mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മത്തായികുന്നിൽ ബസിറങ്ങി നേരെ നോക്കിയാൽ റോഡിന്റെ എതിർവശത്തായി കുറച്ച് ദൂരെ പുഴയോരത്ത്, നമുക്ക് അന്നാ കരേനിന കാണുവാൻ കഴിയും. കാലങ്ങളായുള്ള ഹനീഫയുടെ ചായക്കടയാണ് അന്നാ കരേനിന, ആധുനികതയുടെ ആഡംബരങ്ങൾ എത്തിനോക്കിയിട്ടില്ലാത്ത നാലു വശവും പലകകൊണ്ട് മറച്ച, ഓടുമേഞ്ഞ മേൽക്കൂരയുള്ള, കാലങ്ങളായി ഒരുപാട് പേരുടെ പിൻഭാരം താങ്ങി തളർന്ന

മൂന്നോ നാലോ മരബെഞ്ചും,അത്രയും തന്നെ ഡസ്‌ക്കുകളും, ചൂടേറിയ രാഷ്ട്രിയ ചർച്ചകളും, നാട്ടിൻപുറ വർത്തമാനങ്ങളും കേട്ട് കേട്ട് കേൾവിശക്തി കുറഞ്ഞ ചില്ലലമാരയും , ഒരു പഴയ റേഡിയോയും, എപ്പോഴും തിളച്ച വെള്ളം അലങ്കാരമായികാണപ്പെടുന്ന സമോവാറും, പിന്നെ ഇടക്കിടക്ക് മുക്കിപൊടി വലിക്കുന്ന ഷർട്ടിടാത്ത ഹനീഫയും ചേർന്നാൽ അന്നാ കരേനിനയുടെ ഏകദേശ ചിത്രമാകും,

അയ്യോ പറയാൻ മറന്നു, അന്നാ കരേനിനയിൽ മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങൾ കൂടിയുണ്ട്, 
രണ്ടു വർഗ്ഗശത്രുക്കൾ, മാമൻമാപ്പിളയുടെ മനോരമയും, എകെജീ സെന്ററിൽ നിന്ന് അനുഗ്രഹമേറ്റുവാങ്ങി പുറത്തിറങ്ങുന്ന ദേശാഭിമാനിയും,

വർഗ്ഗശത്രുക്കളായത് കൊണ്ട് തന്നെ ഇവറ്റകൾ, ഒരു ഡെസ്കിൽ ഒന്നിച്ചു കിടക്കാറില്ല, വലത്തേമൂലയിലെ ഡസ്ക്കിലാകും മനോരമയുടെ സ്ഥാനം, ഇടത്തേകോണിലായി ദേശാഭിമാനിയും,

ഇനി കാര്യത്തിലേക്ക് വരാം,

എപ്പോഴും എപ്പോഴും അന്നാ കരേനിന എന്ന് വിളിച്ചു കൂവുന്നത് ഇത്തിരി ബുദ്ധിമുട്ടാണ് അതോണ്ട് നമുക്ക് ചുരുക്കി "എ - നിന" എന്ന് സംബോധന ചെയ്യാം,

ഈ കാര്യം ഹനീഫ അറിയേണ്ട, പുള്ളിക്കാരന് അത്രക്ക് പ്രിയപ്പെട്ടതാണ് അന്നാ കരേനീന എന്ന പേര് , ഹനീഫക്ക് അന്നാ കരേനിനയെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്, ടോൾസ്റ്റോയിയുടെ എഴുത്താണോ, സാംബശിവന്റെ കഥപറച്ചിലാണോ എന്നത് പടച്ചവന് മാത്രം അറിയാം, എന്തായാലും രണ്ടാമത്തേത് ആകാനാണ് സാധ്യത,

പതിവ് പോലെ അന്നേ ദിവസവും രാവിലേ അഞ്ച് മണിക്ക് തന്നെ ഹനീഫ എ - നിന തുറന്നു,

എന്നത്തേയും പോലെ അന്ന് ഹനീഫ ചായക്ക് വെള്ളം വെച്ചില്ല , അല്പസമയം കഴിഞ്ഞപ്പോഴേക്കും, പതിവ് തെറ്റിക്കാതെ കേശവൻ മൂപ്പരുമെത്തി,

കാലങ്ങളായി എ - നിനയിലെ ആദ്യത്തെ ചായകുടിക്കുക കേശവൻ മൂപ്പരാണ് ,

" ഇന്നലെ രാത്രിയും, ഞാൻ കോത്താണ്ഡനെ പോയി കണ്ടു , ഒരു തരത്തിലും അടുക്കുന്നില്ല, രാവിലേ ഏഴു മണിയോടെ ഇവിടം പൊളിക്കാൻ ജെ സി ബി വരും , അതിന് മുമ്പ് കടയിലെ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റിക്കോണം എന്നാണ് പറഞ്ഞിരിക്കുന്നത് "

