പുതിയ കുട്ടി അമ്മയോട് ആ പഴയ ചോദ്യം ചോദിച്ചു.
" പശു നമുക്ക് എന്തെല്ലാം തരുന്നു?"
കുഞ്ഞു മനസ്സിൽ ഇപ്പോൾ ഈ ഗോചിന്ത ഉദിക്കാൻ ഉണ്ടായ കാരണം മാതാശ്രീ ആരാഞ്ഞു.
"ഗോ മണ്ടൻ സദസ്സിൽ ക്വിസ് പ്രോഗ്രാം ഉണ്ട്. "
"ഗോ മണ്ഡൽ സദസ്സ് എന്നു പറ."
"ങാ -അതുതന്നെ."
"എന്നാൽ അത് അച്ഛാ ബാത്ത് ആണല്ലോ. എങ്കിലും അച്ഛൻ അറിയേണ്ട. തടസ്സം പറയും .നീ ഒന്നാം സ്ഥാനം വാങ്ങണം കേട്ടോ. ഞാൻ എല്ലാം പറഞ്ഞു തരാം."
കുട്ടി ,ഗോ -കൊറോണ - ഗോ, പോലെ ഗോ -വിജ്ഞാൻ -ഗോ, കുറിച്ചെടുക്കാൻ ബുക്കുമായി വന്നു. മാതാശ്രീ തൻറെ അറിവിൻറെ തൊഴുത്ത് മലർക്കെ തുറന്നു.
"പശു നമുക്ക് സ്വർണം തരുന്നു."
കുട്ടി എഴുതാതെ സംശയം ചോദിച്ചു: "സ്വർണ്ണമോ?'
"ങാ - പാലിൽ ഒരു ഇളംമഞ്ഞനിറം കണ്ടിട്ടില്ലേ? അത് സ്വർണത്തിൻ്റേതാണ് ."
"എങ്കിൽ സ്വർണം പണയം വയ്ക്കുന്നതുപോലെ പാലിനെ ബാങ്കിൽ പണയം വയ്ക്കാമല്ലോ."
"അതിനു സ്വർണം വേർതിരിച്ചെടുക്കണം."
"അതെങ്ങനെ എടുക്കും?"
"അത്രയൊന്നും എനിക്കറിഞ്ഞൂടാ. ഞാനീ പറയുന്നത് മാത്രം നീ എഴുതിയെടുക്ക്."
കുട്ടി എന്തോ കുത്തിക്കുറിച്ചു. മാതാശ്രീ അടുത്ത സംഭാവനയിലേക്ക് കടന്നു.
"പശു നമുക്ക് ഔഷധം പ്രദാനം ചെയ്യുന്നു ."
"എന്തു മരുന്നാണമ്മാ പശു തരുന്നത്?"
"ഗോമൂത്രവും ചാണകവും നല്ല മരുന്നാണ്. "
"അയ്യേ - "
"നീ എഴുതുന്നില്ലേ?"
കുട്ടി മനസ്സില്ലാമനസ്സോടെ ആ സംഭാവനയും ബുക്കിൽ രേഖപ്പെടുത്തി.
മാതാശ്രീ ഒടുവിൽ പണ്ടേ പഠിപ്പിച്ചു വരുന്ന സംഭാവനയിലേക്ക് കടന്നു.
"പശു നമുക്ക് പാലും മാംസവും തരുന്നു ."
"തരുന്നു തരുന്നു എന്നുപറയുന്നത് തെറ്റല്ലേ ?ഞാൻ നമ്മുടെ പശുവിൻറെ അടുത്തുപോയി നിൽക്കുമ്പം ഇത് രണ്ടും എനിക്ക് തരുന്നില്ലല്ലോ ."
"പശു എടുത്തു തരില്ല .പാല് നമ്മൾ കറന്ന് എടുക്കണം."
"പശു പാൽ ചുരത്തുന്നത് അതിൻറെ കുട്ടിക്ക് കുടിക്കാൻ ആണെന്ന് അച്ഛൻ പറഞ്ഞല്ലോ."
"അതെ.ബാക്കി നമുക്ക് എടുക്കാമല്ലോ."
"ബാക്കിയല്ല. കുട്ടിയെ കുടിക്കാൻ സമ്മതിക്കാതെ പിടിച്ചുമാറ്റിയിട്ടാണ് കറവക്കാരൻ കറക്കുന്നത് .അത് പശുവിനും കുട്ടിക്കും ദേഷ്യമാവില്ലേ?"
"അങ്ങനെ കുട്ടി മുഴുവൻ കുടിച്ചാൽ നമുക്ക് പാല് കിട്ടുമോ?"
"അത് ശരിയാ. പക്ഷേ പശു പാൽ തരുന്നതല്ലല്ലോ. നമ്മൾ പിടിച്ചു വാങ്ങുന്നതല്ലേ ?"
"എല്ലാത്തിനും തർക്കുത്തരമാണല്ലോ. ഈ ശീലം നിനക്ക് എവിടുന്ന് കിട്ടി ?"
"സയൻസ് സാർ പറഞ്ഞതാണ്. എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കണമെന്ന് ."
"സംശയം ചോദിച്ചു കൊണ്ടിരുന്നാ മാർക്ക് കിട്ടൂല. ഞാൻ പറയുന്ന ഉത്തരം എഴുതിയാലേ ക്വിസിനു മാർക്ക് കിട്ടൂ "
"സംശയം തീർത്തിട്ട് ഉത്തരമെഴുതാമമ്മേ."
പശു മാംസം തരുന്നത് എങ്ങനെയാണ്? എന്ന അടുത്ത സംശയം അവൻ ചോദിക്കുന്നതിനു മുമ്പ് അമ്മ പശു വിജ്ഞാനത്തിൻ്റെ തൊഴുത്ത് അടച്ചു. കുട്ടി ഇപ്പോൾ ആലോചിക്കുന്നത് ക്വിസ് പ്രോഗ്രാമിൻറെ പേരായ ഗോ - വിജ്ഞാൻ - ഗോ യുടെ അർത്ഥമാണ്. ഗോവിജ്ഞാനം എന്നാണോ? അതോ വിജ്ഞാനം പോയി തുലയട്ടെ എന്നാണോ?