അങ്ങനെ ഒരിടം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ? അങ്ങനെയുണ്ടെണ്ടകിൽ, ഒരു പക്ഷെ തിക്തമായ അനുഭവങ്ങൾ മനസ്സിനെ പൊള്ളിച്ച ഇടമാകാം പലർക്കും അത്. വേദനിപ്പിക്കുന്ന ഓർമ്മകളിലേക്കു മടങ്ങിപ്പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ടാകാം അങ്ങനെയുള്ള ഒരു തിരിച്ചുപോക്കിനെ നിരാകരിക്കുന്നത്.
അങ്ങനെയൊരിടം എനിക്കുണ്ട്. ഇനിയുമൊരു അവസരമുണ്ടെങ്കിൽ ഒരു മടക്കസന്ദർശനം വേണ്ട എന്നു തീരുമാനിച്ചിട്ടുള്ളത്, ആ സ്ഥലത്തെ അത്രമേൽ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് എന്നൊരു വ്യത്യാസം ഉണ്ടന്നു മാത്രം. മുപ്പതു വർഷങ്ങൾക്കു മുൻപുള്ള 'സഖാന്ദ്ര' ഭൂമിയിലെ സ്വർഗ്ഗമായിരുന്നില്ല. മനോഹരമായ മലർവാടികളോ, തരുനിരകളോ, ശാദ്വലമേടുകളോ ഉണ്ടായിരുന്നില്ല. എന്തിന്, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന, ഉത്തരേന്ത്യയിലെ ഒരു ആദിവാസി ഗ്രാമം മാത്രമായിരുന്നു. ഇപ്പോഴും പകുതിയോളം പേർ അവിടെ നിരക്ഷരരാണ്.
മഴ ചതിച്ചതിനാൽ മൂന്നാമത്തെ തവണ വിത്തിറക്കി ഗ്രാമീണർ മഴ കാത്തിരുന്ന കാലത്താണ് ഞാൻ അവിടെ എത്തുന്നത്. രണ്ടാഴ്ചത്തെ വാസം. ഒപ്പം, പഞ്ചാബിയായ ജഗദീപ് സിങ്ങും, ഒറീസാക്കാരൻ രോഹിണി സാഹുവും. IRMA യിലെ മാനേജ്മെന്റ് പഠനത്തിന്റെ അവശ്യഘടകമായിരുന്നു തുടക്കത്തിലുള്ള ഈ ഗ്രാമവാസം. ഇന്ത്യയെ അറിയാൻ അതിന്റെ ഗ്രാമങ്ങളെ അറിയണം എന്നാണല്ലോ മഹാത്മജി പറഞ്ഞത്.
വഡോദര (ബറോഡ) യിൽ നിന്നും ഏകദേശം എൺപതു കിലോമീറ്റർ കിഴക്കുള്ള ഈ ഗ്രാമത്തിന്റെ മാറിലൂടെ വളവും തിരിവും ഇല്ലാത്ത ഒരു പാത അടുത്ത ഗ്രാമമായ കലാറാണി കടന്നു പോകുന്നു. അവിടെയും ചില സുഹൃത്തുക്കൾ കഴിയുന്നുണ്ടായിരുന്നു. സർക്കാർ വക ബസ് രണ്ടു നേരം അതുവഴി ദിവസവും കടന്നുപോകും. വളരെ വിശാലമായ ഗ്രാമതടാകത്തിന്റെ തെക്കുകിഴക്കെ അതിർത്തിയിലാണ് ബസ് സാധാരണ നിറുത്തുന്നത്. ബസ് സ്റ്റോപ്പ് എന്നു പറയാൻ ഒരു വലിയ ആൽമരവും, കല്ലു കെട്ടിയ അതിന്റെ തറയും, അരികിലായി ബഷീറിന്റെ മാടക്കടയും മാത്രം. പാതയുടെ തെക്കു വശത്തു, അല്പം മാറി പഞ്ചായത്തു ആഫീസ്. ആ ഗ്രാമത്തിൽ ഓടിട്ടു, തറ സിമിന്റു ചെയ്ത ഒരേ ഒരു കെട്ടിടം അതായിരുന്നു. രണ്ടു മുറികൾ ഉള്ള, മേശയോ കസേരയോ ഒന്നുമില്ലാത്ത അതിന്റെ തണുപ്പുള്ള തറയിൽ, പുതപ്പു വിരിച്ചു, തലയിണ കൂടാതെ ഞങ്ങൾ കിടന്നിരുന്നു. ബഷീറിന്റെ കടയിൽ നിന്നും വാങ്ങിയിരുന്ന മെഴുകുതിരികൾ, മുറികളിലൊന്നിന്റെ കഴുക്കോലിൽ നിന്നും തൂങ്ങിയിരുന്ന വൈദ്യുതി വിളക്കിനു പരിപൂരകമായി. എങ്കിലും പകലുകളിൽ സുലഭമായി വെളിച്ചമുണ്ടായിരുന്നു.
