അച്ഛന്റെ പാത പിന്തുടര്ന്നാണ് അധ്യാപകനായത്. അച്ഛൻ വായിക്കാൻ കൊണ്ടുവരുന്ന പുസ്തകങ്ങൾ ആയിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളേക്കാൾ പ്രിയങ്കരം. അവ തരുന്ന ഊർജവും ഉണർവും ചെറുതായിരുന്നില്ല.
ചതുരംഗം കളിച്ചു രാത്രി ടോർച്ചിനു പകരം ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു അച്ഛൻ മടങ്ങി വരുമ്പോൾ, ഞങ്ങൾ കുട്ടികൾ ഊണ് കഴിച്ച് കിടക്കയിലാകും. കൂടെ കൊണ്ടുവന്ന മത്സ്യം കഴുകി മുറിച് കറി വെപ്പിച് ഏറെ രാച്ചെന്നാലാണ് അച്ഛന്റെ അത്താഴം. അപ്പോഴും കിടക്കയിൽ ഉറങ്ങാതെ അച്ഛൻ റാന്തലിന്റെ വെളിച്ചത്തിൽ പുസ്തകം വായിക്കുന്നത് കണ്ടു കിടക്കുമായിരുനു മിക്കവാറും രാവുകളിൽ.
പലപ്പോഴും അച്ഛൻ വായിച്ചു ചിരിക്കുന്നതും രസിക്കുന്നതും ഒരു കൗതുകത്തോടെയാണ് കണ്ടിരുന്നത്. അതു തന്നെ കണ്ടുകിടക്കുന്നതിനിടയിൽ അറിയാതെ എപ്പോഴോ നിദ്രയിലാണ്ടുപോകുമായിരുന്നു. പിറ്റേന്ന് സ്കൂൾ വിട്ട് വന്നാൽ അച്ഛന്റെ പാതി വായിച്ച പുസ്തകം എടുത്ത് വായിക്കലാണ് ആദ്യത്തെ ജോലി. അത് കഴിഞെ കളിക്കാനും കുളിക്കാനും പോലും പോകുമായിരുന്നുള്ളു.
അച്ഛന്റെ വായന ഒരു പക്ഷെ മക്കളിൽ എന്നെ ആയിരിക്കും കൂടുതൽ സ്വാധീനിച്ചിട്ടുണ്ടാകുക. M. T, സി. രാധാകൃഷ്ണൻ, കോവിലൻ, പാറപ്പുറത്തു, തകഴി, എം. മുകുന്ദൻ തുടങ്ങി ഒരുപാട് എഴുത്തുകാരുടെ രചനകളുമായി പരിചയപ്പെട്ടു. എസ്. കെ. പൊറ്റെക്കാടിന്റ ഒരു ദേശത്തിന്റെ കഥ, മലയാറ്റൂരിൻറെ യന്ത്രം തകഴിയുടെ കയർ ഇന്നാണെങ്കിൽ അത്തരത്തിലൊരു വായന അസാധ്യം. കൂട്ടത്തിൽ വിലാ സിനിയുടെ ഊഞ്ഞാൽ.ഇതൊക്കെ വായിച്ചവർക്കറിയാം.
അന്നൊക്കെ ചെറിയ പുസ്തകങ്ങൾ ആണെങ്കിൽ ഒറ്റ ഇരിപ്പിന് തന്നെ തീർക്കും. പുസ്തകങ്ങൾ ലഹരിയായപ്പോൾ നാട്ടിലെ വായനശാലകൊളൊക്കെ കയറിഇറങ്ങുമായിരുന്നു. ഒരേ സമയം മൂന്നും നാലും പുസ്തകങ്ങൾ കൂട്ടുകാരാ യുണ്ടാകും. വായനശാലകളിൽ നവോദയ വായനശാലയായിരുന്നു ഏറെ ഇഷ്ടം. അവിടെ പുസ്തകം തനിയെ തിരഞ്ഞെടുത്തുകൊണ്ടുപോകാനുള്ള അനുവാദം ഉണ്ടായിരുന്നു. പുസ്തകങ്ങളുടെ നിറസാന്യധ്യത്തിൽ സ്വയം മറന്നു പുസ്തകങ്ങളെ തഴുകി തലോടി ചിലവഴിച്ച മണിക്കൂറുകൾ ഇപ്പോഴും മനസ്സിൽ പുത്തൻ പുസ്തകത്തിന്റെ മണം കണക്കു തങ്ങി നില്കുന്നു.
എന്റെ വിദ്യാഭ്യാസം എന്താണെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ, പുസ്തകങ്ങൾ. നല്ലകാലത്തെ കുറിച്ചാണ് ചോദ്യമെങ്കിൽ, പറയാനുള്ളത് ആ വായനകാലമായിരുന്നു. സുഹൃത്തുക്കൾ ചുറ്റിലും ഉണ്ടായിരുന്നെങ്കിലും പുസ്തകത്താളുകൾക്കു ചെയ്യാൻ കഴിഞ്ഞതൊന്നും അവർക്കായിട്ടില്ല.ഗുരുക്കന്മാർ വളരെ അധികം ഉണ്ടെങ്കിലും ജീവിതമെന്തെന്നു പറഞ്ഞുതന്നത് കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞതും പൊടിപിടിച്ചതുമായ മഞ്ഞനിറത്തെ പുൽകിയ പുസ്തകങ്ങൾ ഉറങ്ങുന്ന ആ ഗ്രന്ഥപ്പുരകളാണ്.
പുത്തൻ തലമുറയ്ക്ക് അന്യമായ മുൻതലമുറയുടെ ഒരു സാക്ഷ്യമായി ഇതിനെ കാണുമെന്നു കരുതുന്നു.