എഫ്ബിയിൽ ഒരു സുഹൃത്തു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഓർമകളുടെ ഒരു പെരുമഴക്കാലത്തിനു കാരണമായി. സ്കൂളിൽ പോകുന്ന കാലത്തു തൊട്ടു പതിവ് കാഴ്ചയായ അച്ചുണ്ണി ഏട്ടൻ എന്ന് നാട്ടുകാരെല്ലാവരും വിളിച്ചിരുന്ന ഒരു സാധു
മനുഷ്യൻ. ആരോടും മിണ്ടാതെ കല്ലും മണ്ണും പെറുക്കി നടന്നിരുന്ന ഒരസാധാരണ വ്യക്തിത്വം. കണ്ടാൽ ഒറ്റനോട്ടത്തിൽ മാനസികാസ്വാസ്ഥ്യം ഉള്ള ഒരാളാണെന്നു തോന്നുമെങ്കിലും ഒരു ഉറുമ്പിനെ പോലും അദ്ദേഹം ഉപദ്രവിച്ചതായി കേട്ടിട്ടില്ല. ഞങ്ങൾ കുട്ടികൾ കൂട്ടമായി സ്കൂളിലേക്ക് പോകുമ്പോൾ അയാളുടെ വീടിനടുത്തു തന്നെ എവിടെയങ്കിലും മണ്ണിൽ എന്തോ തിരയുന്നതുപോലെ കുന്തിച്ചിരിക്കുന്നതു കാണാം.
മെലിഞ്ഞു നീണ്ട ശരീരപ്രകൃതമായിരുന്നു. മേൽവസ്ത്രം ധരിച്ചു കണ്ടിട്ടില്ല. വളർച്ച അധികം ഇല്ലാത്ത കറുത്ത താടിയുമായി വഴിയരികിൽ കാണാറുള്ള അദ്ദേഹം പൂർണ ആരോഗ്യവാനായിരുന്നു.കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും ചുരുണ്ട കറുത്ത തലമുടിയും ചെമ്മൺ നിറവും എത്ര ദൂരെ നിന്നും അദ്ദേഹത്തെ തിരിച്ചറിയാൻ പോന്ന അടയാളങ്ങളായിരുന്നു. ഭക്ഷണം കഴിക്കാറുണ്ടോ എന്ന് പോലും ഞങ്ങൾക്കറിയാമായിരുന്നില്ല. സഹോദരന്മാരും കുടുംബങ്ങളും തൊട്ടടുത്തു തന്നെയാണ് താമസിച്ചിരുന്നത്. കൃത്യമായി രാത്രി വീട്ടിലെത്താറുണ്ടായിരുന്നു. ഓണം വിഷു തുടങ്ങിയ ആണ്ടറുതികാലത്താണ് തലമുടി ക്രോപ് ചെയ്ത് കുളിച്ചു ശുഭ്രവസ്ത്രധാരിയായി അവതരിക്കാര്.
അവസാന ദിവസങ്ങളിൽ കുറച് ദിവസം രോഗശയ്യയിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മരിക്കുന്നതിനുമുന്പ് പോയി കണ്ട ചെറിയ ഒരോർമ ഇപ്പോഴും അവശേഷിക്കുന്നു. യോഗിയായി പരിശീലിക്കുന്നതിനിടെ എന്തോ പറ്റിയതാണെന്ന കൂട്ടം കൂടൽ നാട്ടുകാര്കിടയിലുണ്ടായിരുന്നു. ഈ അടക്കംപറച്ചിലിനു കാരണം, ഒരു പക്ഷെ, യോഗദണ്ഡിൽ ഋഷിമാർ കൈ വെക്കുന്ന തരത്തിലുള്ള കൈ പിടുത്തമായിരിക്കും.
നാട്ടുകാർ വളരെകാലത്തിനുശേഷവും അദ്ദേഹത്തെ വലിയ സ്നേഹത്തോടു കൂടി തന്നെയാണ് ഓർക്കാറ്.
