mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുഴിയാണ് വിഷയം. ഒരു സ്ഥാപനം നൽകിയ പരസ്യവാചകമാണ് ചർച്ചക്ക് തുടക്കമിട്ടത്.  "റോഡിൽ കുഴിയുണ്ട്. ശ്രദ്ധയോടെ വരിക"  ഈ വാചകത്തിൽ പിടിച്ച് ഭരണകക്ഷിയും പ്രതിപക്ഷവും ജനപ്രതിനിധികളും കൊമ്പുകോർത്തു. തുടർന്ന് മാധ്യമങ്ങളിലും കുഴിച്ചർച്ച പൊടിപൊടിച്ചു.

അങ്ങനെ കുഴിയുടെ പ്രാധാന്യം വർദ്ധിച്ചു വരുന്ന ഈ സന്ദർഭത്തിൽ കുഴിയെ കുറിച്ച് കൂടുതൽ അറിയണമെന്ന് ഈ ലേഖകനു തോന്നിയത് സ്വാഭാവികം.  അതിനായി മുൻ ആസ്ഥാന കുഴികാര്യ വിദഗ്ധനും ഇപ്പോൾ അസ്ഥാന വിദഗ്ധനുമായ ശ്രീമാൻ പൊട്ടക്കുഴിയെ നേരിൽ കണ്ട് സംശയങ്ങൾ ആരാഞ്ഞു. അദ്ദേഹം,കുഴിവിജ്ഞാനം വേണ്ടുവോളം വിളമ്പിത്തരുകയും ചെയ്തു.

"കുഴി എന്നത് ഒരു പുതിയ കാര്യമല്ല. ഉൽപത്തി മുതൽ പ്രപഞ്ചത്തിൽ ഗർത്തങ്ങൾ കാണാൻ കഴിയും. ഗർത്തങ്ങൾ കേട്ടിട്ടില്ലേ?"   

"ഉണ്ട്.തമോഗർത്തം,അതെന്താണ്?"

 "അത് - സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത്ത് കാണുന്ന ഗർത്തമാണ്. അവിടെ അപകട സാദ്ധ്യത ഇരട്ടിയാണ്. അറ്റകുറ്റപ്പണി ചെയ്യുമ്പോൾ ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കുന്നതു പോലെ അടച്ചു പോകുന്ന കുഴികളെയും തമോഗർത്തങ്ങൾ എന്നു വിളിക്കാം…തറയിൽ മാത്രമല്ല അന്തരീക്ഷത്തിലും കുഴികളുണ്ട്. എയർഗട്ടർ എന്നു കേട്ടിട്ടില്ലേ?"

"അന്തരീക്ഷത്തിലെ കുഴികൾ എങ്ങനെയാണ് അടയ്ക്കുന്നത്?" 

"വ്യോമയാനമന്ത്രിയുടെ പ്രസ്താവന കേട്ടില്ലേ? അദ്ദേഹം പറഞ്ഞത് - വ്യോമപാതയിൽ കുഴികൾ ഉണ്ട് എന്നത്  നിഷേധിക്കുന്നില്ല. പക്ഷേ കഴിഞ്ഞ സർക്കാരിൻറെ കാലത്തെ കുഴികളെക്കാൾ കുറവാണ് ഇപ്പോഴത്തെ കുഴികൾ. അവ അടയ്ക്കുന്നതിന് റണ്ണിംഗ് കോൺട്രാക്ട് നൽകുന്നതാണ്. മാത്രമല്ല പൈലറ്റ് ആകാൻ ലൈസൻസ് നൽകുമ്പോൾ H എടുക്കാൻ അറിയാമോ എന്ന് രണ്ടുവട്ടം പരിശോധിച്ചതിനു ശേഷമേ ലൈസൻസ് നൽകാവൂ എന്ന് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു - എന്നൊക്കെയാണ്.."

"അത് നന്നായി.കുഴിയുള്ള റോഡുകളിലുംവാഹനം ഓടിക്കണമെങ്കിൽ 8എടുക്കാനും H എടുക്കാനും Xഎടുക്കാനും പഠിച്ചാലേ പറ്റൂ."

