mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

2017-ൽ നോബൽ സമ്മാനം നേടിയ നോവലിസ്റ്റാണ് കസുവോ ഇഷിഗുറോ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു നോവലാണ് ‘ദിവസത്തിന്റെ ശേഷിപ്പുകൾ' ( The remains of the day ). അതിൽ ഒരു പ്രഭു കുടുംബത്തിലെ ബട്ലറുടെ കഥയാണ് വിവരിക്കുന്നത്. സ്വയം വിസ്മരിച്ച്, സ്വയം ഇല്ലാതായി, മറ്റുള്ള ഒരു കുടുംബത്തിനായി ജോലി ചെയ്യുന്നവരാണ് പൊതുവെ വേലക്കാർ. കഥയിലെ വേലക്കാരൻ അത്തരം ഒരു നിസ്വാർത്ഥ സേവകനാണ്.


അദ്ദേഹത്തിന്റെ പിതാവും അത്തരത്തിൽ ഉള്ള ഒരാളായിരുന്നു. കഥയിൽ സ്വന്തം പിതാവിന്റെ അന്ത്യ മുഹൂർത്തങ്ങൾ സംഭവിക്കുന്നു എന്നറിഞ്ഞിട്ടും അതേ വീട്ടിൽ തന്നെ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളിലോ മരണാനന്തര നിമിഷങ്ങളിലോ പങ്കു പറ്റാനാവാതെ ഔദ്യോഗിക തിരക്കിലാണ്ടു പോയ ഒരു മുഹൂർത്തം വിവരിക്കുന്നുണ്ട്. 'താങ്കൾക്കെന്തു പ്പറ്റി സ്റ്റീവൻസ്?‘ എന്നു മാന്യാതിഥികൾ ചോദിക്കുമ്പോൾ കണ്ണീർ വീഴുന്ന സ്വന്തം മുഖം തിരക്കാർന്ന ഒരു ദിവസത്തിന്റെ ശേഷിപ്പുകൾ മാത്രമാണെന്ന് അക്ഷോഭ്യനായി മൊഴിയാൻ അദ്ദേഹത്തിന് കഴിയുന്നു.


അച്ഛന്റെ മരണശേഷമുള്ള എന്റെ മനോനിലയും മറിച്ചായിരുന്നില്ല. ജോലി തുടങ്ങണം എന്നുള്ള കർത്തവ്യ ബോധം. ഒരർത്ഥവും ഇല്ല എന്ന് നമുക്ക് തോന്നാവുന്ന കർത്തവ്യ ബോധമാണ് മുന്നിട്ടു നിന്നിരുന്നത്. അല്ലെങ്കിലും നഷ്ടപ്പെടുമ്പോൾ നാമെപ്പോഴും അങ്ങിനെയാണ്. ദിവസത്തിന്റെ ചാക്രിക സ്വഭാവങ്ങൾ നിലനിർത്തുന്ന എന്തിലും മുറുക്കെ പിടിക്കും.


ദയാലുവും എന്നെ വലിയ ഇഷ്ടവും ഉള്ള ആളായിരുന്നു എന്റെ ആദ്യ കൺസൾട്ടന്റ് ഡോ: ആൽബർട്ട് കറാച്ചിയോളോ. ഇറ്റാലിയൻ പിതാവിന് ബ്രിട്ടീഷ് സ്ത്രീയിൽ ഉണ്ടായിരുന്ന മകനായിരുന്നു അദ്ദേഹം. സ്വഭാവത്തിൽ കൂടുതലായി അദ്ദേഹം ഇറ്റാലിയൻ ആയിരുന്നു എന്നു തന്നെ പറയാം. ഒരു ഒബ്സസ്സീവ് പേഴ്സണാലിറ്റിക്ക് അടിമ ആയിരുന്നു അദ്ദേഹം. വൃത്തിയും വെടുപ്പും ഉള്ള ക്രീം കളർ സ്യൂട്ടും മെറൂൺ ടൈയും വടിവൊത്ത രീതിയിൽ കെട്ടി കൃത്യതയാർന്ന നടപ്പുമായി ഒരു പട്ടാളക്കാരന്റെ ഗാംഭീര്യത്തോടെ അദ്ദേഹം നടക്കും. ഒരു ഭംഗിയുള്ള കഷണ്ടിയും. അച്ചടക്കത്തിൻ്റേയും കണിശതയുടേയും കൃത്യതയുടേയും ആൾ രൂപമായിരുന്ന അദ്ദേഹത്തിന് എന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്നതിന് എനിക്ക് ഒരു explanation ഉം ഉണ്ടായിരുന്നില്ല. ഇഷ്ടപ്പെടാതിരിക്കാനായിരുന്നു എൻ്റെ അഭിപ്രായത്തിൽ സാധ്യത. Dictation ചെയ്യാനുള്ള ഫയലുകൾ കുന്നു കൂടി കിടക്കുന്ന എൻ്റെ ട്രേയിൽ നോക്കി അദ്ദേഹം പറഞ്ഞ അഭിപ്രായം ‘ he is highly organised ‘ എന്നാണ്. കളിയാക്കിയതാവും എന്നാണ് ഞാൻ കരുതിയത്. പക്ഷേ സെക്രട്ടറി സാമന്ത മില്ലർ ഉറപ്പിച്ചു പറഞ്ഞു , അദ്ദേഹം കളിയാക്കിയതല്ല , നിൻ്റെ തലച്ചോറിൽ ചെയ്യാനുള്ള എല്ലാ കാര്യങ്ങളുടേയും ലിസ്റ്റ് ഒരു ഡയറിയും ഇല്ലാതെ തന്നെ കൃത്യമായി ഉണ്ടാവും എന്ന് പുള്ളിക്കാരൻ എപ്പോഴും പറയും എന്ന്.
ജോലിയുടെ ആദ്യത്തെ ദിനം തന്നെ അദ്ദേഹം ചോദിച്ചു ‘ഷാഫി, നിൻ്റെ അച്ഛൻ മരിച്ചതായി അറിഞ്ഞു : നിനക്ക് നാട്ടിൽ പോകണമോ? "
ഞാൻ പറഞ്ഞു " വേണ്ട, ചടങ്ങും കാര്യങ്ങളും ഒക്കെ കഴിഞ്ഞു."
പക്ഷേ എനിക്ക് അപ്പോഴും അറിയാമായിരുന്നില്ല, എനിക്ക് പോകാൻ കഴിയുമോ? ഇനി വരുമ്പോൾ ജോലി പോകുമോ എന്നെല്ലാം. ഇതൊക്കെ ശരിയായി ചോദിക്കാവുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല.


