -ഇതു മതി.ഇതാണ് ബെസ്റ്റ്.  ഇതുപോലെയുള്ള മലയാളം പോരട്ടെ." 

ആ ആവേശത്തിൽ ആൻ്റോഅടുത്ത വിശേഷണം പറഞ്ഞു. 

"ശ്രീമാൻ -എന്ന പദം കൊള്ളാം." 

സദാനന്ദൻ അതിൻ്റെ ടെസ്റ്റിങ്ങിലേക്ക് കടന്നു: 

"സോമാ- സോമശ്രീമാനേ-സോമശ്രീ മോനേ- വെളച്ചിലെടുക്കല്ലേ മോനേ-"

അത് ഒരു ആവറേജ് ആയിട്ട് തോന്നിയതേയുള്ളൂ. അപ്പോൾ ആൻ്റോ മര്യാദാപുരുഷോത്തമൻ എന്നൊരു ബഹുമാന പദം പറഞ്ഞു.

അതിൻമേലുംസദാനന്ദൻ ടെസ്റ്റിങ് നടത്തി: 

"സോമാ- മര്യാദാപുരുഷോത്തമൻ സോമാ- "

സദാനന്ദൻ അവിടെ നിർത്തി.

"ഇതു വേണ്ട. പുരുഷോത്തമൻ അവൻറെ അച്ഛൻറെ പേര് പോലെ തോന്നും. അത് ചിലപ്പോ പരാതി യാവും. വേറെ നോക്കാം." 

ആൻ്റോഅടുത്തമാർഗ്ഗംപറഞ്ഞു:

"അല്ലെങ്കിൽ ജി- എന്ന് ചേർത്താൽ മതി.ഇന്ദിരാജി, മോദിജി, എന്നൊക്കെ ചേർക്കും പോലെ."

സദാനന്ദൻ ജി - ടെസ്റ്റിലേക്ക് കടന്നു. 

" സോമാ-സോമൻജി,നീ സത്യം പറഞ്ഞില്ലെങ്കി നിൻ്റെ  താതൻജിയെ കൊണ്ടു പറയിക്കും ,കേട്ടോ- "

ഈ ഡയലോഗിന് സദാനന്ദൻ കണ്ട മെച്ചം - ബഹുമാനത്തോടെ അവൻ്റെ തന്തയ്ക്കു പറയാം എന്നതായിരുന്നു.

 അപ്പോൾ ആൻ്റോയുടെ പദശേഖരത്തിലെ അടുത്ത പദം വന്നു. "സംപൂജ്യൻ "  

സദാനന്ദൻ ആ പേരും വിളിച്ചു നോക്കി:

"സോമാ- സംപൂജ്യസോമാ- സത്യം പറഞ്ഞില്ലെങ്കി നിൻറെ പൂജ്യത്തിനെ ഇടിച്ച് ഞാൻ ഭിന്നസംഖ്യയാക്കും ഓർമ്മിച്ചോ- "

ഈ സംപൂജ്യ ഡയലോഗ് ഡിസ്റ്റിങ്ങ്ഷനോടെ തന്നെ പാസായി. എങ്കിലും ഒരു വെറൈറ്റിയാകട്ടെ എന്നു കരുതി ന്യൂജൻ പിള്ളേരു വിളിക്കുന്ന "ബ്രോ" കൂടി ഒന്നു ടെസ്റ്റ് ചെയ്തു നോക്കാൻ ആൻ്റോ പറഞ്ഞു.

സദാനന്ദൻബ്രോ- ന്യൂജെൻ ടസ്റ്റിലേക്കു കടന്നു:

"സോമൻബ്രോ-നീ വലിയ ബ്രോയിലറാണ്,അല്ലേ? ഏതു ബ്രോ-ആയാലും ബ്രാ-ആയാലും ബ്രാക്കറ്റിലെടുത്ത് കൊസ്റ്റ്യൻ ചെയ്ത് ബ്ര-ബ്രാ- ബ്രി- ബ്രീ

എഴുതിച്ചിട്ടേ നിന്നെ വെളിയിലോട്ട് വിടൂ. അത് ഓർമ്മവേണം."

