എന്റെ വീടിന്റെ വർക്ക് ഏരിയയിൽ രണ്ട് കുഞ്ഞിപക്ഷികൾ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട്. ഹമ്മിംഗ് ബേർഡ് (തേൻ കുരുവി ) ഇനത്തിൽപ്പെട്ട പക്ഷിയാണ്. വായുവിൽ പറന്നു നിന്ന് പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. ആൺകിളിയ്ക്കാണ് ഭംഗി കൂടുതൽ.തിളങ്ങുന്ന മയിൽപ്പീലിയുടെ നിറമാണ്. പെൺ കിളിയ്ക്ക് കറുപ്പും വെളുപ്പും ചാരക്കളറും. ചുണ്ടുകൾ നീണ്ടു വളഞ്ഞ് സൂചി പോലെ ഇരിക്കും.
ഏതാനും നാരുകൾ കൊണ്ടുവന്ന് കമ്പിയിലോ അയയിലോ അവ ബലമായി പിടിപ്പിക്കും. തുടർന്ന് ആദ്യമുള്ള നാരിന്റെ ബലം വർദ്ധിപ്പിച്ച് പുതിയ നാരുകൾ വളച്ചുവെച്ച് കൂടുണ്ടാക്കുന്നു.ആൺപക്ഷിയും പെൺപക്ഷിയും ചേർന്നാണ് കൂട് ഉണ്ടാക്കുന്നത്. രണ്ടാളും വലിയ ഉൽസാഹത്തോടെ മാറി മാറി നാരുകളും ചിലന്തിവലയും കൊണ്ടുവന്ന് കൂടിന്റെ പണി പൂർത്തിയാക്കും. ഉൾഭാഗം ഭംഗിയാക്കിയശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മുട്ടയിടും.
ഒരു ദിവസം ഒരു മുട്ട, ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞ് പിന്നെയും ഒന്ന് എന്ന കണക്കിലായിരിക്കും മുട്ടയിടൽ കർമ്മം. പെൺപക്ഷിയാണ് അടയിരിക്കുക. ആൺപക്ഷി കാവലായ് എപ്പോഴും കൂടിന്റെ പരിസരത്ത് ഉണ്ടാവും. ഇടയ്ക്കിടെ വന്ന് പ്രിയതമയുടെ കൂടിനടുത്തുള്ള അയയിൽ വന്നിരിക്കും. അവരുടേതായ ഭാഷയിൽ എന്തൊക്കെയോ കിന്നാരം പറയും.
രണ്ടാളും പുറത്തു പോയി (ഭക്ഷണം കഴിക്കാനാവും) കുറച്ച് കഴിഞ്ഞ് തിരിച്ചു വരും. അടയിരിക്കൽ ഒരു ധ്യാനമാണ് എന്നു തോന്നും. ഇത്തിരി കുഞ്ഞൻ മുട്ടകൾ രണ്ടാഴ്ചയ്ക്കുശേഷം വിരിയും. അച്ഛനുമമ്മയും മാറി മാറി കുഞ്ഞുങ്ങൾക്ക് തേൻ നീണ്ട കൊക്കു കൊണ്ട് ചുണ്ടിനുള്ളിൽ ഇറ്റിച്ച് കൊടുക്കും. മൂന്നാഴ്ച കൊണ്ട് കുഞ്ഞുങ്ങൾ പറക്കാൻ പ്രാപ്തരാകും.
മിക്കവാറും രണ്ടു മുട്ടകളാണ് ഉണ്ടാകാറ്. ഒരു തവണ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ വളരും മുമ്പേ തന്നെ അവ ചത്തുപോയി. എന്റെ കണ്ണു തെറ്റിയ സമയത്ത് വികൃതികളാരോ കൂട്ടിൽ കൈയ്യിട്ട് കുഞ്ഞിക്കിളിയെ തൊട്ടു നോക്കിയോ എന്ന് സംശയമുണ്ട്. എന്റെ മുറ്റത്ത് നിറയെ ഇലകളും കായ്കളുമായി ഒരു ജാതി മരമുണ്ട്. മുട്ടവിരിഞ്ഞ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങുമ്പോൾ നേരെ ജാതി മരത്തിന്റെ ചില്ലയിൽ പറന്നിരുന്നശേഷം മരത്തിന്റെ ഇലകൾക്കിടയിൽ ഒളിച്ചിരിക്കും. അച്ഛനും അമ്മയും ചേർന്ന് നൽകുന്ന രണ്ടുദിവസത്തെ പറക്കൽ പരിശീലനത്തിന്റെ ഒടുവിൽ അവ മറ്റു മരങ്ങളിലേക്ക് പറന്നുപോകും.
വീട്ടിന്റെ ചുമരും മേൽക്കൂരയും നൽകുന്ന സുരക്ഷിതത്വം പക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ടാവും.
അതിന്റെ ചിത്രമെടുക്കാം എന്ന ഉദ്ദേശവുമായി മക്കൾ മൊബൈലുമായി വരാന്തയിലേക്ക് കടക്കുന്ന നിമിഷം കൂട്ടിൽ ഉള്ള തള്ളപക്ഷി പറന്നുപോകും. എന്നിട്ട് തൊട്ടടുത്ത മരത്തിൽ പോയിരുന്ന് നിരീക്ഷിക്കും.
ഞാൻ വർക്ക് ഏരിയയിൽ എന്തെങ്കിലും ജോലിയിലാണെങ്കിൽ കൂട്ടിലുള്ള പക്ഷി എന്നെ നോക്കിക്കൊണ്ട് കൂട്ടിൽ അടയിരിക്കും. ഞാൻ ഒരു ശത്രു വല്ല എന്ന് അതിന് തോന്നിയിരിക്കും. എന്നിരുന്നാലും ചിലപ്പോൾ പറന്നു മുറ്റത്തെ മരത്തിൽ ഇരുന്ന് എന്റെ ചലനങ്ങൾ ഒളിഞ്ഞു നോക്കാറുണ്ട്. പറക്കമുറ്റി കൂടുവിട്ട് പറന്നു പോയാൽ മുറ്റത്തുള്ള പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ വേണ്ടി അച്ഛനമ്മമാരും കുഞ്ഞുങ്ങളും വീടിന്റെ പരിസരങ്ങളിൽ പലപ്പോഴായി വരുന്നതുകാണാം.