mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇന്ന് നിന്നെ പിടിക്കും. നീയീ എലിപ്പത്താഴത്തിൽ വീഴും! മാസംകുറേയായേ, ശല്യം തുടങ്ങീട്ട്. ഇവനൊരാളെങ്കിലും നൂറെലികളേപ്പോലെ, ഓടീം ചാടീം കടിച്ചും മുറിച്ചും കരഞ്ഞും  ചിരിച്ചും എന്നെ ഉറക്കാതിരിക്കാനുള്ള വൈരാഗ്യ വികൃതികളൊക്കെ ഈ മൂഷിക ഭീകരൻ കാണിക്കും.

പഹയന് പേടീന്ന് പറയണതൊട്ടുമില്ല. ഞാനുറക്കമിളച്ച്, മൊബൈലുകുത്തി, കഥയെഴുതുമ്പോൾ, അവനൊരു കസർത്തുണ്ട്. എന്റെ കാലിന്റെ ഇടയിലൂടെ ഓടി ടെലിവിഷൻ കേബിളിൽ കയറി എന്നേ നോക്കി കൊഞ്ഞനം കുത്തും.  ഞാനൊന്നെഴുന്നേറ്റാൽ  ദൈവത്തിന്റെ, ഭിത്തിയേൽ വെച്ചിരിക്കുന്ന ഫോട്ടോയുടെ ഇടയിലേക്കൊരു ചാട്ടം. എലിയാണേലും ബുദ്ധിയുണ്ടേ, അവനറിയാം ഭഗവാനേ പറിച്ച് നിലത്തിട്ടിട്ട് എലിയെ പിടിക്കില്ലെന്ന്. ഇതെത്ര നാളാ സഹിക്യ?

വിഷം വെച്ചാ തിന്നില്ല, കെണിവെച്ചാ വീഴില്ല. ഓടിച്ചാൽ ജയിക്കില്ല. അങ്ങനെ ഇരിക്കുമ്പോളാ, മകനൊരു എലിയെ പിടിക്കുന്ന ബോർഡും വാങ്ങിവരുന്നത്. 

അത് കണ്ടാ നമ്മുടെ ചെസ് ബോർഡ്  പോലീരിക്കും. തുറന്നാൽ, അകത്ത് ചക്ക മുളഞ്ഞ് പോലുള്ള പശയാ. എലി തൊട്ടാ കാലെടുക്കാൻ പറ്റില്ല, കുടുങ്ങിയതു തന്നെ! 

ഞാനാ ബോർഡു വിടർത്തി, അവന്റെ സിൽവർ ലൈനിലങ്ങു വെച്ചു. രാത്രി കാലങ്ങളിൽ തെക്കുന്നു വടക്കോട്ട് ബുള്ളറ്റ് ട്രെയിൻ പോലെ ഓടുമ്പോൾ പശയിൽ കുടുങ്ങിയതു തന്നെ! 

ഞാൻ, ഡിം ലൈറ്റിട്ട് ശത്രുവിന്റെ വീഴ്ച നോക്കി ഇരുന്നു. എന്നത്തേയും പോലെ ഇരുന്നൂറ്റിയറുപതു കിലോമീറ്റർ, പ്രതി മണിക്കൂർ വേഗത്തിൽ വന്ന അവൻ, ബോർഡിന്റെ അരികത്തു വന്ന്, സഡൻ ബ്രേക്കിട്ടപോലെ നിന്നു. എന്നെ ഒരു നോട്ടം. 

"എടാ മണ്ടാ, ഈ കളി എന്റെ അടുത്തു വേണ്ട. നീയിതു വെക്കുമെന്നറിഞ്ഞിട്ടുതന്നെയാ ഇവിടെ കേറിവന്നത്" എന്നിട്ട് തെറിവീളിക്കണ മാതിരി കുറേ ഒച്ച കോൾപ്പിച്ചു. അതു മാറിക്കടന്ന് അവൻ പാട്ടിനു പോയി.  

അടുത്ത ദിവസം വഴിയിൽ എലിപ്പെട്ടി വെച്ചു. അവൻ തട്ടിയെടുക്കാറുള്ള  രുചിയേറിയ തീറ്റികൾ പെട്ടിയിലിട്ടു. അവൻ വീണില്ല.

ഇനി രാഷ്ട്ര പിതാവിന്റെ മാർഗം. സഹന സമരം, സത്യാഗ്രഹം! ഞാൻ പച്ചക്കറി മേടിക്കൽ നിർത്തി. ബേക്കറി സാധനങ്ങൾ വാങ്ങാതായി. ഞാൻ വിശന്നാലും അവൻ വിശന്നു ചാകണേന്നു തന്നെ വിചാരിച്ചാ, സാധനം മേടിക്കൽ നിർത്തിയത്. അവൻ വിശന്ന് വെപ്രാളം പിടിച്ച് കരയുന്നതും ശപിക്കുന്നതും ഞാൻ കേൾക്കുന്നുണ്ട്.

അപ്പഴാ, അയൽക്കാരൻ ഒരു പടല പാളേംകോടൻ പഴം തരുന്നത്. എനിക്കും അവനും ഇഷ്ടപ്പെട്ട സാധനം. ഞാനൊരെണ്ണം ഇരിഞ്ഞ് കമ്പിയേൽ കോർത്ത് എലിപ്പെട്ടി വെച്ചു. വിശന്നു തുന്നംപാടിയിരിക്കുന്ന ഭീകരൻ ഒറ്റക്കുതിപ്പിന് പെട്ടിയീൽ കയറി പഴത്തേൽ കടിച്ചു. പെട്ടീടെ വാതിലടഞ്ഞു. ഭീകരൻ കുടുങ്ങി.  

അവനെ പെട്ടിയോടെ എടുത്ത് പുറത്തു വെച്ചു. രാത്രി മുഴുവൻ എന്നെ പുലഭ്യം പറയുന്നതു കേട്ടു. വിശപ്പാണ് ഏറ്റവും വലിയ ആയുധം. റഷ്യ ഉക്രൈൻ യുദ്ധം അവസിനിപ്പിച്ചതും ഭക്ഷണം കിട്ടാതെ വന്നതു കൊണ്ടാണ്. ഭീകരനും ശത്രുവുമാണെങ്കിലും അവനെ കൊല്ലാനെനിക്കു തോന്നിയില്ല. ഗണപതി ഭഗവാന്റെ വാഹനമല്ലേ? അഹിംസ പരമ ധർമമല്ലേ? (ഇന്ത്യൻ സെന്റിമെന്റ്സ്)

ഞാനവനേ പെട്ടിയോടെ എടുത്ത് അടുത്ത തോട്ടിലേക്കു പോയി. ദേഷ്യം തീരുന്നതുവരെ വെള്ളത്തിൽ മുക്കിപ്പിടിച്ചു. പിന്നെ ചാവുന്നതിനു മുമ്പ് വാതിൽ തുറന്നു. അവൻ മിസ്സൈൽ പോകുന്നതുപോലെ തോടിന്റെ മറുകരയിലേക്ക് നീന്തി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