ഓർമ്മകൾ വിസ്‌മൃതിയുടെ കയങ്ങളിൽ മുങ്ങിപോകുന്നതിനു മുൻപ് അവയെ എവിടെയെങ്കിലും തളച്ചിടേണ്ടത് ഒരാവശ്യമായി തോന്നിത്തുടങ്ങിയതിനാലാണ് ഈയിടെ ഭൂതകാലവുമായി രമിച്ചുതുടങ്ങുന്നത്. ഗൃഹാതുരത്വമാണോ എന്നാണെങ്കിൽ അതും സത്യം. എവിടെ നിന്ന് ആരംഭിക്കണം എന്നാലോചിക്കേണ്ടതില്ല കാരണം ഇത് മറ്റുള്ളവർക്കുവേണ്ടി മാത്രമല്ല . എവിടെ നിന്നും ആരംഭിക്കാം. അതിപ്പോൾ അന്ത്യത്തിലായാലും ആദ്യത്തിലായാലും ഒരുപോലെതന്നെ. ഓര്മവെച്ചതിനു ശേഷമുള്ള കാര്യങ്ങൾ അതിന്റെ മുറക്കും കേട്ടു പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് 'കടപ്പാട്' കുറിച്ചും. വലിയ അനുഭവജ്ഞാനത്തിന്റെ ആവശ്യകതയൊന്നും വേണ്ടാത്ത ഒരോർത്തെഴുത്തു അല്ലെങ്കിൽ ഒരു കേട്ടെഴുത്തു.
പഴയതുപോലെ കുടുംബസദസ്സുകളിൽ പഴങ്കഥകൊൾക്കൊക്കെ ശ്രോതാക്കൾ കുറവാണ്. നമ്രശിരസ്കരായി ഫോണിൽ പരതുന്ന മാതാപിതാക്കളും സന്തതികളും ശിഥിലമാകാൻ പോകുന്ന ഒരു സമൂഹത്തിന്റെ പരിച്ഛേദമായി കണ്മുന്നിൽ നിൽക്കുമ്പോൾ ഉത്ബോധനങ്ങൾ വെറും പ്രഹസനങ്ങൾ മാത്രം.
കാണാൻ ദൃശ്യശ്രവ്യമാധ്യമങ്ങൾ ഇല്ലാത്ത ഒരു കാലം കടങ്കഥയായി മാത്രം കേൾക്കാൻ കെല്പുള്ള കുഞ്ഞുങ്ങളെ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചിരുന്ന സന്ധ്യാസംഭാഷണങ്ങളെക്കുറിച് കേൾപ്പിച്ചിട്ടെന്തു കാര്യം?
ഏതാനും ദശകങ്ങൾക്കപ്പുറം വേലിത്തലപ്പത്തും കിണറ്റിൻകരകളിലും അനൗദ്യോഗികമായി രൂപംകൊണ്ടിരുന്ന അയൽക്കൂട്ടങ്ങൾ അയല്പക്കസൗഹൃദങ്ങളിൽ ചെലുത്തിയിരുന്ന സ്വാധീനം അവരുടെ ഗ്രാഹ്യത്തിനും അപ്പുറം ആണ്.
ഒരു ബെഞ്ചിൽ പിച്ചിയും നുള്ളിയും മാന്തിയും ഒരുമിച്ചിരുന്നു പഠിച്ചു , ബെല്ലടിക്കുമ്പോൾ അതെല്ലാം മറന്നു ഒന്നായി കട്ടും കയ്യിട്ടുവാരിയും ആഹാരം കഴിച്ച് നേരെ കളിക്കാൻ ഓടിപോകുമായിരുന്ന നജീബും അശോകനുമൊക്കെ സമുദായസ്ഥാപനങ്ങളിൽ തന്റെ സമുദായാംഗങ്ങളെ മാത്രം കണ്ടു ശീലിച്ച നമ്മുടെ മക്കൾക്ക് അന്യമായ ചിത്രങ്ങളാകുന്നത് യാദൃശ്ചികമല്ല . സ്വാഭാവികമായി സമൂഹത്തിലൂറി പാറ പോലെ ഉറച്ച ആ സമുദായസൗഹൃദം ഇന്ന് കാണുന്ന കൃത്രിമത്വം ലവലേശമില്ലാത്ത ഉത്തമസങ്കല്പമായിരുന്നു എന്ന് അവർ വായിച്ചറിയണം. പുസ്തകങ്ങൾ കളം വിടുന്ന ഇക്കാലത്തു നവമാധ്യമങ്ങളിലെ കൊച്ചെഴുത്തു തന്നെ ആശ്രയം.
അണ്ണാറക്കണ്ണനും തന്നാലായത്.
ഇതൊരു എപിലോഗായി കരുതാതെ മുൻപെഴുതേണ്ടിയിരുന്ന പ്രോലോഗായി പരിഗണിക്കണം എന്നാണ് അവസാനമായി പറയാനുള്ളത്.