നേരിയ ഇടർച്ചയോടെ ഹനീഫ, മൂപ്പരോടായി പറഞ്ഞു ,

" തേയിലയും, പഞ്ചസാരയും ഇരിപ്പില്ലേ,, ഒരു കട്ടൻ എങ്കിലും ഇട്ടുതാടോ, അവസാനമായി ഇവിടുന്ന് ഒരു കട്ടൻ കൂടി കുടിക്കാം "

എത്രയോ കാലമായി എ - നിനയിൽ നിന്ന് പുലർകാലത്തെ ചായകുടി പതിവാക്കിയ കേശവൻ മൂപ്പർ ദൂരെ റോഡിലേക്ക് നോക്കികൊണ്ടാണ് ഹനീഫയോട് അങ്ങനെ പറഞ്ഞത്,

" എനിക്കും ഇന്നിവിടെയാണ് പണി, ഇത് പൊളിച്ചു മാറ്റിയാൽ ഉടനെ അതിർത്തി തിരിച്ചു ഇവിടെ മതില് കെട്ടാനാണ് കോത്താണ്ഡൻ മോലാളിയുടെ പ്ലാൻ,

ജെ സി ബി വന്നു ഇത് പൊളിച്ചാൽ ഉടനെ മതില് പണി തുടങ്ങും "

സ്ഥലത്തെ പ്രമുഖ പണക്കാരൻ കോത്താണ്ഡൻ മോലാളിയുടെ കാര്യസ്ഥനായ മൂപ്പര്, ആരോടെന്നില്ലാതെ ചൊല്ലിക്കൊണ്ട്, ഒരു ബീഡിക്ക് തീ കൊളുത്തി,

" ഇവിടെ റിസോർട്ട് പണിയാനാണ് പ്ലാൻ "

ബീഡി പുകക്കൊപ്പം, മൂപ്പരുടെ വാക്കുകളും പുറത്തേക്കൊഴുകി,

" കാശുള്ളവന്റെ കുത്തികഴപ്പ് അല്ലാതെന്താ "

ദേശാഭിമാനിയും, മനോരമയുമായെത്തിയ പത്രക്കാരൻ പാച്ചുവിന്റെ വാക്കുകളിലും രോഷം പ്രകടമായിരുന്നു,

" കാശ് മുടക്കി വസ്തു മേടിച്ചവൻ മാറാൻ പറഞ്ഞാൽ, മാറാതിരിക്കാൻ പറ്റുമോ?, നാളേ മുതൽ ഇനി പത്രത്തിന്റെ ആവശ്യമില്ലലോ, കടയില്ലെങ്കിൽ പിന്നെന്തിനാണ് പത്രം "

കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടയിൽ പാച്ചുവിനോടായി ഹനീഫ ഓർമ്മപ്പെടുത്തി

" പണ്ട് ഈ അന്നാ കരേനിനയുടെ തിണ്ണക്കിരുന്നു ബീഡിതെറുത്തു, കഞ്ഞി കുടിച്ചവൻ വലിയ മോലാളി ആയപ്പോൾ,എല്ലാം മറന്നു "

ഒന്ന് നീട്ടി തുപ്പികൊണ്ട് പാച്ചു പത്രക്കെട്ടുമായി സൈക്കിളിൽ മുന്നോട്ട് നീങ്ങി,

" എന്തുവാ മതിലിന്റെ കാര്യമൊക്കെ പറയുന്നത് "

ആളുകളുടെ സംസാരം ശ്രദ്ധിച്ച മനോരമ, എതിർവശത്തായി കിടന്ന ദേശാഭിമാനിയോടായി ശബ്ദംതാഴ്ത്തി ചോദിച്ചു,

" ആ അറിയില്ല എന്തുവാണെന്, എനിക്ക് ആകെ അറിയാവുന്നത് വനിതാ മതിലിനെ കുറിച്ച് മാത്രമാണ് "

ദേശാഭിമാനി മറുപടി നല്കി,

കാര്യം ദേശാഭിമാനിയും - മനോരമയും വർഗ്ഗശത്രുക്കളാണെങ്കിലും ഇത്തരം ചില സമയങ്ങളിൽ ഇരുവരും തമ്മിലുള്ള അന്തർധാര സജീവമാണ്,