"അതായത് ഈ ലോകത്ത് വഴിയിലെ കുഴിയും കുഴിയിലെ വഴിയും ഉണ്ടെന്ന് നാം മനസ്സിലാക്കണം. മറ്റ് എല്ലാത്തിനെയും പോലെ കുഴികൾക്കും ഈ ലോകത്തിൽ നിലനിൽക്കാൻ അവകാശമുണ്ട്. കുഴിയിലെ വഴിയാണെങ്കിൽ അവിടെ കുഴികൾക്കാണ് പ്രാധാന്യം എന്നും നാം അറിഞ്ഞിരിക്കണം.  റോഡിൽ അടുത്തടുത്തായി ധാരാളം കുഴികൾ രൂപപ്പെടുമ്പോൾ അവിടെ കുഴികൾക്കാണ് ഭൂരിപക്ഷം. അപ്പോൾ അവർ ഭരിക്കും."

"കുഴികളെ കുഴികൾ ആയി കാണേണ്ടതില്ല, ഭൂമിയുടെ ഉയർച്ചതാഴ്ചകൾ ആയി മാത്രം കണ്ടാൽ മതി എന്നു പറയുന്നവരുണ്ടല്ലോ."  

"അവർ കണ്ണട വയ്ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്"

"കുഴിയിൽ ചാടിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?"

"ജീവിതത്തിൽ കുഴി എന്നത് തോൽവിയെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് റോഡിലെ കുഴികൾ തോൽവികൾ ആയി വ്യാഖ്യാനിക്കപ്പെടുന്നത്."

"ഒരു കുഴി രൂപപ്പെടുമ്പോൾ മറ്റൊന്ന് മൂടപ്പെടും എന്നു പറയുന്നത് ശരിയാണോ?" 

"റോഡിൽ കുഴി രൂപപ്പെടുകയും ഒപ്പം ഓട മൂടപ്പെടുകയും ചെയ്യുന്നതിനെയാണ് ഇങ്ങനെ പറയുന്നത്."

"കുഴിമടിയൻ എന്നാൽ എന്താണ്?"

"കുഴിയടയ്ക്കാൻ മടികാണിക്കുന്നവൻ എന്നാണർത്ഥം."

"മഴക്കുഴി?" 

"മഴവെള്ളം ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങാൻ സഹായിക്കുന്ന റോഡിലെ കുഴികൾ"

"വാരിക്കുഴി എന്നാൽ?" 

"എന്തും വാരി കുഴിയിൽ ഇടുന്നവൻ" 

"കുഴിയുടെ വിപരീതപദം?"

"കുഴിയുടെ വിപരീത പദം കൂന എന്ന് തെറ്റായി പറയുന്നവരുണ്ട്. കുഴിയുടെ ശരിയായ വിപരീതം വഴി എന്നാണ് "

"അപ്പോൾ ശവക്കുഴിയോ?" 

"കുഴിയിൽ വീണ് ശവം ആകുന്നവൻ"

"അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ എന്നൊരു ചോദ്യമുണ്ടല്ലോ?"

"അത് - റോഡിലെ കുഴിയുടെ എണ്ണം എടുക്കാൻ വന്ന ഉദ്യോഗസ്ഥനോട് 

കോൺട്രാക്ടർ ചോദിച്ചതാണ്"

"റോഡിൽ യാത്രക്കാർക്കായി ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കേണ്ടതല്ലേ?"

"വേണം. -ശ്രദ്ധിക്കുക ,കുഴിയിലേക്ക് കാലു നീട്ടരുത്. മാവേലിക്ക് 4 മണിക്കൂർ കൊണ്ട് എത്തിച്ചേരാനുള്ള K - പാതാളത്തിൻ്റെ പണി നടക്കുകയാണ് - എന്നൊക്കെ എഴുതി വയ്ക്കേണ്ടതാണ്." 

"കുഴിനഖം എന്താണ്?"

