മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Satheesh Kumar)

 

ഒരു ശനിയാഴ്ച ദിവസം. പഠനം ഏഴാം ക്ലാസിൽ. ഇന്നത്തെപോലെ എക്സ്ട്രാ ക്ലാസ്സുകൾ ഒന്നും ഇല്ലാത്തതു കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വിപ്ലവകരമായ കുരുത്തക്കേടുകൾ ആലോചിച്ചുകൊണ്ട് മുറ്റത്തുകൂടി തേരാപാരാ നടന്നു.


എബി പോളും കൂടെ രാജേഷും സംഘം ചേർന്ന് കണ്ടത്തിലും തോട്ടിലും ഇന്ന് ചാടാൻ പോകും എന്ന് ഓർത്ത്, എങ്ങനെ തോർത്ത്‌ അടിച്ചു മാറ്റി പതിയെ ഇവിടെ നിന്ന് തലയൂരണം എന്ന ചിന്തയുമായി കട്ടിളയിൽ ചാരിനിന്നു ആലോചന തുടങ്ങിയതേ അമ്മയുടെ വിളി വന്നു.

"എടാ... നീയാ തെക്കേ ചെരുവിൽ നിക്കുന്ന ആടിനേം കുഞ്ഞുങ്ങളേം കൂടെ താഴത്തെ തൊടിയിലേക്ക് ഒന്ന് മാറ്റിക്കെട്ട്. റബറേൽ കെട്ടിയാൽ അതിന്റെ തൊലിപോകും, അതുകൊണ്ടു ആ കയ്യാലേൽ ചാരിവെച്ചേക്കുന്ന കുറ്റിയും കൂടെ എടുത്തോ കെട്ടിയിടാനായി. അവിടെ കുറച്ചു തൊട്ടാവാടി നിൽപ്പുണ്ട്, അതും തിന്നോളും പിന്നെയാ കൂഴപ്ലാവിന്റെ പഴുത്ത ഇല ഈർക്കിലിൽ കോർത്ത് കൊടുത്താ അതും തിന്നോളും. നീ അവിടെ നിന്ന് അതുങ്ങളെ തീറ്റിച്ചിട്ടേ വരാവൂ... വല്ല മരപ്പട്ടിയോ നായയോ വന്ന് ആട്ടിൻകുട്ടികളെ പിടിക്കാതെ നോക്കണം, രണ്ടു ദിവസമേ ആയിട്ടുള്ളൂ കുട്ടികൾ ആയിട്ട് .."

എട്ടിന്റെ പണി ആണ് കിട്ടിയേക്കുന്നത്. കണ്ടത്തിൽ ചാട്ടം വെള്ളത്തിൽ വരച്ച വര പോലെ ആയി. തെക്കേൽ ചെരുവ് നമ്മുടെ പേടി സ്വപ്നം ആണ്. അവിടെ നിന്നാൽ വീട് കാണാൻ പറ്റില്ല, വിളിച്ചാലും കേക്കില്ല. പോരാത്തതിന് കടച്ചക്ക കാടും പൊത്തും കുഴിയും പള്ളയും ഒക്കെ ഉള്ളതുകൊണ്ട് അവിടെ ഇല്ലാത്ത ജീവികൾ ഒന്നും ഇല്ല. മനസ്സിൽ ഭീതി കോരി ഇടുന്ന പള്ളിപ്പാക്കാൻ, കുറുനരി, നായ, മരപ്പട്ടി തുടങ്ങി നാടൻ വില്ലന്മാർക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത സ്ഥലം ആണ്.

കഴിഞ്ഞ വർഷം തെക്കേ ചെരുവിൽ മാങ്ങ പെറുക്കാൻ പോയ എന്നെ, പെറ്റുകിടന്ന ഒരു പട്ടി ഒരു മാരത്തോൺ ഓട്ടം ഓടിച്ചു. തലനാരിഴ വ്യത്യാസത്തിലാ അന്ന് ചന്തിയിൽ കടി കിട്ടാതെ രക്ഷപെട്ടത്. അങ്ങനെ ഉള്ള സ്ഥലത്തേക്കാണ് ടെമ്പററി ഡ്യൂട്ടി കിട്ടിയിരിക്കുന്നത്.

