രഥചക്രങ്ങള്‍ ഉരുണ്ടു നീങ്ങുന്നതുപോലെയാണ് കാലം സഞ്ചരിക്കുന്നത്. അപ്പോള്‍ ഇന്ന് എന്നത് പതിയെ ഇന്നലെയും പിന്നീടത്‌ വളരെ നാളുകള്‍ക്കു മുന്‍പു നടന്നതെന്നും അതിനുശേഷമത് ചരിത്രവുമായി മാറുന്നു. 

ചരിത്രം എന്നുപറയുന്നത് ഒരാള്‍ നടന്ന വഴികള്‍ മാത്രമല്ല ഒപ്പം നടന്ന ഓരോ പേര്‍ക്കും ഓരോരോ ചരിത്രം രചിക്കാനുണ്ടാകും. ചരിത്രമല്ലെങ്കില്‍കൂടി നടന്ന വഴികളിലൂടെയുള്ള ഒരു തിരിഞ്ഞു നടത്തം മനസ്സിലെങ്കിലും കുറിച്ചിടാത്തവര്‍ ചുരുക്കമായിരിക്കും. സ്വന്തം നാടിനെ കുറിച്ചോ അതുമല്ലെങ്കില്‍ പഠനകാലത്തെ കുറിച്ചോ ഉള്ള ഓര്‍മ്മ മനസ്സിനകത്തെ മായാചെപ്പിനകത്ത് സൂക്ഷിച്ചുവയ്ക്കുകയും ചിലപ്പോഴൊക്കെ ഗൃഹാതുരത്വ സ്മരണകളായി അതിങ്ങനെ പതുക്കെപ്പതുക്കെ ഒരു മന്ദമാരുതനെപോലെ തലോടിയെത്തുകയും ചെയ്യും. ഓരോ ആളുകളും സഞ്ചരിക്കുന്നത് വ്യത്യസ്ത പാതകളിലൂടെയാണ് . ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ക്കും വ്യത്യാസമുണ്ട്. ഇവിടെ ഞാനെന്റെ മെതിയടികള്‍ തിരിച്ചുവയ്ക്കുന്നു പഴയകാല സ്മരണകളെ പുണരുവാന്‍.

എല്‍.കെ.ജി. യും യു. കെ.ജി യും വളര്‍ന്നു പന്തലിക്കാത്ത, സില്ക്കു കുപ്പായത്തിനുമീതെ ടൈയ്യും കോട്ടുമിട്ട്, ഷൂസും കെട്ടി മുറുക്കി, വലിയൊരു പുസ്തകസഞ്ചിയും വാട്ടര്‍ബോട്ടിലും മുതുകു വളയാന്‍ പാകത്തിലിട്ടു വഴിവക്കില്‍ തലങ്ങനെയും വിലങ്ങനെയും ഓടുന്ന സ്കൂള്‍ ബസ്സുകളുടെ വരവും പ്രതീക്ഷിച്ചിരിക്കുന്ന കാലത്തെയല്ല ഇവിടെ സൂചിപ്പിക്കുന്നത്. അക്ഷരവിദ്യയ്ക്ക് അകലെയുള്ള പാഠശാലയിലേയ്ക്ക് പാടവും തോടും കുന്നും കയറിയിറങ്ങി നടക്കേണ്ടിവന്നിരുന്ന ആ കാലത്തെ കുറിച്ചാണ് . വള്ളിട്രൗസറും, മല്ലുതുണികൊണ്ടു തയ്പിച്ച അരകയ്യന്‍ കുപ്പായവും ,കാലില്‍ മെതിയടിയും ഇടാതെ നടന്ന ആ കാലത്തെകുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. 

