ഒരു പുഞ്ചിരിയിലൂടെയായിരുന്നു ഞാനവനുമായി അടുത്തത്. വർഷമെത്രയോ കഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് ആ ചിരിയിൽ മാത്രം ആശ്വാസം കൊണ്ട് ജീവിച്ചിരുന്നു എന്ന് ഇന്നോർക്കുമ്പോൾ മനസിനകത്ത് എന്തോ ഒരു 'ഇത്'.
സ്കൂൾ പഠനകാലം പൊതുവെ നാണം കുണുങ്ങിയായിരുന്ന ഞാൻ ! ആൺ കുട്ടികളുടെ മുഖത്ത് നോക്കാൻ തന്നെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും എങ്ങനെയോ എന്നുള്ളിലും ഒരു പ്രണയം മൊട്ടിട്ടു. ആരും കാണാതെ പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലി പോലെ, ആരുമറിയാതെ അതങ്ങനെ പരിലസിച്ചു. സ്കൂളിൽ പോവുന്നതു തന്നെ അവനെ കാണാൻ എന്നായി. പഠിക്കാൻ വല്ല്യമിടുക്കിയൊന്നും ആയിരുന്നില്ലെങ്കിലും ഹാജർ നില ഫുൾ ആയിരുന്നു.
കത്തുകളിലൂടെ ഞങ്ങൾ ഹൃദയം കൈമാറിയിരുന്നത് വല്യച്ഛന്റെ മോൻ വഴിയായിരുന്നു. അതായത് മുറയ്ക്ക് പറഞ്ഞാ ഏട്ടൻതന്നെ. പുള്ളിയും മോശമൊന്നുമല്ല. നമ്മളൊക്കെ ഒന്നിനെ തന്നെ ആരുമറിയാതെ കൊണ്ടു പോകുന്ന കാര്യം. അവനാണേൽ അഞ്ചെട്ടെണ്ണം... ശ്ശൊ അതൊന്നും ആലോചിക്കാൻ തന്നെ വയ്യ.
വാ കൊണ്ട് ഒരക്ഷരം ഉരിയാടാതെ അക്ഷരങ്ങൾ കൊണ്ട് ഞങ്ങൾ തീർത്ത പ്രണയസൗധം. അതിൽ നിന്നൊക്കെയാവണം എന്റെ വിരൽ തുമ്പുകളിലൂടെ കഥകളും,കവിതകളും ഉതിർന്നു വീഴാൻ തുടങ്ങിയത്. അതിന് ഞാനവനോട് എന്നും കടപ്പെട്ടിരിക്കുന്നു. അവനും ഇത്തിരി നാണം കുണുങ്ങി ആയതു കൊണ്ടാവണം അവനിലേക്ക് എന്നെ അടുപ്പിച്ചത്. കണ്ണുകൾ കൊണ്ട് മാത്രം ക്ലാസ് മുറികളിൽ ഞങ്ങൾ സംസാരിച്ചു. ഇന്നത്തെ കാലത്തെ പ്രണയമാണെങ്കിലോ ഒന്നു രണ്ടു വട്ടം കണ്ടു പിന്നെ കെട്ടിപിടിത്തമായി, ഉമ്മ വെക്കലായി, ശരീരം പങ്കിടലായി. എന്നാൽ അതൊന്നും ആയിരുന്നില്ല ഞങ്ങൾക്ക് പിരിയുന്നതുവരെ ഒരു വിരൽ തുമ്പിൽ പോലും സ്പർശിക്കാതെ ഞങ്ങൾ കാത്തു സൂക്ഷിച്ച മനോഹരമായ രാഗം. അതോർത്ത് എന്നും അഭിമാനിക്കാമല്ലോ? അതുകൊണ്ടൊക്കെത്തന്നെയാവണം ഞങ്ങൾക്കിടയിലുള്ള ഈ മൗനാനുരാഗം അധികമാരും അറിയാഞ്ഞത്.
പക്ഷെ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നല്ലേ. എന്റെയീ പ്രണയം വീട്ടിലും അറിഞ്ഞു. ഞങ്ങളീ പെൺകുട്ടികൾക്ക് ഒരു സ്വഭാവം ഉണ്ട്, ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഉണ്ടോന്ന് അറിയില്ല. സ്നേഹിക്കുന്ന സമയത്ത് ആ ആൾ തരുന്നതെന്തും നമ്മളങ്ങ് നിധിപോലെ സൂക്ഷിച്ചുവയ്ക്കും. ഞാനും സൂക്ഷിച്ചു. അവൻ തന്നുകൊണ്ടിരുന്ന കത്തുകൾ. അതിലെ വരികളെല്ലാം ബൈഹാർട്ട് ആണെങ്കിലും അതൊക്കെ നശിപ്പിക്കാൻ എന്തോ വല്ലാത്ത മടിയായിരുന്നു.
