മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഞങ്ങളുടെ നാട്ടിൽ കുഞ്ഞുകുട്ടി മുതൽ വൃദ്ധന്മാർ വരെ കാത്തിരിക്കുന്ന ഒരു ദിവസം ഉണ്ട്. അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരും ദൂരേക്ക് വിവാഹം കഴിഞ്ഞുപോയ സ്ത്രീകളുമെല്ലാം നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ദിവസം.

പുത്തനുടുപ്പും ധരിച്ച് മുതിർന്നവരുടെ വിരൽത്തുമ്പും പിടിച്ച് കൂട്ടം തെറ്റാതെ നാട്ടിലെ കുട്ടികളെല്ലാവരും വിടർന്ന കണ്ണുകളുമായി അമ്മയുടെ നാട്ടിലെ അമ്പലത്തിൽ ഒരുമിച്ചു കൂടുന്ന ദിനമാണത്. ഞങ്ങളുടെ കാവിലെ ഉത്സവദിനം.

ഒരു ദേശത്തിൻറെ ഒത്തുകൂടലാണ് മകരമാസത്തിലെ ഉത്സവം . പാവാട പ്രായത്തിൽ സ്വന്തം ദേശത്തെ കാവിലെ താലമെടുത്ത ഓർമ്മകൾ അയവിറക്കി കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തിരുത്തി അമ്പലമുറ്റത്തും ആൽത്തറയിലുമൊക്കെ വിരുന്നുകാരെ പോലെ വന്നു നിൽക്കുന്ന നാടിൻറെ സ്വന്തം പെൺമക്കളെയൊക്കെ അന്ന് കാണാം. പരദേശ വാസത്തിനിടയിലും പരാധീനതകൾക്ക് ഇടയിലും അവർക്ക് വീണുകിട്ടുന്ന ഒരു ദിവസം.

കുഞ്ഞുനാളിൽ ഒപ്പം കളിച്ചു നടന്നിരുന്ന കൂട്ടുകാരികളെ കാണാൻ കിട്ടുന്ന ഒരു ദിവസം കൂടിയാണത്. കുടുംബ വിശേഷങ്ങളും പഴയ ഓർമ്മകളുമൊക്കെ ഇറക്കിവയ്ക്കാനും അയവിറക്കാനും എല്ലാവർക്കും കിട്ടുന്ന അവസരം. എന്ത് ബുദ്ധിമുട്ടുകൾ സഹിചായാലും അവർ ഈ ദിവസം ഞങ്ങടെ നാട്ടിൽ എത്തിച്ചേരും.

ഈ ദിവസം പലയിടത്തുനിന്നായി വന്ന കച്ചവടക്കാരെ കൊണ്ട് കാവിന് അടുത്തുള്ള പാടം നിറയും. വൈകുന്നേരത്തെ വെടിക്കെട്ടിനായി കതിനകൾ നിരത്തിയ പാടത്തിൻറെ അങ്ങേതല വരെ കച്ചവടക്കാർ സ്ഥലം പിടിച്ചിരിക്കും. അധികവും തമിഴത്തികളായിരിക്കും. പലനിറത്തിലുള്ള വളകളും കമ്മലുകളും മാലകളും നിരത്തി ഉറക്കം തളംകെട്ടിനിൽക്കുന്ന കണ്ണുകളുമായി പുലരും വരെ പെട്രോമാക്സ് കത്തിച്ച് ഉറക്കമിളച്ച് കച്ചവടം നടത്തുന്നവർ. ഒരു ഉത്സവ പറമ്പിൽ നിന്നും അടുത്ത ഉത്സവ പറമ്പിലേക്ക് യാത്രചെയ്യുന്നവർ. എല്ലാ കൊല്ലവും ഉത്സവത്തിന് കാണാറുണ്ടെങ്കിലും അവർ വരുന്നതോ പോകുന്നതോ ഇതുവരെ കണ്ടിട്ടില്ല. മുത്തശ്ശി പറയുന്നത് കേട്ടിട്ടുണ്ട് കാവിലെ ഉത്സവത്തിന് ദേവന്മാരും ദേവികളു മൊക്കെ പങ്കെടുക്കാറുണ്ടെന്ന്. അവർ വരുന്നതും പോകുന്നതും ആരും കാണില്ല പോലും. പറയുന്നത് ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം ഇന്നേവരെ കാണാത്ത പല അപരിചിതരേയും ഉത്സവത്തിന് കാണാം. ആരോടും സംസാരിക്കാതെ ഏകാകിയായി നടക്കുന്ന കുറെയധികം പേർ. കച്ചവടക്കാരെ പോലെ തന്നെ ഇവരും വരുന്നതും പോകുന്നതും ആരും അറിയാറില്ല. അവരിൽ മുത്തശ്ശി പറഞ്ഞ ദേവൻമാരും കാണുമായിരിക്കും.

