mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പണ്ടൊക്കെ സിനിമ കാണണമെങ്കിൽ പൊന്നാനിക്കോ അല്ലെങ്കിൽ എരമംഗലം സീമയിലേക്കോ പോകണം. അടുത്തിറങ്ങിയ സിനിമയാണെങ്കിൽ പൊന്നാനിയിലെ പൗര്ണമിയിലോ ശക്തിയിലോ ആണ് പോകാറുള്ളത്. ഞങ്ങൾ കുട്ടികൾക്കും സ്ത്രീകൾക്കും അന്ന് വീണു കിട്ടുന്ന അപൂർവസൗഭാഗ്യമായിരുന്നു പൊന്നാനിയിലെ മാറ്റിനി . മുതിർന്ന പുരുഷന്മാരോടൊപ്പം മാത്രമേ അന്നൊക്കെ പുറത്തിറങ്ങാൻ സ്ത്രീകൾക്ക്‌ അനുവാദം ഉണ്ടായിരുന്നുള്ളു. മാസങ്ങൾ പിന്നിടുമ്പോഴാണ് ഒരു വെളിപാടുപോലെ പ്രഖ്യാപനം വീട്ടിലുണ്ടാകാറുള്ളത്. തുടർന്ന് വീട്ടിൽ ഒരുത്സവപ്രതീതിയാണ്.

( ഒരിക്കൽ ഊണ് കഴിഞ്ഞ് പുറപ്പെട്ടു നിന്ന ഞങ്ങളെ എല്ലാവരെയും നിരാശയുടെ പടുകുഴിയിലെറിഞ്ഞു അച്ഛൻ യാത്ര റദ്ദ് ചെയ്തത് ഇപ്പോഴും ഓർക്കുന്നു. )

രാവിലെ പത്തു മണിയാകുമ്പോഴേക്കും രാവിലത്തേയും ഉച്ചയിലേക്കുമുള്ള ഭക്ഷണം
വിറകടുപ്പിൽ പാകം ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. എല്ലാവരും ഭക്ഷണശേഷം ഉടുത്തൊരുങ്ങി പുറത്തിറങ്ങുമ്പോൾ സമയം ഏതാണ്ട് ഒന്നരയാകാറായിട്ടുണ്ടാകും. NKT ബസ് കൃത്യ സമയത്തു എത്തും. ഇഴഞ്ഞിഴഞ്ഞാണ് അന്നൊക്കെ ബസ്സുകളുടെ യാത്ര. ഇന്ന് പതിനഞ്ചു മിനിറ്റു കൊണ്ട് കുണ്ടുകടവ് ജംഗ്ഷനിൽ എത്താം. അന്നൊക്കെ മുക്കാൽ മണിക്കൂർ എടുക്കുമായിരുന്നു എന്നാണോർമ. ശക്തി അല്ലെങ്കിൽ പൗർണമി. കാർത്തിക (? )എന്നൊരു ടാക്കീസ് ഉണ്ടായിരുന്നു. കടപ്പുറത്തായിരുന്നതിനാൽ ഒരുവിധം കുടുംബക്കാരൊന്നും അവിടെ പോകാറുണ്ടായിരുന്നില്ല.

തീയേറ്ററുകളൊക്കെ ഓലമേഞ്ഞതായിരിക്കും. ചിലയിടങ്ങളിൽ മേൽക്കൂരയിൽ ഓട്ട വീണു സൂര്യപ്രകാശം അകത്തു കടക്കുന്നത് തെളിഞ്ഞു കാണാം കാരണം അകം മുഴുവൻ പുകവലിക്കാർ കാരണം നീല പുകയായിരിക്കും. കൂവലും ബഹളവും മൂലം സംഭാഷണങ്ങളൊന്നും വ്യക്തമാകുമായിരുന്നില്ല. ഇടക്കെങ്ങാനും വൈദുതി പോയാൽ പണം മടക്കി നൽകുന്ന പതിവ് ചില സ്ഥലങ്ങളിൽ നിലനിന്നിരുന്നു. കറന്റ്‌ പോയാൽ ജനറേറ്റർ ഉള്ള തീയേറ്റർ ആണെങ്കിൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ സിനിമ തുടങ്ങും. ജനറേറ്ററിന്റെ മുഴക്കം പോലും വലിയ കൈയടിയോടെയാണ് ജനം സ്വീകരിച്ചിരുന്നത്. അന്നത്തെ ടിക്കറ്റ് ചാർജ് ഒരു പക്ഷെ ഇന്നത്തെ ചെറുപ്പക്കാരെ അത്ഭുതപെടുത്തിയേക്കും. ഏറ്റവും വലിയ ചാർജ് 2 രൂപയും തറ ടിക്കറ്റിന് 50 പൈസയും ആയിരുന്നു. പിനീട് തറ ബെഞ്ച് ആയി മാറി. ഏറ്റവും മുന്നിൽ സ്‌ക്രീനിന്റെ താഴെയാണ് ആ ഇരിപ്പിടങ്ങൾ.