കാലികളുടെ കുടമണിയൊച്ച കേട്ടുണർന്ന പ്രഭാതങ്ങൾക്ക് പിന്നെന്തായിരുന്നു പ്രതേകത? പ്രഭാതങ്ങളിൽ ആരോടും ചോദിക്കാതെ കന്നുകാലികൾ അടുത്തുള്ള കുറ്റിക്കാടുകൾ ലക്ഷ്യമാക്കി നീങ്ങിയിരിക്കും. കഴുത്തിൽ കയറും, പോരാത്തതിന്, നിയന്ത്രിക്കാനായി മൂക്കുകയറും ചാർത്തിയ ഉരുക്കളെ മാത്രം കണ്ടുശീലിച്ച എനിക്കിത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. കാലികൾക്കൊപ്പം ഗ്രാമത്തിലെ കുട്ടികളും പ്രദോഷം വരെ അലസമായി മേഞ്ഞിരുന്നു. അവരുടെ ചിരിക്ക് വയലറ്റു നിറമായിരുന്നു. ജാമുൻ ഫലങ്ങൾ നിറഞ്ഞ വൃക്ഷങ്ങൾ കാട്ടു പ്രദേശങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നു. ഞങ്ങൾ എത്തുമ്പോൾ, ഗ്രാമത്തിന്റെ കാട്ടരുവി പൂർണമായി വറ്റി വരണ്ടുപോയിരുന്നു. ഇരുട്ടു പരക്കും മുൻപേ മേയാൻ പോയവരെല്ലാം പതിവായി കുടമണികിലുക്കത്തോടെ തിരികെയെത്തിയിരുന്നു.
സർപ്പഞ്ചിന്റെ (ഗ്രാമമുഖ്യൻ)വാസസ്ഥലത്തു, വീടേതാണ് തൊഴുത്തേതാണ് എന്നു തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അല്ലെങ്കിൽ അതു രണ്ടും ഒന്നായിരുന്നു. അവിടെയായിരുന്നു ഞങ്ങൾക്കു ദിവസവും ഭക്ഷണം ഒരുക്കിയിരുന്നത്. മുറി എന്നു പറയാൻ മറവും തിരിവും ഉണ്ടായിരുന്നത് അടുക്കള എന്നു കരുതുന്ന ഒരിടം ആയിരുന്നു എങ്കിലും ആ വീടിനു നല്ല ഉയരവും വലുപ്പവും ഉണ്ടായിരുന്നു. എന്തോതരം ഇലകളോ പുല്ലുകളോ കൊണ്ടു മേഞ്ഞ മേൽക്കൂരയ്ക്ക് കീഴിൽ, പലകകൾ നിരത്തിയ തട്ടിൽ, കൃഷി ചെയ്തെടുത്ത ധാന്യങ്ങളും, പയറുകളും, വൈക്കോലും സൂക്ഷിച്ചിരുന്നു. അതിനു താഴെ, പൂഴി നിറഞ്ഞ തറയിൽ പത്തു മുപ്പതു കന്നുകാലികളും, കയറ്റു കട്ടിലുകളിൽ ഏഴെട്ടു മനുഷ്യരും രാത്രികൾ കഴിച്ചുകൂട്ടിയിരുന്നു. അവർക്കിടയിൽ അതിർത്തിതർക്കങ്ങളോ, പരിഭവങ്ങളോ ഉണ്ടായിരുന്നതായി അറിവില്ല. ചീകി മിനുക്കാത്ത മരത്തൂണുകൾകൊണ്ട് മേൽക്കൂര താങ്ങിനിറുത്തിയിരുന്ന ഒരു വലിയ ഷെഡ് എന്നു വേണമെങ്കിൽ ആ ഭവനത്തെ വിശേഷിപ്പിക്കാം. ചുവരുകൾ ഇല്ലാത്ത ഒരു വീട് നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
