കല്ല്യാണം കയിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയിട്ട് രണ്ടാഴ്ചയായി. നവവധു എന്ന നിലയിൽ കാര്യമായ പണിയിലൊന്നും തലയിടാൻ തുടങ്ങീട്ടില്ല .എന്നാലും വായിൽ വയ്ക്കാൻ പറ്റുന്ന തരത്തിൽ വല്ലതുമൊക്കെ

വച്ചുണ്ടാക്കാൻ അറിയാം (എന്നാണ് ഭാവം). അതുകൊണ്ട് ഫുഡ് ഉണ്ടാക്കുന്നത് അത്ര വല്യ കാര്യല്ലാ എന്നൊരു വിചാരവും എനിക്കുണ്ടായിരുന്നു. (കല്ല്യാണം കഴിക്കുന്ന നേരത്ത് ഏടത്തിക്ക് ഫുഡൊന്നും ഉണ്ടാക്കാനറിയില്ലായിരുന്നു എന്നാ കേട്ടത്. എന്നാൽ ഇന്ന് പത്തമ്പതു പേർ ഒന്നിച്ച് വന്നാൽ എന്താണ് വേണ്ടതെന്നു വെച്ചാ ടിമ്മില് ഉണ്ടാക്കി മുന്നിലെത്തിക്കും' ട്ടോ). അങ്ങനെയിരിക്കെ ഒരു ദിവസം - ദിവസം ഏതാണെന്ന് ഒന്നും ഓർമ്മയില്ല- ഉച്ചക്കുള്ള ഭോജനമൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം. കല്ല്യാണം കയിഞ്ഞിട്ട് ദിവസങ്ങൾ മാത്രം ആയോണ്ട് കെട്ടിയോൻ പണിക്കൊന്നും പോകാൻ തൊടങ്ങീട്ടില്ലായിരുന്നു. പണ്ടേ മടിയാനാണ്, കെട്ടിയേ പിന്നെ കുഴിമടിയനും ( ഇപ്പൊ അങ്ങനല്ല ട്ടോ രണ്ട് പിള്ളേരായപ്പോ ചോര നീരാക്കി മണലാരണ്യത്തിൽ അധ്വാനിക്കുന്നു.) രണ്ടു മണിക്ക് അടുക്കളേന്ന് ഇറങ്ങിയാ പിന്നെ മൂന്നരക്കേ കയറേണ്ടു എന്നുള്ളതോണ്ട് അവരവരുടെ ലോകത്തേക്ക് മെല്ലെ വഴിമാറും. (ആ സമയത്താണ്  അമ്മ, അംഗൻവാടി ഹെൽപ്പറാണ് 3.45 ന് വീട്ടിലെത്തുന്നത്)

കെട്ടിയോനുമൊത്തുള്ള നർമ്മസല്ലാപങ്ങൾക്കിടയിൽ  വീട്ടുകാര്യങ്ങൾ കൂടി വർത്താനത്തിൽ കേറി വന്നു. ന്റെ അച്ഛൻ ബേക്കറിയിലാണ് അതോണ്ട് എടക്കൊക്കെ വീട്ടിൽ പൊറോട്ട ഇണ്ടാക്കാറുണ്ടെന്ന് ഞാൻ പറഞ്ഞു. "ഓ  പിന്നെ അച്ഛനുണ്ടാക്കാനറിഞ്ഞിട്ടെന്തു കാര്യം നിനക്കറിയാമെങ്കിലല്ലേ മ്മക്കൊരു കാര്യള്ളു." കെട്ടിയോന്റെ വക ഒരു കമന്റ്.
"ഉം...ഉം... എനക്കും കൊർച്ചറിയാം" കെട്ടിയോന്റെടുത്ത് ഒരു ബടായി അങ്ങ് ഇറക്കി.
"ശെരിക്കും" കെട്ടിയോൻ കണ്ണ് പുറത്തോട്ട് തള്ളികൊണ്ട് വീണ്ടും ( ഉം... എബിടന്ന് അത് തിന്നാനല്ലാതെ, ഉണ്ടാക്കുന്നതെങ്ങനെയെന്ന് മര്യാദക്ക് പോലും എനക്കറിയൂല ഒരു വീമ്പിനങ്ങ് മൂളീന്നല്ലാതേ...)
പിന്നയതാ ഷർട്ടിടുന്നു, ചെരുപ്പിടുന്നു. ഞാനാകെ അമ്പരുന്നു.
"അല്ല പ്പാ  നിങ്ങയിത് എങ്ങോട്ടാ..."
"ഞാൻ മൂന്നാട്ടന്റെ പീടിയേ പോയിറ്റ്  ഒരു കിലോ മൈദേം, പത്ത് മുട്ടേം വാങ്ങീറ്റ് വെരാം ... "
'പൊറോട്ടേം, മുട്ടക്കറീം. ന്റെ മുത്തപ്പാ... ഇങ്ങേരിത് കാര്യായിട്ടാഞ്ഞോ? പൊറോട്ടേന്റെ എബിസിഡി പോലും അറിയൂല. പുരുഷന്റെ മനസിലേക്ക് കടക്കാനുള്ള ആദ്യ വഴി അവന്റെ വയറാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഇതിപ്പോ ആ വഴി തന്നെ പൊറത്ത് പോകേണ്ടി വരുമെന്നാ തോന്നുന്നത്.'
അങ്ങേരുടെ ഒച്ചത്തിലുള്ള വർത്താനം കേട്ട് ഏടത്തിയും, ഏട്ടനും, പിള്ളേരും, അച്ഛനുമെല്ലാം കാര്യമന്വേഷിച്ച് പുറത്തോട്ട് വന്നു.