പിതൃതുല്യൻ എന്നു തന്നെ പറയാവുന്ന ആളായിരുന്നു ഡോക്ടർ കറാച്ചിയോളോ . വിശാലമായ ഭംഗിയുള്ള പച്ച പുൽ മൈതാനമുള്ള ഹോസ്പിറ്റൽ ആയിരുന്നു സെൻറ് ക്ലെമൻ്റ്സ്. അതിൻ്റെ ഒരറ്റത്തായിരുന്നു വാർഡ്. വാർഡിൽ നിന്നും ഓഫീസിലേക്കുള്ള നടത്തം ഞങ്ങൾ ഒരുമിച്ച് ആയിരുന്നു. മരത്തിൻ്റെ ഭംഗിയുള്ള പിടിയുള്ള ഇംഗ്ലീഷ് കാലൻ കുടയും പിടിച്ച് സൂട്ടും കോട്ടും ധരിച്ച ഈ മിലിട്ടറിക്കാരൻ്റെ കൂടെ ഒരു അവശ വാട്സണായി ഞാനും ..
"നിൻ്റെ കല്യാണം എന്തായി ഷാഫി ? "


ജോലി തുടങ്ങിയതിനു ശേഷം ഞാൻ നാട്ടിൽ പോയി വന്നപ്പോൾ അദ്ദേഹം ചോദിച്ചു. നാട്ടിൽ പോകുന്നതിന് മുൻപ് എൻ്റെ കൂട്ടുകാരൻ റാം നാഥിൻ്റെ അനിയൻ ശ്രീനാഥ് ഒരു കല്യാണാലോചന എനിക്കായി കൊണ്ടു വന്നിരുന്നു. വലുതെന്ന് തോന്നിക്കുന്ന ഒരു വീടിൻ്റെ പരിസരത്ത് ഒട്ടും വലുതെന്ന് തോന്നിക്കാത്ത ഒരു മുഖഭാവവുമായി ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ . തട്ടം ഇട്ട ലളിത വേഷധാരി. അൽപ്പം ദൈന്യതയാർന്ന പ്രത്യേകത തോന്നിക്കുന്ന കണ്ണുകൾ. പക്ഷേ ആ ലീവിൽ ഞാൻ ഈ പെൺകുട്ടിയെ കാണാൻ പോയില്ല. വിവാഹം കഴിക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കില്ലായിരുന്നു....
ഒരു തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥ ആയതിനാൽ പെണ്ണു കാണാൻ പോയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ആൽബർട്ട് പറഞ്ഞു.
"നന്നായി, വിവാഹം വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വ്യക്തമായ മാനസികാവസ്ഥയിലല്ലാതെ അത്തരം തീരുമാനങ്ങൾ എടുക്കരുത്. "
നിനക്കുള്ള പെണ്ണാണെങ്കിൽ നിനക്കു തന്നെ കിട്ടും എന്നു അദ്ദേഹം പറഞ്ഞിരുന്നോ? പറയാൻ വഴിയില്ല. പറഞ്ഞെന്ന് എൻ്റെ മനസ്സിന് തോന്നുന്നതായിരിക്കും.
അദ്ദേഹവും ആയുള്ള പോസ്റ്റിങ്ങ് കഴിഞ്ഞ് ഞാൻ പിരിഞ്ഞു പോയിട്ടും ഊഷ്മളമായ ഞങ്ങളുടെ ബന്ധം തുടർന്നു. പൊതുവെ ഇംഗ്ലീഷുകാരായ മേൽഡോക്ടർമാരുടെ മുന്നിൽ അത്യധികമായ ഭയഭക്തി ബഹുമാനങ്ങൾ പ്രകടിപ്പിക്കാനോ അവരെ വണങ്ങി നിൽക്കാനോ എനിക്ക് പറ്റാറില്ല. അത് അവർ ഇംഗ്ലീഷുകാരായതു കൊണ്ടല്ല. കാണിച്ചു കൂട്ടലുള്ള ഗുരു വന്ദനങ്ങൾ എന്തോ എനിക്ക് ഇഷ്ടമല്ല. ഗുരുവിനോടുള്ള ബഹുമാനം ഒരു മൂകഭാഷ ആകുന്നതാണ് എനിക്ക് നല്ലതായി തോന്നിയിട്ടുള്ളത്. പറയുമ്പോൾ മലിനമാകുന്ന ഒന്ന്. ചില അനുരാഗങ്ങൾ പോലെ .


