ട്രെയിൻ യാത്രകൾ തന്ന ഓർമ്മകൾ ഒരു നിധിശേഖരമായാണ് ജീവിതത്തിൽ സൂക്ഷിക്കുന്നത്. ഒറ്റയ്ക്ക് ഒരു സൂട്ക്കേസുമായി ട്രെയിനിൽ കയറി സഞ്ചരിച്ചത് മുതൽ ഒരു വയസ്സുള്ള മകനും ഭാര്യയുമായി വലിയ ചുമടുമായി പോയ ഓർമ്മകൾ

വരെ. കുറ്റിപ്പുറം സ്റ്റേഷൻ വിട്ടാൽ മൂന്നാമത്തെ ദിവസം വൈകീട്ട് ജോലി ചെയുന്ന ഗ്രാമത്തിലെ ഒരു ഓണംകേറാമൂലയിലെ ഒരു കൊച്ചു സ്റ്റേഷനിൽ ഇറങ്ങാം, റാണി. അധികമാരും കയറാനോ ഇറങ്ങാനോ ഇല്ലാത്ത ഒരു അപ്രധാന സ്ഥലം. അനിൽകപൂറിനെ പോലെയുള്ള ഒരു സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു അന്നവിടെ. ഇവിടെയെത്താൻ ഇടക്ക് അഹമ്മദാബാദിൽ ഇറങ്ങി ട്രെയിൻ മാറി കേറണം. അഹമ്മദാബാദ് വലിയ സ്റ്റേഷൻ ആണ്. അവിടെക്കു തെക്കൻ കേരളത്തിലെ യാത്രക്കാരായിരിക്കും വണ്ടിയിൽ കൂടുതലും. എന്നാൽ അവിടന്നങ്ങോട്ട് മലയാളികളും ഊണും യാത്രയിൽ അപ്രത്യക്ഷമാകുമായിരുന്നു ആ കാലഘട്ടത്തിൽ. അജ്മീർ ദർഗയിലേക്കുള്ള പാവപ്പെട്ട മുസ്ലിം മതസ്ഥരാകും തുടർന്ന് സഹയാത്രികരായുണ്ടാകുക.

കുറ്റിപ്പുറത്ത് നിന്നും കയറിയാൽ മിക്കവാറും അവിടെ നിന്നുള്ള പാസ്സൻജേർസിനുള്ള ബെർത്ത്‌ മാത്രമായിരിക്കും ഒഴിഞ്ഞു കിടക്കുന്നത്. കുടുംബവുമായി യാത്ര ചെയുന്നവരാകും ഭൂരിപക്ഷം പേരും. ഒരു വർഷത്തേക്കുള്ള നാടൻ വിഭവങ്ങൾ മുതൽ തേങ്ങ, കപ്പ, കാച്ചിൽ, ചക്ക, മാങ്ങ എന്നീ ഫലവര്ഗങ്ങളും മറ്റും വലിയ ഹാർഡ്‌ബോർഡ് പെട്ടികളിൽ വരിഞ്ഞു കെട്ടി കൂടെ കാണും.

വളരെ പെട്ടെന്ന് സൗഹൃദത്തിലാകാൻ ഇവർക്കൊരു പ്രത്യേക കഴിവുണ്ട്. മറുനാടൻ മലയാളികൾ ദീർഘനാൾ നാടുവിട്ടു ജീവിക്കുന്നവരായതു കൊണ്ട് ഏതു സാഹചര്യത്തോടും സംസകാരത്തോടും അവർ വേഗം തന്നെ സമരസപ്പെടാറുണ്ട്. അക്കാരണം കൊണ്ട് തന്നെയായിരിക്കാം മലയാളിക്കുള്ള ഒരു പ്രത്യേക സ്ഥാനം അന്യസംസ്ഥാനക്കാർകിടയിലും അവർ നേടിയിട്ടുള്ളത്. അനുഭവവും അത് ശരിയാണെന്നു തെളിയിച്ചിട്ടുണ്ട്. ജന്മനാട് പോലും തരാത്ത സ്നേഹാദരങ്ങൾ ഒരു പക്ഷെ മറുനാടൻ മലയാളികൾക്കായിരിക്കും കൂടുതൽ ലഭിച്ചിട്ടുണ്ടാകുക.