"ഏടത്തി ഇന്ന് ചായക്ക് ഒന്നും ഇണ്ടാക്കണ്ട ഇവൾടെ വക പൊറോട്ടയാണ്..."
എല്ലാരുടെയും നോട്ടം എന്നിലേക്കായി. എനിക്കാണേൽ നെഞ്ചൊക്കെ വേദനിക്കുന്നത് പോലെ! തഞ്ചത്തിൽ അകത്തോട്ട് കൂട്ടികൊണ്ട് പോയി തടിയൂരാമെന്ന് വെച്ചാ നടക്കൂല വീട്ടുകാരെ മൊത്തം വിളിച്ചറിയിച്ചൂ.
(കെട്ടിയോള് വല്ല്യയൊരു സംഭവാണെന്ന് എല്ലാരേം അറീക്കാനുള്ള അങ്ങേരുടെ കാഞ്ഞ ശുഷ്ക്കാന്തി)

അങ്ങേര് പീടിയേ പോയിട്ടു വരുന്നതു വരെ എനിക്കൊരു സമാധാനോം ഇല്ല. വരുന്നതിനിടക്ക് അച്ഛനെ ഒന്ന് വിളിച്ചു നോക്കാം (ഇന്നായിരുന്നേൽ യൂട്യൂബിൽ സെർച്ച് ചെയ്താൽ ഏത് വിധത്തിലുള്ള റെസിപ്പിയും കിട്ടിയേനെ) തഞ്ചത്തിൽ റൂമിൽ പോയി അച്ഛനെ വിളിച്ച് പൊറോട്ട യെ കുറിച്ച് നീണ്ടൊരു ഗവേഷണം തന്നെ നടത്തി. ഹോ പാതി സമാധാനായി പൊറോട്ടക്ക് ഒരു എട്ടു മണിക്കൂറെങ്കിലും കൊയച്ച് വെക്കണം പോലും. ഉം  ഇന്നേതായാലും നടക്കൂല. ഇന്നിപ്പോ തൊടങ്ങിയാ തന്നെ നാളെയാവും. അപ്പോ അതാ കൈ നിറച്ചും സാധനങ്ങളുമായി ഭവാനിങ്ങെഴുന്നള്ളുന്നു കൂടെ രണ്ട് അംഗനമാർ കൂടി ഇണ്ട് വല്യമ്മയുടെ കൊച്ചു മക്കൾ വിജിയും, അമ്മൂം. രതിയേട്ടൻ പറഞ്ഞു രമ്മി ഇന്ന് പൊറോട്ട ഇണ്ടാക്കുന്നുണ്ടെന്ന് വളിച്ച ഒരു ചിരി മാത്രമേ എന്റെ മുഖത്തപ്പോ തെളിഞ്ഞുള്ളു. 
"എന്നാ വാ സമയം കളയണ്ട നമുക്ക് പൊറോട്ട പരിപാടി തൊടങ്ങാം" കെട്ടിയോന്റെ ആ സന്തോഷം കണ്ടപ്പോ സാഷ്ടാംഗം ആ കാൽപ്പാദം വാരി താഴെയിടാൻ തോന്നി.
"പിന്നെയിണ്ടല്ലാ..." (പുതുമോടിയുടെ നാണം ഭർത്താവിനെ പേരെടുത്ത് വിളിക്കാനൊരു സങ്കോചം പലതും വിളിക്കണംന്ന്ണ്ട്. പക്ഷേ തൊണ്ടക്കുയീന്ന് ഒച്ച പൊറത്തോട്ട് വരുന്നില്ല. (ഇപ്പ അങ്ങനല്ല ട്ടാ ചീത്തയൊഴികെ എന്ത് ചക്കര വിളിയും നമ്മയിന്നങ്ങട് വിളിക്കും.)  എന്താണെന്ന മട്ടിൽ അടുത്തോട്ടുള്ള വരവിൽ നമ്മയൊന്നു പതറി. പിന്നെ കാൽവിരൽ കൊണ്ടൊരു എട്ടങ്ങ് വരഞ്ഞുകൊണ്ട് പറഞ്ഞു.
"ഇന്നാക്കിയാ ശരിയാവൂലട്ടാ...!അതിനെ അഞ്ചെട്ടു മണിക്കൂർ എണ്ണയൊക്കെ ഇട്ട് മസാജ് ചെയ്ത് വെക്കണം. പിന്നൊരൂസം ആക്കാം ."
"അയിനെന്താ നാളെ രാവിലെ തന്നെ തൊടങ്ങിക്കോ ..."
ഭവാൻ നമ്മളെ വിടാനുള്ള ഭാവത്തിലല്ലെന്നെനിക്ക് മനസിലായി. ശ്ശൊ ഇനിയിപ്പോ എന്ത്ചെയ്യും... ഇങ്ങേരാണെങ്കിലിത് എല്ലാരോടും പാടുകയും ചെയ്‌തു. പൊറോട്ടേന്റെ കാര്യം വിചാരിച്ചിട്ടു അന്ന് എനിക്ക് ഉറക്കം വന്നതേയില്ല. (എസ് എൽ സി പരീക്ഷക്ക് പോലും ഇത്രേം ടെൻഷനടിച്ചിറ്റില്ല.) ആരും കാണാതെ വീട് വിട്ടാലോ? ഛെ  അത് നാണക്കേടാണ് ആഹ് ഏതായാലും വരുന്നിടത്ത് വച്ച് കാണാം.

