മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഓർമ്മകൾ ഇടക്ക് നമ്മളെ ശല്യം ചെയ്യാറില്ലേ. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലം ഓർമ്മകളിൽ നിറയുമ്പോഴൊക്കെ. അത് ഒരു അനുഭൂതി തന്നെയാണ്. നാടും വീടും അമ്പലവും പുഴയും ഒക്കെ വിട്ട് ഇതൊന്നും ഇല്ലാത്ത ഒരിടത്ത് ജീവിക്കേണ്ടി വരുമ്പോഴാണ് എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ഒരു വിങ്ങല്‍ ഉണ്ടാകുന്നത്. അമ്പലവും വീടും തമ്മില്‍ ഒരുപാട് അകലം ഇല്ലാത്തതിനാല്‍ ഇടക്കിടെ അമ്പല സന്ദര്‍ശനം പതിവായിരുന്നു. ഒപ്പം അവളും ഉണ്ടാകും. ഞങ്ങൾ രണ്ടും കൂടിയാണ്‌

നടത്തം. എന്നെക്കാളും മൂന്നു നാലു വയസ് മൂത്തതാണേലും ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു. അമ്പലത്തില്‍ അല്ലാണ്ട് വേറെ എങ്ങോട്ടും ഒറ്റക്ക് വിടില്ല എന്നുള്ളതിനാലും ഒറ്റക്ക് ആഭ്യന്തര കാര്യങ്ങള്‍ ചർച്ച ചെയ്യേണ്ടത് അത്യാവശ്യം ആയിരുന്നതിനാലും അമ്പല സന്ദര്‍ശനം അനിവാര്യമായിരുന്നു. പിന്നെ ഞങ്ങളുടെ അമ്പലത്തിനെക്കുറിച്ച് പറയാതെ ഇരിക്കാൻ എനിക്കാവില്ല. കാരണം ഈ ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷം എവിടെ എന്ന് ചോദിച്ചാല്‍ എനിക്ക് ഞങ്ങളുടെ അമ്പലം തന്നെയാണ്. എന്തേ പ്രകൃതീ നിനക്ക് ഇത്ര ഭംഗി എന്ന് ഞാൻ പലതവണ അവിടെ ഇരുന്ന് ചോദിച്ചിട്ടുണ്ട്, അപ്പോഴൊക്കെ കാവിലെ ഇലകളും പൂക്കളും ഒക്കെ തലയാട്ടി ചിരിക്കാറുമുണ്ടായിരുന്നു. നദി പ്രദക്ഷിണം ചെയ്യുന്ന കേരളത്തിലെ ഏക ക്ഷേത്രം എന്നു തന്നെ പറയാം. അച്ച്ചൻകോവിലാറിങ്ങനെ ദേവിക്കു വലം വെച്ച് ഒഴുകിക്കൊണ്ടേയിരിക്കുന്നു. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപ് പോലെ മനോഹരം. ഒരു വശം മൈതാനമാണ്. അമ്പലത്തിലേക്ക് പ്രവേശിക്കാൻ വേണ്ടി കല്ലുകള്‍ അടുക്കി നിർമ്മിച്ച നടപ്പാതയുമുണ്ട്. ഞങ്ങള്‍ ബണ്ട് എന്നു പറയും. ബണ്ടിനു താഴെ പൂഴി മണലും, പച്ചപ്പും, പിന്നെ കുറെ എരിക്കിൻ ചെടികളും കൊണ്ട് സമൃദ്ധമാണ് മൈതാനം. പശ്ചാത്തല ഭംഗി പോലെ പിന്നിലായി തല ഉയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ ചുട്ടിപ്പാറയും കാണാം. മേയാന്‍ വരുന്ന പൈക്ക്കളും അവയ്ക്ക് കൂട്ടായി