സർപ്പഞ്ചിനും കുടുംബത്തിനും ഒരുനേരത്തെ ഭക്ഷണം മാത്രമേ ശീലമുണ്ടായിരുന്നൊള്ളു എങ്കിലും, ഞങ്ങൾക്കതു രണ്ടു നേരം അവർ സ്നേഹപൂർവ്വം ഒരുക്കിയിരുന്നു. ഒരു ഗ്ളാസ് പാലും, ചോളപ്പൊടികൊണ്ടുണ്ടാക്കിയ രണ്ടു റൊട്ടികളും, അല്പം അച്ചാറും. അടുക്കളയുടെ നിലത്തു ചമ്രം പടഞ്ഞിരുന്നു കഴിക്കും. മെലിഞ്ഞുണങ്ങിയ സർപ്പഞ്ചിന്റെ ഭാര്യ നിലത്തിരുന്നുകൊണ്ടു പാചകം ചെയ്യും. അല്പം മാറി, തനി ഗ്രാമീണനായ സർപ്പഞ്ച് കുത്തിയിരിക്കുന്നുണ്ടാവും. ഹിന്ദിയോ, ഗുജറാത്തിയോ അറിയാത്ത ഞാനും, ഗുജറാത്തി അറിയാത്ത കൂട്ടുകാരും, ട്രൈബൽ ഗുജറാത്തി സ്ലാങ്ങിൽ പിറുപിറുക്കുന്ന സർപ്പഞ്ചിനും ഇടയിൽ എന്ത് ആശയവിനിമയം! പക്ഷെ ഓട്ടു കിണ്ണത്തിൽ വിളമ്പിയ മധുരമില്ലാത്ത പാലിനും, ഇലകളിൽ വിളമ്പിയ ഉപ്പില്ലാത്ത റൊട്ടിക്കും അപാരമായ രുചിയായിരുന്നു. വിശപ്പ് നന്നായി അനുഭവിച്ചിട്ടുള്ളവർക്ക് ഇതു കൃത്യമായി മനസ്സിലാകും.
പിന്നെ എന്തായിരുന്നു സഖാന്ദ്രയെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പ്രേരിപ്പിച്ചത്? ആകാശം നോക്കി, കാറ്റുകൊണ്ടുള്ള കുളി ആയിരുന്നോ? അതും ഒരു ഘടകമായിരുന്നു. ഗ്രാമത്തിലെ മറ്റൊരു ആർഭാടം, സർപ്പഞ്ചിന്റെ വീടിനു മുന്നിലായി, റോഡരുകിൽ ഉണ്ടായിരുന്ന ബോർവെൽ ആയിരുന്നു. അവിടെയായിരുന്നു ഞങ്ങളുടെ കുളിയും തേവാരവും എല്ലാം. പരിഷ് കൃതരായ ഞങ്ങൾ ബ്രുഷും പേസ്റ്റും ഉപയോഗിച്ച് പല്ലു വൃത്തിയാക്കുന്ന വ്യായാമം ചെയ്യുമ്പോൾ, വേപ്പിന്റെ കമ്പുകൊണ്ട് ഗ്രാമീണർ അതു അനായാസം നിർവ്വഹിച്ചിരുന്നു.
ഇടയ്ക്കുള്ള മൂന്നു നാലു ദിവസങ്ങളിൽ പ്രൊഫസർ പാണ്ഡേയും, പ്രൊഫസർ പാഠകും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പാണ്ഡയെ കാണുമ്പോൾ, ഇന്ത്യക്കു ലോകക്കപ്പ് നേടിയ കപിൽ ദേവിനെ ഓർമ്മ വരും, അത്രയ്ക്കു സാദൃശ്യമുണ്ടായിരുന്നു അവർ തമ്മിൽ. ഒരു കൈത്തണ്ട നഷ്ടപ്പെട്ട അഖിലേശ്വർ പാഠക് , ഗ്രാമങ്ങളിലെ അധികാര ബന്ധങ്ങളെപ്പറ്റിയും, ത്രിതലപഞ്ചായത്തിലൂടെയുള്ള അധികാര വികേന്ദ്രീകരണത്തെപ്പറ്റിയും, സഹകരണ പ്രസ്ഥാനങ്ങളിലുള്ള കക്ഷിരാഷ്ട്രീയ കൈകടത്തലുകളെപ്പറ്റിയും വാതോരാതെ സംസാരിക്കുമായിരുന്നു. അദ്ദേഹം അടിസ്ഥാനപരമായി ഒരു നിയമജ്ഞനായിരുന്നു. ആൽത്തറയിലെ ചർച്ചകൾ ഗംഭീരമായിരുന്നു. അവർ ഇല്ലാത്ത അവസരങ്ങളിലെ വെടിപറച്ചിലുകൾ അതിലും ഗംഭീരമായിരുന്നു.