ബൈക്കുമായി കറങ്ങി കുരുത്തക്കേടു കാണിക്കുന്ന ന്യൂ ജെൻ പിള്ളേരെ ഇടക്കൊക്കെ പിടിച്ചു കൊണ്ടു വരാറുണ്ട്. അവരെ വിരട്ടാൻ ഈ ബ്രോ- ഡയലോഗ് കൊള്ളാം എന്നു തന്നെയാണ് എല്ലാവർക്കും തോന്നിയത്.

അതിനു ശേഷംആൻ്റോ ഇൻസ്പെക്ടറുടെ മുമ്പിൽ ഒരു നിർദ്ദേശം വച്ചു: 

"സാറേ ഇനി, ബ്ലഡി റാസ്കൽ- എന്നൊന്നും നമുക്ക് വിളിക്കാൻ പറ്റില്ലല്ലോ." 

"ഇല്ല. അതൊക്കെ ഒഴിവാക്കണം." 

"അങ്ങനെയാണെങ്കിൽ അതിന് പകരമായി കടുപ്പമുള്ള ചില വാക്കുകൾ ഞാൻ കണ്ടുപിടിച്ചു വച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാം ."

"പറ, കേൾക്കട്ടെ." 

"ഒന്ന് -മുണ്ടയ്ക്കൽ ശേഖരൻ. ആവശ്യമെങ്കിൽ അതിനുമുമ്പ് ഒരു ഫ! - കൂടെ ചേർക്കാം...മറ്റൊരു ഇണ്ടാ - പദം ഹിൽട്ടൺ ഹുണ്ടായി ആണ്.ഗുണ്ടകളെ ഒക്കെ വിളിക്കാൻ പറ്റിയ പേരാണ് .വേറൊന്ന് ഗുട്ടൻബർഗ്ഗ്...നാടൻ കള്ളമ്മാരെ വിളിക്കാം. പിന്നെയൊരെണ്ണം പെരിസ്ട്രോയിക്ക..പീഡന വീരന്മാരെ വിളിക്കാൻ പറ്റിയ പേരാണ് .അടുത്തത് കണ്ടാമിനേറ്റർ.. കള്ളക്കണ്ടാമിനേറ്ററേ -എന്ന് വിളിച്ചാ അതിനൊരു പവറൊണ്ട് ."

തെറിച്ചു നിൽക്കുന്ന ആ ഇണ്ട -ഇട്ട - ഇക്ക - വാക്കുകൾ കേട്ട് ഇൻസ്പെക്ടർ ചിരിച്ചു.പിന്നെ സമ്മതം മൂളി.

"ആരും കുറ്റം പറയാത്ത പദങ്ങളായിരിക്കണം. അത്രേയുള്ളൂ."

അപ്പോഴാണ് സദാനന്ദൻ ഒരു പ്രധാന സംശയം ചോദിച്ചത് :

"സാറേ ,ഇതൊക്കെ നമ്മള് എടാ - എടീ - എന്ന് വിളിക്കണ കാര്യം അല്ലേ? ..ഇനി നമ്മളെ ആരെങ്കിലും തിരിച്ച് എടാ - എടീ -എന്ന് വിളിച്ചാലോ? 

"അങ്ങനെ വിളിക്കുമോ?" 

"ചില ചോട്ടാ നേതാക്കൾ വിളിക്കും. നിന്നെ കാണിച്ചു തരാമെടാ.. നിന്നെ കാസർകോടിനടിക്കുമെടാ..  എന്നൊക്കെ ഭീഷണി മുഴക്കാറുണ്ട് ."

ഇങ്ങനെ പോലീസിനോട് അപമര്യാദയായി പെരുമാറുകയാണെങ്കിൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന് പെട്ടെന്ന് ഒരു ഉത്തരം നൽകാൻ ഇൻസ്പെക്ടർക്കായില്ല.

"ചോദിച്ചിട്ട് പറയാം - " എന്നു മാത്രമാണ് അദ്ദേഹം അറിയിച്ചത് .

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