മനസ് മൊത്തം പൊറോട്ടയായോണ്ട് നേരം വെളുക്കുന്നതു വരെ പൊറോട്ടയുണ്ടാക്കലായിരുന്നു. (സ്വപ്നത്തിൽ... ) ആ ബലത്തിൽ കെട്ടിയോനിട്ട് നാല് കൊട്ട് കിട്ടീന്ന് രാവിലെ പറഞ്ഞറിഞ്ഞു.

അങ്ങനെ പിറ്റേന്ന് പൊറോട്ടയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ കാര്യം മൊത്തത്തിൽ തീരുമാനമാകും എന്ന് എട്ത്ത് പറയേണ്ടല്ലോ?

ഉള്ള സാമഗ്രികളെല്ലാം ചേർത്തുവെച്ച് നമ്മയൊരു കീച്ച് കീച്ചാൻ തുടങ്ങി. അറിയാവുന്ന മുറകളെല്ലാം ഞാനാ പാവം പൊറോട്ടയുടെ മണ്ടക്ക് തീർത്തു...അതിനിടയിൽ മ്മടെ വിജിയുടെ വക ഒരു കമന്റ്
"അല്ല രമ്മീ ഈ ടിവി യി ലൊക്കെ കാണാലോ പൊറോട്ടയെ വീശിയടിക്കുന്ന പരിപാടി."
ശരിയാണ് അപ്പോഴാണ് എനിക്കത് ഓർമ്മ വന്നത്. മറന്നതാണെന്ന് അവരെ അറീച്ചാ മോശല്ലേ! അതോണ്ട് ഞാൻ പറഞ്ഞു. "അടുത്ത ഘട്ടം ഇനി അതാണ്."