വ്യത്യസ്തമായ അനുഭവങ്ങളുടെ കലവറ ആയിരുന്നു സഖാന്ദ്ര സമ്മാനിച്ചത്. പലതും ആദ്യാനുഭവങ്ങൾ ആയിരുന്നു. ഒക്കെയും ആസ്വദിക്കുകയായിരുന്നു. എങ്കിലും കാഴ്ചകൾക്കും ശബ്ദങ്ങൾക്കുമായി മനോജാലകങ്ങൾ തുറന്നിടാൻ കാരണമായത് മറ്റൊന്നായിരുന്നു. കാണുന്നതൊക്കെയും നിറമുള്ളതാക്കി മാറ്റുന്ന മാന്ത്രികം ഉള്ളിലുണ്ടായിരുന്നു. മനസ്സിന്റെ അകത്തളങ്ങളിൽ തുടുത്ത ഒരു ചെമ്പനീർ പുഷ്പവുമായാണ് ഞാൻ സഖാന്ദ്രയിൽ കാലുകുത്തുന്നത്. മാതാപിതാക്കളുടെ അനുഗ്രഹങ്ങളോടെ പരസ്യമായി പ്രണയിക്കാൻ അവസരം ലഭിച്ച അപൂർവ്വം ഭാഗ്യശാലികളിൽ ഒരാളായിരുന്നു അന്നു ഞാൻ. കവിതയെഴുത്തെന്ന രോഗം അന്ന് ഇല്ലാതിരുന്നതിനാൽ, മേഘ-മയൂര സന്ദേശങ്ങൾ ഗദ്യത്തിലായിരുന്നു പ്രവഹിച്ചിരുന്നത്. പക്ഷേ കത്തുകൾ പോസ്റ്റ് ചെയ്യാൻ അവിടെ ഒരു മാർഗ്ഗവും ഇല്ലായിരുന്നു.
ഇന്നലെ ലണ്ടനിലെ ഹൈഡ് പാർക്കിൽ IRMA യിലെ പൂർവ്വവിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. ആദ്യ ബാച്ചിലെ R S Sodhi (former Amul MD) മുതൽ നാല്പത്തിയൊന്നാം ബാച്ചിലെ ഖുശ്‌ബു അഗർവാൾ വരെയുള്ളവർ. പൂർവാനുഭവങ്ങളുടെ മേഘരഥത്തിലേറി യാത്രചെയ്യവേ, പഴയ സഖാന്ദ്രയിൽ ഞാൻ ഇറങ്ങി. അവിടെ കുടമണിയൊച്ച കേട്ടുണരുന്ന പ്രഭാതത്തിൽ, വയലറ്റ് നിറത്തിലുള്ള ചിരിയുമായി അർദ്ധനഗ്‌നരായ കുട്ടികൾ എന്നെ സ്വാഗതം ചെയ്തു. പ്രിയപ്പെട്ട സഖാന്ദ്ര, പട്ടണങ്ങൾ ഗ്രാമങ്ങളെ ആക്രമിക്കുന്ന ഈ കാലത്തു, മാറ്റങ്ങൾക്കു വിധേയയായിപ്പോയ നിന്നെ കാണാൻ എനിക്ക് ധൈര്യമില്ല. ഉള്ളിൽ നിറഞ്ഞു പൂത്തുലഞ്ഞ പ്രണയവുമായി ഒരു ഗന്ധർവ്വനെപ്പോലെ ഞാൻ അലഞ്ഞു നടന്നത്, ആ പഴയ നിന്നിലായിരുന്നു. ആ കാഴ്ചകളുടെ മനോവിഗ്രഹങ്ങൾ ഉടയാതെ ഞാൻ കാത്തു സൂക്ഷിച്ചുകൊള്ളട്ടെ. മാറ്റങ്ങളെ പൊതുവെ സർവാത്മനാ സ്വാഗതം ചെയ്യുന്ന എന്റെ ഹിപ്പോക്രസി ആകാം ഇത്. എങ്കിലും ഈ കാപട്യത്തെ ഞാൻ താലോലിക്കുന്നു. നീ എന്നോടു പൊറുക്കുക.
പിൽക്കാലത്തെഴുതിയ 'സഖാന്ദ്ര' എന്ന കവിതയിലേക്കുള്ള ലിങ്ക്
https://www.priyavrathan.com/poetry-by-year/2016/51-sakhandra.html