അദ്ദേഹം ട്രസ്റ്റിൻ്റെ ക്ലിനിക്കൽ ഡയറക്ടർ ആയും മെഡിക്കൽ ഡയറക്ടർ ആയും എല്ലാം സ്വാഭാവികമായി വളർന്നു. എൻ്റെ വളർച്ചയുടെ പടവുകളിൽ ,എന്നെ കാണുമ്പോഴെല്ലാം എൻ്റെ ട്രെയിനിങ്ങ് അവസാനിക്കുന്ന ദിനങ്ങളെപ്പറ്റി അദ്ദേഹം ഉദ്വേഗത്തോടെ അന്വേഷിക്കുന്നുണ്ടായിരുന്നു . ഇംഗ്ലീഷുകാർക്ക് യോജിക്കാത്ത രീതിയിൽ പരസ്യമായി തന്നെ എന്നെ ആ ട്രസ്റ്റിലെ കൺസൾട്ടൻ്റായി കാണണം എന്നാണ് തൻ്റെ ആഗ്രഹം എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
സാധാരണയായി അസുഖം ഒന്നും വന്ന് ഓഫ് എടുക്കാത്ത ആളായിരുന്നു അദ്ദേഹം. കൊല്ലത്തിൽ ഒരു ദിവസം മാത്രമാണ് ഓഫ് സിക്ക് ആവുക. അതിനും ഒരു ഒബ്സഷണൽ രീതി ഉണ്ടായിരുന്നു. തലേ ദിവസം തുമ്മും .. ഇടയ്ക്കിടക്ക്, അപ്പോൾ സാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്രട്ടറി സാമന്താ മില്ലർ പറയും .." ആ ..ആൽബർട്ട് നാളെ ഓഫ് സിക്ക് എടുക്കാൻ തയ്യാറെടുക്കുന്നുണ്ട്. " കിറു കൃത്യമായി അദ്ദേഹം പിറ്റെ ദിവസം കാലത്ത് ഓഫ് സിക്കും വിളിക്കും. അതിനടുത്ത ദിവസം തന്നെ എല്ലാം മാറി ജോലിക്ക് ഹാജരാവുകയും ചെയ്യും.


മെഡിക്കൽ ഡയറക്ടറുടെ താൽക്കാലിക ജോലികൾ ഏറ്റെടുത്തതിനു ശേഷം കുറച്ചധികം നാൾ അദ്ദേഹം ഓഫ് സിക്കായി പോയി. കാര്യം എന്താണെന്നൊന്നും ആർക്കും മനസ്സിലായില്ല. അല്ലെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ല. ആരോടും പറഞ്ഞില്ലെങ്കിലും ഒരു അകാരണമായ ഭയം എൻ്റെ ഉള്ളിൽ നിറഞ്ഞു നിന്നു. ഒരിക്കൽ എനിക്ക് വിചിത്രമായ ഒരു തോന്നൽ ഉണ്ടായി.ഡോക്ടർ കറാച്ചിയോളോ ആത്മഹത്യ ചെയ്തു എന്നതായിരുന്നു അത്. ഗുളികകൾ ഓവർഡോസ് കഴിച്ച് അദ്ദേഹം ആശുപത്രിയിൽ കിടക്കുന്നതോ മറ്റോ എൻ്റെ മനസ്സിലൂടെ തെളിഞ്ഞു കടന്നു പോയി. ഏതൊക്കെയോ ഉത്കണ്ഠകളിലൂടെ ട്രെയിനിങ്ങിൻ്റെ അവസാന കാലഘട്ടത്തിൽ പോകുന്ന മനസ്സിൻ്റെ വിങ്ങലായിട്ടേ ഞാൻ കണക്കാക്കിയുള്ളൂ. ആരോടും പറഞ്ഞില്ല. അപ്പോഴേയ്ക്കും എൻ്റെ ഭാര്യയായി കൂടെ വന്നിരുന്ന ആ ഭംഗിയുള്ള കണ്ണുകളുള്ള പെൺകുട്ടിയോടു പോലും …