കാലം മാറി. കുറെ കൂടി നല്ല തീയേറ്ററുകൾ വന്നു. അപ്പോഴും കാഴ്ച മുടക്കുന്ന തേക്കിൻ തൂണുകൾ മാറിയിരുന്നില്ല. ഉയരത്തിൽ ഘടിപ്പിച്ച സിലിങ് ഫാനുകൾക്കും മാറ്റമൊന്നും വന്നില്ല. ക്രമേണ ടിക്കറ്റുനിരക്കുകൾ കൂടി. തിയേറ്ററുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ചെറിയ ഗ്രാമങ്ങളിൽ പോലും സിനിമാശാലകൾ ഉയർന്നു വന്നു. ഇവ സിനിമ കൊട്ടക എന്നാണറിയപ്പെട്ടിരുന്നത്. മാറഞ്ചേരിയുടെ മുഖമുദ്രയായ ജിഷാർ, അത്താണിയിലെ പദ്മ തിയേറ്റർ എന്നിവ ഇക്കാലത്തു വന്നതാണ്.

ജിഷാർ തിയേറ്റർ ഇപ്പോഴും മാറഞ്ചേരിക്കാർ മറന്നിട്ടില്ല. ആദ്യത്തെ സിനിമ രാസലീലയായിരുന്നു എന്നാണോർമ. ഒരു വിഷുക്കാലത്തു കുടുംബവുമൊന്നിച്ചു സെക്കന്റ്‌ ഷോക്ക്‌ നിലാവുള്ള രാത്രിയിൽ പാടവരമ്പത്തൂടെ ഓടി പോയത് ഇപ്പോഴും ഓർക്കുന്നു. അന്ന് തൃശ്ശൂർകാരായ ഒരു നമ്പൂതിരിമാഷും കുടുംബവും കൂടെയുണ്ടായിരുന്നു.

കുറച്ചു മുതിർന്നപ്പോൾ കൂട്ടുകാരോടൊത്താണ് സിനിമക് പോയിരുന്നത്. എല്ലാ വെള്ളിയാഴ്ചയും സിനിമ മാറുമ്പോൾ ആദ്യം ടിക്കറ്റ് കൗണ്ടറിൽ എത്തി ടിക്കറ്റ് വാങ്ങി അകത്തു കടന്നിരുന്നു സിനിമ കാണുന്നത് ശരിക്കും ഒരു ത്രിലാ യിരുനു. 2 മണിക് പാട്ട് കേട്ടാൽ ശരവേഗത്തിലോടിയെത്തിയാണ് ഈ നേട്ടം സ്വന്തമാക്കാറു.

കോളേജിൽ പഠിക്കുന്ന കാലത്തും സിനിമ ഒരു ദൗർബല്യം ആയിരുന്നു. കോളേജിൽ പോകാതെ തിയേറ്ററിൽ കയറി വീട്ടിലേക്കു മടങ്ങിയ ദിവസങ്ങൾ കുറവായിരുന്നില്ല.

എന്നാലിപ്പോൾ പ്രായം പടികയറിതുടങ്ങിയപ്പോൾ സിനിമയോടൊക്കെ താല്പര്യം കുറഞ്ഞു. ടീവിയിൽ പോലും സിനിമ കാണാൻ തോന്നാതയായി. എങ്കിലും സിനിമ കാണാൻ കൂട്ടുകാരോടൊപ്പം സൈക്കിൾ ചവിട്ടി പൊന്നാനികും മറ്റും പോയിരുന്ന ആ സമയം ശരിക്കും ജീവിതത്തിലെ മറക്കാനാവാത്ത ഒരു സുവര്ണകാലമായിരുന്നു എന്ന് തിരിച്ചറിയുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