" കാര്യം മതില് കെട്ടല്ല വിഷയം, നമ്മളെയൊക്കെ കുടിയിറക്കാൻ പോകുവാണ്, അതായത് ഒരു അർത്ഥത്തിൽ പറഞ്ഞാൽ, ഈ അന്നാ കരേനിനയിലെ നമ്മുടെയും ഹനീഫയുടേയുമൊക്കെ പൗരത്വം നഷ്ട്ടമായിരിക്കുന്നു, "

ചായക്കടയുടെ ചില്ലലമാരയുടെ മുകളിൽ വിശ്രമിച്ചിരുന്ന റേഡിയോ തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയതോടെ ദേശാഭിമാനിയും, മനോരമയും മാത്രമല്ല, 
" എ - നിന " യിലെ ബഞ്ചുകളും ഡസ്‌ക്കുകളും ഉൾപ്പടെ റേഡിയോയിലേക്ക് ചെവി കൂർപ്പിച്ചു,

" ഈ കട നിൽക്കുന്ന സ്ഥലമടക്കം പുഴയോരത്തെ വസ്തു മൊത്തം കോത്താണ്ഡൻ വിലക്ക് വാങ്ങി, അങ്ങേര് ഇപ്പോൾ ഇവിടം മൊത്തം പൊളിച്ചു, റിസോർട്ടോ മറ്റോ പണിയുവാൻ പോകുകയാണ്, ഇന്ന് തന്നെ നമ്മളിവിടുന്നു കുടിയിറക്കപ്പെടും "

റേഡിയോയുടെ അറിയിപ്പ് ഞെട്ടലോടെയാണ് ദേശാഭിമാനിയും, മനോരമയും ഡസ്‌ക്കും, ബഞ്ചുമടക്കം കേട്ടത്,

" നമ്മളൊക്കെ പ്രായമായല്ലോ, ഈ പ്രായത്തിലും ഇവിടെയായത് കൊണ്ടാണ് നമ്മൾ ഇത്രയും നാളും പിടിച്ചു നിന്നത്, അല്ലേൽ ഏതേലും അടുപ്പിലെ വിറകായി എന്നേ മാറിയേനെ, ഇനി അതാകും ഗതി "

ഡസ്‌ക്കുകളും ബഞ്ചുകളും കണ്ണീരോടെ പരസ്പരം ആശങ്ക പങ്ക് വെച്ചു,

" ആഗോളവത്കരണത്തിന്റെയും, മുതലാളിത്തത്തിന്റെയും കടന്നുകയറ്റത്തിന്റെ പരിണിത ഫലമാണ് ഈ സംഭവിക്കുന്നത്, 
ഞാൻ ഇതിനെതിരെ എത്ര നാളായി വിളിച്ചു കൂവുന്നു, അപ്പോഴൊക്കെ നിങ്ങൾ ആരേലും മൈൻഡ് ചെയ്തിട്ടുണ്ടോ, അവനവനു അനുഭവം ഉണ്ടാകുമ്പോഴേ പഠിക്കു "

എല്ലാം കേട്ടിരുന്ന ദേശാഭിമാനി സംഭവത്തിന്റെ ഒരു ത്വാത്തിക അവലോകനത്തിലേക്ക് കടന്നപ്പോൾ തന്നെ കോത്താണ്ഡൻ മോലാളിയുടെ ആഡംബര കാർ എ - നിനയുടെ മുന്നിൽ വന്നുനിന്നു,

" എന്താണ് ഹനീഫ, ഇതുവരെ സാധനങ്ങൾ ഒന്നുമെടുത്തു മാറ്റിയില്ലേ ? , ദാ ജെ സി ബി, ദാ എത്തിക്കഴിഞ്ഞു "

കോത്താണ്ഡൻ ഹനീഫക്ക് മുന്നിൽ ധൃതികാട്ടിയ നേരത്ത് തന്നെ അങ്ങ് കിഴക്കേ റോഡിൽ നിന്ന് കുലുങ്ങി കുലുങ്ങി കടന്നുവരുന്ന, ജെസിബിയുടെ തുമ്പികൈകൾ ഹനീഫയുടെ കണ്ണിൽ തെളിഞ്ഞു,

" പഴയ ചായക്കടയോക്കെ ഇപ്പോൾ നൊസ്റ്റാൾജിക്ക് ഫീലിംഗ് നൽകുന്നതാണ്, നമുക്ക് ഇത് പൊളിക്കേണ്ട, ഇങ്ങനെ നിൽക്കട്ടെ,കച്ചവടം ഒന്നും വേണ്ട ചായക്കടയുടെ അറ്റ്മോസ്ഫിയർ നമ്മുടെ റിസോർട്ടിന് മൈലേജ് നൽകും "