അദ്ദേഹം തൂങ്ങി മരിച്ച വാർത്ത കേട്ടപ്പോൾ അത് കൊണ്ട് തന്നെ ഭീകരമായ ഡി ജാവു ( de javu ) ആണ് ഞാൻ അനുഭവിച്ചത്. ഈ വാർത്ത ഞാൻ കേട്ടതാണല്ലോ ? അല്ലെങ്കിൽ എനിക്ക് തോന്നിയത് എന്തേ എനിക്ക് ആരോടും പറയാനും തോന്നിയില്ല എന്ന് എൻ്റെ മനസ്സ് കേണു.
എന്നെ കൺസൾട്ടൻ്റാക്കാൻ കൊതിച്ച ഒരു പിതൃ മനസ്സ് എൻ്റെ വ്യക്തിപരമായ നഷ്ടമായിരുന്നു. മനസ്സ് മരവിപ്പിച്ച നഷ്ടങ്ങളുടെ പട്ടികയിൽ നിർണ്ണായകമായ ഒരു സംഭവമായിരുന്നു അദ്ദേഹത്തിൻ്റെ മരണം. ഒരു പട്ടാളക്കാരൻ്റെ കൃത്യതയോടെ ജീവിതത്തെ അഭിമുഖീകരിച്ച മനഃശാസ്ത്രഞ്ജന് സ്വന്തം മനസ്സിൻ്റെ രോദനങ്ങളുടെ തള്ളലിൽ കടിഞ്ഞാൺ വിട്ടു പോയി. അത്യധികം കുടുംബ സ്നേഹിയായിരുന്നു. സ്വന്തം മകന് ഒരു ക്ഷമാപണക്കുറിപ്പ് എഴുതി വച്ചിട്ടായിരുന്നു അദ്ദേഹം സ്നേഹമയിയായ ഭാര്യയുടെ കണ്ണ് തെറ്റിയപ്പോൾ സ്വന്തം ബെൽറ്റ് ഉദ്യാനത്തിലെ മരക്കൊമ്പിൽ കുരുക്കി തൂങ്ങി നിന്നത്. അനേകായിരം മനുഷ്യരെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച ആൾക്ക് വിഷാദ രോഗത്തിൻ്റെ കടന്നാക്രമണത്തിൽ പിടി വിട്ടു പോയി. അദ്ദേഹം സ്വന്തം മകനായി എഴുതി വച്ച ക്ഷമാപണക്കുറിപ്പ് എനിക്ക് കൂടി ഉള്ളതായി തോന്നി.
"നീ എന്നോട് ക്ഷമിക്കണം, ഉയരങ്ങൾ നേടാൻ നിനക്ക് കഴിയട്ടെ "
എത്ര ഉയരങ്ങൾ താണ്ടിയാലും തല കുനിക്കേണ്ട അവസരങ്ങൾ ജീവിതത്തിലുണ്ടാവും എന്ന് എന്നെ പഠിപ്പിച്ച അനുഭവം. പിൽക്കാലത്ത് ജോലി സ്ഥലത്ത് ഏത് ദുരാനുഭവങ്ങളിൽ കൂടെ കടന്നു പോകുമ്പോഴും അദ്ദേഹത്തിൻ്റെ മുഖം എൻ്റെ മനസ്സിൽ കത്തി നിന്നു. ജോലി സ്ഥലത്തെ 'ബുള്ളിയിങ്ങ് ‘ (ഇംഗ്ലണ്ടിൽ സാധാരണമായ അവസ്ഥ) ഭൂരിഭാഗം സമയത്തും ഒരു ഫിലോസഫറുടെ മനഃശാന്തിയോടെ അതിജീവിക്കാൻ കഴിഞ്ഞിരുന്നു...


പുസ്തകത്തിലേക്ക് തിരിച്ചു വന്നു കൊണ്ട് പറയട്ടെ, തികച്ചും മനോഹരം. പുസ്തകത്തിന് കിട്ടിയ ബുക്കർ സമ്മാനവും ഗ്രന്ഥകാരന് ലഭിച്ച നോബൽ സമ്മാനവും അർഹിക്കുന്നത് തന്നെ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