കുഴച്ചു വെച്ച മൈദമാവിനെ ആപാദചൂഡം ഞാനൊന്നു നോക്കി ഞാനതിന്റെ മണ്ടക്കങ്ങ് പിടിത്തമിട്ടു. പിന്നെ കൈയിലൊതുങ്ങുന്നത്രേം പിടിച്ചു പറിച്ചെടുത്ത് തലങ്ങും, വിലങ്ങും ടൈലിൻമേൽ വീശാൻ തൊടങ്ങീ. ദേ... പോണ് പറന്നൊരെണ്ണം ജനലിലൂടെ അപ്പർത്തെ നാരായണിയേച്ചീന്റെ പറമ്പത്തോട്ട്! അതിന്റെ പോക്ക്     കണ്ടേരേ ഞാൻ മനസിലൊറപ്പിച്ചു ഈപ്പണി നമ്മക്കങ്ങ് ശരിയാവൂലാന്ന്. വീശിയടി പരിപാടി ഞാനങ്ങ് ഉപേക്ഷിച്ചു. പാവത്തിന് ജീവനില്ലാഞ്ഞത് ന്റെ ഭാഗ്യം. ഇല്ലേൽ കാണായിരുന്നു. അഴിയെണ്ണേണ്ടി വന്നേനേ. അങ്ങനെ ഒരു നാലുമണി ആയപ്പോഴേക്കും പൊറോട്ടയുടെ ഏകദേശ രൂപം ഞാൻ വികസിപ്പിച്ചെടുത്തു . ഇനി അത് ചുട്ടെടുക്കണം എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം ഹോ... ഞാനിത്രയ്ക്കും വല്യ സംഭവാണല്ലോന്ന്.അപ്പോഴേക്കും ഏടത്തി മുട്ടക്കറീം ചായയും ഒക്കെ ആക്കി വെച്ചിരുന്നു.

അങ്ങനെ ഞാനോരോ സുന്ദരിയേയും എരിയുന്ന ദോശക്കല്ലിലേക്ക് അറിയാത്ത മൂളിപ്പാട്ടൊക്കെ പാടി തിരിച്ചും മറിച്ചും വെച്ച് കൊടുത്തോണ്ടേയിരുന്നു ഇടക്ക് നല്ല മണമൊക്കെ വരുന്നുണ്ട്. പൊറോട്ടയുടെ ഗതി എന്തായി എന്നറിയാൻ കെട്ടിയോനും പരിവാരങ്ങളും ഇടയ്ക്കിടെ അടുക്കള സന്ദർശനം നടത്തുന്നു ണ്ട്. അങ്ങനെ മ്മടെ പൊറോട്ടൊയൊക്കെ അങ്ങട് ചുട്ട് തീർത്തു .ഇനിയാണ് മർദ്ദനമുറ!

എല്ലാത്തിനേം അടുക്കി പെറുക്കി വെച്ച്  എന്റെ സകല ശക്തിയും ഉപയോഗിച്ച് അടിച്ചൊരു പരുവത്തിലാക്കി.
മെല്ലെ ഓരോന്നായി എടുക്കാൻ ശ്രമിച്ച ന്റെ പൊറോട്ടയുടെ ഗതി അലക്കു കല്ലിൽ പെട്ട പഴന്തുണി പ്പോലെ!എന്തര് ചെയ്യാൻ  എടുത്താലുള്ള അവസ്ഥ നന്നായിട്ട് അറിയാവുന്നോണ്ട് ഒന്നും മിണ്ടാതെ എല്ലാം പാത്രത്തി തന്നെ വെച്ച് ജനലിന്റെ അഴികളിൽ മൂക്കു കൊണ്ട് 'ക്ഷ' എഴുതി കൊണ്ട് നിന്നു. അപ്പോഴതാ വരുന്നു നമ്മടെ പ്രീയതമൻ. "ന്തായീ... "

(എന്തോ ആവാൻ മനസിൽ പറഞ്ഞു കൊണ്ട് ഒരു ഇളിഞ്ഞ ചിരിയങ്ങ് പാസാക്കി.)  ദേണ്ടേ അങ്ങേരതാ  എല്ലാരേയും വിളിച്ച് മേശക്ക്  ചുറ്റും ഇരുത്തുന്നു. പാത്രമെടുക്കുന്നു. കറിയെടുക്കുന്നു .ചായയെടുക്കുന്നു. സഹായത്തിന് ഏടത്തിയും.അവസാനം ന്റെ ഊഴമാണ് പൊറോട്ട ഞാൻ തന്നെ എട്ത്ത് കൊട്ക്കണംന്ന് തൊലഞ്ഞ്! കെട്ടിയോന്റെ കൈ പിടിച്ച് അടുക്കളേലോട്ട് ആനയിച്ചു എന്നിട്ട് ഒരു കത്തിയെടുത്ത് അങ്ങേരുടെ കയ്യിലോട്ട് പിടിപ്പിച്ചു.
"ഒരു ഫോർക്ക് എവിടെ നിന്നെങ്കിലും കിട്ടോന്ന് നോക്ക്  "
"എന്തിനാ പ്പാ...!"എന്ന ഭാവത്തിൽ അങ്ങേരും. ഇതൊന്നും ഇല്ലാതെ ഞാനുണ്ടാക്കിയ പൊറോട്ട തിന്നാൻ പറ്റില്ലെന്റെ സേട്ടോ..?"