ഇടവപാതിയിലെ കോരിച്ചൊരിഞ്ഞ മഴയില്‍ സ്കൂള്‍ വിട്ടതും കുട സ്വന്തമായി ഇല്ലാത്തതുകൊണ്ട് പുസ്തകവും തലയ്ക്കു മീതെ പിടിച്ച് ഓടുകയാണ് ഞാന്‍. വീട്ടിലെത്തിയപ്പോഴേയ്ക്കും നനഞ്ഞു കുതിര്‍ന്ന വസ്ത്രത്തില്‍ ഒട്ടിചേര്‍ന്നിരിപ്പുണ്ട് പുസ്തകങ്ങള്‍, നനഞ്ഞ പുസ്തകങ്ങള്‍ ഉണങ്ങാനായി അകായിയിലെ പൊട്ടിപൊളിഞ്ഞ നിലത്ത് വിരിച്ചിട്ടു . ആകെ രണ്ടുട്രൗസറും മല്ലുകൊണ്ടു തയ്പിച്ച കുപ്പായവുമാണ് ഉണ്ടായിരുന്നത്. മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങാന്‍ താമസിക്കുന്നതുകൊണ്ട് പലപ്പോഴും പകുതിയുണങ്ങിയ വസ്ത്രത്തില്‍ തണുത്തിരിക്കാനായിരുന്നു യോഗം. രാത്രിയായപ്പോള്‍ തൊണ്ടയില്‍ ഒരു ചുമ മൂക്കില്‍ നിന്നും നീരൊലിക്കാനും തുടങ്ങി.അതു പിന്നെ പനിയിലേയ്ക്കെത്തി. അന്നൊക്കെ പനി പിടിച്ചാല്‍ ആശുപത്രിയിലേയ്ക്കൊന്നും പോകുകയില്ല. പനി കൂര്‍ക്കയും തുളസിയിലയും തിളപ്പിച്ചത് ഇടയ്ക്കിടെ കുടിയ്ക്കാന്‍ തരും തലവേദനയ്ക്കാണെങ്കില്‍ വിക്സ് പുരട്ടും , ചുമയ്ക്ക് ചുക്കും കുരുമുളകും തിപ്പലിയുമൊക്കെ പൊടിച്ച് അല്‍പ്പം മധുരത്തിന് കല്‍ക്കണ്ടവും ചേര്‍ത്ത് തരും.അതാണ് പതിവ് .

രണ്ടുമൂന്നു ദിവസം പനിച്ചു വിറച്ചു കിടന്നു. വല്ലാതെ പനിക്കുമ്പോള്‍ എന്തൊക്കെയോ മറിയുന്നതുപോലെതോന്നും .എന്തിനെന്നറിയാത്ത ഒരു പേടിയും .പനി ഭേദമായിട്ടേ ക്ളാസില്‍ പോകൂ.
ക്ളാസില്‍ പാഠഭാഗങ്ങളുടെ നോട്ടെഴുതിയെടുക്കാന്‍ ഇന്നത്തെപോലെ വിലകൂടിയ പേനകളുണ്ടായിരുന്നില്ല. വെറും റീഫില്‍ അതും ഓടയില്ലാത്ത റീഫില്‍. ചിലപ്പോള്‍ നെടുകെ പിളര്‍ന്നുള്ള പെന്‍സിലിന്റെ പൊട്ടിയ മുനയാണ് എഴുത്താണിയായി ഞാന്‍ ഉപയോഗിച്ചിരുന്നത് .

വിദ്യാഭ്യാസകാലത്ത് ഒരിക്കല്‍ പോലും ബാഗുകള്‍ എനിക്ക് ഉണ്ടായിരുന്നില്ല. പുസ്തകസഞ്ചിയായി പലകുട്ടികളും പ്രത്യേകിച്ചു പെണ്‍ക്കുട്ടികള്‍ പ്ലാസ്റ്റിക്‌ വള്ളികൊണ്ട് മെടഞ്ഞുണ്ടാക്കിയ കുട്ടകളായിരുന്നു ഉപയോഗിച്ചിരുന്നത്. അപൂര്‍വ്വം ചിലരാകട്ടെ കനം കുറഞ്ഞ സ്റ്റീല്‍പ്പെട്ടിപോലെയൊന്നും. കറുത്തനിറമുള്ള വിലകുറഞ്ഞ റബ്ബര്‍ബാന്‍ഡോ കൊളുത്തോടുകൂടിയ ഇലാസ്റ്റിക്കോ ആണ് ഞാനൊക്കെ ഉപയോഗിച്ചിരുന്നത്. ടെക്സ്റ്റ്‌ബുക്കുകളാകട്ടെ മലയാള പാഠാവലിയൊഴിച്ചുള്ളതെല്ലാം സെക്കന്‍ഡ്ഹാൻഡോ, തേര്‍ഡ് ഹാന്‍ഡോ ആയിരുന്നു. പുറംചട്ട പൊളിഞ്ഞുപോയ ടെക്സ്റ്റ്‌ ബുക്കുകള്‍... പല പേജുകളും കീറിപോയ പുസ്തകങ്ങള്‍. 