ഇനി പേടിയാണെന്ന് പറഞ്ഞാൽ, പിന്നെ നീയൊക്കെ എന്തിനാ ആണാണെന്നു പറഞ്ഞു നടക്കുന്നത് എന്ന് ചോദിച്ചു ചേച്ചിമാർ കളിയാക്കും. അവസാനം മനസില്ലാമനസോടെ നെഞ്ചിൽ തീയും കോരിയിട്ടുകൊണ്ട് ആടിനെയും അഴിച്ചു ഞാൻ യാത്രയായി.

അവിടെത്തി തള്ളയാടിനെ തൊട്ടാവാടി കാടിന്റെ നടുക്ക് കുറ്റി അടിച്ചു കെട്ടിയിട്ടു.
തെളിച്ചിട്ടിരുന്ന ആഞ്ഞിലിയുടെ ചുവട്ടിൽ ആട്ടിൻകുട്ടികളുടെ ചാട്ടം അതിശയത്തോടെ കണ്ടുകൊണ്ട് ഇരുന്നു .

വെറുതെ നിന്ന നിൽപ്പിൽ മുകളിലോട്ടു പൊങ്ങും, സ്പ്രിങ്ങു കാലിന്റടിയിൽ പിടിപ്പിച്ച പോലെ. ഉണ്ടായിട്ടു രണ്ടു ദിവസം കഴിയുമ്പോഴേക്കും ആട്ടിൻകുട്ടികൾ ഇതുപോലെ ചാടും. നാലുമാസം മുമ്പുണ്ടായ കുഞ്ഞമ്മേടെ മോൻ ഇന്നലെ കമിഴ്ന്നു തുടങ്ങി എന്ന് പറഞ്ഞു എന്തൊരു ബഹളം ആയിരുന്നു! ഇനി അവനൊന്നു എണീറ്റ് നടക്കണമെങ്കിൽ എത്രനാൾ കഴിയണം.

ഇവിടെ ഉണ്ടായിട്ടു വെറും രണ്ടു ദിവസം കഴിഞ്ഞ ആട്ടിൻകുട്ടി ചുമ്മാ സ്പ്രിങ്ങുപോലെ ചാടുന്നു.
വെറുതെ ഇരുന്നാൽ ഉള്ള ചെകുത്താന്റെയും പാമ്പിന്റെയും പട്ടിയുടെയും ചിന്ത തന്നെ മനസ്സിൽ വരും.
കൊച്ചു പിച്ചാത്തി എടുത്തിരുന്നേൽ വാഴക്കൈ വെട്ടി പട പടാ ഒച്ചയുണ്ടാക്കുന്ന സുനാ ഉണ്ടക്കാമായിരുന്നു, കത്തിയുടെ ഒരു ധൈര്യവും കിട്ടിയേനെ, ഇരുമ്പ് സാധനങ്ങൾ കയ്യിൽ ഉണ്ടെങ്കിൽ പ്രേതവും പിശാചും ഒക്കെ നമ്മളെ ആക്രമിക്കാൻ പദ്ധതി ഇട്ട് രണ്ടാമത് ഒന്ന് ആലോചിക്കും, എന്നാണ് പ്രേത കഥ സ്‌പെഷ്യലിസ്റ്റ് കിണറ്റും കര ജോർജ് അച്ഛൻ പറഞ്ഞിരിക്കുന്നത്.

ഒച്ച കേട്ടു ജന്തുക്കൾ ഒക്കെ മാറി പോകുകയും ചെയ്തേനെ. ഇനി എന്നാ പിന്നെ വല്ല മരത്തേലും കയറാം.
അതാ നിക്കുന്നു നമ്മുടെ കുഞ്ഞാഞ്ഞിലി. ആടേ നീ വേണേൽ നിന്റെ പിള്ളേരെ നോക്കിക്കോ, ഞാൻ ആഞ്ഞിലിയിൽ കേറാൻ പോവ്വാ എന്നും പറഞ്ഞു ഞാൻ പറമ്പിന്റെ കൊണേലുള്ള ആഞ്ഞിലിയെ ലക്ഷ്യമാക്കി നടന്നു.