എന്റെ നിഷ്കളങ്കമായ പറച്ചില് കേട്ട് പാത്രം തൊറന്ന്  ഒരെണ്ണം വെളിയിലോട്ട് എടുത്തത് മിന്നായം പോലെ കണ്ടുള്ളു. ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം പോലെ പൊറോട്ടയുടെ മുക്കാൽ ഭാഗവും താഴോട്ട് പോയി.

ഒരു കൈയ്യിൽ പൊറോട്ടയുടെ കഷ്ണവും, മറുകൈയിൽ കത്തിയുമായി നിൽക്കുന്ന അങ്ങേരെ കണ്ടപ്പോ എനിക്ക് സത്യായിട്ടും ചിരി വന്നു പോയി. പരിസരം മറന്ന് ഞാനൊറ്റ ചിരി ! ചിരിയുടെ അലയൊളികൾ കേട്ട ബന്ധുമിത്രാദികൾ നീട്ടിയൊരു ചോദ്യം.                           
"ഓളും, പുരുവനും( ഭാര്യയും, ഭർത്താവും) അടുക്കളേലെന്താ പരിപാടീ പൊറോട്ടയെടുക്കാൻ ഞങ്ങളു കൂടി വരണോന്ന്...!"
അവരെ ഇങ്ങോട്ട് ആനയിക്കുന്നതിനേക്കാളും നല്ലത് നമ്മള് അങ്ങോട്ട് ഗമിക്കുന്നതാണെന്നെനിക്ക് മനസിലായി.

പോകുന്നതിനിടയിൽ  കെട്ടിയോന്റെ മനതാരിലേക്ക് കുറച്ച് സോപ്പുപൊടി ഇടാനും ഞാൻ മറന്നില്ല.
അങ്ങനെ കെട്ടിയോനും, പൊറോട്ടയും, ഞാനും എല്ലാവരുടെയും മുന്നിലേക്ക് ആനയിക്കപ്പെട്ടു.
പൊറോട്ട എല്ലാർക്കും എട്ത്ത് കൊടുക്കുന്നതിനു മുന്നേ തന്നെ... അത് ഉണ്ടാക്കിയ ന്റെ ത്യാഗോജ്ജ്വലമായ മനോഭാവത്തെ എല്ലാർക്കും മുന്നിൽ അദ്ദേഹം വെളിപ്പെടുത്തി കൊണ്ട് ഘോര ഘോര പ്രസംഗം തന്നെ നടത്തി എന്നിട്ടൊരു കമന്റും നമ്മടെ ഓള് ആദ്യായിറ്റ് ഇണ്ടാക്കിയ പൊറോട്ടക്ക് കൊറച്ച് കൊറവൊക്കെ ( കുറച്ചല്ലാ കുറേ കുറവുണ്ടെന്ന് എനിക്കല്ലേ അറിയൂ ) ഇണ്ടാവും അതൊക്കെ സയിച്ച് എല്ലാരും ഇത് കഴിക്കണംന്ന് വിനീത പുരസ്ക്കരം അപേക്ഷിക്കുന്നു. 

കഴിക്കുന്നതിനിടയിൽ പൊറോട്ട കറിയിൽ ഇടണോ ! കറി പൊറോട്ടയിൽ ഇടണോ! എന്ന അങ്കലാപ്പിലായിരുന്നു എല്ലാരും. ഇതിപ്പോ കോലമില്ലെങ്കിലും തിന്നാൻ രസമുണ്ടെന്ന് എല്ലാരും സമ്മയിച്ചു. ഇപ്പോഴൊ മറ്റോ ആയിരുന്നെങ്കിൽ കൊത്തു പൊറോട്ടയെന്ന പേരിൽ ഷൈൻ ചെയ്യാമായിരുന്നു.

ആ പൊറോട്ട സംഭവത്തിനു ശേഷം വെർതെ പോലും കെട്ടിയോനോടു ഞാൻ പിന്നെ ബടായി വിട്ടിട്ടില്ല .
"എന്തിനാ വെർതെ വേലി കെടക്കണ പാമ്പിനെയെട്ത്ത് തലേൽ വെക്കുന്നേ.. ല്ലേ!!! "

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