ഉത്സവം തുടങ്ങുന്നത് ഉച്ചയോടു കൂടിയാണ്. ഊണ് കഴിഞ്ഞ് ഉടനെ പഞ്ചവാദ്യം കൊട്ടാൻ തുടങ്ങും. കുട്ടിക്കാലത്ത് വീട്ടിലിരുന്ന് കേൾക്കാറാണ് പതിവ്. അമ്മയും ചേച്ചിയും എല്ലാം ഊണ് കഴിഞ്ഞ് ഒരുങ്ങുന്ന സമയമാണിത്. അഞ്ചുമണിയോടെ പകൽ പൂരം കാണാനാണ് എല്ലാവരും കൂടി ഇറങ്ങുക. പോകുന്ന വഴിക്കുള്ള ഓരോ വീടിൻറെ വഴിയിലും അമ്മയുടെ കൂട്ടുകാർ കാത്തു നിൽക്കുന്നുണ്ടാകും. അമ്പലത്തിൽ എത്തുമ്പോഴേക്കും ഒരു ചെറിയ ഘോഷയാത്ര തന്നെ രൂപപ്പെട്ടിട്ടുണ്ടാകും.

പൂതനും തിറയുമൊക്കെ കാവ് തീണ്ടുന്ന സമയം കഴിഞ്ഞാണ് സ്ത്രീകൾ കാവിലേക്കു പോകാറുള്ളൂ. അതിന് കാരണമായി കള്ളുകുടിയന്മാരുടെ ശല്യം ഉത്സവപ്പറമ്പിലും വഴിയിലും ഉണ്ടാകും എന്നാണ് അമ്മ പറയാറ്. എല്ലാ ഉത്സവങ്ങൾക്കും ചേച്ചി താലം എടുക്കാറുണ്ട്. ദീപാരാധന സമയത്ത് വരിയായി താലമെടുത്തു നിൽക്കുന്ന കന്യകമാർ ഉത്സവത്തിൻറെ മാറ്റുകൂട്ടുന്ന കാഴ്ചയാണ്. ആൺകുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്നത് അമ്പലത്തിന് ചുറ്റും ചിരാതുകൾ തെളിയിക്കുമ്പോൾ മാത്രമാണ്.

കാവിലെ ദീപാരാധന അമ്പലത്തിനുള്ളിൽ സ്ത്രീകളുടെ തിരക്കുള്ള സമയമാണ്. പുരുഷന്മാർ ഒക്കെ പുറത്തു നിന്ന് തൊഴുകയാണ് പതിവ്. ഭഗവതി ചുവന്ന പട്ടിൽ ജ്വലിച്ചു നിൽക്കുന്നുണ്ടാകും. ഗോളകയും തിരുവാഭരണങ്ങളുമൊക്കെ കത്തിചുവച്ച ഭദ്രദീപങ്ങളുടെ പ്രഭയിൽ വെട്ടിത്തിളങ്ങുന്നൂണ്ടായിരിക്കും. കാവിലമ്മയുടെ കാൽച്ചുവട്ടിൽ തെച്ചി ചെമ്പരത്തി തുടങ്ങിയ പുഷ്പങ്ങളുടെ ഒരു കൂന തന്നെ ഉണ്ടായിരിക്കും. അടുത്തുതന്നെ പീഠത്തിൽ ചുവന്ന പട്ടിൽ വച്ച വാളും ചിലങ്കയും കാണാം. പൂജ നേരത്തുള്ള മണിയടിയും ശംഖനാദവും ചന്ദനത്തിരിയുടെ മണവുമെല്ലാം കൂടിയാകുമ്പോൾ അത് ഭക്തർക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകാറ്.

ദീപാരാധനയും വെടിക്കെട്ടും കഴിഞ്ഞാൽ ചെണ്ടമേളം തുടങ്ങും. അച്ഛനും വലിയച്ഛനുമൊക്കെ അതുകഴിഞ്ഞ് മാത്രമേ വീട്ടിലെത്തൂ. ഊണ് കഴിഞ്ഞാൽ പിന്നെ അമ്പലത്തിൽ എത്തുന്നത് തൊഴാനല്ല , മറിച്ച് നാടകം കാണാനാണ്. ഇന്നും ഉത്സവങ്ങൾക്ക് പോകുമ്പോൾ ഗൃഹാതുരത്വം തോന്നുന്ന ഒന്നാണ് അന്നത്തെ നാടകങ്ങൾ.

താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിലാണ് നാടകങ്ങൾ അരങ്ങേറാറുള്ളത്. കാണികൾ തുറന്ന ആകാശത്തിനു കീഴെ മഞ്ഞു കൊള്ളാതിരിക്കാൻ സാരിത്തലപ്പുകൊണ്ടോ തോർത്തുമുണ്ട് കൊണ്ടോ തലമറചിരിക്കും. കാണികൾക്കിടയിൽ അവിടവിടെയായി ട്യൂബ് ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. നാടകം തുടങ്ങാനുള്ള ആദ്യത്തെ വിസിൽ കേട്ടാൽ ട്യൂബുകൾ എല്ലാമാണയും. പിന്നെ ഓരോ രംഗങ്ങൾ അവസാനിക്കുമ്പോഴാണ് ഇവ പ്രകാശിക്കുകയുള്ളൂ.

അന്നൊക്കെ സ്റ്റേജിനു മുന്നിലായി നല്ല പ്രകാശമുള്ള ഒരു ബൾബിനു മുന്നിൽ പലനിറത്തിലുള്ള ചില്ലുകൾ ഘടിപ്പിച്ച ഒരു വളയം ഉണ്ടാകും. നടന്മാരുടെ ചലനങ്ങൾക്കും ഡയലോഗുകൾക്കുമനുസരിച് ഇത് കറക്കുമ്പോൾ സ്റ്റേജിൽ നടന്മാരുടെ മുഖത്തും ചുറ്റിലും നിറങ്ങൾ മാറി മാറി വരുന്നത് മനോഹരമായ ഒരു കാഴ്ചയായിരുന്നു. ട്യൂബ് ലൈറ്റ് തെളിയുമ്പോൾ വെളിച്ചത്താൽ ആകർഷിക്കപ്പെട്ട പ്രാണികൾ ട്യൂബിന് ചുറ്റും കനത്ത മഞ്ഞിലും പറക്കുന്നത് ഇന്നും ഓർമ്മ വരാറുണ്ട്.

രാത്രി പന്ത്രണ്ടു മണിയോടടുക്കും നാടകം കഴിയുമ്പോൾ. പിന്നീട് ഇരിക്കാൻ കൊണ്ടുവന്ന പുൽപ്പായ മടക്കി പ്രായമായ സ്ത്രീകളൊക്കെ ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെ തോളിൽ കിടത്തി വീട്ടിലേക്ക് വെച്ച് പിടിക്കും. ഇരുളടഞ്ഞു കിടക്കുന്ന വീട്ടുമുറ്റത്ത് എത്തുമ്പോൾ കടവാതിലുകൾ തലങ്ങും വിലങ്ങും പറന്നു നടന്നിരുന്നത് ഇന്നലെ എന്ന പോലെ ഓർമ്മയുണ്ട്.

പിറ്റേന്ന് രാവിലെ പത്തുമണിയോടെ കൂട്ടുകാരോടൊപ്പം ഉത്സവപ്പറമ്പ് പരിശോധിക്കുന്ന ഒരു ഏർപ്പാടുണ്ട്. ചിലപ്പോൾ കളഞ്ഞുപോയ ചില നാണയങ്ങളും കുട്ടികളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്ളുക്കെ കിട്ടിയെന്നിരിക്കും. ആളൊഴിഞ്ഞ ഉത്സവപ്പറമ്പിൽ തലേന്ന് രാത്രി ഉപയോഗിച്ച് ഉപേക്ഷിച്ച വർത്തമാന പത്രങ്ങളും പുകവലിക്കാർ ഉപേക്ഷിച്ച സിഗററ്റ് കുറ്റികളും കാറ്റു നിറയ്ക്കുന്നതിനിടയിൽ പൊട്ടിപ്പോയ ബലൂണുകളും ബാലികമാർ ഉപേക്ഷിച്ച കുപ്പിവളകളുമെല്ലാം ചിന്നി ചിതറി കിടക്കുന്നുണ്ടാകും. പൊട്ടാത്ത ഓലപ്പടക്കങ്ങൾ കൂടി തിരഞ്ഞാൽ പിന്നെ വീട്ടിലേക്ക് തന്നെ മടങ്ങും. കൊടിയിറങ്ങിയ കൊടി മരത്തിലേക്ക് ഒരിക്കൽക്കൂടി കണ്ണ് പായിച്ചിട്ടായിരിക്കും മടക്കം.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