ചെറിയ ആഞ്ഞിലിയാണേലും നിറച്ചു കായ്ച്ചിട്ടുണ്ട്. പാകമായതും പച്ചയും പഴുത്തതും ആയ ആഞ്ഞിലിക്കാ ഉണ്ട്. പതുക്കെ ആഞ്ഞിലിയിൽ ൽ കയറി. നല്ല രണ്ടു ആഞ്ഞിലിക്കാ പറിച്ചു കൊമ്പിൽ ചാരിയിരുന്നു പതുക്കെ തീറ്റ തുടങ്ങി. കുരു അതിന്റെ കൂഞ്ഞിൽ തന്നെ വെച്ച് പഴം വലിച്ചെടുത്തു തിന്നുന്ന അതിനൂതന സാങ്കേതിക വിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോളാണ് അപ്പുറത്തെ പറമ്പിൽ നിന്നും കരിയിലയനങ്ങുന്ന ഒച്ചകേട്ടത്. പട്ടി,പാമ്പ്, ചെകുത്താൻ, യക്ഷി, പോത്തിൻകാല് അങ്ങനെ ഭയപ്പെടുത്തുന്ന ഒത്തിരി ചിന്തകൾ നിമിഷങ്ങൾക്കുള്ളിൽ പൊങ്ങിവന്നു.

നനുത്തപൂടകൾ എല്ലാം ശടേന്ന് പൊങ്ങിക്കഴിഞ്ഞു. ചെറിയ പേടിയോടെ ആഞ്ഞിലിയുടെ കമ്പിൽ മുറുക്കിപിടിച്ചു തിരിഞ്ഞു നോക്കി. പൊന്തക്കാട്ടിൽ എന്തോ ഒരു അനക്കം . എന്റെ നെഞ്ചിലൂടെ ഒരു ജയന്തി ജനത പാഞ്ഞു. പേടിച്ചു ഇപ്പോൾ മൂത്രം ഒഴിക്കും എന്ന അവസ്ഥ ആയി ഞാൻ. കരിയിലകൾ അനങ്ങുമ്പോൾ ഉള്ള പേടിപ്പെടുത്തുന്ന ശബ്ദം കൂടാതെ പൊന്തക്കാട്ടിലെ കൊട്ടക്ക ചെടികൾ അനങ്ങുന്നു. എന്റെ കാലുകൾ അനങ്ങുന്നില്ല. തൊണ്ട വറ്റി വരണ്ടു. പെട്ടന്നതാ കരിയിലകൾക്ക് ഇടയിലൂടെ എന്തോ, വാണം കത്തിച്ചു വിട്ടപോലെ വരുന്നു. ഞാൻ മരക്കൊമ്പിൽ അള്ളിപ്പിടിച്ചു ഇരുന്ന് ഭീതിയോടെ നോക്കി. രണ്ടു സ്വയമ്പൻ കീരികൾ. കരിയിലകൾ ഇളക്കി മറിച്ചു കൊണ്ട് ലക്കും ലഗാനും ഇല്ലാതെ പായുന്ന അതി ഭീകരമായ രംഗം ആണ് ഞാൻ ശ്വാസം കിട്ടാതെ ഇരുന്നു കാണുന്നത്.

എന്റെ ഭീകരജീവി കളുടെ ലിസ്റ്റിൽ മികച്ച സ്ഥാനം കയ്യാളുന്ന കീരികൾ കുറച്ചൊന്നുമല്ല എന്നെ പേടിപ്പിച്ചേക്കുന്നത്. കുടുംബ വഴക്കാണെന്ന് തോന്നുന്നു, മുൻപിൽ പായുന്നത് കെട്ടിയോൻ ആകും ഭാര്യ ആയിരിക്കും കൊലവിളിയുമായി പിറകെ. അവസാനം പാഞ്ഞു പറിച്ചു വന്ന് ആഞ്ഞിലി മരത്തിന്റെ ചുവട്ടിലായി രണ്ടും മരം ചുറ്റി പ്രേമം. എടുത്തു താഴെ ചാടണോ അതോ വേണ്ടയോ എന്ന നിലയിൽ ഞാൻ പേടിച്ചരണ്ടിരിന്നു.