ദരിദ്രമായ ചുറ്റുപാടിലുള്ളവര്‍ക്ക് സ്കൂളില്‍ നിന്നും ഉപ്പുമാവ് കിട്ടിയിരുന്നു. പരിധിയും പരിമിതിയും ഉള്ള എന്നെപോലെയുള്ള ഇടത്തട്ടുകാര്‍ക്ക് അത് അപ്രാപ്യവുമായിരുന്നു. അതുകൊണ്ടുതന്നെ ഉച്ചപട്ടിണിയും.

ഒന്നാം ക്ളാസുതൊട്ട് ഏഴാം ക്ളാസുവരെ ഗ്രാമത്തിലെ ഗവ. അപ്പര്‍ പ്രൈമറി സ്ക്കുളിലാണ് പഠിച്ചത്. വീടിനടുത്തുള്ള സ്ക്കുളായതുകൊണ്ട് ഉച്ചയ്ക്കു ഇന്‍റര്‍വെല്‍ സമയത്ത് വീട്ടിലേയ്ക്കു വരാം. ഊണുകഴിക്കാനായിട്ടാണ് വരുന്നതെങ്കിലും പലപ്പോഴും ഉച്ചയ്ക്കു വിശപ്പുമാറ്റുവാന്‍ തികയാറില്ലായിരുന്നു എന്നുള്ളതാണ് പരമാര്‍ത്ഥമായകാര്യം. ഏഴാം ക്ളാസു കഴിഞ്ഞപ്പോള്‍ അകലെയുള്ള പട്ടണത്തിലെ സ്ക്കൂളിലാണ് ചേര്‍ത്തത്. ചോറ്റുപാത്രം ഇല്ലാത്തതുകൊണ്ടും വീട്ടില്‍ ദാരിദ്ര്യമുള്ളതുകൊണ്ടും ഹൈസ്കൂള്‍ പഠനക്കാലത്തൊന്നും ദൂരെ പട്ടണത്തിലെ സ്കൂളിലേയ്ക്ക് ചോറുകൊണ്ടുപോയിരുന്നില്ല. ഉച്ചയ്ക്ക് വിശപ്പിന്റെ പിടിമുറുകുമ്പോള്‍ പൈപ്പുവെള്ളം കുടിച്ചും ചിലപ്പോഴൊക്കെ ബസ്സിനുകൊടുക്കാനായി തന്ന പത്തുപൈസയുമെടുത്ത് മിഠായിയോ നെല്ലിക്കയോ വാങ്ങി വിശപ്പിനു താല്ക്കാലിക ശമനവുമുണ്ടാക്കും. അതുകഴിഞ്ഞ് നാലുമണിയോടെ ബെല്ലടികേള്‍ക്കുമ്പോഴാണ്. തിരിച്ചു നടന്നുപോകേണ്ടിവരുന്ന കാര്യമോര്‍മ്മവരുക. അഞ്ചാറുകിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേയ്ക്ക്. വിശപ്പിന്‍റെ കാഠിന്യത്തോടൊപ്പം നടന്നുതളര്‍ന്നുള്ള യാത്രകളെ എങ്ങിനെ മറക്കാനാണ്.