പണ്ടൊക്കെ ഓരോ ഗ്രാമങ്ങൾക്കും ഇത് പോലെയുള്ള കുറെ മനുഷ്യർ കരുതൽധനമെന്ന പോലെ സ്വന്തമായുണ്ടായിരുന്നു. അവിടെ ജനിച്ചു ജീവിച്ച് എവിടെയും പോകാതെ അവിടെത്തന്നെ മരിച്ച നാട്ടടയാളങ്ങൾ. ഗ്രാമങ്ങളുടെ ആത്മാവിനെ ആഴത്തിൽ സ്വാധീനിച്ചവർ. അവരില്ലാതെ ആ ഗ്രാമങ്ങൾ ഒരിക്കലും പൂർണമാകുമായിരുന്നില്ല.
ഞങ്ങൾക്കിനിയും കുറേപ്പേരെ കൂടി ഓർത്തെടുക്കാൻ കഴിയും.
ഈസാക്ക എന്ന വിളിപ്പേരുള്ള ഒരു കച്ചവടക്കാരൻ. കുളിക്കാതെ മാത്രമേ കാണുകയുള്ളു. ചാക്ക് ധരിച്ചു രാത്രി ചുറ്റി നടക്കാറുള്ളതായി പറഞ്ഞു കേട്ടിണ്ടു കൊച്ചുനാളുകളിൽ. തല മുഴുവൻ ജടയുള്ള ഒരാറടി ഉയരമുള്ള ഒരജാനബാഹു.
പിന്നെ ഞങ്ങളുടെ ഒരമ്മായിയുടെ സ്ഥാനമുള്ള അമ്മിണി ചെറിയമ്മ. ചാക്ക് ചുറ്റി നിൽക്കുന്ന രൂപം നേരിൽ കണ്ടിട്ടുണ്ട്. കൈയിൽ ഒരു കറിക്കത്തിയും കാണും. ഒരു ദിവസം അപ്രത്യക്ഷമായതാണ്, പിന്നാരും കണ്ടിട്ടില്ല.
മേല്പറഞ്ഞ രണ്ടുപേരും രാത്രിസഞ്ചാരികളായിരുന്നെത്രെ. ഇരുട്ടുള്ള രാത്രികളിൽ അടുത്തുള്ള വിജനമായ പൂജ മുട്ടിയ ഒരു ക്ഷേത്രപറമ്പിൽ ഇവർ വേറെ വേറെ ദിവസങ്ങളിൽ തനിയെ നിൽക്കാറുള്ളത് കണ്ടവരുണ്ടെത്രെ.
പിന്നൊരു ചിത്രം കാലിൽ ചങ്ങലയിട്ട് മെല്ലെമെല്ലെ നടന്നു നീങ്ങുന്ന ഒരു സ്ത്രീ. ചക്ക ധാരാളം ഉള്ള കാലത്തു വീട്ടിൽ വരുമായിരുന്നു. അവരും ഇടക്കിടക്ക് മനോനില തെറ്റികണ്ടിരുന്ന ഒരു സ്ത്രീയായിരുന്നു. ചങ്ങലകിലുക്കംകേട്ടാൽ അടുക്കളയിൽ ഒളിച്ചു നിന്നാണ് ഒളികണ്ണെറിയാറു. മറ്റ് പലപ്പോഴും തികച്ചും സാധാരണ രീതിയിലും അവരെ കണ്ടിട്ടുണ്ട്. അവരും നിരുപദ്രവകാരിയായിരുന്നു എന്നോർക്കുന്നു.
ഇപ്പോൾ ആ ഒരു മുഖച്ഛായ നഷ്ടപ്പെട്ട ഗ്രാമത്തിൽ തന്നെയാണ് താമസമെങ്കിലും എന്തൊക്കൊയോ എവിടെയൊക്കെയോ ശൂന്യമായതുപോലൊരു പ്രതീതി.തിരിച്ചുകിട്ടാത്ത പ്രിയപ്പെട്ട കുറെ ജീവിതചുറ്റുപാടുകൾ. അടുത്ത തലമുറക്കിതുപോലത്തെ നഷ്ടബോധം എന്നൊന്നുണ്ടാകുമോ? അറിഞ്ഞുകൂടാ. അവരെല്ലാം വെർച്യുൽ ലോകത്തു ജീവിക്കുന്നവരല്ലേ. അവർക്കു മറ്റൊരു തരത്തിലായിരിക്കും പലതും അനുഭവവേദ്യമാകുന്നത്.