ഞങ്ങൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല എന്ന രീതിയിൽ തള്ളയാടും പിള്ളേരും എന്നെ ഗൗനിക്കുന്നെ ഇല്ല. ദുഷ്ട്ട.

കീരികൾ ആഞ്ഞിലി മരത്തിന്റെ മുകളിലേക്ക് കയറാൻ ശ്രെമിക്കുമോ എന്ന ശങ്കയിൽ പേടിച്ചരണ്ട് ഇരിക്കുന്ന എന്നെ ഭയപ്പെടുത്തിക്കൊണ്ട് ഒരുത്തൻ മുകളിലേക്ക് ഒന്ന് കുതിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടും കൽപ്പിച്ചു "എന്റെ ഭഗവതീ " എന്ന് അലറിക്കൊണ്ട് ഞാൻ താഴോട്ട് ചാടി. പക്ഷേ പണി പാളി. ആഞ്ഞിലിയെ പൊതിഞ്ഞു നിൽക്കുന്ന കുരുമുളക് വള്ളിയിൽ കുരുങ്ങി അറഞ്ഞു തല്ലി ഞാൻ നടുവും കുത്തി താഴെ വീണു. കണ്ണിൽ കൂടെ മണിയൻ ഈച്ച പറന്നു.

എന്റെ വീഴ്ചയിൽ ഭയന്നുപോയ കീരികൾ കോംപ്രമൈസ് ആയി എങ്ങോട്ടാ ഓടി രക്ഷപെട്ടു.
ഇതുവരെ കട്ടക്ക് പിടിച്ചു നിന്ന തള്ളയാടിന്റെ കോണ്സെന്ട്രേഷൻ പോയി. എന്റെ വീഴ്ചയുടെ ഭീകരമായ ശബ്ദത്തിൽ പേടിച്ചു വിറച്ചു മൂത്രം വരെ ഒഴിച്ച തള്ളയാട് കുറ്റിയും പിഴുതു കൊണ്ട് കാലിൽ സ്പ്രിങ് പിടിപ്പിച്ച പിള്ളാരെയും വിളിച്ചു കൊണ്ട് അലറി വിളിച്ചുകൊണ്ട് നേത്രാവതിയുടെ സ്പീഡിൽ വീട്ടിലേക്ക് പാഞ്ഞു.
ബഹളം കേട്ട് കൊണ്ട് അമ്മയും ചേച്ചിയും ഓടി വന്നു.. "അയ്യോ എന്റെ മോനെ" എന്ന് അലറിക്കൊണ്ട് അമ്മ എന്നെ എഴുന്നേൽപ്പിച്ചു.

"ബാല വേലക്ക് എന്നെ വിട്ടതും പോര എന്നിട്ട് കരയുന്നോ " ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും അപ്പുറത്തെ കേശവൻ ചേട്ടനും രാധ ചേച്ചിയും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു തെളിവ് എടുപ്പും നടത്തി.
എല്ലാവരും കൂടെ എന്നെ താങ്ങിക്കൊണ്ട് വീട്ടിൽ എത്തിച്ചു.

അമ്മ എന്നെ കട്ടിളപ്പടിയിൽ ഇരുത്തി കൊട്ടൻചുക്കാദി തൈലം ദേഹമാസകലം തേച്ചു തരുകയാണ്. ദേഹം മൊത്തം വേദനയും നീറ്റലും. രാധ ചേച്ചി താടിക്ക് കൈയും കൊടുത്ത് എന്നെ തന്നെ നോക്കി നിൽക്കുന്നു.
അപ്പോൾ എന്റെ മുന്നിൽ സ്പ്രിങ് പിടിപ്പിച്ച കാലുമായി തുള്ളിക്കളിക്കുന്നുണ്ടായിരുന്നു ആട്ടിൻ കുട്ടികൾ...
തൊഴുത്തിൽ അതാ തള്ളയാട് എന്നെ തന്നെ നോക്കി നിൽക്കുന്നു "പേടിച്ചുതൂറൻ " എന്ന് തള്ളയാട് എന്നെ വിളിക്കുന്നതായി എനിക്ക് തോന്നി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