മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

എന്റെ സ്കൂൾ കാലഘട്ടം. സ്കൂളിന് തൊട്ടടുത്താണ് വീട്. ബെല്ലടിച്ചാൽ വീട്ടിൽ കേൾക്കാം.. ഞാനും ഗീതുവും ആയിരുന്നു കൂട്ട്. ഞങ്ങളുടെ പാലക്കുഴി സ്കൂളിന്റെ ഇപ്പുറത്താണ് ഗേൾസ് സ്കൂൾ.  വീട്ടിൽ വന്നാണ് എന്നും ഞങ്ങൾ ഉച്ചക്ക് ചോറ് കഴിക്കുന്നത്. ഉച്ചക്ക് വിടുമ്പോൾ ഞങ്ങളുടെ സ്കൂളിൽ നിന്നു ഗേൾസ് സ്കൂളിൽ കേറി,  അവിടെന്നു റോഡിൽ കേറി ഇത്തിരി മുന്നോട്ടു പോകുമ്പോൾ,  ഇടത്തോട്ട് ഒരു വഴി, വലത്തോട്ട് ഒരു വഴി.  ഇടത്തോട്ടുള്ള വഴിയിലൂടെ  പോയാൽ എന്റെ വീട്,  വലത്തോട്ടുള്ള വഴിയിലൂടെ പോകുമ്പോൾ  ഗീതുവിന്റെ വീട്.  എന്നും ഒരുമിച്ചാ ഞങ്ങൾ ചോറുണ്ണാൻ  പോകുന്നത്. തിരിച്ചു വരുമ്പോളും  ഏകദേശം സമയം പറഞ്ഞു വച്ചു ആ സമയത്തു  വരും..അങ്ങനെ ഒരുമിച്ചു സ്കൂളിൽ തിരിച്ചുമെത്തും.



ആ സമയത്തു എനിക്ക്  മുത്തുക്കൊലുസ് ഉണ്ടായിരുന്നു...  വെള്ളി കൊണ്ടുള്ളത്. എന്റെ ഓർമ ശരിയാണെങ്കിൽ കുഞ്ഞിലേ മുതൽ എനിക്ക് മുത്തുകൊലുസ് ആണ്.. അമ്മക്ക് അതായിരുന്നു ഇഷ്ടം.

അതും താലൂക്കാശുപത്രിയുടെ അടുത്തുള്ള സ്വാമിനാഥൻ ബ്രദേർസിൽ നിന്നേ വാങ്ങൂ.. വേറെ ഒരിടത്തു നിന്നു വാങ്ങിയാലും അമ്മയ്ക്കു തൃപ്തി വരത്തില്ല.  അമ്മയ്ക്കു നിർബന്ധമാണ് മുത്തുക്കൊലുസ് തന്നെയിടണം എന്ന്.  ആകെയുള്ളൊരു കൊച്ചല്ലേ,  അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ അറിയാനാണ് ഈ വിദ്യ.  ഇതാവുമ്പോ എവിടെ പോയാലും,  ചിൽ ചിൽ ചിൽ.. എന്ന് കേൾക്കാമല്ലോ....

എനിക്കീ മുത്തുക്കൊലുസ് ശരിക്കും ഒരു ഉപദ്രവം ആയിരുന്നു. ഒരു കള്ളത്തരവും കാണിക്കാൻ പറ്റത്തില്ല. ചിൽ ചിൽ  ശബ്ദം എങ്ങാനും കേൾക്കാതായാൽ,  അമ്മക്ക് അപ്പോൾ പിടി കിട്ടും,  ഒന്നുകിൽ പുളിഭരണിയിൽ കയ്യിടുവാരിക്കും,  അതുമല്ലെങ്കിൽ,  പഞ്ചാര പാത്രത്തിൽ തലയിടുവാരിക്കും എന്ന്..  പുളിയും പഞ്ചാരയും എന്റെ ഇഷ്ടങ്ങളായിരുന്നു. അതിന് എന്തോരം അടി വാങ്ങിയിരിക്കുന്നു.

സാറ്റ് കളിക്കുമ്പോഴാണ് ഞാൻ ഏറെ ബുദ്ധിമുട്ടിയത്.  എങ്ങനൊക്കെ ഒളിച്ചാലും, എന്നെ കണ്ടുപിടിക്കും.. പലവട്ടം വാശി പിടിച്ചിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്, അച്ഛനോട് സങ്കടം പറഞ്ഞിട്ടുണ്ട്, ഈ കൊലുസ് മാറ്റി കിലുക്കം കുറഞ്ഞത് മേടിക്കാൻ.. ഒന്നും നടന്നില്ല. അമ്മ സമ്മതിക്കണം എന്നാലേ നടക്കൂ.  അമ്മയാണെങ്കിലൊട്ട് സമ്മതിച്ചതുമില്ല.

വലുതാകുന്തോറും,  പഴയ കൊലുസ് മാറ്റി പുതിയത് വാങ്ങും.  ഓരോ വട്ടം വാങ്ങാൻ പോകുമ്പോഴും ആഗ്രഹിക്കും,  ഇന്നെങ്കിലും വേറെ ഫാഷൻ വാങ്ങണമെന്ന്..  അങ്ങനെ സ്വപ്നം കണ്ട് കണ്ടാരിക്കും,  കടയിലെത്തുന്നത്.. കുറച്ചൂടെ വലിയ കൊലുസ്  ആയിരിക്കും,  എന്നതിൽ കവിഞ്ഞ ഒരു മാറ്റവും എടുക്കുന്ന  കൊലുസിനു കാണില്ല. മുത്തുക്കൊലുസിനു എന്ത് മാറ്റം ഉണ്ടാകാൻ.. വീണ്ടും മുത്തുക്കൊലുസ് തന്നെ വാങ്ങും.. പറഞ്ഞിട്ടും കരഞ്ഞിട്ടും ഒന്നും ഒരു കാര്യവുമില്ല. അമ്മ അന്നൊക്കെ ഭയങ്കര സ്ട്രിക്ട്  ആയിരുന്നു..

സ്കൂളിൽ പലപ്പോഴും കളിയാക്കലുകൾ കിട്ടിയിട്ടുണ്ട്. ഏഴാം ക്ലാസ്സ്‌ വരെ ഇങ്ങനെ കിലുക്കി കിലുക്കി നടന്നാൽ പിന്നെ കളിയാക്കൽ കിട്ടിയില്ലെങ്കിലേ അതിശയം ഉള്ളൂ...

കുറേ ദിവസങ്ങൾക്ക് മുൻപ്, എന്റെ സ്കൂൾ കൂട്ടുകാരായ ശരണ്യയും ചിത്രയും  ചോദിച്ചു,  ഇപ്പോഴും ഉണ്ടോടി മുത്തുക്കൊലുസ് എന്ന്...  അപ്പോൾ ആണ്,  അവർ പോലും എന്റെ കൊലുസ്  മറന്നിട്ടില്ലല്ലോ,  എന്നോർത്ത് ചിരിച്ചു പോയത്...   എന്നാലും എന്റെ അമ്മേ എന്നറിയാതെ വിളിച്ചു പോയി ....

പക്ഷേ, ഇത്തവണ മുത്തുക്കൊലുസും അമ്മയും എന്റെ കണ്ണുനിറച്ചത്
സന്തോഷം കൊണ്ടായിരുന്നു.... !!!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