ഞാന്‍ പഠിച്ച സ്കൂളില്‍ യൂണിഫോം അന്നില്ലായിരുന്നു. ഇന്നാകട്ടെ മിക്ക സ്കൂളിലും കോളേജിലുമൊക്കെ പലവിധ പലനിറത്തിലുള്ള ഒന്നില്‍കൂടുതല്‍ യൂണിഫോമുകളാണ്. ധരിക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടിയുംവരും.
ഇന്ന് സര്‍വ്വത്ര പിഴയാണ്. ഹോം വര്‍ക്ക് ചെയ്യാതിരുന്നതിന്, ക്ലാസ്സില്‍ സംസാരിച്ചതിന്, ക്ലാസ്സില്‍ മുടങ്ങിയതിന് അങ്ങിനെ ഓരോ കാരണമുണ്ടാക്കി പിഴയൊടുക്കേണ്ടി വരുന്നവരാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. ചില ക്ലാസ്സ്മുറികളില്‍ ഭണ്ഡാരപ്പെട്ടി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് പല വിദ്യാര്‍ത്ഥികളുടെയും കമന്റ്.

ഗൃഹാതുരത്വം എന്നില്‍ മുളപൊട്ടവെ ഓടുമേഞ്ഞ സ്കൂളും ബെഞ്ചുകള്‍ മാത്രം നിരത്തിയ ഒന്നാം ക്ലാസും കണ്ണിനു മുന്നില്‍ വീണ്ടും തെളിയുന്നു.
പിന്‍ ബെഞ്ചിലൊരു കുട്ടി വിരലുകള്‍ക്കിടയിലൊരു തേഞ്ഞുപോയ കുറ്റിപെന്‍സിലുകൊണ്ട് ചട്ടചീന്തിപോയ സ്ലേറ്റില്‍ ആദ്യാക്ഷരം കുറിക്കുകയാണ്. ടീച്ചര്‍ ചോക്കുകൊണ്ട്‌ ബോര്‍ഡില്‍ എഴുതിയ ‘’റ,ന,പ, മ എന്നീ അക്ഷരങ്ങള്‍ പണിപ്പെട്ട് കോറിയിടുകയാണ്
ചില അക്ഷരങ്ങള്‍ മലകയറ്റം പോലെയാണ്. ‘’അ’’ എന്ന അക്ഷരത്തിന്റെ വളവുകളും തിരിവുകളും മുകളില്‍കയറി വീണ്ടും ഒരു കുനിപ്പെടുക്കുമ്പോഴേക്കും ദിവസങ്ങള്‍ പലതു കഴിഞ്ഞിരിക്കും. ‘’അ’’ യ്ക്കു ശേഷം രണ്ടു ’’മ’’ യും ചേര്‍ത്ത് ‘’അമ്മ’’ എന്ന വാക്കെഴുതിയപ്പോഴും, അതുച്ചരിച്ചപ്പോഴും ഉണ്ടായ നിര്‍വൃതിയും ഏറ്റവും വിഷമിച്ചെഴുതിയ വാക്കും അതിന്റെ ഉടമയും ഏറ്റവും പ്രിയപ്പെട്ടതാണെന്നറിഞ്ഞ നിമിഷവും ഓര്‍മ്മയില്‍ മാഞ്ഞുപോകാതെ ഇപ്പോഴും.....

ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ കുട്ടികള്‍ക്ക് മറ്റൊരു അമ്മയാണ്. ‘’ടീച്ചറമ്മ’’.
ഓരോ കുഞ്ഞുങ്ങള്‍ക്കും അക്ഷരവിദ്യയുടെ ആദ്യ വെളിച്ചം പകര്‍ന്നു നല്കിയവര്‍ ,നന്മയുടെ വെളിച്ചം നല്‍കിയവര്‍ , പലപ്പോഴും അവരുടെ രൂപം എന്‍റെ മനോമുകുരത്തില്‍ തെളിഞ്ഞു വരാറുണ്ട്.
കഥകള്‍ പറഞ്ഞും പാട്ടുപാടിയും കരയുമ്പോള്‍ ഒക്കത്തിരുത്തിയും വാത്സല്യം പകര്‍ന്നു നല്കിിയ ആ ’ടീച്ചറമ്മ’’ മാരൊക്കെ എവിടെയായിരിക്കും എന്നും ചിന്തിച്ചു പോകാറുണ്ട്. അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയിരിക്കാം .