"കുഴികളെ പല്ലും നഖവും കൊണ്ട് എതിർത്തവർ പിന്നീട് ഭരണത്തിലേറുമ്പോൾ അവരെ ബാധിക്കുന്ന ഒരസുഖം."

"കുഴിമാടം ?"

"റോഡിലെ കുഴിയടയ്ക്കാൻ ഉത്തരവാദപ്പെട്ട മേഡം കൃത്യവിലോപം നടത്തുമ്പോൾ ജനം വിളിക്കുന്നത്." 

"അന്തർദേശീയ കുഴി, ദേശീയ കുഴി, പ്രാദേശിക കുഴി ,എന്നിങ്ങനെ കുഴികളെ വേർതിരിക്കുന്നതിൽ കാര്യമുണ്ടോ?"

"ഉണ്ട്. അന്തർദേശീയക്കുഴിയിൽ ഫലവൃക്ഷങ്ങളും ദേശീയ കുഴിയിൽ വാഴയും പ്രാദേശിക കുഴിയിൽ ചേന, ചേമ്പുകളും നട്ടുപിടിപ്പിക്കാം."

"കുഴി ആപ്പ് എന്താണ്?"

"കുഴികളെ പ്രോൽസാഹിപ്പിക്കാനുള്ള ഒരു ആപ്പാണിത്. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഏറ്റവും കൂടുതൽ കുഴികൾ റിപ്പോർട്ട് ചെയ്യുന്ന ആൾക്ക് പ്രോത്സാഹന സമ്മാനവും നൽകും. ബില്ലെഴുതുമ്പോൾ ഈ റിപ്പോർട്ട് നോക്കി ഓഫീസിലിരുന്നു തന്നെ കുഴികൾ അടയ്ക്കാം എന്നത് ഈ ആപ്പിൻ്റെ ഒരു മേന്മയായി കണക്കാക്കാം. ഏറ്റവും കൂടുതൽ കുഴികളുള്ള ആപ്പ് എന്ന നിലയിൽ ഈ ആപ്പ് ഗിന്നസ് ബുക്കിലേക്ക്പരിഗണിക്കുന്നുണ്ട് എന്നും കേൾക്കുന്നു."

"കുഴി ഓഡിറ്റ് - ?"

"അത് ഒരു കണക്കെടുപ്പാണ്. റോഡിലെ തെങ്ങിൻ കുഴി, വാഴക്കുഴി ,ചേമ്പിൻ കുഴി, ചേനക്കുഴി, മഴക്കുഴി മാലിന്യക്കുഴി. വളക്കുഴി തുടങ്ങിയവയുടെ കൃത്യമായ എണ്ണം ഓരോ വർഷവും കണ്ടുപിടിക്കും. ഒരു കുഴി അടയ്ക്കുകയാണെങ്കിൽ അതിനു പകരംമറ്റൊന്ന് പുതുതായി റെഡിയായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തും. ഓരോ കുഴിയിലും എത്ര അപകടം സംഭവിച്ചു? എത്ര മരണം സംഭവിച്ചു ?ആ കുഴി എത്ര തവണ  അടച്ചു? 

"താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും, കുഴിയിൽ വീണവനെ കല്ലെറിയരുത് ,ഇങ്ങനെ ചില ചൊല്ലുകൾ ഉണ്ടല്ലോ - " 

"അത് പഴയ ചൊല്ലുകൾ. ഇപ്പോഴത്തെ ചൊല്ല് അതല്ല. താൻ അടയ്ക്കാത്ത കുഴിയിൽ താനും മറ്റുള്ളവരും വീഴും. കുഴിയിൽ വീണവൻറെ ലൈസൻസ് ചോദിക്കരുത്, എന്നിങ്ങനെയാണ്" 

"കുഴിയാന - കുഴിയിൽ ജീവിക്കുന്ന ഒരു ജീവിയല്ലേ?" 

"റോഡിലെ കുഴിയിലൂടെ ജീവിക്കുന്ന വെള്ളാനകളെയും അങ്ങനെ പറയാം."

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