ആ സമയത്ത് തന്നെയാണ്, കോത്താണ്ഡന്റെ ചെവിയിൽ മകൾ കാഞ്ചനവല്ലി ബിസിനിസ്സ് മാനേജ്‌മെന്റിന്റെ പുത്തൻ അറിവുകൾ പകർന്നു നല്കിയത്,

" നീ പറഞ്ഞതൊക്കെ ശരിയാണ്, പക്ഷേ പണ്ട് കുറേക്കാലം ഇതിന്റെ തിണ്ണയിലിരുന്നു ഞാൻ ബീഡി തെറുത്തതല്ലേ, ഇത് കാണുമ്പോൾ മനസിലൊരു കുത്തലാണ്, അതാണ് ഈ നാശം അങ്ങ് പൊളിച്ചു കളയാമെന്ന് പറഞ്ഞത്, 
അല്ലേൽ തന്നെ നാട്ടുകാര് നാറികൾ പരസ്പരം സംസാരിക്കുമ്പോൾ, ഇപ്പോഴും എന്നെ ബീഡിക്കാരൻ എന്ന് തന്നെയാണ് പരാമർശിക്കാറുള്ളത്. "

കൊത്താണ്ഡൻ തന്റെ ആശങ്ക മകൾക്ക് മുന്നിൽ പങ്കുവെക്കുമ്പോൾ തന്നെ 
കേശവൻ മൂപ്പരുടെ സഹായത്തോടെ 
എ - നിനയിലെ ഡസ്‌ക്കും ബഞ്ചുമടക്കം സ്ഥാപരജംഗമ വസ്തുക്കൾ പുറത്തേക്ക് മാറ്റുവാൻ ആരംഭിച്ചിരുന്നു ഹനീഫ,

" നമ്മുടെ പ്രധാനമന്ത്രിയെ ചായക്കടക്കാരൻ എന്നും, മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മോൻ എന്നുമൊക്കെ നാട്ടുകാർ പറയുന്നില്ലേ, അതിലൊന്നുമൊരു കാര്യമില്ല അച്ഛാ,

അച്ഛൻ പോയി ആ ഹനീഫക്ക് എന്താണെന്ന് വെച്ചാൽ കൊടുത്തു, ആ സാധനങ്ങൾ അവിടെ തിരിച്ചുവെപ്പിക്ക് "

കാഞ്ചനവല്ലിയുടെ അഭിപ്രായം കോത്താണ്ഡൻ അംഗീകരിച്ചതോടെ, റോഡിന്റെ സൈഡിലായി നിർത്തിയിട്ടിരുന്ന ജെസിബി തുമ്പികൈ താഴ്ത്തി മടങ്ങി, എ - നിനയിലെ ബഞ്ചുകളും, ഡസ്‌ക്കുകളുമൊക്കെ തൽസ്ഥാനങ്ങളിൽ പുനഃപ്രതിഷ്ഠിക്കപ്പെട്ടു,

കോത്താണ്ഡൻ നല്കിയ പണം എണ്ണിതിട്ടപ്പെടുത്തുവാൻ നിൽക്കാതെ, ചായക്കടയുടെ മുന്നിലെ അന്നാ കരേനീന എന്നെഴുതിയ നിറംമങ്ങിയ ബോർഡിലേക്ക് ഒരിക്കൽ കൂടി നോക്കികൊണ്ട് നിറകണ്ണുകളോടെ ഹനീഫ തിരിഞ്ഞുനടന്നു,

" തല്ക്കാലം കുടിയിറക്കൽ ഒഴിവായി "

മനോരമ ആശ്വാസം പൂണ്ടപ്പോൾ,

" ആത്മാവ് നഷ്ട്ടമായ ശരീരംപോലെയായി നമ്മളൊക്കെ , അതിവിദൂരമല്ലാത്ത ഭാവിയിൽ കടന്നുവരാൻ പോകുന്ന മരണവും കാത്ത് നാളുകളെണ്ണി നമുക്കിവിടെ കഴിയാം "

ബഞ്ചുകളും, ഡസ്‌ക്കുകളുമടക്കം എ - നിനയിലെ ഓരോ വസ്തുക്കളും കണ്ണീരോടെ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടുകൊണ്ട്, എല്ലാം മറക്കാനെന്നോണം ഭൂതകാലത്തിന്റെ പ്രൗഢമായ ഓർമ്മകളിലേക്ക് ഊളിയിട്ടു,

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