പറന്നെത്തുന്ന കൊക്കുകളും ഒക്കെ നിത്യ കാഴ്ചകള്‍ തന്നെ. പൂക്കളും മരങ്ങളും കുഞ്ഞിളം കാറ്റും പക്ഷികളും അവിടുത്തെ സ്ഥിര താമസക്കാരായ ആള്‍ക്കാര്‍ ആണ്‌. ഇടക്ക് വാനര കൂട്ടങ്ങള്‍ വന്നു പോകാറുണ്ട്. വേണമെങ്കില്‍ കുളി സീനും കാണാട്ടോ. അപ്പൊ പറഞ്ഞു വന്നത് ഞങ്ങളുടെ അമ്പല സന്ദര്‍ശനത്തെക്കുറിച്ചാണ്. മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ് പോകാറ്. സൊറ പറഞ്ഞുള്ള നടത്തവും കുഞ്ഞിളം കാറ്റിന്റെ തലോടലും അസ്തമയ സൂര്യന്റെ ഭംഗിയും ആസ്വദിച്ച് അങ്ങനെ പോകും. പിന്നീട് മുതിര്‍ന്നപ്പോള്‍ ആണ് ഭക്തി രസവും അനുഭവിച്ച് അറിയാൻ തുടങ്ങിയത്‌. എന്തായാലും അമ്പലത്തില്‍ പോക്ക് പതിവായിരുന്നു. അപ്പൊ ചുമ്മാ അങ്ങ് പോയി കണ്ടിട്ട് തൊഴുതിട്ട് വന്നാൽ ദേവി എന്തു വിചാരിക്കും, തിരുമേനിക്ക് എന്ത് തോന്നിയാലും വിരോധമില്ല. പക്ഷേ ദേവിക്ക് അനിഷ്ടം ആയാൽ സ്കൂളിൽ ചെല്ലുമ്പോൾ വല്ല പണിയും കിട്ടിയാലോ എന്ന് പേടിച്ചു നുള്ളിം പെറുക്കിം ഒരു രൂപ സംഘടിപ്പി്പിക്കും. ചില ദിവസങ്ങളില്‍ അതും കിട്ടാറില്ല, കാരണം എന്നും വീട്ടില്‍ പൈസ ചോദിക്കാന്‍ പറ്റില്ലേ..അങ്ങനെ  ആദ്യമായി  രണ്ടു പേരുടെയും  കൈയിൽ ഒരു 50 പൈസ പോലും  ഇല്ലാതെ അമ്പലത്തിലേക്ക്  നടന്നു.. പതിവു ചര്‍ച്ചകള്‍ക്ക് പുറമെ  അന്ന് അതും വിഷയമായി. നടന്ന്‌ അമ്പലം എത്താറായി, മൈതാനത്തിലെ പച്ചപ്പിലൂടെ ചാടി പൂഴിമണ്ണിൽ ചവിട്ടി എരിക്കിൻചെടികളെ തലോടി അങ്ങനെ  നടന്നപ്പോള്‍  ദാണ്ടേ  എന്തോ  തിളങ്ങുന്നു, എരിക്കിന്റെ ചുവട്ടിലെ മണ്ണു മാന്തി  നോക്കിയ ഞങ്ങളുടെ  ചുണ്ടുകളിൽ നേർത്ത  പുഞ്ചിരി  വിടര്‍ന്നു, കണ്ണുകൾ ബൾബുകൾ പോലെ  തിളങ്ങി. ഏറെക്കുറെ  ഒരു  ലോട്ടറി  അടിച്ച  സന്തോഷം. 10 പൈസയുടെയും 20 പൈസയുടെയും 50 പൈസയുടെയും തുട്ടുകൾ കണ്ടെത്തിയത് ഏതോ നിധി കണ്ടതുപോലെ. വഞ്ചിയിൽ ഇടാനുള്ള  പൈസ കിട്ടുന്നത്  ചില്ലറ കാര്യം  വല്ലതുമാണോ? പിന്നെ  പിന്നെ  കൈയിൽ പൈസ ഉണ്ടെങ്കിലും എരിക്കിൻ ചുവട്ടിൽ കണ്ണോടിക്കാതെ പോകാൻ കഴിയില്ലായിരുന്നു. അത് ആരുടെ നിക്ഷേപം ആയിരുന്നെന്നോ  സമ്പാദ്യം  ആയിരുന്നെന്നൊ ഇന്നും അവ്യക്തം. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