ദുഃഖശനിക്ക് പള്ളിയിൽ പോകാമെന്ന് കരുതി ഒപ്പമുള്ള കൂട്ടുകാരേം കൂട്ടി പള്ളിയിലേക്കു നടന്നു. പള്ളിയിൽ പ്രാർഥന ഉയർന്നു പൊങ്ങി. കൂടെ എന്റെ ഒരു വളിയും. ഭാഗ്യം ആരും കേട്ടില്ല.!! വയറിനു എന്തോ
പണി കിട്ടിയെന്നു തോന്നുന്നു. കടലോര പള്ളിയാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ പതുക്കെ പള്ളിയുടെ പുറകിൽ ചെന്നു കപ്യാരോട് കാര്യം ഉണർത്തിച്ചു. വൈദിക വിദ്യാർഥി ആയതുകൊണ്ടാവണം എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു...
"അയ്യോ നമ്മുടെ പള്ളിക്ക് കക്കൂസ് ഇല്ല. വിരോധമില്ലെങ്കിൽ ആ കാണുന്ന പൊളിഞ്ഞ കെട്ടിടത്തിന് പുറകിലേക്ക് പൊക്കോള്ളൂ. !
ആവശ്യം എന്റെ ആയതു കൊണ്ട് മറുത്തൊന്നും പറയാതെ ഒരു ബക്കറ്റ് വെള്ളവുമായി അങ്ങോട്ട് നടന്നു. ആരും ഇല്ലെന്നു ഉറപ്പ് വരുത്തി കുത്തിയിരുന്ന് മുകളിലേക്ക് നോക്കി. പള്ളിമണിയുടെ പുറകിൽ ഇരുന്നു കർത്താവ് ഒളിഞ്ഞു നോക്കുന്നു. ഞാൻ തിരിഞ്ഞിരുന്നു...
എല്ലാം പൂർത്തി ആയി..!!
എല്ലാം കഴുകി വൃത്തി ആക്കി മുന്നോട്ടു നടന്നു...
പള്ളിക്ക് വെളിയിൽ വലിയ ആൾക്കൂട്ടം.. എന്തെന്ന് അറിയാൻ നുഴഞ്ഞു കേറി കൂട്ടുകാരനോട് കാര്യം അന്വേഷിച്ചു.
"ദൈവജനത്തിന് വെഞ്ചിരിച്ചു വെച്ചിരുന്ന ഒരു ബക്കറ്റ് വെള്ളം കാണാനില്ല..!"
ഒന്നും പറയാനാവാതെ ഞാൻ ചന്തിയിൽ കൈവെച്ചു പോയി. മുന്നോട്ടു നടന്നു നീങ്ങവേ ആരോ പിന്നിൽ നിന്നു വിളിച്ചോ എന്ന് തോന്നി തിരിഞ്ഞ് നോക്കി...
കാലിയായ ഒരു മഞ്ഞ ബക്കറ്റ് എന്നെ നോക്കി ചിരിച്ചു...!!