പ്രായം കൂടിവരുന്നു എന്നതിന്റെ ലക്ഷണമായി മുടി ഇടയ്ക്കിടെ നരച്ചതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. തരക്കേടില്ലാതെ കഴിഞ്ഞു പോകാനുള്ള വകയുമുണ്ട്. മക്കൾക്ക് ജോലി സ്നേഹ നിഥിയായ ഭാര്യ വാർദ്ധക്യം സന്തോഷകരമാകുവാൻ മറ്റെന്ത് വേണം. കട്ടൻ ചായ കുടിക്കുന്നതിനിടയിലുള്ള ഭാര്യയുടെ കമന്റെ കേട്ടില്ലെന്ന് നടിച്ചെങ്കിലും കാര്യം സത്യം തന്നെ. ജീവിതം സന്തോഷകരം.
പുറത്ത് നല്ല മഴ. കാലം തെറ്റി പെയ്യുന്ന മഴ ഇപ്പോൾ സാധരണയായി കാണുന്നു. പ്രകൃതിക്ക് തന്നെ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്നു. മഹാമാരിയും, പ്രളയവും, കോവി ഡുമെല്ലാം കണ്ടതാണല്ലോ. പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ തിരിച്ചും ഇതിനപ്പുറം സംഭവിക്കും. അനുഭവിക്കുക തന്നെ. പ്രകൃതിയും മനുഷ്യനും ഇടപഴകി ഒന്നായിരുന്ന സമയത്ത് കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. പഞ്ഞമാസത്തേക്കുള്ളത് നേരുത്തെ തന്നെ കരുതി വെക്കും പട്ടിണിയുണ്ടാകരുതല്ലോ.
ഇനിതൊട്ട് എപ്പോഴും ഒരു കരുതൽ വേണം കാലം മാറിമറിയുവാണല്ലോ. ചടഞ്ഞു കൂടിയുള്ള ഇരിപ്പിനിടയിൽ പല വിധ ആലോചനകൾ മനസ്സിലേക്കെത്തി. ഇടയ്ക്ക് ശരീരത്തിന് ചൂട് പകരുവാൻ കിട്ടുന്ന കട്ടൻ ചായ പോലെ മധുരവും, സുഖമുള്ളതുമാണ് ജീവിതം ഭാര്യ പറഞ്ഞതു പോലെ ഭാഗ്യവാൻ. മഴയെക്കുറിച്ചുള്ള സുന്ദരമായ വർണ്ണനകൾ കേൾക്കുമ്പോൾ എനിക്ക് പുച്ഛമാണ്. അതെ സത്യം തന്നെ മഴയോട് എനിക്ക് വെറുപ്പാണ്. മാനം കറുക്കുമ്പോൾ മനസ്സും കറുക്കും ഈ മഴ ഇന്ന് പെയ്യാതിരുന്നെങ്കിൽ എന്നാശിച്ച കുട്ടിക്കാലമുണ്ട്. പൊതുവേ അരവയർ ഉണ്ണാൻ ഗതിയില്ലാത്ത സമയമാണ് മഴക്കാലം എന്നാലും പട്ടിണി അറിഞ്ഞിട്ടില്ല. അച്ഛന് മഴക്കാലത്തും പണിയുണ്ടാവും. ആവിശ്വത്തിന് ഭക്ഷണ സാധനങ്ങൾ വീട്ടിലേക്കെത്തും. അതാണെരു ആശ്വാസം. മദ്യസേവ കൂടുതലുള്ളതിനാൽ ഉത്തരവാദിത്വം ഏറെ പിന്നിലായിരുന്നു അച്ഛന്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള അമ്മയുടെ കഷ്ടപ്പാട് ഇന്നും മനസ്സിലുണ്ട്. വർഷക്കാലം എത്തും മുമ്പേ മറ്റുള്ളവരുടെ കുടിലുകൾ ഓല മേഞ്ഞ് സുരക്ഷിതമാക്കുമ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഒലമേയാതെ ജീർണ്ണിച്ച് ഈർക്കിൽ തെളിഞ്ഞ് സുഷിരങ്ങളുള്ള വീടിനുള്ളിൽ നിലാവെളിച്ചം പൂർണ്ണ ചന്ദ്രനായി തറയിൽ അവിടവിടെ തെളിഞ്ഞ് കിടക്കും. ഉറക്കത്തിൽ മുഖത്തടിക്കുന്ന സൂര്യരശ്മിയാണ് രാവിലത്തെ അലാറാം. മഴ പെയ്താൽ തീർന്നു, അന്ന് കാളരാത്രിയാണ്. വീട്ടിലുള്ള മുഴുവൻ പാത്രങ്ങളും നിരത്തി വച്ചാലും പിന്നെയും ഏറെ സ്ഥലങ്ങളിൽ വെള്ളം ചോർന്നു വീണുകൊണ്ടിരിക്കും. പുറത്ത് പെയ്യുന്ന മഴയേക്കാൾ കൂടുതൽ പുരക്കകത്ത് പെയ്യും. ചോർന്ന് നനഞ്ഞ അടുപ്പിന് മുകളിൽ പ്ലാസ്റ്റിക്ക് തിരുക്കി പച്ച വിറക്കുമായി മല്ലിടുന്ന അമ്മയുടെ നിസ്സാഹയത ഒരിക്കലും മറക്കുവാൻ കഴിയില്ല. അച്ഛൻ ഏതെങ്കിലും കടത്തിണ്ണയിൽ മദ്യസേവ കഴിഞ്ഞ് ഉറക്കം പിടിക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ് താറുമാറായ തിണ്ണയിൽ ചോർന്ന് വെള്ളം വീഴാത്ത മൂലനോക്കി ഉടുക്കാനുള്ള വസ്ത്രങ്ങളും അതിന്റെ മുകളിൽ ഞങ്ങളെയും കിടത്തി ഉറക്കും അമ്മ. അനിയനെയും കെട്ടിപ്പിടിച്ചുള്ള ഉറക്കത്തിനിടയിൽ പാത്രങ്ങളിൽ ചോർന്ന് നിറഞ്ഞ വെള്ളം ശരീരത്ത് തെറിച്ച് നിദ്രാഭംഗം വരുമ്പോൾ മുട്ടുകാലിൽ മുഖമർത്തി ഉറങ്ങാതിരിക്കുന്ന അമ്മയുടെ മുഖത്തുള്ള കണ്ണുനീർ ചാലുകൾ എങ്ങനെ മറക്കും. അതു കൊണ്ട് മഴയേ നിന്നോട് എനിക്ക് അന്നും ഇന്നും വെറുപ്പാണ്...