ഒരുപാടു കുടുംബങ്ങളുമായുള്ള ഇത്തരം യാത്രകൾ തന്നെയാണ് തുടർന്നും ട്രെയിൻ യാത്രകൾ ചെയാനുണ്ടായ പ്രേരണ. പലതരത്തിലുള്ള തെക്കൻ പലഹാരങ്ങളുടെ രുചി അറിഞ്ഞതും ഈ സമയത്താണ് എന്ന് കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ.
പിന്നെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നേരം പോകുന്നത് അറിയുകയുമില്ല. വണ്ടിയിൽ കയറിക്കഴിഞ്ഞാൽ മകനെ എടുക്കാൻ കിട്ടുമായിരുന്നില്ല. അവൻ ആരുമായും പെട്ടന്ന് കൂട്ടാകുമായിരുന്നു. പാൽ വാങ്ങാനും മറ്റും പാൻട്രിയിൽ പോകുമ്പോൾ അവരെ ഏല്പിച്ചാണ് അധികവും പോകാറ്.

അഹമ്മദാബാദിലെത്തിയാൽ ഓരോ തവണയും ഈ കുടുംബങ്ങൾ ആത്മാർഥമായി അവരുടെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിക്കാറുണ്ടെങ്കിലും മുന്നോട്ടുള്ള ടിക്കറ്റ് റിസർവേഷൻ ചെയ്തിട്ടുള്ള യാത്രകളായതിനാൽ സ്നേഹപൂർവ്വം നിരസിക്കലാണ് പതിവ്. അവിടെ ലഗേജ് ഇറക്കാനും പ്രായമായവരെ ഇറങ്ങാനുമൊക്കെ സഹായക്കാനാകും കാരണം ജംഗ്ഷനിൽ നിന്നും ഞങ്ങൾക്ക് പോകാനുള്ള വണ്ടി പിനേയും കുറെ വൈകിയാണ്. വിടവാങ്ങൽ സമയം തൊണ്ട ഇടറിയാണ് പലരും യാത്ര പറഞ്ഞിരുന്നത്. നിറഞ്ഞ കണ്ണുകളിൽ പലപ്പോഴും ഒരേ ഉദരത്തിൽ ഒന്നിക്കാൻ കഴിയാത്തതിന്റെ വേദന കാണാമായിരുന്നു .

മായമില്ലാത്ത സ്നേഹം.

  1. ഇനിയും കാണാമെന്നു പറഞ്ഞു പിരിയുമ്പോൾ ഒരിക്കലും അതുണ്ടാകില്ല എന്നറിഞ്ഞിട്ടുതന്നാണ് ഈ വേളകളിൽ വിട പറയാറ്. അത്തരക്കാരിൽ അധികവും ക്രിസ്തിയൻകുടുബങ്ങളും നായർകുടുംബങ്ങളും ആയിരുന്നു എന്ന് ഇപ്പോഴും വിസ്മരിച്ചിട്ടില്ല. ചിലപ്പോഴെക്കെ, സംവത്സരങ്ങൾ പിന്നിട്ടെങ്കിലും, ഒരിക്കൽക്കൂടി ആ നീണ്ട യാത്രകൾക്ക് വേണ്ടി മനസ്സ് ദാഹിക്കാറുണ്ട്. സാധ്യമാണെങ്കിലും ആ അനുഭവങ്ങൾ വീണ്ടും കിട്ടാനുള്ള അവസരങ്ങൾ തുലോം വിരളമായിരിക്കും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