ഒന്നിലെ ചില അക്ഷര വിദ്യകള്‍ നുകര്‍ന്ന ശേഷം വാക്കുകളില്‍ വിരലോടിച്ചും, തപ്പിതടഞ്ഞും തട്ടിയും മുട്ടിയും ചില കുഞ്ഞി കഥകളും ചില പദ്യശകലങ്ങളും ചൊല്ലിയ ആ ബാല്യം......അതെത്ര നല്ല കാലമായിരുന്നു.
''കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ
അഞ്ചാമന്‍ പഞ്ചാര കുഞ്ചുവാണേ''
എന്ന പദ്യം എങ്ങിനെ മറക്കാനാണ്. ഇപ്പോഴും ഓര്‍മ്മയുടെ അറകളില്‍ നിന്നും തേനും മുക്കി അവയൊക്കെ നാക്കിന്‍ തുമ്പിലേയ്ക്കോടിവരുകയാണ്‌.

''തുമ്പപ്പൂവിലും തൂമയെഴും നിലാ -
വമ്പില്‍ തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പിന്‍മേല്‍ നിന്നു കോലോളം ദൂരത്തില്‍ '' എന്ന കുമാരനാശാന്‍റെ അമ്പിളി എന്ന പദ്യവും കാണാപാഠമാണ് .
പിന്നിട്ട ക്ലാസ്സുകളിലെ മലയാള പാഠാവലിയിലെ പല പാഠങ്ങളും ഓര്‍മ്മയില്‍ നിറം മങ്ങാതെ നില്ക്കുന്നുണ്ട് .
ക്രാ ക്രാ ക്രാ
ക്രി ക്രി ക്രി സുരേഷ് തിരിഞ്ഞു നോക്കി അതാ മുറ്റത്തൊരു മൈന എന്ന പാഠഭാഗം ഇപ്പോഴും ഹിറ്റ്ചാര്‍ട്ടിലാണ്.
ആദാമിന്റെ മകന്‍ അബു എന്ന പാഠത്തിന്റെ പേരും സുപരിചിതമായി നിലകൊള്ളുന്നു മനസ്സിലിപ്പോഴും.
‘’ചൈത്രനും മൈത്രനും, മയില്‍, അത്യാഗ്രഹിയും അസൂയക്കാരനും, നിത്യഭ്യാസി ആനയെ എടുക്കും, ആരാണ് യഥാര്‍ത്ഥ അയല്ക്കാരന്‍, ചക്രങ്ങള്‍, മോചനം, വെനീസിലെ വ്യാപാരി, ന്യായാധിപന്റെ വടി,..... .അങ്ങിനെ നീണ്ടുപോകുന്നു നിത്യഹരിതമായ ആ പാഠങ്ങള്‍..........

അന്നൊക്കെ ‘’കേട്ടെഴുത്ത്’’ ക്ലാസ്സില്‍ മുഖ്യമായ ഒന്നാണ്. അതുകൊണ്ടൊക്കെ വാക്കുകള്‍ ശരിയ്ക്കും എഴുതാന്‍ കഴിഞ്ഞിരുന്നു. ഇന്ന് കേട്ടെഴുത്ത് ഉണ്ടോ എന്നറിയില്ല. വിദ്യാഭ്യാസം പത്തുകഴിഞ്ഞാലും ചില വിദ്വാന്മാര്‍ക്കു സ്വന്തം പേരുപോലും ബാലികേറാമലയാണ്... അത് ആരുടെ കുറ്റമാണ്.?
ഇഷ്ടമായിരുന്നു മലയാളം ക്ലാസ്സുകള്‍. എങ്കിലും പദ്യം കാണാതെ പഠിക്കല്‍ ഒരു പ്രയാസമായിട്ടാണ് തോന്നിച്ചിരുന്നത്.
അക്ഷരവിദ്യയ്ക്കു പുറമേ ചില ക്ലാസുകള്‍ വേറെയും ഉണ്ടായിരുന്നു. ഡ്രോയിംഗ്,ക്രാഫ്റ്റ്, പാട്ട്, ഡ്രില്‍, തുന്നല്‍...... തുടങ്ങിയവ. അതിനൊക്കെ അധ്യാപകരുമുണ്ടായിരുന്നു .

ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് വാദിക്കുന്ന കണക്കു അധ്യാപകരുടെ ചൂരല്‍പ്രയോഗവും കൈവണ്ണയില്‍ കൂര്‍ത്ത നഖാഗ്രം കൊണ്ടു അമര്‍ത്തി തൊലി പിച്ചിയെടുക്കുകയും, അതിന്റെ വേദനകൊണ്ട് രാത്രി ഉറങ്ങാനാകാഞ്ഞതും ഇന്നും വേദനിക്കുന്ന ഓര്‍മ്മകള്‍ തന്നെ...
ബോര്‍ഡില്‍ ലാസാഗു, ഉസാഖ, ഹരണം, ഗുണനം, എന്നിവയൊക്കെ ചെയ്യിപ്പിക്കുന്ന ചില അദ്ധ്യാപകര്‍ അന്നുണ്ടായിരുന്നു. ഭയം കൊണ്ടു കിട്ടുന്ന കണക്കുപോലും ബോര്‍ഡിനരികെയെത്തുമ്പോള്‍ മറന്നുപോകും. ഉത്തരം ശരിയാവുന്നതുവരേയ്ക്കും കയ്യില്‍ കരുതിയ വടികൊണ്ട് അടിക്കലാണ് ചിലപ്പോള്‍ അത് നഖമുനകൊണ്ടുള്ള പിച്ചലാകാനും മതി. അങ്ങിനെയെത്ര അടികളും..വേദനകളും.... പെരുക്കപട്ടിക കാണാതെ ചൊല്ലല്‍ മറ്റൊരു യുദ്ധമായിരുന്നു.
ഹെഡ്മാസ്റ്ററെ ഏടുമാഷ്‌ എന്നാണു വിളിക്കുക. ഡേവിഡ് മാഷായിരുന്നു സ്കൂളില്‍ ഹെഡ്മാഷ് . ആറടിയോളംപൊക്കത്തില്‍ നീണ്ടുനിവര്‍ന്നു കയ്യില്‍ ചൂരലും പിടിച്ചു ക്ലാസ്സുമുറികളുടെ മുന്നിലൂടെയുള്ള ഒരു നടത്തമുണ്ട്.
സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ദതയായിരിക്കും ക്ലാസ്സിലപ്പോള്‍ .

അവനവന്റെ കഴിവും വാസനകളെയും പ്രകടിപ്പിക്കാന്‍ കഴിയാതെ വിട്ടുപോയ ഒരു ബാല്യകാലമായിരുന്നു എനിക്കുണ്ടായിരുന്നത്. കഴിവും കഴിവുകേടും മനസ്സിലാക്കാനോ അതു തിരിച്ചറിയാനോ കഴിയാതെ പോയവരും.......
ഇനിയും തിരിച്ചു കിട്ടാത്ത ബാല്യ കൗമാരത്തിലെ നടവഴികളിലൂടെ ഒന്നു പിന്തിരിഞ്ഞുനടന്നു നോക്കിയപ്പോള്‍ പലതും ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു. അതില്‍ സന്തോഷങ്ങളും ,സങ്കടങ്ങളും ,വേദനകളുമുണ്ട് .
സ്ലേറ്റുമായ്ക്കാനായി കള്ളിമുള്ളുചെടി തേടി നടന്നതും കശുമാങ്ങയും കണ്ണിമാങ്ങയും തേടി പറമ്പുകളില്‍ അലഞ്ഞു നടന്നതും മഞ്ചാടിക്കുരു പെറുക്കാന്‍ കുന്നിന്‍ ചെരുവില്‍ പോയതും ആമ്പല്‍ പറിയ്ക്കാന്‍ തോട്ടിലേയ്ക്കെത്തി വീണു നനഞ്ഞതും എല്ലാമുള്ള ബാല്യം. അങ്ങിനെയുള്ള പഴയ കുറെ ഓര്‍മ്മകളാണ് എനിക്കു പുതിയ കാലത്തേയ്ക്കുള്ള ചവിട്ടുപടികളായി തീരുന്നത്. അതുകൊണ്ട് ഓര്‍മ്മകളില്ലാത്തൊരു കാലത്തെ കുറിച്ച് ചിന്തിക്കാനെയാവില്ല.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