എല്ലാ പ്രണയത്തിനും ഒരു വില്ലനുണ്ടാവുമല്ലോ! എന്റെ വില്ലൻ അനിയനായിരുന്നു. അവനായിരുന്നു എല്ലാം പൊളിച്ച് അമ്മയുടെയും ,അച്ഛന്റെ യും മുന്നിലെത്തിച്ചത്. അന്നവനോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നെങ്കിലും ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചളിപ്പു തോന്നുന്നു.
അന്ന് അച്ഛനിൽ നിന്നും കിട്ടിയ ഒരു അടിയുണ്ട്. നിന്ന നിൽപ്പിൽ തല കറങ്ങിപ്പോയ അടി. അടി കിട്ടിയ കവിളിൽ തലോടിയ അച്ഛന്റെ കൈത്തലത്തിന്റെ തണുപ്പ് ഇന്നും മായാതെ മനസിലുണ്ട്.
സ്കൂൾ പഠനം കഴിഞ്ഞ് എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തിൽ മൗനമായി അവനോടും യാത്ര പറഞ്ഞു.
പ്രണയിക്കുന്ന സമയത്ത് നമ്മൾ കരുതും അവരില്ലാതെ നമ്മൾക്ക് മുന്നോട്ട് പോവാൻ പറ്റില്ലെന്ന് പക്ഷെ അതൊക്കെ വെറുതെയാണ്. കാലം കഴിയുന്നതിനനുസരിച്ച് നമ്മൾ പലതും മറവിക്ക് വിട്ടുകൊടുക്കും... (എല്ലാവരുടെയും കാര്യമല്ല ട്ടോ)
ഞാനും അങ്ങനെ എല്ലാം മറവിക്ക് വിട്ടുകൊടുത്ത് പ്ലസ് വണ്ണും, ടുവും, ഡിഗ്രിയുമൊക്കെ കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് ചേക്കേറി...
നമ്മളെ ഉൾക്കൊള്ളാൻ പറ്റുന്ന ആളാണെന്ന് ഉറപ്പായപ്പോൾ എല്ലാം തുറന്ന് പറഞ്ഞു.
ആ പ്രണയവും ആ കാലവും ദൂരെ ദൂരെ മാറിപ്പോയ സമയത്താണ് പണ്ട് സ്കൂളിൽ പഠിച്ച കൂട്ടുകാരെല്ലാം കൂടി വാട്ട്സപ്പിൽ ഒരു ഗ്രൂപ്പ് തുടങ്ങിയത്. അതിൽ അവനും ഉണ്ടായിരുന്നു. ഇനിയൊരിക്കലും കണ്ടുമുട്ടാൻ വഴിയില്ലെന്ന് സ്വയം ആശ്വാസം കൊണ്ടിരുന്നു.
സൗകര്യപൂർവ്വം ഞാനവനെ മറന്നപ്പോലെ അവനെന്നെയും മറന്നിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. പക്ഷെ പ്രതീക്ഷകൾ കാറ്റിൽപ്പറത്തി അവന്റെ കോൾ എന്റെ ഫോണിലേക്ക് വന്നു. അന്നായിരുന്നു ഞാനവന്റെ ശബ്ദം ശരിക്കും കേട്ടതുതന്നെ. കുറച്ചു സമയം വിശേഷങ്ങൾ പങ്കുവെച്ച് ഫോൺ ഞാൻ കെട്ടിയോന് കൊടുത്തു.
പിന്നെ ഇടക്കിടെ വരുന്ന വാട്ട്സപ്പ് മെസേജുകൾ, വേണ്ട അധികം തുടരേണ്ടതില്ലെന്ന് എനിക്ക് തോന്നി . കെട്ടിയോൻ എത്ര മഹാമനസ്ക്കനാണെങ്കിലും, കെട്ടിയോളുടെ കാര്യത്തിൽ കുറച്ചെങ്കിലും
പൊസസീവ് അല്ലാത്തവനാവാതിരിക്കില്ലല്ലോ? അതോണ്ട് സ്വരം നന്നായിരിക്കുമ്പോ തന്നെ പാട്ട് നിർത്തുന്നതല്ലേ നല്ലത്.
അതു കൊണ്ട് വാട്ട്സപ്പ് കോൺടാക്റ്റിൽ എന്നന്നേക്കുമായി അവന്റെ പേരും ബ്ലോക്ക് ലിസ്റ്റിലേക്ക് ഞാൻ മാറ്റി.